Tuesday, March 10, 2015

ജെനിറ്റിക്സ് എനിക്കെന്നും ഹരമുള്ള മേഖലയായിരുന്നു ..ഭാഷയോടുള്ള സ്നേഹത്തോടൊപ്പം ശാസ്ത്രത്തോടുള്ള അഭിനിവേശവും എന്നില്‍ ചെറുപ്രായത്തിലേ നിറഞ്ഞു നിന്നതിനു കാരണം ദേവര്‍ഗദ്ധ എന്ന എന്റെ കൊച്ചുഗ്രാമവും അവിടുത്തെ എണ്ണമില്ലാത്ത കൊച്ചു പ്രാണികളും ആയിരുന്നിരിക്കണം !മണ്ണെണ്ണ വിളക്കിന്റെ പതിഞ്ഞ വെട്ടത്തിലെയ്ക്ക് അവയെല്ലാം ഒന്നിന് പിറകെ ഒന്നായി കയറിവരികയും എന്നെ പേടിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും പിന്നെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു .അന്തമില്ലാതെ അവ ഏതെങ്കിലും ഇലയുടെ കീഴില്‍ ഇരുന്ന് ദിവസങ്ങളോളം ഇണചേര്‍ന്നത്‌ അന്നെന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു ! (അവ ഇണചേരുകയാണെന്ന് ആരും എനിക്ക് പറഞ്ഞുതന്നില്ലെങ്കിലും മനസ്സിലാക്കുവാനുള്ള സാമാന്യബുദ്ധി ഏതൊരു അഞ്ചുവയസ്സുകാരിക്കും ഉണ്ടാകാം എന്ന് നിങ്ങള്‍ രക്ഷിതാക്കള്‍ മനസ്സിലാക്കണം ) പിന്നീട് ഈ കാഴ്ച്ചകള്‍ ശലഭങ്ങളിലെയ്ക്കും കിളികളിലെയ്ക്കും എത്തുകയും ചിന്തകള്‍ മനുഷ്യരിലെയ്ക്ക് അതിക്രമിക്കുകയും ചെയ്തിരുന്നു ! ഒരു കുട്ടിയ്ക്ക് എന്ത് ചിന്തിക്കാം എന്ന് കരുതരുത് അത് അനന്തവും അജ്ഞാതവുമാണ് ഒരാള്‍ക്കും നിരൂപിക്കാന്‍ കഴിയുന്നതല്ല പ്രകൃതിസത്യങ്ങള്‍ !അവിടെ നിന്നുമുള്ള സ്വയം കണ്ടെത്തലുകള്‍ ആയിരിക്കാം സയന്‍സ് അഥവാ ശാസ്ത്രം എന്നിലൂടെ കൌതുകമായി വളര്‍ന്നത്‌ .ഇഷ്ടക്കേടിന്റെ കണക്കില്‍ ആനമുട്ടവാങ്ങുമ്പോഴും സയന്‍സില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചതും ഇത്തരം കണ്ടുപിടിക്കാനുള്ള പ്രേരണ, ആകാംക്ഷ എന്നത് തന്നെയായിരുന്നിരിക്കാം .

എങ്ങനെയാണ് മനുഷ്യരില്‍ വ്യത്യസ്ത അഭിരുചി ഉണ്ടാകുന്നതെന്ന് എന്നും ഞാന്‍ അത്ഭുതത്തോടെ ആലോചിച്ചിരുന്നു .കാലം എന്നെ കൊണ്ടെത്തിച്ചത് വ്യത്യസ്ഥ മേഖലയില്‍ ആണെങ്കിലും ജെനിറ്റിക്സ് ല്‍ എന്ത് സംഭവിക്കുന്നു എന്ന്ആകാംക്ഷയോടെ നോക്കിക്കാണുകയും വായിക്കുകയും ചെയ്യുന്നയാളാണ്‌ ഞാന്‍ .എക്സ് ക്രോമസോമും വൈ ക്രോമസോമും അവയിലെ ജീനുകളും നിര്‍ണ്ണയിക്കുന്ന ആണത്തവും പെണ്ണത്തവും മനുഷ്യരുടെ സ്വഭാവനിര്‍ണ്ണയത്തില്‍ വരുത്തുന്ന വ്യതിയാനം മനുഷ്യരിലെ വാസനകള്‍ ജന്മസിദ്ധമാണെന്ന് തെളിയിക്കുകയാണ് !അഥവാ ഒരു മനുഷ്യന്‍ ആണോ പെണ്ണോ നപുംസകമോ സ്വവര്‍ഗ്ഗാനുരാഗിയോ എന്നതെല്ലാം എഴുതപ്പെട്ട കാര്യങ്ങള്‍ ആണെന്നും .കുറ്റവാളികളായി ആരും ജനിക്കുന്നില്ല എന്ന ധാരണയെ വെല്ലുവിളിക്കും വിധം കുറ്റവാളിയാകാനുള്ള സാധ്യത തലച്ചോറില്‍ നിര്‍ണ്ണയിക്കപ്പെടുകയും തോന്നലുകളായി പെരുമാറ്റമായി ആസക്തികളായി അവ പരിണമിക്കുകയും ചെയ്യുന്നു എങ്കില്‍ നമ്മുടെ പ്രകൃതിയില്‍ നിന്നും സ്വഭാവ വൈകൃതങ്ങള്‍ തുടച്ചു നീക്കുക അസാധ്യമാണ്  അല്ലെ !!? എന്റെ കുറെയധികം ചോദ്യങ്ങളുടെ ഉത്തരം ഇന്ന് വായിച്ച "എതിരന്‍ കതിരവന്‍ ന്‍റെ -സ്വവര്‍ഗ്ഗാനുരാഗം ഭ്രൂണത്തിന്റെ തീരുമാനമാണ് " എന്ന ലേഖനം വഴി മാതൃഭൂമി ആഴചപ്പതിപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട് .കൂടുതല്‍ അറിയാനുള്ള റഫറന്‍സ് ഗ്രന്ഥങ്ങളും അതുവഴി ലഭിച്ചിട്ടുണ്ട് .വായന അനുഗ്രഹമാകുന്നത് ഇങ്ങനെയാണ് ! വായിക്കുക വളരുക !

Monday, March 9, 2015

ചിലര്‍ ദൈവത്തിന്റെ സമ്മാനങ്ങള്‍ ആണ് ..നമുക്കായി ദൈവം അണിയിച്ചൊരുക്കി വിടുന്നവര്‍ ! ഇവിടെ ദൈവമുണ്ടോ എന്ന ചോദ്യം തികച്ചും അപ്രസക്തമാണ് !ദൈവമെന്നത് ഇന്ദ്രജാലം കാണിച്ച് നമ്മെയൊക്കെ അമ്പരപ്പിക്കുന്ന ആ ഇന്ദ്രജാലക്കാരന്‍ തന്നെയാണ് ..ഒരുവേള പൂ വിരിയുന്നതെന്താണമ്മേ എനിക്ക് കാണാന്‍ കഴിയാത്തതെന്ന് അമ്പരക്കുന്ന കൊച്ചു കുഞ്ഞുങ്ങള്‍ മാത്രമാകുന്നു നമ്മളെല്ലാം !

Saturday, March 7, 2015

ഞാന്‍ പ്രതിഫലിപ്പിക്കുന്നത് എന്റെ അച്ഛനെയും അമ്മയെയും തന്നെയാണ് കാരണം ഞാന്‍ അവര്‍തന്നെയാണ് ,ഒരു സ്ത്രീയായതില്‍ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ നിമിഷവും എന്റെയുള്ളില്‍ പുതിയപുതിയ പുലരികള്‍ പോട്ടിവിടരുന്നുണ്ട് അതുതന്നെയാണ് ഞാന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയുടെ ഫലവും !ഒരു സഹധര്‍മ്മിണി ആയതില്‍ ഞാന്‍ അങ്ങേയറ്റം ധന്യയാണ് എന്റെ പങ്കാളിയുടെ ഹൃദയമിടിപ്പുകളുടെ താളം ഞങ്ങളുടെ മകളിലുണ്ട്! അവള്‍ ഒരു മകള്‍ ആയതില്‍ വീണ്ടും ഞാന്‍ അഭിമാനിക്കുന്നു കാരണം അവള്‍ക്കു മാത്രമേ ഒരമ്മയുടെ ചൂരും ചൂടും പ്രകൃതിസ്പന്ദങ്ങള്‍ കൊണ്ട് അളക്കാവുന്ന അമ്മ എന്ന ഹൃദയവികാരവും പകര്‍ത്തിയെഴുതാനാകൂ ..എന്നെ കണ്ണാടിപോലെ ആവാഹിക്കാന്‍ ആകൂ ..ഇനി അവളുടെ പാതകള്‍ അവള്‍ക്കായി വെട്ടിത്തെളിച്ച് പുതിയ മേച്ചില്‍ പുറങ്ങളില്‍ ഇതിഹാസങ്ങള്‍ ചമയ്ക്കാനാകൂ !ഓരോ പെണ്‍ദിനങ്ങളും അവകാശങ്ങളുടെ ആദിപത്യത്തിനായി വടം വലികള്‍ ആകാതിരുന്നെങ്കില്‍ എന്ന വ്യാമോഹത്തോടെ അവകാശം സ്വാതന്ത്ര്യം എന്നതെല്ലാം ആരും പതിച്ചു നല്‍കേണ്ടുന്ന ഒന്നല്ല അത് ഏതൊരു ജീവിക്കുമുള്ള അനന്തമായ ആകാശവും ഭൂമിയുമാണെന്ന തിരിച്ചറിവോടെ "എടികളെ നിങ്ങള്‍ക്കെന്റെ ആത്മാഭിമാനം തുടിക്കുന്ന പെണ്‍ദിന അഭിവാദ്യങ്ങള്‍"

Monday, March 2, 2015

കുട്ടിയെ കുളിപ്പിച്ച് ,പാത്രം മോറി ,തറതുടച്ച് ,ഭര്‍ത്താവിനു ഭക്ഷണം കാലാക്കി ,വസ്ത്രങ്ങള്‍ കഴുകിയുണക്കാനിട്ട് ,ഭക്ഷണം കുട്ടിക്ക് കൊടുത്ത് ,ടിഫിനുകള്‍ തയാറാക്കി ബാഗുകളില്‍ ഒതുക്കി ,ഒരുകപ്പ് കാപ്പിയും ഭക്ഷണവും കഴിച്ച് ,മേശയും തറയും ഒതുക്കി ,ബാഗെടുത്തു തോളിലിട്ടു ജോലിചെയ്തു വന്നശേഷം എത്രപേര്‍ പറയുന്നുണ്ട് ഈ ഫെമിനിസം ?? ഞാന്‍ പറയുന്നുണ്ട് ആ ഫെമിനിസം കാരണം എന്റെ ഇസം ആണിന് ആകാമെങ്കില്‍ പെണ്ണിന് ആയാലെന്താ എന്ന ഇസമല്ല ! അത് ഒരു അളവുകോലിലും ആര്‍ക്കും ഒതുക്കാന്‍ വയ്യാത്ത ധീരമായ ചില നിലപാടുകളാണ് ,അവനവനു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്ന ധൈര്യവതിയായ സ്നേഹമതിയായ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ പഠിപ്പിക്കാന്‍ പറ്റുന്ന ഇസം !!ഒരാണിനും ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത വൈകാരിക കൂട്ടുകെട്ടിലൂടെ പ്രകൃതിയുമായി ഇണയുമായി പുതുതലമുറയുമായി കൂട്ടിയിണക്കിയ ഇസം !ഫെമിനിസം !

Sunday, March 1, 2015

കാഴ്ച്ച!

'ഹാ മോഹമഞ്ജരി തുളുമ്പുന്ന വാര്‍ദ്ധക്യം'
എന്ന് ഞാന്‍ ചോന്നതേ,
 ചേര്‍ച്ചയേയില്ലെന്ന് ചൊല്ലിപ്പിണങ്ങി നീ
ചേര്‍ത്തടച്ചല്ലോ ആ വാതില്‍പ്പഴുതുകള്‍!
വാര്‍ദ്ധക്യമെന്നത് ചേര്‍ത്തെടുക്കാന്‍
തുനിഞ്ഞാരുമേ വന്നതില്ലീ വഴിക്കെങ്ങുമേ
ആരെയും ആക്രമിച്ചല്ലാ വരുന്നതങ്ങെങ്കിലും
മോഹിക്കും മോഹന യൌവ്വനം മാത്രമേ ,
ചൊല്ലുവാനാടുവാന്‍ അണിയുവാന്‍ പ്രിയതരം

നിറം മങ്ങിയ കണ്ണുകള്‍ കാണുന്നതേയില്ല
നിറം ചേര്‍ത്ത കാഴ്ച്ചകള്‍ കപടവികാരങ്ങള്‍
സത്യം തെളിയിച്ച കാഴ്ച്ചകള്‍ മാത്രമേ
ചിത്തത്തിലപ്പോള്‍ തെളിയുന്നതേയുള്ളൂ
'വാര്‍ദ്ധക്യമാണിത് അമ്മയ്ക്ക്
കാണുന്നതൊന്നും തിരിയില്ല
കേറിക്കതകട!'
മക്കള്‍ക്ക്‌ മാത്രം കാണാത്ത സത്യങ്ങള്‍
നഗ്നമായപ്പോള്‍ തെളിയുന്ന കാഴ്ച്ചകള്‍ !
വാതിലിനിപ്പുറം അന്ധകാരത്തിലായ്
കാത്തിരിപ്പുണ്ടൊരു കാതര മാന്ത്രികന്‍
ആര്‍ക്കും തെളിയാത്ത കാഴ്ച്ചതന്‍ മേടതില്‍
ചേര്‍ത്തുപിടിച്ചു നടത്തിക്കുമിന്നവന്‍ !

പ്രണയിക്ക വാര്‍ദ്ധക്യമെന്നതാണിന്നിനി
മുദ്രയാല്‍ വാക്യം ചമച്ചു ഞാന്‍ ചൊല്ലുക !
കാലം വെളുപ്പിച്ച കാര്‍കുഴല്‍ കോന്തിഞാന്‍
കാതരയായിന്നു  കാതോര്‍ത്തിരിക്കുന്നു
ചെവിക്കല്ലിലെ യന്ത്രമഴിച്ചങ്ങു ദൂരെയായ്
ഏറ്റി എറിഞ്ഞുകളഞ്ഞു ഞാനിന്നലെ !
കാതിലെ മന്ത്രണം കേള്‍ക്കുവാനിന്നിനി
കാറ്റുപോലും വേണ്ട കൂട്ടിനു ഞാന്‍ മതി !

അമ്മയായിന്നലെ,അവര്‍ മൂന്നിന് കുട്ടികള്‍
ഏഴുപേര്‍ ഇന്നത്‌ കണ്ടു ഞാന്‍ ധന്യയായ്‌ .
ആരെയും കൂട്ടുന്നതില്ല ഞാന്‍ കാഴ്ചതന്‍
ആനന്ദഭൈരവി ആസ്വദിച്ചീടുവാന്‍!
ആലോലമോലമൊഴുകുന്ന രാത്രിതന്‍
ആവര്‍ത്തനങ്ങളായ് പകലുകളൊക്കെയും
ആര്‍ക്കും തെളിയാത്ത കാഴ്ച്ചതന്‍ മേടതില്‍
ചേര്‍ത്തുപിടിച്ചു നടക്കയാണിന്നവന്‍ !

Saturday, February 28, 2015

ഗൃഹാതുരതയുടെ മുഴുവന്‍ സുഗന്ധവും പേറി ഒരു കാറ്റ് വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്നെ ചൂഴ്ന്നു നിന്നിരുന്നു ,ഇടയ്ക്ക് അത് ഭൂഖണ്ടങ്ങളുടെ മാസ്മരികതയിലൂടെ പാറിപ്പോയി ..പോകുമ്പോള്‍ ഞാന്‍ വേദനിച്ചു ..പിന്നെ ഇടയ്ക്കിടെ അതെന്നെ ഓര്‍മ്മകളുടെ മിന്നലുകള്‍ കാട്ടിത്തന്നു ചില നേരങ്ങളില്‍ അമ്മയുണ്ടാക്കിത്തരുന്ന നാടന്‍ ഓട്ടടയുടെ സ്വാദ് മണപ്പിച്ചു കൊതിപ്പിച്ചു ..എങ്കിലും കാണാമറയത്തിരുന്നു മേഘസന്ദേശം അയച്ചു കളിപ്പിച്ചു .ആരെന്നറിയാതെ ഞാന്‍ അതവഗണിച്ചു !ഇപ്പോള്‍ നീ എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ പാറിവന്നിരിക്കുന്നു !ഓര്‍മ്മകളുടെ നീളന്‍കുപ്പായങ്ങളുടെ കുടുക്കുകളെ നീ അരുമയായി അഴിച്ചുമാറ്റുന്നു ..സ്വകാര്യതയുടെ നഗ്നമേനികളില്‍ സുഗന്ധത്തിന്റെ ചന്ദനഗന്ധത്താല്‍ നീ ചൂഴ്ന്നു വീശുന്നു ..ഈ കത്തുന്ന വേനലില്‍ നിന്റെ വരവെത്ര ആഘോഷമായി ഞാന്‍ കൊണ്ടാടുന്നു !!ഹാ ഇന്ന് മനോഹരമായൊരു ദിവസമാണ്!!

Sunday, February 22, 2015

ഭ്രാന്തി !

അടഞ്ഞ വാതില്പ്പാളികള്‍ക്കുമപ്പുറം
 ആരുമില്ലാതൊഴിഞ്ഞ
കരിയിലകള്‍ മരിച്ചുകിടക്കുന്ന
നഗ്നമായ മുറ്റം

ഇപ്പുറം എല്ലാവരുമുണ്ടെങ്കിലും
ജഡമായ മൌനമുദ്രകളാല്‍
കെട്ടിപ്പൂട്ടിയ മനുഷ്യബന്ധനങ്ങള്‍

എങ്ങനെയാണ് ഇരുളും വെളിച്ചവും
ഉണ്ടാകുന്നതെന്ന ആദ്യന്ത പരിഭ്രമത്താല്‍
ജ്ഞാനിയായിപ്പോയ ഞാന്‍ !
എനിക്ക് ഭ്രാന്തെന്ന് അവര്‍ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...