Sunday, March 1, 2015

കാഴ്ച്ച!

'ഹാ മോഹമഞ്ജരി തുളുമ്പുന്ന വാര്‍ദ്ധക്യം'
എന്ന് ഞാന്‍ ചോന്നതേ,
 ചേര്‍ച്ചയേയില്ലെന്ന് ചൊല്ലിപ്പിണങ്ങി നീ
ചേര്‍ത്തടച്ചല്ലോ ആ വാതില്‍പ്പഴുതുകള്‍!
വാര്‍ദ്ധക്യമെന്നത് ചേര്‍ത്തെടുക്കാന്‍
തുനിഞ്ഞാരുമേ വന്നതില്ലീ വഴിക്കെങ്ങുമേ
ആരെയും ആക്രമിച്ചല്ലാ വരുന്നതങ്ങെങ്കിലും
മോഹിക്കും മോഹന യൌവ്വനം മാത്രമേ ,
ചൊല്ലുവാനാടുവാന്‍ അണിയുവാന്‍ പ്രിയതരം

നിറം മങ്ങിയ കണ്ണുകള്‍ കാണുന്നതേയില്ല
നിറം ചേര്‍ത്ത കാഴ്ച്ചകള്‍ കപടവികാരങ്ങള്‍
സത്യം തെളിയിച്ച കാഴ്ച്ചകള്‍ മാത്രമേ
ചിത്തത്തിലപ്പോള്‍ തെളിയുന്നതേയുള്ളൂ
'വാര്‍ദ്ധക്യമാണിത് അമ്മയ്ക്ക്
കാണുന്നതൊന്നും തിരിയില്ല
കേറിക്കതകട!'
മക്കള്‍ക്ക്‌ മാത്രം കാണാത്ത സത്യങ്ങള്‍
നഗ്നമായപ്പോള്‍ തെളിയുന്ന കാഴ്ച്ചകള്‍ !
വാതിലിനിപ്പുറം അന്ധകാരത്തിലായ്
കാത്തിരിപ്പുണ്ടൊരു കാതര മാന്ത്രികന്‍
ആര്‍ക്കും തെളിയാത്ത കാഴ്ച്ചതന്‍ മേടതില്‍
ചേര്‍ത്തുപിടിച്ചു നടത്തിക്കുമിന്നവന്‍ !

പ്രണയിക്ക വാര്‍ദ്ധക്യമെന്നതാണിന്നിനി
മുദ്രയാല്‍ വാക്യം ചമച്ചു ഞാന്‍ ചൊല്ലുക !
കാലം വെളുപ്പിച്ച കാര്‍കുഴല്‍ കോന്തിഞാന്‍
കാതരയായിന്നു  കാതോര്‍ത്തിരിക്കുന്നു
ചെവിക്കല്ലിലെ യന്ത്രമഴിച്ചങ്ങു ദൂരെയായ്
ഏറ്റി എറിഞ്ഞുകളഞ്ഞു ഞാനിന്നലെ !
കാതിലെ മന്ത്രണം കേള്‍ക്കുവാനിന്നിനി
കാറ്റുപോലും വേണ്ട കൂട്ടിനു ഞാന്‍ മതി !

അമ്മയായിന്നലെ,അവര്‍ മൂന്നിന് കുട്ടികള്‍
ഏഴുപേര്‍ ഇന്നത്‌ കണ്ടു ഞാന്‍ ധന്യയായ്‌ .
ആരെയും കൂട്ടുന്നതില്ല ഞാന്‍ കാഴ്ചതന്‍
ആനന്ദഭൈരവി ആസ്വദിച്ചീടുവാന്‍!
ആലോലമോലമൊഴുകുന്ന രാത്രിതന്‍
ആവര്‍ത്തനങ്ങളായ് പകലുകളൊക്കെയും
ആര്‍ക്കും തെളിയാത്ത കാഴ്ച്ചതന്‍ മേടതില്‍
ചേര്‍ത്തുപിടിച്ചു നടക്കയാണിന്നവന്‍ !

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...