Thursday, February 14, 2013

ഓമനേ ഈ വഴി ഏറെയുണ്ടി-
ന്നിനി ഈ മാത്ര നമ്മുടെതെന്നു നിനയ്ക്ക നാം..

Wednesday, February 13, 2013

കാറ്റില്‍ പാറി വരുന്നുണ്ട് ..!


കാറ്റില്‍ പാറി വരുന്നുണ്ട്
എവിടെ നിന്നോ ഒരു മൗനം !
 മറക്കാതെ ഓര്‍ക്കാറുണ്ട്
ഒട്ടും പ്രിയമല്ലാത്തയാ പ്രണയം !
മാവുകള്‍ പൂക്കാറുണ്ട്
മഞ്ഞു പൊഴിയുന്നൊരു കുന്നില്‍ ..
അടര്‍ന്നു വീഴുന്നുണ്ട്‌
ഓരോ ഉണ്ണിമാങ്ങകളായാ
മാമ്പഴങ്ങള്‍..!

ഓര്‍മയിലെ ബസ്സില്‍
എല്ലാ മരങ്ങളും പുറകിലെയ്ക്കോടി
ഒളിക്കുന്നുണ്ട് !
കുഞ്ഞു കൌതുകങ്ങളില്‍
പൊട്ടിച്ചിരിക്കുന്നുണ്ട്
അച്ഛനും അമ്മയും..
എത്ര നീല ബസ്സ് കണ്ടു ?
എത്ര വല്യ വീട് കണ്ടു ?
എത്ര നീര്‍ച്ചോല കണ്ടു ?
പൊട്ടിച്ചിരിക്കുന്നെന്റെ
കുഞ്ഞു കൌതുകങ്ങളും !

ഓട്ടുരുളിയില്‍ കണിവച്ച്
കണ്ണുപൊത്തി കാണിക്കുന്നുണ്ടമ്മ!
നെറ്റിയിലോരുമ്മയും,
കൈയില്‍ കൈനീട്ടവും,
ഓര്‍മയിലെ ഈ സുഗന്ധവും..
അച്ഛന്റെത് !
ഒന്നിച്ചിരുന്നാടുന്നുണ്ട്
ഞാനുമേന്റെച്ചിയും ആ
ഊഞ്ഞാലിന്‍ തുമ്പത്ത് ..
പൊട്ടിവീണ് മണ്ണായിട്ടുണ്ട്
അയല്‍പക്കത്തെ സുന്ദരിച്ചേച്ചിയ്ക്ക്!
കാറ്റില്‍ പാറി വരുന്നുണ്ട്
ഓര്‍മ്മകളേന്തിയൊരു  ബാല്യം !

തല നിറയെ പച്ചിലകള്‍-
മൂടിയതില്‍ കോപിക്കുന്നുണ്ട്
തിരികെ കൊടുക്കാത്തൊരു പ്രണയം ..
വലിയ വട്ടക്കണ്ണ്കളില്‍
യാചിക്കുന്നുണ്ടവന്‍,എന്നെ ഇഷ്ടമല്ലേ ??
നീലവരയിട്ട ബുക്കിനുള്ളില്‍
ഒളിഞ്ഞിരുന്നമരുന്നുണ്ട്  അവന്‍റെ
കിട്ടാമോഹങ്ങള്‍..അക്ഷരത്തെറ്റുകള്‍..
കാറ്റില്‍ പാറി വരുന്നുണ്ട് ഇക്കിളിയിട്ടൊരു
പ്രണയം, പൂക്കും മുന്‍പേ അടര്‍ന്നത്‌ !

ബെഞ്ചുകള്‍ കൂട്ടിയിട്ട സ്റ്റേജില്‍
പാടുന്നുണ്ട് ഞാന്‍
അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു ...
കേട്ട് പുന്ജിരിക്കുന്നുണ്ടെന്റെ
ഏലിയാമ്മ ടീച്ചര്‍ !
രാഗം തെറ്റി ഞാന്‍ കരയുന്നുണ്ട്
കൂടെ മുഗ്ദ വൃന്ദാവനത്തിലെ കണ്ണനും !
പാടുന്നുണ്ട് വീണ്ടുമാ വാശിയില്‍
ഓടുന്നുണ്ട് പടിക്കലെയ്ക്കമ്മയും !
ചായം പൂശി മിനുക്കിയ തത്തയ്ക്ക്
നീളം പോരെന്നു കേട്ട് കരഞ്ഞതും ..!
കാറ്റില്‍ പാറി വരുന്നുണ്ടിന്നുമാ
വര്‍ണ്ണവും ഋഷഭവും!

പേടിയില്ലാതെ പോകുന്നുണ്ട്
പാലുമായ് പുലര്‍കാലേ ..
തേടുന്നില്ല ആരുമിതൊരു ബാലിക !
കൂടുന്നുണ്ട് പൂക്കളും തുമ്പിയും
പുലര്‍കാല സൂര്യനും
ഓടുന്നുണ്ട് വഴിയിലെ പൂച്ചയും
ഓലമേല്‍ തൂങ്ങുന്നുണ്ട്,
വണ്ണാത്തിപ്പുള്ളതും !
ചൂടുന്നുണ്ട് തുഷാര ബിന്ദു
തൊട്ടാവാടി പൂവേ നിന്‍റെ
ലോലമാമുടല്‍ !
കൊളുത്തി വലിക്കുന്നുണ്ട്
പച്ച പട്ടുപാവാടയില്‍,
കൈതോലത്തുംബുകള്‍.. 
കാറ്റില്‍ പാറി വരുന്നുണ്ട്
കണ്‍ നിറയ്ക്കുന്നൊരു കിലുകില്‍ച്ചിരി !

കേള്‍ക്കുന്നുണ്ട് ലളിതാ സഹസ്രനാമം
കൂടുന്നുണ്ട് ഞാന്‍ സിന്ധൂരാരുണ വിഗ്രഹാം..
ത്രിനയനാം ..അമ്മ മൂളുന്നതില്‍ ..
കേള്‍ക്കാമിന്നുമാ ശംഖധ്വനി
പൂവത്തിന്‍ കാട് കടന്നു ചെന്നമ്പലം !
അമ്പലക്കുളം.. കുളി, കുട്ടിക്കുരങ്ങുകള്‍
ഒളികണ്‍പാര്‍ക്കലുകള്‍..നീര്‍ക്കോലി,
എന്നോ കൊഴിഞ്ഞൊരു താമര !
നെറ്റിയില്‍ വാര്‍ന്നൊരു ചന്ദനം..
ചന്ദനച്ചേലുള്ളോരേടത്തി..
കുളിപ്പിന്നലില്‍ നനഞ്ഞൊരു
ചെമ്പകം ..പിന്നെ സുഗന്ധം
നിറഞ്ഞ നിന്‍ സാമീപ്യം !
ഒളികണ്ണാലെ ,
കിഴക്ക് വന്നെത്തി നോക്കുന്നു
സുന്ദരന്‍ സൂര്യകുമാരകന്‍!
പാറുന്ന കാറ്റിലിലകള്‍..
ഇലവു പൂത്തോരോര്‍മ്മകള്‍..
അങ്ങിനെ ഇത്തിരി കുങ്കുമം
തൊട്ട വഴിത്താരകള്‍..!
ഹാ..
കാറ്റില്‍ പാറി വരുന്നുണ്ട്
ഒരു കൈക്കുടന്ന നിറയെ
മിന്നാമിന്നി പോലെന്‍റെ  ബാല്യം   !
   


 


 


 

Monday, February 11, 2013

കാളീ മര്‍ദ്ദനം !


ഉന്മാദിനിയായി മുടിയഴിച്ചിട്ടാടുന്നൊരു
ദൈവമുണ്ട് നിന്റെ ജീവനില്‍
അവള്‍ കറുത്ത കരുത്തുറ്റ
കൈയിലൊരു ശൂലമേന്തിയിട്ടുമുണ്ട്..
അവളുടെ നാഭിയില്‍ നിന്നും
കോപത്തിന്‍റെ തീക്കാറ്റുയരുന്നുണ്ട് !
ചുവന്ന കണ്ണില്‍ നിന്നും
അഗ്നിമഴ പെയ്യുന്നുണ്ട് ..!

ഈ താഴ്വാരമാകെ നിറഞ്ഞാടുവാന്‍
അവളുടെ പാദം തുടിക്കുന്നുണ്ട് ..
ആ കൊടുങ്കാറ്റില്‍ തകരുവാന്‍
അവരുടെ വ്യര്‍ത്ഥ  മോഹങ്ങള്‍ ചങ്കിടിക്കുന്നുണ്ട് !
കൊന്നൊടുക്കുന്നുണ്ടവള്‍ ഇന്നും
നിന്നെ കീറിയെറിഞ്ഞ കിനാവിനെ ..
തിരുമുടിയില്‍ കെട്ടിയിട്ടു വലിക്കുന്നുണ്ട്
നിന്നെ തിന്നു തീര്‍ത്ത പകലുകളെ !

കൂട് വിട്ടു കൂട് മാറ്റി നിന്നെ അവള്‍
ആ രാജകൊട്ടാരത്തിലെയ്ക്കാനയിക്കും ..
അവര്‍  നിനക്ക് തങ്ക അങ്കി നല്‍കി ആദരിക്കും !
നിന്‍റെ പാദങ്ങള്‍ അവര്‍ പൂക്കള്‍ കൊണ്ട് മൂടും
നിന്നെ ഇരുത്തി അവര്‍ പാലഭിഷേകം നടത്തും
പട്ടു മെത്തയില്‍ പരിമളം പടര്‍ത്തും
പിന്നെ കൊതിയോടെ ദൂരെ മാറി നില്‍ക്കും !
അവിടെ അന്തസിന്റെ ആഡംബരത്തില്‍
നീ മഹാറാണി പോല്‍ ഉറങ്ങും !

ഒരു നാഴിക ഉറങ്ങിയെഴുനേറ്റ  നിന്നെയവള്‍
വീണ്ടും നീയാക്കി മാറ്റും !നീ നീ ..
എന്നാര്‍ത്തു വിളിക്കുന്നവരിലെയ്ക്ക്
അവള്‍ സന്നിവേശിച്ചു നീയെത്തും ..!
നിന്‍റെ സംഹാരം കണ്ടവള്‍ ചിരിക്കും
നീ കൊയ്ത തലകളിലെ ചുടു ചോര
അവള്‍ നിന്‍റെ മെയ്യിലൊഴിക്കും ..
അങ്ങനെ ചുവന്ന പട്ടു ചുറ്റിയ
മുടിയഴിച്ചാടുന്ന കാളിയാകും നീ

നിന്‍റെ നൃത്തത്തില്‍ ഭൂമി കുളിരും
മേഘം പൊട്ടിയൊലിച്ചു പ്രളയമാകും !
ആ പ്രളയത്തില്‍ എല്ലാ പതിരുകളും
ഒഴുകിപ്പോകും ..ഈ താഴ്വര പൊട്ടിച്ചിരിക്കും
അവള്‍ നിന്നില്‍ നിന്നും ഊര്‌ന്നു വീഴും ..
ഒരു ചിത്രം പോല്‍ ആ പൊഴിഞ്ഞ പടം
നീ കുനിഞ്ഞെടുക്കും ..
അഭേദ്യമായ ആനന്ദത്തോടെ നീ
പറയും :എന്‍റെ അമ്മ !









Friday, February 8, 2013

നിന്‍റെ എന്‍റെ ആരുടെയൊക്കെയോ അച്ഛന്‍ !


അച്ഛന്‍ ഓര്‍മകള്‍ക്ക്
മുന്‍പില്‍ നില്‍ക്കുകയാണ് ..!
നിലാവ് പോലോരച്ഛന്‍,പക്ഷെ
സൂര്യനെപ്പോലെ ചൂടുള്ളോരച്ഛന്‍!

ചൂട് ചോറ് കുഞ്ഞിക്കൈ
പൊള്ളിയ്ക്കാതെ..
ഉരുട്ടി അതിനുള്ളിലൊരു
കൊച്ചു മീനൊളിപ്പിച്ചു വച്ച്
എന്നെയും അമ്മുവിനേയും
ഒരുമിച്ചൂട്ടുന്ന അച്ഛന്‍ ..

കടല് പോലെ ഒഴിയാത്ത
വറ്റാത്ത കഥകള്‍
നിറച്ചു വച്ചൊരച്ഛന്‍!

പാല്‍പ്പായസം അമ്മയെ
തോല്‍പ്പിക്കും വിധം
വച്ചു വിളംബിയോരഛന്‍!
അമ്മയുടെ അപൂര്‍ണ്ണങ്ങളായ
കലഹങ്ങളില്‍ അച്ഛന്‍ നൂല്
പോയൊരു പാറും പട്ടം !

ചില നേരങ്ങളിലെ നുറുങ്ങു
മൗനമൊഴിച്ചാല്‍
അച്ഛനൊരു കാര്‍ണിവല്‍ പോലെ ..!
ഓടുന്ന ചാടുന്ന കറങ്ങുന്ന ..
കാപ്പിയും ചായയും
ഉഴുന്ന് വടകളും മണക്കുന്ന
എത്ര കളിച്ചാലും കണ്ടാലും
തീരാത്തോരഛന്‍!

മക്കള്‍ ദേശാടനപ്പക്ഷികളായപ്പോള്‍
അച്ഛനൊരു ഒഴിഞ്ഞ കളിപ്പറമ്ബായി..
ശൂന്യ വേദനകളുടെ നിശബ്ദ
മായ ഒരു കളിപ്പറമ്പ്!

ഒരൊഴിവുദിനത്തിന്റെ
പകലറുതിയില്‍
സര്‍ക്കാര് വക വണ്ടിയുടെ
ഒരൊഴിഞ്ഞ സീറ്റില്‍
അലസമായി വീട്ടിലേയ്ക്ക്
പോകും വഴി ഞാന-
ച്ഛനെക്കണ്ടു! ഒരപരിചിതനെപ്പോലെ
പതറിപ്പതറി നിഷ്കളങ്കനായോരച്ഛന്‍!

ആശങ്കയില്‍ പുറത്തെയ്ക്കൊടിപ്പോയ്
ബസ്സ് നിര്‍ത്തിച്ചെന്റെ പരിഭ്രമം !
അച്ഛന്‍.. എന്താണിവിടെ ?!
'മോനു ..ഞാന്‍ വീട്ടിലേയ്ക്കുള്ള
ബസ്സ് മറന്നു ..എന്തായിരുന്നു
സ്ഥലപ്പേരു ..?'
അന്ന് പൊട്ടിപ്പൊയതാണെന്റെ-
യീ രക്തധമനി !
നിര്‍ത്താതെ ചോര വാര്‍ന്നോഴുകുന്നോരെന്റെ
ഉള്‍ത്തടം !!

അമ്മയെ അറിയിക്കാതുള്ള
മൌന ദിനങ്ങളിലൊന്നില്‍
അമ്മയോടച്ഛന്‍:
'ആരാ എന്തിനാ വന്നത് ?'    
അന്ന് തകര്‍ന്നു പോയതാണെന്റെ കാഴ്ച !
പിന്നീടിങ്ങോട്ട്‌ നിറങ്ങളേയില്ല !

ഇന്നലെ തലയിലേന്തി ഞാന്‍
എന്‍റെ ജന്മത്തിന്‍ പുറകിലെയ്ക്കെറി-
ഞ്ഞതാനെന്റെ പുണ്യം ..
ഇനിയെനിക്കച്ഛന്റെ ചിത്രമെന്തിന്
മരിച്ചു പോയതാണ് ഞാന്‍ !

* എന്‍റെ സുഹൃത്തിന്റെ അച്ഛന് !അദ്ദേഹം കര്‍മ്മം കൊണ്ട് എന്‍റെയും അച്ഛനായിരുന്നു ! 



 
 


Tuesday, January 29, 2013

പാവക്കൂണുകള്‍!


ഒരു തീക്ഷ്ണ വിലാപം പോലെ
ചിലരുടെ നടപ്പുകള്‍..
ഉടുപുടവകള്‍ കണ്ണീരു പോലെ
താഴേയ്ക്ക് വീണു പോകും ..
മെലിഞ്ഞു നഗ്നമായ ദേഹത്തിനു
പറയാന്‍ നിസാരങ്ങളായ
നിലവിളികള്‍ മാത്രം ..!
ഒരു ജന്മം മുഴുവന്‍ നടന്നു
തേഞ്ഞു പോയ കാലടികള്‍..
നിരത്ത് വക്കത്തു നിന്നും
ഏറ്റുവാങ്ങിയ പുല്ലിന്‍
കഷ്ണങ്ങള്‍ മോടിപിടിപ്പിച്ച
ഉത്തരീയം !
തളര്‍ന്നു തൂങ്ങിയ കണ്ണടികളില്‍
താങ്ങിയ ഭാരം മുഴുവനും
ഇപ്പോഴും മുഴച്ചു തളര്‍ന്നു കിടക്കുന്നു !
പരാതി ഈ കടുത്ത വെയിലിനോടു മാത്രം
ജന്മം തീര്‍ത്തു കത്തിച്ചു കളയുവാന്‍
മുടി തൊട്ട് അടിവരെ കത്തുന്ന
ഈ കാളകൂട വെയില്‍ !
അവരുടെ ചുണ്ടുകള്‍ അനങ്ങുന്നത് മാത്രം
നമുക്ക് കാണാം !
ഒരു പൊടിക്കാറ്റു കൊണ്ട് വന്നത്
അതിന്റെയൊരു മൂളല്‍ മാത്രം !
വിശപ്പിന്‍റെ വറുതിപ്പാത്രം
പോലും കൂടെക്കരുതാത്തവര്‍..
വീണു ചത്ത് പൊതിഞ്ഞിരുന്ന
കോറത്തുണി നീക്കുമ്പോള്‍,
വയറിരുന്നിടത്തൊരു അഗാധ ഗര്‍ത്തം !
ഒരു പരാതിയും പൊതിഞ്ഞു
സൂക്ഷിക്കാത്തവര്‍!
ഒരു കൂരയ്ക്കും വിധേയപ്പെടാത്തവര്‍!
ഒരാളാലും അറിയപ്പെടാത്തവര്‍..
അവരുടെ മീതെ
കരിഞ്ഞ ഇലകള്‍ കൊഴിഞ്ഞു വീഴും
കോടിയ ചിറിയിലൂടെ
കൊഴുകൊഴുത്ത ഉമിനീരൊഴുകും
നനഞ്ഞ പുല്‍മേട്ടില്‍
അവര്‍ ആരാലും അറിയപ്പെടാത്ത
അജ്ഞാത ശവങ്ങളാകും !
അഴുകിപ്പൊട്ടിയ മൃത ശരീരം
തിന്നാന്‍ അറുപത്തയ്യായിരം
ഉറുമ്പുകള്‍ വരും
അവര്‍ പങ്കിട്ടതിന്റെ ബാക്കി
കാക്കയും പുഴുവും തിന്നും
വീണ്ടും വന്ന ബാക്കിയില്‍
പുല്‍ച്ചാടികള്‍ താളം തുള്ളും
ഉടയാത്ത തലയോട് കൊണ്ട്
അവര്‍ നിലയ്ക്കാത്തൊരു
ചിരി ചിരിക്കും..
പല്ലുകള്‍ ഇളകി വീഴും വരെ!
പിന്നെയതൊരു അത്യാശ്ചര്യമായി
പൊടിഞ്ഞു തീരും !
ചില മഴക്കാലങ്ങളില്‍
അവര്‍ പൊട്ടിമുളയ്ക്കാറുണ്ടത്രേ!
നനുനനുത്ത വെളുവെളുത്ത
പാവക്കൂണ്കളായി !
 



ചില സ്നേഹങ്ങള്‍ എന്നെ  ഇറുകെ പുണരുന്നത് എനിക്ക്  ചാറ്റല്‍മഴ നനയും പോലെയാണ് ..വീണ്ടും വീണ്ടും നനയാന്‍ തോന്നും..കുളിര്‍ത്ത്‌ ദേഹം നനച്ചു  അത് ഹൃദയം തൊടും !ഇത് അത് പോലൊരു സ്നേഹമാണ് അച്ഛന് തുല്യം വയ്ക്കുന്ന സ്നേഹം ..എനിക്ക് മകളെപ്പോലെ സ്നേഹത്തോടെ സമ്മാനങ്ങള്‍ വാങ്ങിത്തരികയും കാണാന്‍ വരികയും ഞാന്‍ വച്ച് വിളമ്പുന്നതു നിറഞ്ഞ മനസ്സോടെ ആസ്വദിച്ചു കഴിക്കുകയും ചെയ്യുന്ന ആ സ്നേഹം ! ഞാന്‍ എന്‍റെ കുഞ്ഞിനെ വയറ്റിലായിരിക്കുമ്പോള്‍ത്തന്നെ അവള്‍ക്കു വേണ്ടി നിറയെ കളിക്കോപ്പുകളും സമ്മാനങ്ങളും വാങ്ങിത്തന്ന് പക്ഷെ അവള്‍ പിറന്ന് ഇതുവരെ അവള്‍ക്കു കാണാന്‍ ഭാഗ്യം കിട്ടിയില്ലാത്ത  സ്നേഹം ! ഇതെന്‍റെ  വലതു കൈ എന്ന് സ്നേഹത്തോടെ എന്‍റെ ഭര്‍ത്താവിന്‍റെ തോളില്‍ തട്ടുമ്പോള്‍ എനിക്ക് അഭിമാനം പൂത്ത നിമിഷങ്ങള്‍ സമ്മാനിച്ച ആ വലിയ സ്നേഹം ! ആദരവോടെ അദ്ദേഹത്തിന് ..Padma Shri  Ram Gopal Bajaj









Saturday, January 19, 2013

കാറ്റ് പൊട്ടിച്ചിരിക്കുന്നു !


ചില കാലങ്ങളില്‍ മഴപെയ്യുമെന്നും
കാറ്റടിക്കുമെന്നും
സുനാമിത്തിരകളില്‍ ലോകം
ഒഴുകിപ്പൊകുമെന്നും ചിലര്‍..!

ചില സമയങ്ങളില്‍ ചുട്ടുപൊള്ള്മെന്നും
ഒരു കാക്കത്തണല്‍ പോലുമില്ലാതെ
വിണ്ടുകീറി ജലം കിട്ടാതെ
തങ്ങള്‍  മരിച്ചു പോകുമെന്നും
ഇവര്‍ ഈ റോഡു പണിക്കാര്‍ !

ചില നേരങ്ങളില്‍ വറുത്ത
കപ്പലണ്ടിയ്ക്ക് രുചി
പോരെന്നവര്‍..കൊറിക്കുമ്പോള്‍
ഒരിതില്ലെന്ന് !അന്തരീക്ഷത്തിലേയ്ക്ക്
പാറിപ്പോകുന്നവ..!

 ചില ആഘോഷവീടുകളുടെ
പിന്നാംബുറത്തു ഒരില
അന്നമോര്‍ത്തു ഒരു പകലന്തി
തിരിയുമ്പോള്‍ ശൂ ..
ചോറ് തീര്‍ന്നു പൊയ്ക്കൊളൂ
എന്നവര്‍ !
പട്ടിയോട്‌ കടികൂടിയിട്ടെങ്കിലും
ഒരുപിടി അന്നം നല്കാനായില്ലല്ലോ
എന്ന കുപ്പത്തൊട്ടിയുടെ വ്യഥ !

ആഘോഷങ്ങളുടെ മാമോദീസ
കഴിഞ്ഞെന്നും ഇനിയെന്നും,
അവ ഒരു സമുദായത്തിന്റെ
വെന്തിങ്ങ അണിയണമെന്നും അവര്‍!
ഇപ്പുറത്തുമാറിയൊരു
ചന്ദ്രക്കലയും കുരിശും
അമ്പലമുകളിലിരുന്ന്
ആഘോഷങ്ങളുടെ കുപ്പി പൊട്ടിക്കുന്നു !

ഇനിയങ്ങോട്ട് മുടി കുളിപ്പിന്നല്
കെട്ടുന്നത് മണ്ണുണ്ണികള്‍ മാത്രമെന്നവര്‍ !
മുടിയിലും നടയിലുമാണ്
ഫെമിനിസം കോള്‍മയിര്‍
കൊള്ളുന്നതതെന്നും !

എനിക്ക് മാത്രമാണ്
ഉള്‍ക്കാംബുകള്‍ കോര്‍ത്ത
കവിതയുടെ മൊത്ത വിപണിയെന്ന്
അവര്‍ കവികള്‍ കച്ചവടക്കാര്‍ !
ഉള്‍ക്കാമ്പ്  മുഴുവന്‍
പുറത്തെയ്ക്കിട്ടിടിവിടൊരു കവി
അത് മോഷ്ടിച്ച് വില്‍ക്കുന്നവര്‍
അവര്‍ കവികള്‍ കച്ചവടക്കാര്‍ !

ആഗോളതാപനം അവര്‍
കൂട്ടം കൂടി മരം  നടുന്നു!
രണ്ടു നാള്‍ പിന്നിട്ടപ്പോള്‍
ഭൂഗോള താപനത്താല്‍
ഒക്കെ നീര് വറ്റി വീര ചരമം
പ്രാപിക്കുന്നു !
കൂട്ടം കൂടിയെടുത്ത ഫോട്ടോ  ചൂണ്ടി
അവ വളര്‍ന്നു മരങ്ങളായി
എന്നവര്‍ പരിസ്ഥിതി സംരക്ഷകര്‍ !
പറന്നു പോയൊരു പക്ഷി വിതച്ച
വിത്ത് പൊട്ടിയൊരു
വനമുണ്ടായെന്നു കാറ്റ് പൊട്ടിച്ചിരിക്കുന്നു !








ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...