Thursday, March 10, 2016

പി കെ അഷിത എന്നാൽ പണ്ട് ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് തിളങ്ങുന്ന വലിയ കണ്ണിലൂടെ അല്പ്പം കുനിഞ്ഞ പാതിമുഖത്തിലൂടെ വട്ടക്കണ്ണാടിയുടെ ഇടയിലൂടെയുള്ള മൂർച്ചയേറിയ നോട്ടവും അതിലൂടെ കടന്നുപോകുമ്പോൾ കഥാപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ കഥകൾ എന്നാൽ ഇതായിരിക്കണം എന്നെന്നോട് പറയുന്ന അക്ഷരങ്ങളുടെ ജ്വാലയും ആയിരുന്നു ! എനിക്ക് അന്ന് മുതൽ തുടങ്ങിയ ആ ആരാധന ഒന്ന് കാണണം എന്നുള്ള മോഹമാവുകയും പിന്നെ എവിടെയോ അപ്രത്യക്ഷമാകുന്ന അനേകം സമയച്ചക്രങ്ങളുടെ പാച്ചിലിൽ ആ മോഹം അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു !പിന്നീട് ഏകദേശം പതിമൂന്നു വർഷങ്ങൾക്കിപ്പുറം ഞാൻ തലമുടി മാത്രം നരച്ചെങ്കിലും അതേ തീക്ഷ്ണതയോടെ ജ്വലിക്കുന്ന ആ മുഖം കണ്ടു ! ചാടിവീണ് ചോദിച്ചു .."എനിക്കൊന്ന് എഴുതിത്തരുമോ ? അല്ലെങ്കിൽ വേണ്ട..ഞാൻ വന്ന് ഒന്ന് ഇന്റർവ്യൂ ചെയ്തോട്ടെ "  "ഞാൻ ആർക്കും ഇന്റർവ്യൂ കൊടുക്കാറില്ല കുട്ടീ ..അതിനു ഞാനാര് ?" ഞാൻ ഒരു ബ്ലിങ്കി ആയെങ്കിലും ഉള്ള കാര്യമങ്ങു പറഞ്ഞു .."എന്റെ ഒരാഗ്രഹമാണ് ..കാണണം ഞാൻ ഒന്ന് വന്നോട്ടെ ?" (ഉള്ള സത്യം പറയട്ടെ ജീവിതത്തിൽ ആകെ ഒരാളോട് മാത്രേ ഞാൻ ഈ ചോദ്യം ചോദിച്ചിട്ടുള്ളൂ ..എന്നെ സംബന്ധിച്ച് ആരാധന എന്നത് വളരെ വളരെ തീക്ഷ്ണമായി അനുഭവപ്പെടുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ് .അത് സിനിമാ താരങ്ങളോടും മറ്റും തോന്നിയിട്ടേ ഇല്ല ! എഴുത്ത് ജീവനാണ് അതുകൊണ്ടുതന്നെ കാണണം എന്നാഗ്രഹമുള്ള നിരവധി എഴുത്തുകാർ ഉണ്ട് .അതിലൊരാൾ ആയിരുന്നു ടീച്ചറും .) ടീച്ചർ ഉള്ള കാര്യമങ്ങു പറഞ്ഞു .."ഞാൻ ആരേം വിളിക്കാറില്ല കുട്ടീ "എന്ന് ..ഹയ്യോ വീണ്ടും ചമ്മി ..പക്ഷെ അന്ന് ഞങ്ങൾ കുറച്ചു നേരം തമാശ പറഞ്ഞിരുന്നു ..അവസാനം മിടുക്കി എന്ന് വിളിച്ചപ്പോൾ എനിക്ക് സന്തോഷമായി (ചമ്മൽ മാറി കേട്ടോ അത്രേള്ളൂ ..) പക്ഷെ അന്ന് ഞാൻ ടീച്ചർക്ക് നൂറിൽ നൂറു മാർക്കും കൊടുത്തു .എന്റെ ആരാധന അർഹിക്കുന്ന ആൾക്ക് ലഭിക്കുന്ന അലങ്കാരം തന്നെയെന്ന് മനസ്സിൽ പറഞ്ഞു .കാരണം ആരുടേയും അൽപ്പമായ ഒരു പുകഴ്ത്തലിന്റെയും ആവശ്യം ടീച്ചർക്കില്ല .അവർ തനതു വ്യക്തിത്വത്തിന്റെ മൂര്ത്തിഭാവം മാത്രമാണെന്നും പറയാതെ അറിഞ്ഞു .പിന്നീട് കുറച്ചുനാൾ കഴിഞ്ഞു .ഒരിക്കൽപോലും ഞാൻ ചാറ്റ് ബോക്സിൽ ടീച്ചറെ ശല്യം ചെയ്തില്ല ..അങ്ങനെ ഞാൻ പതിവുപോലെ എന്റെ മറവികളുടെ പണിപ്പുരയിൽ ചാരം മൂടിത്തുടങ്ങിയപ്പോൾ എനിക്കൊരു മെസ്സേജ് വന്നു .എന്റെ ഒരു പുസ്തകം ഇറങ്ങുകയാണ് വിഷ്ണുസഹസ്രനാമം - ലളിത വ്യാഖാനം..അക്കാദമിയിൽ ആണ് അനിത വരണം ഇതെന്റെ സ്വകാര്യ ക്ഷണം ആണ് എന്നെ കാണണം എന്ന് പറഞ്ഞിരുന്നില്ലേ എന്ന് ! ഞാൻ അന്തം വിട്ടു !!പിന്നെ അഹങ്കരിക്കാതെ സ്വയം  അങ്ങ് ക്ഷമിച്ചു ..നോക്കുമ്പോൾ ആരൊക്കെയാണ് ..എല്ലാവരും ഇഷ്ടമുള്ളവർ ..പാർവ്വതി ചേച്ചി ( എനിക്ക് സ്വന്തം ചേച്ചിയെപ്പോലെ ഒരു കാലത്ത് ഏറെ പ്രിയമോടെ നടന്നതാണ് കൂടെ ..) പിന്നെ എന്റെ എന്നത്തെയും പ്രിയ കഥാകാരി പ്രിയ എ എസ് ,അതേപോലെ ഇഷ്ടപ്പെട്ട എഴുത്തുകാരി ആണ് ശ്രീബാലയും .(കോളേജു കാലത്ത് ശ്രീബാലയുടെ തീപ്പൊരി കഥകൾ കണ്ട് രോമാഞ്ചം വന്നിരുന്നു ..അന്ന് എന്റെയും കഥകൾ വന്നിരുന്ന സമയം ആണ് പക്ഷെ പിന്നീട് ഞാൻ എഴുത്ത് ലോകത്ത് നിന്നെ അപ്രത്യക്ഷ ആയിപ്പോയി നീണ്ട പത്തു കാലത്തോളം ) ഇവരെല്ലാവരും ഒരു വേദിയിൽ ..ഞാൻ എപ്പോൾ എത്തീ എന്ന് ചോദിച്ചാൽ മതിയല്ലോ ! പക്ഷെ ദിവസം എത്തിയപ്പോൾ ഞാൻ പനിക്കിടക്കയിലും !! പക്ഷെ പോയി ..ഒരുവിധം തലപൊക്കി വേദനിക്കുന്ന ഉടലിനോട് പറഞ്ഞു ..നീ ഒന്നാശ്വസിക്ക് നമ്മൾ ടീച്ചറെ കാണാൻ പോകുന്നു എന്ന് ..പോയി .കുളിർമ്മയോടെ കണ്ടു സംസാരിച്ചു .ഒപ്പിട്ട് കിട്ടിയ ബുക്ക് നിധിപോലെ സൂക്ഷിച്ചിരിക്കുന്നു വായിച്ചില്ല ..വായിക്കണം ..ലളിതമായ ചടങ്ങിൽ സ്നേഹമയമായി അവരെല്ലാവരും സംസാരിക്കുന്നത് നോക്കിയിരുന്നു .എന്റെ മോൾ പ്രിയേച്ചിയുടെ സീരിയസായ കുഞ്ഞുണ്ണിയോട് അങ്ങോട്ട്‌ കയറി ഹെഡ് ചെയ്തു കളിക്കുന്നത് കണ്ടു കുറെ ചിരിച്ചു ..സന്തോഷിച്ചു സ്നേഹായി തിരിച്ചുപോന്നു ..ഹൃദയത്തിൽ സൂക്ഷിക്കാൻ ആ നിമിഷവും ബാക്കി !