Wednesday, January 14, 2015

നല്ല വ്യക്തികളെ വാർക്കുന്നവർ അഥവാ നമ്മൾ !

ആരൊക്കെയുണ്ടായാലും തനിച്ചായിപ്പോകുന്നവർ എത്രയധികമാണീ ലോകത്ത് ?അച്ഛൻ, അമ്മ ,സഹോദരൻ , സഹോദരി ,ഭാര്യ ,ഭർത്താവ്, മക്കൾ, മുത്തച്ഛൻ ,മുത്തശ്ശി അങ്ങനെ എല്ലാവരും ഉണ്ടെങ്കിലും ആരുമില്ലാത്തവർ ?? വേണ്ട സമയത്ത് നമുക്കെത്രപേർക്ക് ലഭിക്കുന്നുണ്ട് ഇവരെയെല്ലാം ?വേണ്ട സമയത്ത് നമ്മളിൽ എത്രപേർ എത്തുന്നുണ്ട് ഒരു ആശ്വാസമായി ,സ്വാന്തനമായി തുണയായി ?മക്കളുണ്ടാകുമ്പോൾ രക്ഷിതാക്കൾ രണ്ടുപേരും പൂർണ്ണമായി അതിൽ പങ്കാളികളാണ് ,പക്ഷെ സാഹചര്യവശാൽ സ്ത്രീകളുടെ പങ്ക് മനുഷ്യകുലത്തിൽ മക്കളെ പരിചരിക്കുന്നതിൽ ഏറുന്നു .പക്ഷികളിലും മൃഗങ്ങളിലും രക്ഷിതാക്കൾ തുല്യമായി പങ്കിട്ടെടുക്കുന്ന ഈ ജൈവ വാസന മനുഷ്യരിൽ ബോധാവബോധങ്ങളുടെ പേരിൽ മാറിമറിയുന്നു .അവിടെ പണം പദവി നിലനില്പ്പ് എന്ന മൂന്നു കാര്യങ്ങളിലേയ്ക്ക് ആഹാരം മാത്രമായിരുന്ന കാര്യത്തെ മാറ്റിമറിക്കുന്നു !അതായത് മൃഗങ്ങളിലും പക്ഷികളിലും ഭക്ഷണം കണ്ടുപിടിക്കുക എന്ന ജൈവചോദന കഴിഞ്ഞാൽപ്പിന്നെ  അവരുടെ നിലനില്പ്പിനായുള്ള ആശ്രിത സ്വഭാവം മാറുകയാണ് .പിന്നീട് വരുന്നത് അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള ശാരീരിക ആവശ്യങ്ങൾ മാത്രമാണ് .ഇവിടെയാണ്‌ മനുഷ്യൻ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവുകൾ വികസിച്ചതിനാൽ ആഹാരം എന്നത് ഏതോ ഒരു സ്ഥാനത്തേയ്ക്ക് മാറ്റുന്ന ഒന്നായിത്തീർക്കുകയും നിലനിൽപ്പെന്നാൽ പണം, പദവി, സ്ഥാപിത താത്പര്യങ്ങൾ എന്നിവ ആക്കിത്തീർക്കുന്നതിലെയ്ക്കു മാത്രം ശ്രദ്ധ ഊന്നുകയും ചെയ്യുന്നത് .

നല്ല രക്ഷകർത്താവാകുക എന്നാൽ നമ്മളെ ത്യജിക്കുക എന്നത് തന്നെയാണ് .അവിടെ നമ്മുടെ താത്പര്യങ്ങൾക്ക് വരുന്ന സ്ഥാനം രണ്ടാമതാണ്‌ .ഒരു ശിശുവിന്റെ  അടിസ്ഥാനപരമായ ആവശ്യങ്ങൾ ഭക്ഷണവും സുരക്ഷയും മാത്രമാണ് .അവർ ആകാശത്തെപ്പറ്റിയോ ഭൂമിയെപ്പറ്റിയോ ടെക്നോളജികളെപ്പറ്റിയോ അങ്ങനെ ഒന്നിനെപ്പറ്റിയോ  വ്യാകുലപ്പെടുന്നില്ല .അവർ തേടുന്നത് ഒരു മുലക്കണ്ണിലെ പാൽത്തുള്ളികളും അവരെ പൊതിഞ്ഞിരിക്കുന്ന നനുത്ത ചൂടും മാത്രമാണ് .ശാസ്ത്രീയമായി പറഞ്ഞാൽ ഗർഭപാത്രത്തിലെ ചൂടും പോക്കിൾക്കൊടിയിലൂടെ ലഭിക്കുന്ന ഭക്ഷണവും മാത്രമേ അവനു തേടേണ്ടതുള്ളു .ആ കാര്യം മാത്രമാണ് നമ്മൾ തുടർന്നും അവരെ പഠിപ്പിക്കേണ്ടതും .വളർന്നു വരുന്ന കുഞ്ഞിന്റെ പരിരക്ഷയിൽ നാമറിയാതെയും  അറിഞ്ഞും അവർക്കു പകർന്നു നല്കുന്ന അനേകായിരം അറിവുകളാണ് അവരെ പാകപ്പെടുത്തിയെടുക്കുന്നത് .അതിലൂടെ മാത്രമാണ് അവർ വളരുന്നതും .അപ്പോൾ നല്ല രക്ഷകർത്താവാകുക എളുപ്പമുള്ള ഒന്നല്ല തന്നെ ! "അവരങ്ങ്‌ വളർന്നോളും " എന്നുള്ള പ്രതികരണമാണ് നാം മിക്കപ്പോഴും അവരിലെത്തിക്കുന്നത് .ശരിയാണ് അവർക്ക് ഭക്ഷണം കിട്ടിയാൽ അവർ വളരും പക്ഷെ അവരുടെ മനസ്സ് വളരുന്നുണ്ടോ അതോ തളരുകയാണോ എന്ന് തിരിച്ചറിയാറുണ്ടോ ?ഗർഭപാത്രത്തിലെ സുരക്ഷയിൽ എല്ലാമുണ്ട് ,ചേർത്തുപിടിക്കൽ ,ചൂട് ,സുഖം ,സുരക്ഷ എന്നുവേണ്ടതെല്ലാം ! ശിശുവിന് അവിടെ സ്വയം കണ്ടുപിടിക്കേണ്ടുന്ന ഒന്നുമില്ല, എല്ലാം അവർക്ക് പര്യാപ്തമാണ് !ആ വിധം വിചിത്രമായ ഘടനയാണ് അവർക്ക് നിയതി അവിടെ ഒരുക്കിയിരിക്കുന്നത് .പുറത്തെത്തുമ്പോഴോ ?

നല്ല രക്ഷിതാക്കളുടെ നിര ഇപ്പോൾ ഉയരുന്നുണ്ട് കാരണം അവർ കുറേക്കൂടി ചിന്തിക്കുന്നു .രക്ഷിതാക്കൾ ആകുക എന്നാൽ അവർ മരിക്കും വരെയുള്ള ജോലി തന്നെയാണ്! കുട്ടികളുടെ വളർച്ചയിൽ അവരുടെ സ്വഭാവ രൂപീകരണത്തിൽ അവരുടെ സംഘർഷങ്ങളിൽ അവരുടെ വികാരതലങ്ങളിൽ എല്ലാം അച്ഛനും അമ്മയും ഒരുപോലെ പങ്കാളികൾ ആകേണ്ടതുണ്ട് .കുട്ടി മുതിർന്നൊരു ആളായിത്തീരുമ്പോഴും അവരുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല .അവരുടെയും കുട്ടികൾ വരുമ്പോഴും അതിൽ മുത്തശ്ശനും മുത്തശ്ശിക്കും ഉള്ള പങ്കാളിത്തം വളരെ ഉയർന്നതാണ് .നമ്മുടെ വളർച്ചയ്ക്കായി നാം ഓടിപ്പോകുമ്പോൾ കുട്ടിയുടെ ഉത്തരവാദിത്വം മിക്കവാറും ആരെങ്കിലും ഒരാളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു .നാം നോക്കുമ്പോൾ അതിൽ ഒരു അപാകതയും ദൃശ്യമല്ല .കുട്ടികൾ പതിവുപോലെ വളരുന്നു .എത്ര ബുദ്ധിമുട്ടിയാണെങ്കിലും അവരെ നല്ല നിലയിൽ വളർത്താനുള്ള പങ്കപ്പാടുകൾക്കായി അച്ഛൻ ഒരുവഴിക്കും അമ്മ മറ്റൊരുവഴിക്കും നെട്ടോട്ടം ഓടുന്നു .കുട്ടികൾ ഇടവഴികളിലെ പൂച്ചകൾ പോലെ വല്ലപ്പോഴും വരുന്ന മീൻവണ്ടികൾക്കായി കാത്തിരിക്കുന്നു .അവിടെ അവർ സ്വയം വാർക്കപ്പെടുകയാണ് .അച്ഛനും അമ്മയുമില്ലാത്ത കുട്ടികളെപ്പോലെ അനാഥരെപ്പോലെ അവർ സ്വയം മൗനം കൊണ്ടൊരു വാത്മീകം കെട്ടും .ഒന്നുകിൽ അതിന്നുള്ളിൽ അവർ സ്വയം ശിക്ഷിക്കും ഇല്ലെങ്കിൽ അവർ അവർക്ക് കൂട്ടുവരുന്ന പങ്കാളികളെ ശിക്ഷിക്കും .അച്ഛന്റെയോ അമ്മയുടെയോ പങ്കാളിത്തം കുറഞ്ഞ ഭാഗങ്ങളിൽ അവർ സ്വയം തീർക്കുന്ന നിലപാടുകളിൽ മാത്രമായിരിക്കും പിന്നീടങ്ങോട്ട് അവർ ജീവിക്കുക .ഇടനേരങ്ങളിൽ അവർ സ്വയം പരിഹസിക്കും അച്ഛനെയോ അമ്മയെയോ അപഹസിക്കും .കിട്ടാതെപോയത് ജീവിതത്തിൽ എത്തിക്കുവാനായി പരിശ്രമിക്കും .പക്ഷെ ആ പരിശ്രമം ഒരുപക്ഷെ തെറ്റ് തന്നെയായിരിക്കും. അവിടെ അത് തിരുത്തപ്പെടാൻ സാധ്യത തീരെയില്ല .കാരണം അത് അടിത്തറയാണ് അതിനുമുകളിൽ ഒരു കൊട്ടാരം തന്നെ പണിതുയർന്നിരിക്കും .അടിത്തറ ഇളക്കുക എന്നത് ശ്രമകരവും വേദനാജനകവുമാണ് .അഥവാ അത് പൊളിച്ചു പണിയാനുള്ള ധൈര്യം അവർക്കുണ്ടെങ്കിൽ അത് വലിയൊരു മാറ്റത്തിന്റെ കൊടുങ്കാറ്റായിരിക്കും ഉയർത്തുന്നത് !

നല്ലൊരു ചെടി കൊടുംകാട്ടിൽ വളർന്നുവരുന്നത് സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും .അതിനുള്ള വെള്ളവും വളവും തണലും പ്രകൃതിയാണ് നല്കുന്നത് .അവിടെ സനാതന ധർമ്മങ്ങൾ പരിപാലിക്കപെടുന്നു .ഏറ്റക്കുറച്ചിലുകൾക്കോ ധാർമ്മികമായ നിലപാടുകൾക്കോ അവിടെ യാതൊരു കാര്യവുമില്ല !കുറേപ്പേർ ഒന്നിച്ചുള്ള ജീവിതശൈലിയിൽ ഒരാൾക്ക്‌ താങ്ങായി അറിയാതെയെങ്കിലും അപര സാമീപ്യമുണ്ട് .കരയുമ്പോൾ ഓടിയെത്താൻ ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ .പക്ഷെ വളരെ ചെറിയ ന്യുക്ലിയർ കുടുംബങ്ങളിൽ അച്ഛൻ സ്വന്തം കാര്യങ്ങൾക്കായി പോയിക്കഴിഞ്ഞാൽ അമ്മയ്ക്കാണ് അച്ഛന്റെ സ്ഥാനവും കൂടി .ജോലിഭാരം ഇരട്ടിക്കുമ്പോഴുള്ള സ്വാഭാവിക പ്രതികരണങ്ങൾക്ക് എപ്പോഴും ഇരയാകുന്നത് കുഞ്ഞുങ്ങളാണ് .അപ്പോൾ അവർ വളരുന്നത്‌ ആ പ്രതികരണങ്ങളിൽ കൂടിയാണ് .അച്ഛനും അമ്മയും ഒരേപോലെ തിരക്കുള്ളവർ ആകുമ്പോൾ കുട്ടികൾ സ്വയം ചുരുങ്ങുകയും ലോകത്തെ തങ്ങളിലേയ്ക്ക് ചുരുക്കാൻ ശ്രമിക്കുകയും ചെയ്യും .അവർ പിന്നീട് ടെക്നോളജി ലോകത്തെ കൈകൾ മാത്രം ചലിപ്പിക്കുന്ന തലച്ചോറ് മാത്രം പ്രവർത്തിക്കുന്ന പാവകൾ ആയിത്തീരും .അതുമല്ലെങ്കിൽ തങ്ങളുടെ അരിശം തീർക്കുന്ന അറുതെമ്മാടികൾ ,അതുമല്ലെങ്കിൽ ആരുടെയെങ്കിലും ചൂഷണങ്ങളിൽ അതാണ്‌ സ്നേഹത്തിന്റെ വശം എന്ന തെറ്റിദ്ധാരണയിലെ ലൈംഗികചൂഷണ ഇരകൾ ആയിത്തീരും .വിരലിൽ എണ്ണാവുന്നവർ മാത്രം സമൂഹത്തിലെ യഥാർത്ഥ പ്രജകളും ആയിത്തീരുന്നു .ഇവിടെയാണ്‌ മാതാപിതാക്കൾ അഥവാ രക്ഷിതാക്കളുടെ നിലപാടുകളുടെ വലുപ്പച്ചെറുപ്പങ്ങൾ അവർ സ്വയം അളക്കെണ്ടുന്നത് .തങ്ങൾ നല്കാതെ പോകുന്നത് ചിലപ്പോൾ ഒരു നല്ല താരാട്ടാകാം അതുമല്ലെങ്കിൽ ഒരുമ്മയാകാം അതുമല്ലെങ്കിൽ കൂടെച്ചേർന്നുള്ളോരുറക്കമാകാം അതുമല്ലെങ്കിൽ പനിച്ചെരിയലുകളിലെ മരുന്നുപോലുള്ള കൂട്ടിരുപ്പാകാം അങ്ങനെ തീരെ ബാലിശം എന്നുതോന്നുന്ന ഏതു ചെറിയ കാര്യവുമാകാം .അതിലെ ചെറുപ്പമല്ല ആ പ്രകടനങ്ങളിലെ വലുപ്പം മനസ്സിലാണ് നിറയുന്നത് എന്ന് രക്ഷിതാക്കൾ അടുത്തറിയണം .

കുടുംബത്തിൻറെ വിവാഹജീവിതത്തിന്റെ അടിത്തറ ദമ്പതികൾ തമ്മിലുള്ള മനസ്സിലാക്കലുകളുടെ ആകെത്തുകയാണ് .വിവാഹം എന്നുള്ള കേവലമായ ചട്ടക്കൂടുകളല്ല യഥാർഥത്തിൽ അവരെ സ്നേഹിപ്പിക്കുന്നത് .വൈകാരികമായ അടുപ്പങ്ങൾ മാത്രമാണ് .ആ അടുപ്പത്തിലെ നിറക്കൂട്ടുകളിലാണ് കുട്ടികളും വളരെണ്ടുന്നതും .വൈകാരികമായി അടുപ്പമുള്ള രണ്ടുപേർക്കിടയിൽ പറയാതെ തന്നെ വളരേണ്ടുന്ന ഒന്നാണ് അപരന്റെ താത്പര്യങ്ങളോടുള്ള ബഹുമാനം .അത് "ഞാൻ ഇങ്ങനെയാണ്,ഇങ്ങനെയേ ആകൂ " എന്നുള്ള കടുംപിടുത്തങ്ങളിലൂടെ നശിച്ചു പോകുന്ന ഒന്നാകുംബോഴാണ് കുടുംബങ്ങൾ ച്ഛിന്നഭിന്നമാകുന്നത് .ഒരാള്‍ നൽകുന്നത് അപരന് ഇഷ്ടമാകുന്നില്ലെങ്കിലും ചിലപ്പോൾ അതിഷ്ടമായതായി നടിക്കുന്നത് വ്യക്തിബന്ധങ്ങളിൽ സർവ്വസാധാരണമാണ്‌.അത് ഭാര്യാഭർത്താക്കന്മാരാകണമെന്നില്ല  കൂട്ടുകാർ തമ്മിൽ ,കമിതാക്കൾ തമ്മിൽ രക്ഷിതാക്കളും മക്കളും തമ്മിൽ എന്നിങ്ങനെ .അവിടെ അപരന്റെ ഇഷ്ടങ്ങളെ നമ്മൾ അന്ഗീകരിക്കുകയാണ്.അവരെ നമ്മുടെ ഇഷ്ടക്കേടുകളിൽ നിന്നും മാറ്റി നിർത്തുകയാണ് ചെയ്യുന്നത് .അതുവഴി നമ്മൾ സഹനത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നു . തന്റെ ജീവിതപങ്കാളിയുടെ താത്പര്യങ്ങളോടുള്ള വിമുഖത മുഴുവന്‍  തുറന്നു കാണിക്കാത്തവരാണ് നല്ല പങ്കാളികള്‍ എന്ന് സമൂഹത്തില്‍ മുദ്രകുത്തുന്നവര്‍.അല്ലാത്തവര്‍ ഒന്നുകില്‍ പിരിഞ്ഞു പോവുകയോ അല്ലെങ്കില്‍ ഇഷ്ടക്കേടോടെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ വഴങ്ങി ജീവിക്കുകയോ ചെയ്യുന്നവരും !കൂടാതെ സ്വന്തം വ്യക്തിത്വങ്ങളില്‍ നിലനില്‍ക്കുകയും ജൈവ ചോദനകളെ തൃപ്തപ്പെടുത്താന്‍ പാകത്തിന് വിവാഹമെന്ന കൂട്ടായ്മകളില്‍ നില്‍ക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട് .അവര്‍ ഒരേപോലെ കുട്ടികളെ പരിപാലിക്കാന്‍ സമയവും താത്പര്യവുമില്ലെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന നിലപാടുകള്‍ എടുക്കുന്നതും സര്‍വ്വസാധാരണമാണ് .അതുപോലെ വിവാഹമെന്ന ചട്ടക്കൂടുകളില്‍ ഒതുങ്ങാതെ സ്വയം താത്പര്യങ്ങളുടെ ആകെത്തുകയായി ജീവിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു .സഹനം എന്തിനു വേണ്ടി എന്ന വലിയൊരു ചോദ്യമാണ് അവരുടെ മറുപടിയും! ചില സഹനങ്ങൾ അവരിലൂടെ കടന്നുപോകുന്നത് അവർപോലും അറിയാതെയാകുന്നു എന്നത് മാത്രമാണ് സത്യം !
വ്യവസ്ഥാപിതമായ ഒരു താത്പര്യങ്ങളും ഒരു ശക്തിയിലും നിക്ഷിപ്തമല്ല. അവ കേവലം ഒരു മനുഷ്യന്റെയോ പലമനുഷ്യരുടെയോ  കൂട്ടായ ചിന്തകളുടെ  ഉരു മാത്രമാണ് .പിന്നീടാണ് അവ വളര്‍ന്നു പന്തലിച്ചു സ്ഥാപനവത്കരിക്കപ്പെടുന്നത്. അതെ അവസ്ഥയാണ് വ്യക്തിബന്ധങ്ങളിലും സംജാതമാകുന്നതും .നല്ലതിനെയും ചീത്തയും വേര്‍തിരിക്കുക പ്രയാസമാണ് .ഒരാളുടെ നന്മ മറ്റൊരാള്‍ക്ക് തിന്മയായി ഭവിക്കുന്നത് അയാളുടെ ഉള്ളിലെ അറിവുകളുടെ ചിന്തകളുടെ വ്യക്തിരൂപീകരണത്തിന്റെ വ്യത്യാസം കൊണ്ട് മാത്രമാണ് .ഒരേപോലെ ചിന്തിക്കാന്‍ കഴിയുന്നൊരു സമൂഹം അപ്രാപ്യമാണ് എന്നിരിക്കെ ഒരേ പാകത്തിന് സഹകരിച്ചാല്‍ സാന്ത്വനിപ്പിച്ചാല്‍ പരസ്പരം ഊന്നുവടികള്‍ ആയാല്‍ മാത്രമേ നല്ല വ്യക്തിബന്ധങ്ങള്‍ സംജാതമാകുകയുള്ളൂ .നല്ല വ്യക്തികളിലൂടെ മാത്രമാണ് നല്ല സമൂഹം ഉടലെടുക്കുന്നതും .നല്ല സമൂഹമെന്നാൽ എല്ലാവരും നന്മയുള്ളവർ എന്ന് ഒരിക്കലും പറയാനാകില്ല എങ്കിലും നല്ലതിനെ സ്വീകരിക്കുന്നവർ ഏറെ ഉണ്ടെങ്കിൽ മാത്രമേ അത് നടപ്പിലാകുകയുള്ളൂ അതിനുവേണ്ട വിശാലമായ കാഴ്ച്ചപ്പാടുകളിലെയ്ക്ക് വ്യക്തികൾ മാറേണ്ടിയിരിക്കുന്നു .കുഞ്ഞുങ്ങളാണ് നാളെയുടെ നട്ടെല്ല് അവരെ എങ്ങനെ വളർത്തുന്നു എന്നതിൽ കാര്യമില്ല അവരുടെ ചിന്തകൾ എങ്ങനെ വളരുന്നു എന്ന് നിരീക്ഷിക്കുകയും അവരെ തുറന്ന മനസ്സുള്ള നല്ല വ്യക്തികളാക്കാൻ മുതിർന്നവരുടെ പങ്ക് നിർണ്ണായകമാണെന്നു തിരിച്ചറിയുകയും ബോധവത്ക്കരിക്കപ്പെടുകയും ചെയ്യുക മാത്രമാണ് നമുക്ക് ചെയ്യാനാകുന്ന ഒരേയൊരു കാര്യം !