Tuesday, April 9, 2013

ആമേൻ !


ആമേൻ !സിനിമ കണ്ടു . ആ ദൈവീക തമാശ എനിക്ക് ക്ഷ 'പിടിച്ചു ! കാരണം കോലം കെട്ടിയിറങ്ങുന്ന പല സിനിമകളിൽ നിന്നും മാറി നിന്ന് സ്വന്തം വ്യക്തിത്വം കാണിച്ചു തന്ന സിനിമ ആണിത് . ഒരു പുരാതന സിറിയൻ പള്ളിയ്ക്ക് ചുറ്റും അകത്തും നടക്കുന്ന തനി നാടനല്ലാത്തതും എന്നാൽ നാടകീയവുമായ രംഗങ്ങളെ 90 ,180 ഡിഗ്രി ആങ്കിളിൽ നിന്നും wide ആയും അല്ലാതെയും ചിരിപ്പിക്കുകയും എന്നാൽ ആ ചിരിയിൽ ഇന്നത്തെയും എന്നത്തെയും സംഗീതത്തെ അതിന്റെ മൂർദ്ധന്യത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കയും ചെയ്യുന്നതിലൂടെ മി ജോസ് പെല്ലിശ്ശേരി വിജയിക്കുക തന്നെ ചെയ്തു !

ഭാഷ സുന്ദരമല്ല എന്നും കക്കൂസിലിരുന്നാണോ സ്ക്രിപ്റ്റ് എഴുതിയതെന്നും മറ്റുമുള്ള ആക്ഷേപങ്ങളെ ഇവിടെ ന്യായീകരിക്കുവാനുള്ള യാതൊന്നും കാണുന്നില്ല !കേവലം നാട്ടിൻ പുറ വഴക്കടികളിൽ പ്രയോഗിക്കുന്ന തെറിയും തീട്ടം പൊതിഞ്ഞു വച്ചാലുണ്ടാകുന്ന പുക്കാറുകളും ആ കഥയിൽ വേണ്ടുന്ന രസക്കൂട്ടുകൾ മാത്രമാണ് കാരണം അവർ പ്രതിനിധീകരിക്കുന്ന സമൂഹം അത് ഉൾക്കൊള്ളുന്ന ജനങ്ങളുടെതാണ് !
ഫാ അബ്രഹാം ഒറ്റപ്ലാക്കൽ അഥവാ ജോയ് മാത്യു എല്ലാ കഥാപാത്രങ്ങളെയും വെല്ലുവിളിക്കുന്ന ഉഗ്ര പ്രകടനം ആണ് കാഴ്ച വച്ചത് !അത് പോലെ തന്നെ അവസാനമെത്തിയ  പോത്തച്ചനും(മകരന്ദ് ദേശ്പാണ്ടേ) !കൂടെ എല്ലാ രംഗങ്ങളും മനോഹരമാക്കി ഫഹദ് ഫാസിൽ ചെയ്ത സോളമൻ . ഫഹദിന്റെ പ്രത്യേകത ഇന്നത്തെ താര ചക്രവർത്തിമാർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി തന്റെ ശരീരത്തിന്റെ സാധ്യതകളെ ചൂഷണം ചെയ്യുന്നുണ്ട് എന്നത് തന്നെ !അതായത് ഒരു ഭൃത്യന്റെ വേഷമാണെങ്കിലും രാജാവ് വേഷം കെട്ടും പോലിരിക്കാതെ ഭൃത്യനായിത്തന്നെ മാറുന്ന അഭിനയം  ! ഒരു പാവപ്പെട്ട ക്ലാര്നെറ്റ് വായനക്കാരന് തന്റെ മരിച്ചു പോയ അച്ഛന്റെ  പ്രഭാവത്തിന് മുൻപിൽ എന്നും മനസ്സ് കൊണ്ട് പേടിച്ചു മാറി നില്ക്കാനെ കഴിയുമായിരുന്നുള്ളൂ, ആ പേടിച്ച ചെറുപ്പക്കാരനെ മനോഹരമാക്കീട്ടുണ്ട് ഫഹദ് !കൂടെ നില്ക്കുന്നുണ്ട് തനി ക്രിസ്ത്യൻ വേഷ വിധാനങ്ങളോടെ ശോശന്നയും (സ്വാതി റെഡി )അവരുടെ മുഖം ആ കഥാപാത്രത്തിന് അത്രയ്ക്ക് അനുയോജ്യമായിരിക്കുന്നു !ഇന്ദ്രജിത്തിന്റെ ഭാഗം വി ഗീവർഗീസ് പുണ്യവാളൻ വന്നിറങ്ങിയ പ്രതീതി തന്നിരുന്നു !ആദ്യത്തെ അദ്ദേഹത്തിന്റെ സംഗീത രംഗപ്രവേശം അക്ഷരാർത്ഥത്തിൽ ഇന്നത്തെ തലമുറയ്ക്ക് വേണ്ടുന്നൊരു പള്ളീലച്ചന്റെ തന്നെ എന്ന് വേണം പറയാൻ !വ്യന്ഗ്യാർത്ഥത്തിലെങ്കിലും ഒരു മഗ്ദലന മറിയമായി വന്ന മിഖേല (നതാഷ സൈഹൽ )ഇന്ദ്ര ജിത്തിന്റെ അഭിനയത്തെ പൊലിപ്പിച്ചു എന്ന് പറയാം . കൂടെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഭാഗങ്ങളും അഭിനയ ശൈലിയും ഉണ്ടായിരുന്നതിനെ ബുദ്ധിപൂർവ്വം ഏകോപിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് !ഓരോരുത്തരും വളരെ മനോഹരമായി അതിനോട് നീതി പുലര്ത്തുകയും ചെയ്തിട്ടുണ്ട് .

കുമരംകരി എന്ന പള്ളി സത്യത്തിൽ സെറ്റിട്ടു ചെയ്തതാണെന്ന് കേട്ടപ്പോൾ എനിക്ക് ചെറിയൊരു അവിശ്വസനീയത തോന്നി . !ആ തോന്നൽ ആണ് അവരുടെ മേൽ കാണികൾ ഓരോരുത്തരും കൊടുക്കുന്ന  വിജയം . മാജിക്കൽ റിയലിസം കൊണ്ട് ഒരു കഥ വായിക്കുന്ന സുഖം തരുന്നുണ്ട് ഇതിലെ ഓരോ അനക്കങ്ങളും . അതുകൊണ്ട് തന്നെ ഈ പുതിയ സിനിമയുടെ ഒട്ടും മയമില്ലാത്ത സുഖിപ്പിക്കാത്ത എന്നാൽ ഒരു തനതായ സത്യം അതിന്റെ സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കുന്നതിന്റെ എല്ലാ സൗകുമാര്യങ്ങളും ഈ സിനിമയ്ക്കുണ്ട് ! തുടക്കത്തിൽ തന്നെ  ജോസ് പെല്ലിശ്ശേരി സൂചിപ്പിച്ച ഈ ബൈബിൾ വചനത്തിൽ തന്നെ ഈ കഥ പറയാൻ പോകുന്നതിന്റെ രസിപ്പിക്കുന്ന ചരടുണ്ട് "Unless you people see signs and wonders," Jesus told him, "you will never believe." (John 4:48). സ്വർഗസ്ഥനായ പിതാവ് ഭൂമിയിൽ വന്നാലുണ്ടായ അതിരസകരമായ യാഥാര്ധ്യങ്ങളെ ഇങ്ങനെ തന്നെ വേണം അവതരിപ്പിക്കുവാൻ !ആ അവസ്ഥ അതി ഗംഭീരമായി അവതരിപ്പിക്കുമ്പോൾ അതിലെന്തിനാണ് അസഭ്യവും മ്ലേഛവും എന്ന് ചോദിക്കുവാൻ പാടില്ല ,കാരണം ദൈവം തമ്പുരാൻ നല്ലത് മാത്രമല്ല സൃഷ്ടിച്ചത് ,പുറം തള്ളപ്പെടാൻ കുറെ ചീത്തകളെയും സൃഷ്ടിച്ചിട്ടുണ്ട് !അവ പുറത്തേയ്ക്ക് തന്നെയാണ് പോകേണ്ടതെന്ന് ഇതിൽക്കൂടുതൽ പരസ്യമായി എങ്ങനെ അവതരിപ്പിക്കണം ?
 കാലോചിതമായ ഒരു സിനിമ തന്നെയാണ് അമേൻ ! കാരണം ഇനി ആകെ പ്രതീക്ഷയ്ക്ക് വക വരാനിരിക്കുന്ന അത്ഭുതങ്ങളും ശേഷം അത് അറിഞ്ഞു മാത്രം വിശ്വസിക്കുവാൻ കാത്തിരിക്കുന്ന  ഒരു ജന സമൂഹവുമാണ്.. ആമേൻ ! 


1 comment:

  1. കൂടുതൽ കൂടുതൽ എഴുതൂ.. ഞാൻ വരാം വീണ്ടും ഈ വഴിക്ക്.

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...