Wednesday, November 19, 2014

അതാണല്ലോ ഈ ജീവിതം !

ശരീരം തൊടണം തലോടണം
ഉമ്മവയ്ക്കണം പുണരണം
അതാണല്ലോ ജീവിതം !
ചുംബന സമരത്തോടെ ,
 പുനർവിചിന്തനം കൊണ്ട
അതേ പഴയ ജീവിതം !

ഇനി ,
തൊടാത്തവരോട് :
നിങ്ങൾ ഒന്നുകിൽ മഹാരോഗിയാണ്
സഹോദരിയെ സ്നേഹത്തോടെ
പൊത്തിപ്പിടിക്കാനാകാത്ത ,
സഹോദരനോടൊപ്പം  കെട്ടിമറിയാത്ത ,
അമ്മയോട് കൊഞ്ചിക്കളിക്കാത്ത,
അച്ഛനുമേൽ കുത്തിമറിയാത്ത,
സ്നേഹം പ്രകടിപ്പിക്കാനറിയാതെ
കുപ്പിയിലടച്ച്‌ രോഗിയാക്കി വളർത്തിയ
ചിക്കിച്ചികയാനറിയാത്ത,
കൊത്തിപ്പെറുക്കാനറിയാത്ത ,
ചിറകു ചെരുക്കി പ്രേമിക്കാനറിയാത്ത  
ബ്രോയിലർ രോഗി !

അല്ലെങ്കിൽ നിങ്ങൾ മാറാ രോഗിയാണ് !
നിങ്ങളുടെ കരളിനു മന്ത് ബാധിച്ചിരിക്കുന്നു
അത് അസൂയമൂലം വീർത്തു വീർത്തു തൂങ്ങിക്കിടക്കുന്നു !
നിങ്ങളുടെ രോഗം മാറില്ല !
അത് സ്നേഹപ്രകടനമെന്നാൽ കാമപൂരണം
എന്ന് തിരുത്തിവായിക്കുന്നു !
ആണും പെണ്ണുമെന്നാൽ കിടപ്പറ എന്ന്
കൂട്ടിവായിക്കുന്നു !
ചുംബനം എന്ന് കേട്ടാൽ രതിമൂർച്ഛ
വന്നു വിറയ്ക്കുന്നു !
അല്ലെങ്കിലും  നിങ്ങൾ മാറാ രോഗിയാണ് 
നിങ്ങൾക്ക് കത്തിയും വടിവാളുമില്ലാതെ
ഉറങ്ങാനാകില്ല ,ഉറക്കത്തിലെങ്ങാൻ
രണ്ടുപേർ ചുംബിച്ചാലോ ??!

ശരീരം തൊടാനും കെട്ടിപ്പിടിക്കാനും
ചുംബിച്ചു മരിക്കാനുമുള്ളതാണ്
അതാണല്ലോ ഈ ജീവിതം !


Sunday, November 16, 2014

പൊട്ടിച്ചിരിയുടെ മുത്തുകള്‍ പൊട്ടിത്തെറിച്ചു പോകുന്നു ..
ഇളവെയില്‍ ഇലച്ചാര്‍ത്തുകളിലൂടെ നൂല് കോര്‍ക്കുന്നു ..
സൂചിത്തുമ്പികള്‍ കൂട്ടത്തോടെ പറന്നു വരുന്നു ..
സന്തോഷത്തോടെ നോക്കുമ്പോള്‍,
എന്തും സന്തോഷമാണെന്നു തിരിച്ചറിയുന്നു !

Sunday, November 9, 2014

ഒരു പച്ചപ്പിന്റെ ഹൃദയതാളം നേര്‍ത്ത മഞ്ഞുതുള്ളി ഒഴുകിപ്പരക്കും പോലെ എന്റെ വരണ്ട ഹൃദയത്തിലേയ്ക്ക് ഒരുമഴക്കാലത്തിലെ സായന്തനത്തില്‍ വന്ന് വീണു നിറഞ്ഞു ..ഊഷരമായ ജീവിതത്തിന്റെ കരകര താളത്തിലുള്ള ഇഴച്ചില്‍ ബാംഗ്ലൂര്‍ നഗരത്തിന്റെ പൊടിപിടിച്ച വഴികളിലൂടെ രാവിലെ വന്ന് നില്‍ക്കുന്ന കാബ് ലേയ്ക്കുള്ള കയറലും മൂന്നു സ്വൈപ്പ് മെഷീന്‍കളുടെ അനുവാദം കഴിഞ്ഞു സ്വന്തം കാബിനില്‍ കയറിക്കൂടി ഒന്‍പതര മണിക്കൂര്‍ വരച്ചും എഴുതിയും അനിമേഷന്‍ ചെയ്തും പ്രോഗ്രാമിന്റെ നൂലാമാലകളില്‍ക്കൂടി ഇറങ്ങിയരിച്ചും വല്ലപ്പോഴും വലിയ ആണ്പടകള്‍ മാത്രമടങ്ങിയ ടീമിന്റെ പിറന്നാള്‍ സദ്യകള്‍ക്ക് പൊട്ടിച്ചിരിച്ചും വൈകുന്നേരമായാല്‍ തിരിച്ചു ക്യാബില്‍ കയറി നിസ്സഗതയോടെ മുറിയിലെത്തിയാല്‍ വല്ലതും ഉണ്ടാക്കി കഴിക്കാന്‍ തോന്നിയാല്‍ കഴിക്കും .ആരോടേലും സംസാരിക്കാന്‍ തോന്നിയാല്‍ സ്കൈപ് ഓണ്‍ ചെയ്യും ഇല്ലെങ്ങില്‍ ഒരുമൂലയില്‍ തള്ളിയ ബെഡ്ഡില്‍ നീണ്ടു നിവര്‍ന്നുറങ്ങും .ജീവിതം അതെ ചാക്രിക ചലനത്തില്‍ തള്ളി നീക്കി പോകുമ്പോഴാണ് ചക്രം നേരെ തിരിച്ചുകൊണ്ടു ജീവിതത്തിലേയ്ക്ക് നീ മഴപോലെ കയറി വന്നത് .കണ്ടതും സംസാരിച്ചതും നിശ്ചയിച്ചതും കല്യാണം കഴിച്ചതുമെല്ലാം മഴയത്ത് തന്നെയായിരുന്നു ! അടികൂടിയതും പൊട്ടിക്കരഞ്ഞതും പൊട്ടിച്ചിരിച്ചതും നമ്മുടെ മായാവി ബൈക്കിന്റെ പുറമേറി ഹൈദരാബാദിന്റെ ഇടവഴികളിലൂടെ അലഞ്ഞു നടന്നതും വഴിതെറ്റി പോയിപ്പോയി എവിടെയോ എത്തിയതും ..ചിരിച്ചു ചിരിച്ചു മരിച്ചു നമ്മള്‍ പുനര്‍ജ്ജനിച്ചതും ഒടുവില്‍ നമുക്ക് മേല്‍ കുത്തിമറിഞ്ഞു കളിയ്ക്കാന്‍ ഒരു കൊച്ചു സുന്ദരി വിരുന്നു വന്നതും കഴിഞ്ഞെത്ര നാളായിരിക്കുന്നു അല്ലെ ശ്രീ !?!! എന്റെ ജീവിതത്തിലെ പച്ചപ്പുകള്‍ക്കൊക്കെ ഞാന്‍ നിന്നോടുമാത്രം കടപ്പെട്ടിരിക്കുന്നു ..ഞാന്‍ ജീവിച്ചാലും മരിച്ചാലും എന്റെ എകപുരുഷന്‍ നീ എന്ന പച്ചപ്പായിരിക്കും !ഇതുതന്നെയാണ് എന്റെ പിറന്നാള്‍ സമ്മാനം ..ഞാന്‍ തന്നെയാണ് നിനക്കുള്ള സമ്മാനം .എല്ലാവരോടും വിളിച്ചുകൂവുന്നത് എല്ലാവരും നിനക്ക് മംഗളം പാടാന്‍ തന്നെയാണ് .ഉമ്മ ഇന്നും പിന്നെ എന്നും!എന്തിനെന്നറിയില്ല ഞാന്‍ കരയുകയാണ് ..കരഞ്ഞുകൊണ്ടെ ഇരിക്കയാണ് ..love you always Sreejith Remanan

Thursday, October 30, 2014

താരകക്കംബളം നീർത്തീ
മാനത്തംബിളി മാമനുറങ്ങി ..
താഴെ മേട്ടിലെ കൂട്ടിൽ
രാപ്പാടി പോലുമുറങ്ങി ..
ആരാരിരാരാരിരാരോ
അമ്മതൻ പൈതലുറങ്ങ്‌

കുഞ്ഞിളം കാറ്റ് തലോടീ
ഉമ്മവയ്ക്കുന്നിളം ചുണ്ടിൽ
ഒച്ചയുണ്ടാക്കാതെ നിന്നേ.. നോക്കി
കൂട്ടിരിക്കുന്നൂ കുറുഞ്ഞീ
ആരാരിരാരാരിരാരോ
രാരീ രാരാരി രാരാരി രാരോ

 അച്ഛന്റെ പൂങ്കുരുന്നല്ലെ ..നീ
ചാഞ്ചാടിയാടിയുറങ്ങ്
നാളെ നേരം പുലർന്നാൽ
മാമം തരാൻ മൈന പോരും

ആരാരിരാരാരിരാരോ
രാരീ രാരാരി രാരാരി രാരോ

ഓമനത്തുംബികൾ ആടും
കളിക്കൊഞ്ചലുമായ് തത്ത പാടും ..
മാനുകൾ തുള്ളിക്കളിക്കും
എന്നോമന കൂടെച്ചിരിക്കും ..
ആരാരോ രാരാരി രാരോ
രാരി, രാരാരി രാരാരി രാരോ ...

നേരം വെളുക്കും വരേയ്ക്കും
നിന്നോമനക്കണ്ണുകൾ പൂട്ടി
അമ്മതൻ അമ്പിളി വാവേ
നീ ചാഞ്ചാടിയാടി ഉറങ്ങ്‌ ..
ആരാരോ രാരാരി രാരോ
രാരി, രാരാരി രാരാരി രാരോ ...



Tuesday, October 28, 2014

ആത്മംഭരി


അകലെയാകാശമാത്മവേഗങ്ങളെ
ത്തഴുകി നീർക്കുന്നു പച്ചിലത്തുംബുകൾ ..
തരുവിലല്ലോ പുണരുന്നു മേഘങ്ങൾ
കനവു തുന്നിപ്പറപ്പിച്ച കാറ്റുകൾ !


അകലെ അകലെയാണിന്നിന്റെ പച്ചയും
അകലെയകലെയാണിന്നിന്റെ പ്രാണനും
ഉരുകിയുള്ളം കലങ്ങുമാറിങ്ങനെ
തപന സൂര്യന്റെ ആഗോള താപനം !


എവിടെനിന്നോ തപസ്വിത സ്വപ്‌നങ്ങള്‍
തപുഷി പൊട്ടിത്തെറിച്ചു പായുന്നിതെ !
എരിക മര്‍ത്ത്യാ ! നീ സ്വയം തീര്‍ത്തതീ
തപനി വറ്റിച്ച ഗൂഡ പ്രവൃത്തികള്‍ !


തപിതരാകുന്നു ഭൂമിയും വാനവും
ഒരു കിളിപോലുമില്ലെ പറക്കുവാന്‍!
തനിമ വറ്റാത്തതൊന്നുമേ ഇല്ലയോ
ജ്വലക കെട്ട തനുസ്സതുംബാക്കിയായ് !


ജൈവജ്ഞാതേയമെല്ലാം ഉലഞ്ഞുപോ-
യിന്നു വാര്‍ക്കുന്നു ജീവനെക്കുപ്പിയില്‍
അമ്മവേണ്ടച്ഛനത്രയും പോലുമേ
എന്തിനിന്നു കുടുംബമേ വേണ്ട മേ!


മരണവായു വലിച്ചുകൊണ്ടിന്നു നാം
മരുവി മേവുന്നു ആഗോള വലകളില്‍
ക്ഷണിക ഭംഗിയില്‍ മാത്രം ജനിക്കുന്നു
ക്ഷണിക ബന്ധന മംഗല്യമെന്നതും!


കാമമേറെ ജ്വലിച്ചതില്‍ പുത്രിതൻ
മുലയുറുഞ്ചുമാ പാപിയെക്കാണുക!
എവിടെയോ കൊണ്ട് തള്ളുന്നു പാപത്തിന്‍
പലിശ കൊണ്ട് പിറന്നൊരാക്കുഞ്ഞിനെ!


അഗതിയഗതിയെന്നാട്ടുന്നു പിന്നെച്ചെന്ന
തിനെയും കാമ കേളിക്കൊടുക്കുന്നു
ലിംഗഭേദങ്ങളേതെന്നു പോലുമേ
ലിംഗ നീതിയ്ക്കു പാത്രമാക്കീടുവാൻ !


ഉന്മദം ഉന്മാർഗ്ഗമെന്നതെ ഇന്ന് കാണുവാൻ
ഭാംഗും ലഹരിയും,കള്ളു കഞ്ചാവ്-
കേറിക്കിടക്കുവാൻ തെല്ലു വേണ്ടും കടത്തിണ്ണ
എന്നതിലില്ല ഉണ്മ മണക്കുവാൻ പോലുമേ !


ആനമിക്കുന്നു ഭൂമിയെ നിന്നെ ഞാൻ
ആഗ്രഹിക്കുമ്പോൾ ആകാശമാകുവാൻ
ദേഹമെന്നതിൻ അർത്ഥമങ്ങേശാത്ത
ദേഹിയായി പരിഗണിച്ചീടുവാൻ


ആനമിക്കുന്നു ആകാശമിന്നു ഞാൻ
ആഗ്രഹിക്കുമ്പോൾ ഭൂമിയായീടുവാൻ
പ്രാണനെന്നതിൻ ഭാരമങ്ങേശാത്ത
പ്രാണിയാകുവാനെന്നെങ്കിലും മുദാ !

Sunday, October 26, 2014

(ഇത് എന്റെ അനുഭവ കഥയാണ്‌ സങ്കല്പം അല്പ്പം പോലുമില്ല !)

കാലു പ്ലാസ്ടർ ഇട്ടു കഷ്ടപ്പെട്ട് ഒരുകാലിൽ കുത്തിപ്പിടിച്ചു നില്ക്കയാണ് ഡോക്ടറെക്കാണാൻ ഒരു പ്രൈവറ്റ് ആശുപത്രിയുടെ നാലുംകൂടിയ മുക്കിൽ .നേരെ മുൻപിൽ ഓപ്പറേഷൻ തീയേറ്ററും ലേബർ റൂമും അതിന്റെ എതിർഭാഗത്താണ് ഈ കാലും കൈയും നടുവും ഒടിഞ്ഞ മുറിഞ്ഞ ചതഞ്ഞ അവശരായ ജനവിഭാഗങ്ങൾ ദൈവത്തെയും പ്രതീക്ഷിച്ചു മുഷിഞ്ഞു നാശമായി ഇരിക്കുന്നത് ,നില്ക്കുന്നത് സ്ട്രെക്ച്ചരിൽ കിടക്കുന്നതും ! അവിടെയ്ക്ക്
ആദ്യം വലിയവയറും കൈയ്യിൽ കുത്തിയ ഗ്ലൂക്കോസ് കുപ്പിതാങ്ങിയും സ്ട്രെക്ച്ചരിൽ ഒരു ചെറിയ വേദന ഞങ്ങളെക്കടന്നു ഓപ്പറേഷൻ തീയേറ്ററിലെയ്ക്ക് മാഞ്ഞുപോയി .പിറകെ ഒരു ടാക്സി കാറിൽ
"ന്റെ റബ്ബേ ..അല്ള്ളാ " എന്ന അമർത്തിയ വിളി നെഞ്ചിൽ നിന്നും അലച്ചു പെയ്ത് ഒരുമ്മ ഓടി വന്നു ഓപ്പറേഷൻ തീയേറ്ററിന്റെ വാതിലിൽ തടഞ്ഞു നിന്നു .കൂടെ നന്നേ വെളുത്തു മെലിഞ്ഞു പതിനാറു വയസ്സ് തോന്നുന്ന ഒരു ചെറുപ്പക്കാരനും .അയാളുടെ മുഖം ആശങ്കയാൽ ചുമന്നിരുന്നു .നില്ക്കാനോ ഇരിക്കാനൊ വയ്യാത്തപോലെ അയാൾ എരിപൊരി കൊള്ളുന്നതും കണ്ടു .ഭർത്താവിന്റെ സകല ഭാവഭാവാദികളും അയാളിൽ ഉണ്ടെങ്കിലും അയാളുടെ നിഷ്കളങ്കത മുറ്റിയ കൊച്ചു മുഖം "പ്രായം പതിനാറ് " എന്നെന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു !

അവർക്കും പിന്നിൽ ഒരോട്ടോ വന്നു നിന്നു .അതിൽ നിന്നും ഒരു ജുവലറിക്കട ഒന്നാകെ ഇളകിവന്നു .തലയിലെ കിന്നരിയും ,വീതിയരപ്പട്ടയും ,കൈയ്യിലെ മുഴുവൻ ഭാഗങ്ങളും സ്വര്ണ്ണാന്ജിതമായി മിന്നി .നില്ക്കുകയോ ഇരിക്കുകയോ അല്ലാത്ത രീതിയിൽ സ്ട്രെക്ച്ചരിൽ ഇരുന്ന എന്നെ തട്ടിമറിച്ചിട്ട് അത്തറിന്റെ പരിമളം കാറ്റുപോലെ അവിടെവന്നു പറന്നു കളിച്ചു !അതിനും പിറകിൽ ഓട്ടോകളും ബൈക്കുകളും തലയിൽ തട്ടമിട്ടതും ബുർക്കയിട്ടതും മോല്ലാക്കമാരെന്നു തോന്നുന്ന താടിക്കാരും എല്ലാം ചറപറാ വന്നു നിറഞ്ഞു എല്ലാത്തിനും കൂടി പത്തുമിനുട്ടെ വേണ്ടിവന്നുള്ളൂ .ഒരുപട ആളുകൾ കരഞ്ഞും അടക്കം പറഞ്ഞും ചർച്ചചെയ്തും കുശുകുശുത്തും അവിടമാകെ പരന്നു !!
അവിടെ നിന്നാൽ ഗ്ലാസ് വാതിലിനപ്പുറം വിശാലമായ പാർക്കിംഗ് ഏരിയ കാണാൻ കഴിയും ,അതിലൂടെ വരുന്നവരെയും !അവസാനമായി ഒരു ലോറിയാണ് വന്നു നിന്നത് ! ഞങ്ങൾ അല്ല ഞാൻ നടുങ്ങി അതുമുഴുവൻ ജനങ്ങൾ ആണോ ?? ഇത് സാധാരണ പ്രസവം അല്ല എന്നുറപ്പ് ,ആ പെങ്കുട്ടിയ്ക്കെന്തു പറ്റിയതാവും .എല്ലാവരും കുലംങ്കഷമായ ചർച്ചയിലാണ് മിണ്ടാതെ നിശബ്ദം കരയുന്ന ഒരമ്മയെ മാത്രമേ ഞാൻ അവിടെക്കണ്ടുള്ളൂ ബാക്കിയെല്ലാവരും സംസാരത്തിലാണ് ചിലർ കരയുന്നതായി ഏങ്ങൽ അടിക്കുന്നു .പക്ഷെ എന്റെ ധാരണയെ തിരുത്തി ലോറിയിൽ നിന്നും ഒരു തൊണ്ണൂറു വയസ്സ് പറയുന്ന വല്യുമ്മയെ എടുത്തിറക്കി ഒരാൾ കൊണ്ടുവന്നു .അവർ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു .ഒരു പഞ്ഞിക്കെട്ടുപോലെ വെളുത്തു നേർത്ത രൂപമായ അവരെ അയാൾ നിലത്തു മൂലയ്ക്കിരുത്തി .
"നെനക്കെന്താ പ്രാന്തായാ അബീദെ ഓരെ ബലിച്ചിട്ടും ബരാൻ ?" ഒരാൾ ദേഷ്യപ്പെടുന്നു
"ഓര് നെലോളി കൂട്ടീക്കെണു ,ഓരിപ്പോ ചത്തുപോം അതീറ്റും മുന്നേ ഓളേം കുട്ട്യെം കാണണം ന്ന് "
"ഹം ..ബീട്ടി കുത്തീരിക്കാണ്ടേ പോന്നോളും എപ്പോം ബയസ്സു നൂറാവാനായി ,മനുസ്സ്നെ മെനക്കെടുത്താൻ ഞി ഞാ ചോമക്കണ്ടേന്ന് ?? അന്നേ പറഞ്ഞാ മതി ബലാലെ "
"ബാപ്പ മുണ്ടാണ്ടിരി ആളോള് നോക്കുന്നു "
"ആളോള്ക്കെന്താ ..എനക്കല്ലേ പാട് ??"
"സുബൈദാന്റെ ആരേലുമുണ്ടോ ? "
ഒരു നെർസ് തല വെളിയിലേയ്ക്കിട്ടതെ ഞെട്ടി .
"ദെന്താ പൂരപ്പറമ്പോ ?!!! എല്ലാവരും മാറിനിക്ക്‌ സാറ് കാണേണ്ട ഈ ബഹളം .പെങ്കുട്ടിയ്ക്കൊരു കുഴപ്പോമില്ല പ്രസവം നടന്നു കഴിഞ്ഞു ,പോയെ പോയെ "
"സിസ്റ്ററെ കുട്ടി ?"
"ആ കുട്ടിയെ തരും എണ്ണയും സോപ്പും ക്ലോത്തും തന്നോളു "
"സിസ്റ്ററെ കുട്ടി എന്താ ?"  വീണ്ടും പല ചോദ്യങ്ങൾ ഒരേ താളത്തിൽ പൊങ്ങി .
"ങും കുട്ടി പെണ്ണാ ,മൂന്ന് എണ്ണൂർ ഉണ്ട് .2 40 pm "
"ഓ ..."
എല്ലാവരുടെയും മുഖം ഒരേ തരത്തിൽ താളത്തിൽ ഭാവത്തിൽ കുനിഞ്ഞു ,രണ്ടു പേരുടെതോഴികെ .
"അല്ഹം ദുലിൽഹാ ,റബ്ബേ .."
ആയമ്മ കണ്ണ് തുടച്ചു ,ചിരിച്ചു .കൂടെ അതീവ സന്തോഷത്തോടെ ആ യുവാവും .
ആ അമ്മ അപ്പോൾ ചുറ്റുവട്ടവും നോക്കി .അപ്പോൾ മാത്രമാണവർ എല്ലാവരെയും നോക്കിയത് .എന്റെ കണ്ണിൽ കണ്ണുടക്കിയപ്പോൾ അവർ സൗഹൃദത്തോടെ ചിരിച്ചു .
"പേരക്കുട്ടി ഉണ്ടായി അല്ലെ ?" ഞാൻ ചോദിച്ചു .
"അതെ മോളെ ,ഓള്ക്ക് മാസം ഒന്ന് മുന്നെയാ .കുട്ടി മഷിയിറക്കി .അത് ബ്ലഡിൽ കലങ്ങീ ഓളെ ജീവൻ പോയീന്നും പറഞ്ഞ് ഫോണ് വന്നു .കൂട്ട നെലോളി ആയിരുന്നു പിന്നെ .ചത്താ ബന്നത് ഇങ്ങൊട്ടെയ്ക്കു ഞാൻ "
ഞാൻ അവരുടെ കൈയ്യിൽ പിടിച്ചു .അവർ കണ്ണുനീരിലൂടെ പുഞ്ചിരിച്ചു .
"സിസേരിയനാരുന്നു ,ഭാഗ്യം ഒരു കുഴപ്പോമില്ല എന്ന് പറഞ്ഞു "
"പെങ്കുട്ട്യാ മൂത്തതു രണ്ടും  .അതോണ്ട് ആർക്കും ഇഷ്ടായില്യ .ഓളെ ഇനി എല്ലാരൂടി സങ്കടാക്കും .ഓൾക്ക് ആണിനെ പെറാൻ അറീല്ലെന്നു ഓന്റെ അമ്മ കഴിഞ്ഞെനു ചോയ്ച്ചതാ ,പാവം ന്റെ കുട്ടി .ബെറും പാവ്വാ ,പത്തൊമ്പത് വയസ്സേ ഉള്ളൂ മൂന്നു പെറ്റു .ഇനീം അബര് നിർത്താൻ സമ്മയിക്കില്ല "

അവർ കരഞ്ഞു കൊണ്ടേയിരുന്നു ..ഞാൻ ആ ചെറുപ്പക്കാരനെ നോക്കി കണ്ടതേയില്ല .അയാളുടെ രൂപവും അയാളിലെ ചിരിയിലെ സന്തോഷവും എന്നെ തെല്ല് അമ്പരപ്പിച്ചു അപ്പോൾ !ആ ഉമ്മച്ചി എഴുനേറ്റു പതിയെ മുറിയിലേയ്ക്ക് പോയി .

അല്ല ഞാൻ അമ്പരക്കുന്നത് പെണ്‍കുട്ടി എന്ന് കേട്ടപ്പോൾ എല്ലാവരും മുഖം തിരിച്ചതിൽ അല്ല .പെണ്ണിനെ പെറ്റ കുറ്റം പെണ്ണിനെ തനിയെ എല്പ്പിക്കുന്നതിലെ വിവരമില്ലായ്മയിൽ ആണ് !അതെ ആണ്‍കുട്ടി എന്ന് പറയുമ്പോൾ ഒട്ടുമിക്ക ആളുകളിലും അഭിമാനം തുടിച്ചു പൊങ്ങും .ഒന്നാകുമ്പോൾ അഭിമാനം ,രണ്ടാകുമ്പോൾ അഹങ്കാരം ഇനി മൂന്നുണ്ടായാലോ !! ഈശ്വരാ ആളുകളെ കാണുമ്പോൾ കണ്ണ് മുഴുവൻ തുറക്കില്ല !! പറഞ്ഞിട്ട് കാര്യമില്ല പ്രേമിക്കാൻ കേളിയാടാൻ പ്രസവിക്കാൻ മാത്രമേ ചിലർക്ക് (പലർക്കും )പെണ്ണ് വേണ്ടു പക്ഷെ പറയുന്ന കൂപമൻഡുകങ്ങൾക്ക് അറിയില്ല ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കപ്പെടുന്ന ക്രോമസോം സ്ഥിതി ചെയ്യുന്നത് പുരുഷ ബീജത്തിൽ ആണെന്ന് !രണ്ടിനം ബീജങ്ങൾ ആണ് പുരുഷ ശുക്ലത്തിൽ കാണുന്നത് .ഗൈനോസ്പേം എന്നും ആൻഡ്റോ സ്പേം എന്നുമിവ അറിയപ്പെടുന്നു .ശുക്ലത്തിൽ ആൻഡ്റോസ്പേം എന്ന ബീജം ഇല്ലാത്ത പുരുഷന് ആണ്‍കുട്ടി ജനിക്കില്ല നേരെ തിരിച്ചും (ഈ അറിവ് ഗൈനക്കൊളജി പുസ്തകത്തിൽ നിന്നുമുള്ളതാണ് എന്നറിയിക്കുന്നു ഞാൻ ഡോക്ടർ അല്ല എന്നെ കൊല്ലാൻ ആരും വരേണ്ട )
ഈ ലോകം നന്നാകില്ല .പരമേശ്വരാ ഭഗവാനെ എനിക്ക് പത്ത് പെങ്കുഞ്ഞുങ്ങളേക്കൂടി തരണേ ..എനിക്ക് നിങ്ങളെ ജീവനാണ് പെണ്മക്കളെ .ഉമ്മകൾ എല്ലാ കുഞ്ഞുങ്ങൾക്കും ആണിനും പെണ്ണിനും നപുംസകങ്ങൾക്കും !

Thursday, October 23, 2014

അമ്മ!

ഓ അമ്മയെന്നാല്‍
ഒഴിഞ്ഞ കഞ്ഞിക്കലം പോലെന്തോ
ഒരു കരിപ്പാത്രം !
അതിന്നകത്തെ വെന്തുപാകമായതെല്ലാം
നമ്മള്‍ തിന്നുതീര്‍ത്തത് അറിഞ്ഞില്ലല്ലേ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...