Tuesday, April 9, 2013

ആമേൻ !


ആമേൻ !സിനിമ കണ്ടു . ആ ദൈവീക തമാശ എനിക്ക് ക്ഷ 'പിടിച്ചു ! കാരണം കോലം കെട്ടിയിറങ്ങുന്ന പല സിനിമകളിൽ നിന്നും മാറി നിന്ന് സ്വന്തം വ്യക്തിത്വം കാണിച്ചു തന്ന സിനിമ ആണിത് . ഒരു പുരാതന സിറിയൻ പള്ളിയ്ക്ക് ചുറ്റും അകത്തും നടക്കുന്ന തനി നാടനല്ലാത്തതും എന്നാൽ നാടകീയവുമായ രംഗങ്ങളെ 90 ,180 ഡിഗ്രി ആങ്കിളിൽ നിന്നും wide ആയും അല്ലാതെയും ചിരിപ്പിക്കുകയും എന്നാൽ ആ ചിരിയിൽ ഇന്നത്തെയും എന്നത്തെയും സംഗീതത്തെ അതിന്റെ മൂർദ്ധന്യത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കയും ചെയ്യുന്നതിലൂടെ മി ജോസ് പെല്ലിശ്ശേരി വിജയിക്കുക തന്നെ ചെയ്തു !

ഭാഷ സുന്ദരമല്ല എന്നും കക്കൂസിലിരുന്നാണോ സ്ക്രിപ്റ്റ് എഴുതിയതെന്നും മറ്റുമുള്ള ആക്ഷേപങ്ങളെ ഇവിടെ ന്യായീകരിക്കുവാനുള്ള യാതൊന്നും കാണുന്നില്ല !കേവലം നാട്ടിൻ പുറ വഴക്കടികളിൽ പ്രയോഗിക്കുന്ന തെറിയും തീട്ടം പൊതിഞ്ഞു വച്ചാലുണ്ടാകുന്ന പുക്കാറുകളും ആ കഥയിൽ വേണ്ടുന്ന രസക്കൂട്ടുകൾ മാത്രമാണ് കാരണം അവർ പ്രതിനിധീകരിക്കുന്ന സമൂഹം അത് ഉൾക്കൊള്ളുന്ന ജനങ്ങളുടെതാണ് !
ഫാ അബ്രഹാം ഒറ്റപ്ലാക്കൽ അഥവാ ജോയ് മാത്യു എല്ലാ കഥാപാത്രങ്ങളെയും വെല്ലുവിളിക്കുന്ന ഉഗ്ര പ്രകടനം ആണ് കാഴ്ച വച്ചത് !അത് പോലെ തന്നെ അവസാനമെത്തിയ  പോത്തച്ചനും(മകരന്ദ് ദേശ്പാണ്ടേ) !കൂടെ എല്ലാ രംഗങ്ങളും മനോഹരമാക്കി ഫഹദ് ഫാസിൽ ചെയ്ത സോളമൻ . ഫഹദിന്റെ പ്രത്യേകത ഇന്നത്തെ താര ചക്രവർത്തിമാർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി തന്റെ ശരീരത്തിന്റെ സാധ്യതകളെ ചൂഷണം ചെയ്യുന്നുണ്ട് എന്നത് തന്നെ !അതായത് ഒരു ഭൃത്യന്റെ വേഷമാണെങ്കിലും രാജാവ് വേഷം കെട്ടും പോലിരിക്കാതെ ഭൃത്യനായിത്തന്നെ മാറുന്ന അഭിനയം  ! ഒരു പാവപ്പെട്ട ക്ലാര്നെറ്റ് വായനക്കാരന് തന്റെ മരിച്ചു പോയ അച്ഛന്റെ  പ്രഭാവത്തിന് മുൻപിൽ എന്നും മനസ്സ് കൊണ്ട് പേടിച്ചു മാറി നില്ക്കാനെ കഴിയുമായിരുന്നുള്ളൂ, ആ പേടിച്ച ചെറുപ്പക്കാരനെ മനോഹരമാക്കീട്ടുണ്ട് ഫഹദ് !കൂടെ നില്ക്കുന്നുണ്ട് തനി ക്രിസ്ത്യൻ വേഷ വിധാനങ്ങളോടെ ശോശന്നയും (സ്വാതി റെഡി )അവരുടെ മുഖം ആ കഥാപാത്രത്തിന് അത്രയ്ക്ക് അനുയോജ്യമായിരിക്കുന്നു !ഇന്ദ്രജിത്തിന്റെ ഭാഗം വി ഗീവർഗീസ് പുണ്യവാളൻ വന്നിറങ്ങിയ പ്രതീതി തന്നിരുന്നു !ആദ്യത്തെ അദ്ദേഹത്തിന്റെ സംഗീത രംഗപ്രവേശം അക്ഷരാർത്ഥത്തിൽ ഇന്നത്തെ തലമുറയ്ക്ക് വേണ്ടുന്നൊരു പള്ളീലച്ചന്റെ തന്നെ എന്ന് വേണം പറയാൻ !വ്യന്ഗ്യാർത്ഥത്തിലെങ്കിലും ഒരു മഗ്ദലന മറിയമായി വന്ന മിഖേല (നതാഷ സൈഹൽ )ഇന്ദ്ര ജിത്തിന്റെ അഭിനയത്തെ പൊലിപ്പിച്ചു എന്ന് പറയാം . കൂടെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഭാഗങ്ങളും അഭിനയ ശൈലിയും ഉണ്ടായിരുന്നതിനെ ബുദ്ധിപൂർവ്വം ഏകോപിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് !ഓരോരുത്തരും വളരെ മനോഹരമായി അതിനോട് നീതി പുലര്ത്തുകയും ചെയ്തിട്ടുണ്ട് .

കുമരംകരി എന്ന പള്ളി സത്യത്തിൽ സെറ്റിട്ടു ചെയ്തതാണെന്ന് കേട്ടപ്പോൾ എനിക്ക് ചെറിയൊരു അവിശ്വസനീയത തോന്നി . !ആ തോന്നൽ ആണ് അവരുടെ മേൽ കാണികൾ ഓരോരുത്തരും കൊടുക്കുന്ന  വിജയം . മാജിക്കൽ റിയലിസം കൊണ്ട് ഒരു കഥ വായിക്കുന്ന സുഖം തരുന്നുണ്ട് ഇതിലെ ഓരോ അനക്കങ്ങളും . അതുകൊണ്ട് തന്നെ ഈ പുതിയ സിനിമയുടെ ഒട്ടും മയമില്ലാത്ത സുഖിപ്പിക്കാത്ത എന്നാൽ ഒരു തനതായ സത്യം അതിന്റെ സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കുന്നതിന്റെ എല്ലാ സൗകുമാര്യങ്ങളും ഈ സിനിമയ്ക്കുണ്ട് ! തുടക്കത്തിൽ തന്നെ  ജോസ് പെല്ലിശ്ശേരി സൂചിപ്പിച്ച ഈ ബൈബിൾ വചനത്തിൽ തന്നെ ഈ കഥ പറയാൻ പോകുന്നതിന്റെ രസിപ്പിക്കുന്ന ചരടുണ്ട് "Unless you people see signs and wonders," Jesus told him, "you will never believe." (John 4:48). സ്വർഗസ്ഥനായ പിതാവ് ഭൂമിയിൽ വന്നാലുണ്ടായ അതിരസകരമായ യാഥാര്ധ്യങ്ങളെ ഇങ്ങനെ തന്നെ വേണം അവതരിപ്പിക്കുവാൻ !ആ അവസ്ഥ അതി ഗംഭീരമായി അവതരിപ്പിക്കുമ്പോൾ അതിലെന്തിനാണ് അസഭ്യവും മ്ലേഛവും എന്ന് ചോദിക്കുവാൻ പാടില്ല ,കാരണം ദൈവം തമ്പുരാൻ നല്ലത് മാത്രമല്ല സൃഷ്ടിച്ചത് ,പുറം തള്ളപ്പെടാൻ കുറെ ചീത്തകളെയും സൃഷ്ടിച്ചിട്ടുണ്ട് !അവ പുറത്തേയ്ക്ക് തന്നെയാണ് പോകേണ്ടതെന്ന് ഇതിൽക്കൂടുതൽ പരസ്യമായി എങ്ങനെ അവതരിപ്പിക്കണം ?
 കാലോചിതമായ ഒരു സിനിമ തന്നെയാണ് അമേൻ ! കാരണം ഇനി ആകെ പ്രതീക്ഷയ്ക്ക് വക വരാനിരിക്കുന്ന അത്ഭുതങ്ങളും ശേഷം അത് അറിഞ്ഞു മാത്രം വിശ്വസിക്കുവാൻ കാത്തിരിക്കുന്ന  ഒരു ജന സമൂഹവുമാണ്.. ആമേൻ ! 


Saturday, March 30, 2013

സ്ത്രീമനസ്സ്!

മാർച്ച്‌ 22 ലെ മലയാളം വാരികയിൽ വന്ന സ്മിത മീനാക്ഷി യുടെ 'ബലാത്സന്ഗത്തെ പ്രണയവത്ക്കരിക്കുമ്പോൾ' എന്ന ലേഖനം വായിച്ചപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ആണ് ഞാൻ പറയാൻ പോകുന്നത് ,അത് ഈ ലേഖനത്തെ ആക്ഷേപിക്കുകയോ ലേഖിക പറഞ്ഞതിനെ സാധൂകരിക്കുകയോ അല്ല ലക്ഷ്യമിടുന്നത് മറിച്ച് സ്ത്രീ പക്ഷ ചിന്തകളുടെ വ്യാപ്തിയുടെ അളവുകോൽ ഒരിടത്തും ഉറപ്പിക്കാനാകുന്നതല്ല എന്ന് ഒന്ന് കൂടി ഊന്നിപ്പറയാൻ ആഗ്രഹിക്കുക അല്ലെങ്കിൽ ശ്രമിക്കുക മാത്രമാണ് !

സ്മിത മീനാക്ഷി സൂചിപ്പിച്ചത് പോലെ പുരുഷ കേന്ദ്രീകൃതമായ ലോകം നിർമ്മിച്ച്‌ കൊടുത്ത സ്ത്രീ ലൈംഗികത പൊളിച്ചു മാറ്റിയിട്ടോ സ്ത്രീ യെ കർതൃ സ്ഥാനത്ത് നിർത്തിയിട്ടോ മറ്റോ മാത്രമേ യഥാർത്ഥ സ്ത്രീ പക്ഷ രചനകൾ സ്ത്രീകളിൽ നിന്നും വരൂ എന്ന് പറയുന്നതിലെ യുക്തിയില്ലായ്മയെ എനിക്ക് ന്യായീകരിക്കുവാൻ ആകുന്നില്ല !കാരണം ഇവിടെ പുരുഷന്മാരാണ് സ്ത്രീ ലൈംഗികത നിർമ്മിച്ച്‌ കൊടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല !അതുപോലെ അവരെ സുഖിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള സ്ത്രീ രചനകൾ എന്ന് പറയുന്നതിലെ അർത്ഥമില്ലയ്മ എന്നെ അമ്പരപ്പിക്കുന്നു ! സ്ത്രീ കർതൃ സ്ഥാനത്തു നിന്നാൽ നല്ല രചനകൾ ആവിർഭാവം കൊള്ളുമോ ?!

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യം തൊണ്ണൂറു ശതമാനത്തോളം ജീവ സമൂഹങ്ങൾ ലൈംഗികമായി സ്ത്രീയെ ആകർഷിക്കുവാനുള്ള തന്ത്രങ്ങൾ നിറങ്ങളാലും തൂവലുകളാലും ,ശബ്ദ നിയന്ത്രണത്തിനാലും,ഗന്ധങ്ങളിലൂടെയും ആണ്‍രൂപത്തിൽ എത്തിക്കുകയാണ് പതിവ് . അതിനർത്ഥം പ്രകൃതിയിൽ ആണും പെണ്ണും പരസ്പര പൂരകങ്ങളാണ് . ഇണയെ ആകര്ഷിക്കുക എന്നത് തികച്ചും പ്രകൃതി നിയമങ്ങൾക്കു വിധേയമാണ് !അവിടെ മനുഷ്യൻ മാത്രമാണ് തിരിച്ചറിവുകളിലൂടെ തിരഞ്ഞു പിടിച്ചു ഇണയെ പ്രാപിക്കുന്നുള്ളൂ . അതിൽ പ്രകൃതിയ്ക്ക് നിരക്കുന്നതും നിരക്കാത്തതുമായി വേർതിരിവുകൾ വരുന്നതും ഈ തിരിച്ചറിവുകളുടെ വ്യത്യാസം കൊണ്ട് മാത്രമാണ് . പുരുഷ കേന്ദ്രീകൃതം എന്ന് എഴുത്തുകളുടെ ലോകത്തെ എണ്ണം കൊണ്ട് ഒരു പക്ഷെ വിവക്ഷിക്കാമെങ്കിലും ,വ്യാപ്തികൊണ്ട് പുരുഷൻ നിർമ്മിച്ചതിനെ ഏറ്റു ചൊല്ലി ഊറ്റം കൊള്ളുന്നവരാണ് ഉറക്കെപ്പറയാൻ ധൈര്യം കാണിക്കുന്ന ഇന്നത്തെ യുവതികൾ എന്ന് പറയാൻ ലേഖികയ്ക്ക് യാതൊരു അവകാശവുമില്ല !അത് പോലെ തന്നെ പുരുഷന്മാരുടെ കൈയ്യടി നേടി ചിര പ്രതിഷ്ഠിതരാകണമെന്ന് ആഗ്രഹിച്ചു എഴുതുന്ന ആരെയെങ്കിലും എന്റെ അറിവിൽ കാണുന്നുമില്ല ! !

ഗ്രേസിയുടെ 'ഉടൽ വഴികൾ' ,സിതാരയുടെ 'അഗ്നി ' എന്നിവയാണ് പുനർവായനയിലൂടെ അപഗ്രഥിക്കുന്നത്,ബാലാത്സംഗങ്ങളെ കാല്പ്പനീകവത്കരിക്കുക എന്നതിലൂടെ കഥാകാരികൾ വ്യക്തമാക്കുന്നത് രണ്ട് സ്ത്രീകളുടെ മാത്രം വികാരങ്ങളുടെ ശാക്തീകരണമാണ്. അതായത് 'ഉടൽ വഴികളിൽ 'ഗ്രേസിയുടെ സുകന്യ എന്ന സ്ത്രീ കേവലം വെറും സാധാരണ ആഗ്രഹങ്ങൾ ഉള്ള ഒരു സാധാരണ യുവതിയാണ് . പക്ഷെ കഥാന്ത്യത്തിൽ അവളെ തികച്ചും അസാധാരണമായി ചിന്തിപ്പിക്കുന്നത് അവളുടെ കേവലം ഉടലാശകൾ മാത്രമാണെങ്കിൽ അവൾ ഒന്നുകിൽ പോയി ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ അലറി വിളിച്ചു സ്വയം ശിക്ഷിക്കുകയോ ചെയ്യുമായിരുന്നു . അവൾക്കു കിട്ടാതെ പോകുന്നത് ലൗകീക ജീവിതത്തിന്റെ മുഴുവൻ സത്തയാണ്! അതിനെ ഒറ്റ വാചകത്തിൽ ലൈംഗീക സംതൃപ്തി എന്ന് മാത്രം പറയാൻ ഒരു സ്ത്രീയ്ക്ക് എങ്ങനെ കഴിയുന്നു എന്ന് ലേഖിക എഴുതിയതിലൂടെ എനിക്ക് മനസ്സിലായി !അതുകൊണ്ട് തന്നെയാണ് എല്ലാ മനുഷ്യ മനസ്സുകളും വ്യത്യസ്തമായാണ് കാഴ്ചകളെ, കാര്യങ്ങളെ ,വികാരങ്ങളെ മനസ്സിലാക്കുന്നത് എന്ന് സുവ്യക്തമായി ലേഖികയിലൂടെ തന്നെ നമുക്കും മനസ്സിലാക്കിത്തരുന്നത് !

ഒരു സ്ത്രീ അവൾ അല്പ്പം ചിന്തിക്കുന്ന കാര്യവിവരമുള്ളവൾ എങ്കിൽ അവൾക്കു തന്റെ ശരീരത്തെ അന്ഗീകരിക്കാത്ത ബഹുമാനിക്കാത്ത വിവാഹ ബന്ധങ്ങളെ താത്പര്യപൂര്വ്വം നെഞ്ജിലേറ്റാൻ  കഴിയുമെന്നു തോന്നുന്നില്ല . അവളുടെ പുരുഷന്റെ അന്ഗീകാരമാണ് ആ സ്ത്രീയെ കൂടുതൽ സുന്ദരിയും വിരൂപയും ,അന്ധയും ,ബധിരയും എന്തിന് യഥാർത്ഥ സ്ത്രീ തന്നെ ആക്കി മാറ്റുന്നത് !വീട്ടു ജമുക്കാളത്തിന്റെ വില പോലുമില്ലാത്ത തന്റെ ശരീരത്തിന്റെ സംശുദ്ധിയെ ഒരു കരിവീട്ടി പോലുള്ള കൈകൾ വരിഞ്ഞു മുറുക്കുമ്പോൾ ഒരു പക്ഷെ അവൾക്കു ക്രൂരമായൊരു ആനന്ദം എന്തുകൊണ്ട് തോന്നിക്കൂടാ ??അവൾ ആ നിമിഷത്തിൽ ജ്വലിച്ചതിൽ എന്താണ് തെറ്റ് ?അവളുടെ ശരീരത്തെ കടന്നാക്രമിച്ച ഏതോ ഒരു പുരുഷന് ഒരു നിബന്ധനകളുമില്ലാതെ അവളെ ആ നിമിഷത്തിൽ വേണമായിരുന്നു .. കാടത്തമെങ്കിലും അവന്റെ ആവശ്യമെങ്കിലും ആ അടിച്ചമർത്തലിൽ ഉള്ള ആണത്തത്തെ മാത്രമാണ് കഥാകാരി ഇവിടെ ഉയർത്തിപ്പറയുന്നുള്ളൂ അല്ലാതെ അവിടെ ബലാത്സംഗം എന്ന പ്രക്രിയയ്ക്ക് സ്ഥാനമേ ഇല്ല തന്നെ !ഒരു സ്ത്രീ ഇപ്പോഴും എപ്പോഴും ആഗ്രഹിക്കുന്നത് അവളുടെ തുറന്ന മനസ്സിലെ മോഹങ്ങൾ, ഇഷ്ടങ്ങൾ അറിയുന്ന ,പരിഗണിക്കുന്ന, കൂടെ നില്ക്കുന്ന പുരുഷനെയാണ്. വീട്ടു സാമാനങ്ങൾ കഴുകിത്തുടയ്ക്കുന്ന വച്ചുണ്ടാക്കി കൂടെ കിടക്കുന്ന വെറുമൊരു യന്ത്രമല്ലല്ലൊ അവൾ .. !വയൽക്കാറ്റുകൊള്ളാൻ,പുറം  ലോകമറിയാൻ,അവൾക്കുമില്ലേ സ്വന്തമായിട്ടൊരു മനസ്സ് ?  അത് തന്നെയാണ് ഗ്രേസി പറയുന്നതും !ആ മനസ്സുള്ളവർക്ക് ഒരു പക്ഷെ ഇത് മനസ്സിലാകുമായിരിക്കും !

കഥകളിലെ ബലാത്സന്ഗങ്ങളെ യാഥാർത്യവുമായി കൂട്ടിയിണക്കിയാൽ അവ ഒരു തരത്തിലും ഇണങ്ങുകയില്ല . കാരണം സങ്കല്പങ്ങൾ എന്നും മാറി നില്ക്കുന്നവയാണ്,അല്ലെങ്കിൽ കീറിപ്പറിഞ്ഞ ശരീരത്തിന്റെ വിലാപങ്ങൾ യഥാതഥമായി പകർത്തി വയ്ക്കുന്ന കൃതികൾക്ക് മാത്രമേ അത്തരത്തിലുള്ള കാര്യങ്ങൾ വായനക്കാരോട് പറയുവാനുണ്ടാകൂ. 'അഗ്നി' യിൽ സിതാര പറയുന്നത് സ്ത്രീയുടെ വേറൊരു വികാര തലമാണ് . അവിടെ വിവാഹം നടക്കുന്നതിനും മുൻപ് സ്വപ്‌നങ്ങൾ ഉള്ളൊരു ധീരയായ പെണ്‍കുട്ടിയാണ് കഥാപാത്രം . എല്ലാ പെണ്‍കുട്ടികളും അവരോടു കാണിക്കുന്ന വൃത്തികേടുകൾ കണ്ടു അനുഭവിച്ച്  പൊട്ടിക്കരയണമെന്നു ആർക്കാണിത്ര നിർബന്ധം !! മാധവിക്കുട്ടി പറഞ്ഞത് പോലെ ഡെറ്റോൾ ഇട്ടു കഴുകി കളഞ്ഞാൽ പോകാനുള്ളതെ ഉള്ളൂ ഈ ദേഹത്തിനു പറ്റിയ അഴുക്കുകൾ . ഇപ്പോഴുള്ള രീതിയിൽ യോനിയിലൂടെ കുന്തം കയറ്റുന്ന ബലാത്സംഗങ്ങൾ അല്ല ഈ കൃതിയിലൂടെ ഇവർ രണ്ടു പേരും സൂചിപ്പിച്ചിരിക്കുന്നത് . അത് കേവലമായ ബലാൽ സുരതങ്ങൾ മാത്രമാണ് . അത് കൊണ്ട് തന്നെ ആ രണ്ടു കഥാപാത്രങ്ങളും അവരുടെതായ രീതിയിൽ അതിനെ വികാര വത്കരിക്കുകയും ചെയ്യുന്നു എന്ന് മാത്രം !

സ്ത്രീയുടെ മനസ്സ് തികച്ചും അവളുടേത്‌ മാത്രമാണ് ,ജൈവ ശാസ്ത്രപരമായി അത് അളക്കുവാനോ അറിയുവാനോ അവർക്കു മാത്രമേ കഴിയു . ചിന്തകൾ അത് സത്യസന്ധമാണെങ്കിലും ഭാവന ആണെങ്കിലും അതിനെ തിരിച്ചറിയുക എന്നതിലാണ് കാര്യം . അല്ലാതെ തികച്ചും അരോചകമായ ഒരു കാര്യത്തിനെ മഹത്വവത്കരിക്കുവാൻ അറിവുള്ള ഒരു എഴുത്തുകാരും തുനിയുകയില്ല അതിനു ആണ്‍പെണ്‍ ഭേദമില്ല തന്നെ !
“Sometimes you can learn, even from a bad experience. By coping you become stronger. The pain does not go away, but it becomes manageable.”
― Somaly Mam, The Road of Lost Innocence: The True Story of a Cambodian Heroine





Thursday, March 28, 2013

ഒരു സാന്ത്വനത്തിനൂതി വിട്ട പുക!


ശവം നാറിപ്പൂക്കൾ വിടർന്ന
സെമിത്തേരി വഴികളിലൂടെ ..
കാലം പതുങ്ങി പോവുകയാണ് ..
കാൽ വഴുതിയാൽ പെട്ടിയിൽ മൂടി
അടക്കം ചെയ്യുമെന്നു പേടിച്ച് !

പുളിയുറുബുകളെ  മാവിൻ ചുവട്ടിൽ
കുഴിച്ചിട്ട് പാടുകയാണിന്നും ഞങ്ങൾ ..
കാറ്റേ വാ കടലേ പോ ..
ഒരു കുന്നു മാമ്പഴം തന്നേ പോ..

തെളിനീർ ചാലുകളിലൂടെ
പരൽമീനും മാനത്തുകണ്ണിയും
ഇളകിക്കളിക്കുന്നതിലെയ്ക്ക്
ഉറ്റു നോക്കിയിരിക്കയാണ്
സർവ്വതും മറന്നെൻ ബാല്യം !

മാർക്കറ്റ് അനലയ്സിസും
ക്വാളിറ്റി കണ്ട്രോളും കൂടിക്കുഴഞ്ഞ
എന്റെ പകലുകൾ .. !
അതിലേയ്ക്ക് ചാഞ്ഞു പെയ്യാത്തൊരു
മഴയും തേടി എന്റെ മനസ്സെന്ന
വേഴാമ്പൽ !

പൊട്ടിത്തെറിയുടെ ഇങ്ങേത്തലയ്ക്കൽ
കടം കൊടുത്തതാണ് എന്റെ
കുട്ടികളെ !ഒപ്പിട്ടു പിരിയുമ്പോൾ
അയാളുടെതും കൂടിയായ
രക്തവും മാംസവും രൂപം വച്ച്
ഉരുവായി ആത്മാവൂതി നിറച്ച
ഞങ്ങളുടെ കണ്മനികളെ   !

ഈ ഇരുണ്ട മുറികൾക്ക്
തെളിവുള്ളോരു  നിറം
കൊടുക്കാൻ ഞാൻ കൈ മുറിച്ചു
നിറം കലക്കി അടിച്ചതിനെ അവർ
മരണക്കുറിപ്പെന്നു  കരുതി ,
എന്നെ വിലങ്ങണിയിച്ചു കൊണ്ട് പോകുന്നു !

ആത്മഹത്യ എന്ന പേര് കേൾക്കുമ്പോഴേ
അവർ കുഴിവെട്ടാൻ മണ്‍വെട്ടി തിരയുന്നു !
പറഞ്ഞിട്ടാണോ ആത്മഹത്യ
ചെയ്യുന്നതെന്ന് ഞാൻ !!

ഒരു സാന്ത്വനത്തിനൂതി വിട്ട പുകയാണിതെന്നവൾ !
സാന്ത്വനം പുകപോലാണല്ലോ
എന്നോർത്തു നോക്കുന്നിടത്തെല്ലാം പുക !
പുഞ്ചിരി പൊഴിച്ചുകൊണ്ട്‌
ഇതുകേട്ടൊരു രാജമല്ലി
ചുവപ്പിൽ മഞ്ഞ കലർന്നൊരു
ചിരി അടർത്തുന്നു !
 


Saturday, March 23, 2013

ആത്മഹത്യ ഒളിച്ചോട്ടമോ ഭീരുത്വമോ അല്ല ,ഏറ്റവും ധീരത ഉള്ളവർക്ക്‌ മാത്രം ചെയ്യുവാൻ കഴിയുന്ന ഒന്നാണ് ! സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് വരിക്കുന്ന മരണത്തെ സ്വയം ഹത്യ എന്ന പേരിലെ പറയുവാനാകുന്നുള്ളൂ . ആ വ്യക്തി സ്വയം മരിക്കുവാൻ ആഗ്രഹിച്ചിട്ടു ചെയ്യുന്നതാകില്ല അത് . മരണം ഒരു സ്വാഭാവിക പ്രക്രിയ പോലെ തിന്നുന്നതും കുടിക്കുന്നതും ഉറങ്ങുന്നതും പോലെ തികച്ചും സാധാരണമായി ഏറ്റവും സന്തോഷവാനും സംപ്രീതനുമായിരിക്കുന്ന അവസ്ഥയിൽ ആത്മാവിനെ ഉപേക്ഷിക്കുന്ന അല്ലെങ്കിൽ പ്രാണനെ ദേഹിയിൽ നിന്നും ഊരി മാറ്റുന്ന പ്രക്രിയ എന്നെ സംബന്ധിച്ച് ഏറ്റവും പൂർണ്ണമായ ഒന്നാണ് !ഏതു പ്രവൃത്തിയുടെയും ഉത്തുംഗ  ശൃംഗത്തിൽ നിന്നും ഏറ്റവും അടിസ്ഥാന തലത്തിലേയ്ക്ക് സ്വാഭാവികമായി ഇറങ്ങിപ്പോകുന്നവൻ അസാമാന്യനായ സ്വാത്വികനാണെന്നു ഞാൻ വിശ്വസിക്കുന്നു,അയാളെ ഒന്നും അലട്ടുന്നില്ല അത് തന്നെയാണ് മോക്ഷവും !

പെണ്ണാകുമായിരിക്കും !!


രാത്രി അവളെക്കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട്
ചോദിച്ചു :സുന്ദരീ എന്നെക്കാണാൻ വന്നതാണല്ലേ !!

അതേ, ഈ നിയോണ്‍ വെളിച്ചം കമ്മലിട്ട
നിന്റെ കറുത്ത കാതിടങ്ങൾ ..
വല്ലപ്പോഴും ചീറിപ്പോകുന്ന
വാഹനങ്ങളുടെ തുള്ളി വെളിച്ചത്തിൽ
കാണുന്ന നഗ്നമായ ഈ നടപ്പാതകൾ ..
കരിയിലകൾ മൂടിയ ആ പഴയ
തുരുമ്പ് വണ്ടിയുടെ ടയർ ..
അകലെക്കാണുന്ന പുകമൂടിയ വീടുകളുടെ മേലാപ്പ് ..
മുകളിലാകാശം .. നക്ഷത്രം ,
പാതിച്ചന്ദ്രൻ ..
സത്യമായും നീ സുന്ദരിയാണ് രാത്രീ .. !

ഓ ഞാനുമൊരു പെണ്ണായിരുന്നോ !!
എന്റെ കറുത്ത നെഞ്ചിൽ 
ആ മുട്ടാളന്മാർ ഗോതമ്പ് നിറമുള്ള
പെണ്ണിനെ കൊണ്ട് വന്നിട്ട്
തുണിയുരിഞ്ഞ് മാറിമാറി
ആനന്ദമടയുമ്പോൾ
ഞാൻ വികാരം നഷ്ടപ്പെട്ട
ഏതോ ഒരു ജന്മമായിരുന്നു .. !
ഓ ഞാനുമൊരു പെണ്ണായിരുന്നോ ??

എന്റെ കറുത്തു കടഞ്ഞ
മടിയിലിരുന്നു അവർ
ചർദ്ധിൽ കുഴഞ്ഞ സ്വരത്തിൽ
തെറിപ്പാട്ടുകൾ പാടുമ്പോൾ
എന്റെ കാതുകൾ ഞാൻ
അടച്ചു വച്ച് വച്ച് ഒന്നും
കേൾക്കാതെ മനസ്സു മടുത്തു പോയി ..
അപ്പോൾ ഞാനുമൊരു പെണ്ണായിരുന്നോ ??

വിശന്നു വലഞ്ഞ ആ ദരിദ്ര
നാരായണമാർ വയറു മുറുക്കി ഉറങ്ങുന്നതും
കുത്തിനു പിടിച്ചവൾ ശരീരത്തിന്റെ
വില പിടിച്ചു വാങ്ങി
പുകയിലയിലും ബ്രാണ്ടിയിലും മുക്കി
കുഞ്ഞിനെ താരാട്ട് പാടുന്നത്
കണ്ടു കണ്ട് എനിക്ക്
നേരുകൾ തിരിച്ചറിയാതെയായി !
അതുപോലെ ഞാനുമൊരു പെണ്ണായിരുന്നോ ??

ഇന്നലെ ഇത് വഴി ഇതേ നേരം
നാലുപേർ ചേർന്ന് ഒരാളെ
വെട്ടിയും കുത്തിയും
കഷണങ്ങളാക്കി തോൾ സഞ്ചിയിൽ
കുത്തി നിറച്ചു കൊണ്ടുപോയി !

രാത്രിയെന്നാൽ നന്മയുടെ
പുല്ലുപോലും മുളയ്ക്കാത്ത
എല്ലാവരും നിലതെറ്റുന്ന
പാപങ്ങളും കപടതയും
കുടില വികാരങ്ങളും മാത്രം
നിറഞ്ഞതെങ്കിൽ അല്ല ഞാനൊരു
പെണ്ണല്ല സുന്ദരീ .. പെണ്ണല്ല !
കാറ്റ് കൊള്ളാനിറങ്ങിയ നീ
നാളെ നേരം പുലരും വരെ
ജീവിച്ചിരുപ്പുണ്ടെങ്കിൽ ..
ഇതേ പുഞ്ചിരി നിന്റെ
തുടുത്ത ചുണ്ടിലുണ്ടെങ്കിൽ
ഒരു പക്ഷെ ഞാൻ പെണ്ണാകുമായിരിക്കും !!


 

Tuesday, March 19, 2013

വേറിട്ടൊരു പ്രാണൻ !


ചില സമവാക്യങ്ങൾ
കണ്ടെത്തി തെറ്റാതെ
അതുന്തിയുരുട്ടുന്നതിലാനെന്റെ
ജീവിതത്തിന്റെ രസച്ചരടെന്നു ഞാൻ !

കെമിസ്ട്രി ലാബിലെ
അൽക്കെമി പോലെ
ഉപോല്പ്പന്നങ്ങളാണെന്റെ
ചിരിയും കരച്ചിലും !

സിമ്പിൾ പെൻഡുലം പോലെ
ആടുന്നുണ്ടെന്റെ ശ്വാസ ഗതികൾ
ആട്ടം നിർത്തിത്തുടങ്ങിയിട്ടുണ്ടെന്റെ
പഴകി സൂചി തെറ്റിയ സമയം !

മുറുകിപ്പൊട്ടിപ്പോയ പഴയ കുപ്പായം
പോലെ വലിച്ചൂരി മാറ്റുന്നുണ്ടെന്റെ
വിചിത്ര വികാരങ്ങൾ !

ഓർമയില്ലാതെ മറവിയുടെ
കിണറ്റടിയിലാനെന്റെ വാസം
നേർത്തൊരു തണുപ്പും നനവിലും
ഉണർന്ന് വരുന്ന ഓർമ്മച്ചിത്രങ്ങൾ !

തകർക്കുവാൻ പറ്റാത്തൊരു
പടച്ചട്ട  മാത്രമാണെന്റെ
ആത്മവിശ്വാസം !ഒരു യുദ്ധത്തിലും
ഒരു കൊടുങ്കാറ്റിലും തകരാത്തത് !

ആര്ദ്രതയോടൊരു സ്നേഹം
ഇരുമ്പ് പോലൊരു കവചമിട്ടു ഞാൻ
ഹൃദയത്തിന്റെ രൂപത്തിൽ
നെഞ്ചിൽ കൊത്തിവച്ചിട്ടുണ്ട്,
മരിച്ചതിനു ശേഷം നിങ്ങൾക്കത്
വെട്ടിപ്പൊളിച്ചു കാണാം !

അരുമയോടെ സ്നേഹിക്കാൻ
നിനക്കാരുമില്ലെന്ന് നിങ്ങൾക്കാക്ഷേപിക്കാം
പിന്നെ നീ എനിക്കാരാണെന്ന്
ഞാൻ ചോദിക്കാത്തിടത്തോളം കാലം !

ഉണർവ്വിനും മുൻപൊരു
നിമിഷത്തിലൊരു കണികയിൽ
വേർപെട്ടൊരു പ്രാണനാകണം
എന്നെന്റെ മരണ -
 സ്വപ്നമെന്നും ഞാൻ !





Sunday, March 17, 2013

ഓ ഈ നരച്ച ഉച്ച വെയിലിൽ
കത്തിപ്പോകുന്ന നടപ്പാതകൾ ..!
വിളറിയ വീർപ്പുമുട്ടലുകൾ .. !
അങ്ങുമിങ്ങും പരക്കം
പായുന്ന ആവശ്യങ്ങൾ ..
അതിന്നിടയിൽപ്പെട്ടു ദാഹം
തീരാതെ പിടയുന്ന ആത്മാക്കൾ -
ജീവികൾ..  നരച്ച മനുഷ്യ രൂപങ്ങൾ !

എന്നിട്ടും മുല്ല പൂക്കുന്നു !
എന്നിട്ടും കാറ്റ് വീശുന്നു ..!
എന്നിട്ടും കിളി പാടുന്നു .. !
മനുഷ്യൻ മാത്രം പരിതപിക്കുന്നു,
ഈ നശിച്ച വേനൽ !!


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...