രാത്രി അവളെക്കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട്
ചോദിച്ചു :സുന്ദരീ എന്നെക്കാണാൻ വന്നതാണല്ലേ !!
അതേ, ഈ നിയോണ്‍ വെളിച്ചം കമ്മലിട്ട
നിന്റെ കറുത്ത കാതിടങ്ങൾ ..
വല്ലപ്പോഴും ചീറിപ്പോകുന്ന
വാഹനങ്ങളുടെ തുള്ളി വെളിച്ചത്തിൽ
കാണുന്ന നഗ്നമായ ഈ നടപ്പാതകൾ ..
കരിയിലകൾ മൂടിയ ആ പഴയ
തുരുമ്പ് വണ്ടിയുടെ ടയർ ..
അകലെക്കാണുന്ന പുകമൂടിയ വീടുകളുടെ മേലാപ്പ് ..
മുകളിലാകാശം .. നക്ഷത്രം ,
പാതിച്ചന്ദ്രൻ ..
സത്യമായും നീ സുന്ദരിയാണ് രാത്രീ .. !
ഓ ഞാനുമൊരു പെണ്ണായിരുന്നോ !!
എന്റെ കറുത്ത നെഞ്ചിൽ
ആ മുട്ടാളന്മാർ ഗോതമ്പ് നിറമുള്ള
പെണ്ണിനെ കൊണ്ട് വന്നിട്ട്
തുണിയുരിഞ്ഞ് മാറിമാറി
ആനന്ദമടയുമ്പോൾ
ഞാൻ വികാരം നഷ്ടപ്പെട്ട
ഏതോ ഒരു ജന്മമായിരുന്നു .. !
ഓ ഞാനുമൊരു പെണ്ണായിരുന്നോ ??
എന്റെ കറുത്തു കടഞ്ഞ
മടിയിലിരുന്നു അവർ
ചർദ്ധിൽ കുഴഞ്ഞ സ്വരത്തിൽ
തെറിപ്പാട്ടുകൾ പാടുമ്പോൾ
എന്റെ കാതുകൾ ഞാൻ
അടച്ചു വച്ച് വച്ച് ഒന്നും
കേൾക്കാതെ മനസ്സു മടുത്തു പോയി ..
അപ്പോൾ ഞാനുമൊരു പെണ്ണായിരുന്നോ ??
വിശന്നു വലഞ്ഞ ആ ദരിദ്ര
നാരായണമാർ വയറു മുറുക്കി ഉറങ്ങുന്നതും
കുത്തിനു പിടിച്ചവൾ ശരീരത്തിന്റെ
വില പിടിച്ചു വാങ്ങി
പുകയിലയിലും ബ്രാണ്ടിയിലും മുക്കി
കുഞ്ഞിനെ താരാട്ട് പാടുന്നത്
കണ്ടു കണ്ട് എനിക്ക്
നേരുകൾ തിരിച്ചറിയാതെയായി !
അതുപോലെ ഞാനുമൊരു പെണ്ണായിരുന്നോ ??
ഇന്നലെ ഇത് വഴി ഇതേ നേരം
നാലുപേർ ചേർന്ന് ഒരാളെ
വെട്ടിയും കുത്തിയും
കഷണങ്ങളാക്കി തോൾ സഞ്ചിയിൽ
കുത്തി നിറച്ചു കൊണ്ടുപോയി !
രാത്രിയെന്നാൽ നന്മയുടെ
പുല്ലുപോലും മുളയ്ക്കാത്ത
എല്ലാവരും നിലതെറ്റുന്ന
പാപങ്ങളും കപടതയും
കുടില വികാരങ്ങളും മാത്രം
നിറഞ്ഞതെങ്കിൽ അല്ല ഞാനൊരു
പെണ്ണല്ല സുന്ദരീ .. പെണ്ണല്ല !
കാറ്റ് കൊള്ളാനിറങ്ങിയ നീ
നാളെ നേരം പുലരും വരെ
ജീവിച്ചിരുപ്പുണ്ടെങ്കിൽ ..
ഇതേ പുഞ്ചിരി നിന്റെ
തുടുത്ത ചുണ്ടിലുണ്ടെങ്കിൽ
ഒരു പക്ഷെ ഞാൻ പെണ്ണാകുമായിരിക്കും !!
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !