Tuesday, March 12, 2013

കുരുമുളക്!






എത്രയോ വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ഞാന്‍ എന്‍റെ വീട്ടിലെ തോട്ടത്തില്‍ നിന്നും കുരുമുളക് പറിച്ചു ! ഒരു തരം ആഘോഷത്തോടെ എല്ലാവരും കൂടി !ഞാന്‍ ഓര്‍ക്കുകയാണ് വയനാടിന്‍റെ പൊന്‍ തിളക്കമാര്‍ന്ന ഇന്നലകളെപ്പറ്റി !മുരിക്കു പൂത്തു നിര നിരയായി പൂക്കളുതിര്‍ത്തു നിന്നിരുന്ന സമയം ,അതിന്‍റെ നേരിയ സുഗന്ധത്തില്‍ തറയിലാകെ പടര്‍ന്നു കിടക്കുന്ന പൂവുകള്‍.. ആ മുരിക്കുകളെ ഗാഡമായി ആലിംഗനം ചെയ്യുന്ന അത്ര തന്നെ കുരുമുളക് ചെടികള്‍,വള്ളികളില്‍ പച്ചയും ചൊപ്പുമണിഞ്ഞു കുരുമുളക് തിരികള്‍.. അത് പറിച്ചിടുവാനായി ഒരുപാട് തൊഴിലാളികള്‍.. !നിറയുന്ന ചാക്കുകള്‍,മെതിക്കുന്നവര്‍,തിരിയിലെ മുളക് നുള്ളുന്നവര്‍,വീടിന്‍റെ വിശാലമായ മുറ്റം നിറയെ പരംബുകള്‍ വിരിച്ചിട്ടും തികയാത്തവ വയലിലെ കളങ്ങളില്‍ നിരത്തുന്നത്. . ചിക്കിയുണക്കി വാരിക്കെട്ടി പല ദിവസങ്ങളായി ചെയ്തു കറുകറുത്ത പൊന്നാക്കി മാറ്റുന്നത്!

ഇന്ന് ഏകദേശം എല്ലാം പോയ്‌ മറഞ്ഞപോലെ നഗ്നമായ പറമ്പുകള്‍.. അവിടിവിടെ ഓരോ തൈക്കൊടികള്‍ (ചെടികള്‍ ) അവയില്‍ തന്നെ ഒരു തിരിയില്‍ അങ്ങുമിങ്ങും ഓരോ മണികള്‍ മാത്രമുള്ള തിരികള്‍,ജലാശം നഷ്ടപ്പെട്ടു ചുക്കിച്ചുളിഞ്ഞ കൊടികള്‍! ദ്രുധ വാട്ടത്തില്‍ നശിച്ചു പോയത് കുരുമുളക് ചെടികള്‍ മാത്രമല്ല ,ചുടു ചുമപ്പു വാരിയണിഞ്ഞ മുള്ള് മുരിക്കുകളും ആ മുള്ളുകള്‍ മുഴുവന്‍ ചങ്കില്‍ കൊണ്ട്  ചോര വാര്‍ന്നൊഴുകുന്ന ഹൃദയമുള്ള പാവം കുറെ കര്‍ഷകരുമാണ് .

സമൃദ്ധമായ ഇന്നലെകളുടെ ബാക്കി പത്രം പോലെ ചില സ്ഥലങ്ങളില്‍ ഇന്നും കുരുമുളക് ഉണ്ട് ,പന്നിയൂര്‍1 ഉം ,കരിമുണ്ട ,നീലമുണ്ട, ഗൂഡല്ലൂര്‍ കൊടി, ,വയനാടന്‍,അര്‍ക്കൊളമുണ്ടി തുടങ്ങി പല തരം കുരുമുളകുകള്‍ ഉണ്ട് . ഇവ മിക്സ്‌ ചെയ്യാതെ അതാതു മുളകുകളാക്കി ഉണക്കി ഗുണ നിലവാരമുള്ളവ മാത്രം തിരിച്ചു വിപണിയില്‍ എത്തിക്കുക വളരെ ക്ലേശകരമായ പ്രവര്‍ത്തനമാണ് ,പക്ഷെ അതിനനുസൃതമായ പണം കര്‍ഷകര്‍ക്ക് കിട്ടാറില്ല തന്നെ .കുരുമുളക് പൊന്നു വിലയ്ക്ക് വിപണികള്‍ കീഴടക്കുമ്പോള്‍ അതിന്‍റെ നാലില്‍ ഒന്ന് പണം മാത്രമേ അത് സംസ്കരിച്ചു വിപണിയില്‍ എത്തിക്കുന്ന സാധാരണക്കാരായ കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളൂ . ധ്രുതവാട്ടത്താല്‍ കുരുമുളക് ചെടികള്‍ നശിച്ച സമയത്ത് അധികൃതര്‍ കടുത്ത അനാസ്ഥ ആണ് കര്‍ഷകരോട് ചെയ്തത് . കര്‍ഷകര്‍ക്ക് വീണ്ടും ചെടികളും താങ്ങ് മരങ്ങളും നടുവാനുള്ള സഹായം അടിയന്തിരമായി നല്‍കേണ്ടുന്ന സമയത്ത് അത് കിട്ടിയതായി കേട്ട് കേള്‍വി പോലുമില്ല . കുരുമുളകിനെ മാത്രം ആശ്രയിച്ചിരുന്ന ഒരു വലിയ വിഭാഗം ആളുകള്‍ കൂട്ട ആത്മഹത്യ  ചെയ്ത സമയങ്ങള്‍ ഉണ്ട്. വീണ്ടും വര്‍ഷങ്ങള്‍ കൊണ്ട് ചെടി പിടിപ്പിച്ച് സില്‍വര്‍ ഓക്കുകള്‍ പോലുള്ള താങ്ങ് മരങ്ങള്‍ മുളപ്പിച്ചു  വളര്‍ത്തി വലുതാക്കി പൊതിയലും നനവും നല്‍കി ,മുളക് ചെടികള്‍ക്ക് ഇടയ്ക്ക് താങ്ങ് കെട്ടുകള്‍ കൊടുത്ത് വളര്‍ത്തി വലുതാക്കി പൂവിട്ടു കായ് പിടിപ്പിക്കുക എന്നത് ഒരു നീണ്ട പ്രവര്‍ത്തനമാണ് . എന്‍റെ അച്ഛനെ പോലുള്ള കര്‍ഷകര്‍ അതിനു ഉത്തമ ഉദാഹാരണങ്ങള്‍ ആണ്. അവരുടെ വിയര്‍പ്പിനും അദ്ധ്വാനത്തിനും കിട്ടുന്ന വില തുലോം തുച്ഛമാണ്‌.. കടുത്ത വേനലിന്‍റെ പ്രഹരത്തില്‍ കൂലിയ്ക്ക് പണിയാന്‍ ആളുകളെ കിട്ടാത്തത് വേറൊരു പ്രഹേളിക ആണ് എപ്പോഴും !

കരിമുണ്ട ആണ് വിപണിയില്‍ എന്നും മുന്‍പില്‍ നിന്നിട്ടുള്ള കുരുമുളക് . ഉരുണ്ട് തൂക്കം കൂടിയ ഈ ഇനം അത് കൊണ്ട് തന്നെ കര്‍ഷകരുടെ പ്രിയ ഇനമാണ് .അര്‍ക്കൊളമുണ്ടിയും,വയനാടനും തൊട്ടു പിന്നാലെ ഉള്ളവ ആണ്. പുതിയ ഇനങ്ങള്‍ ഒരു പക്ഷെ വിപണിയില്‍ ഉണ്ടാകാം അതിനെപ്പറ്റി ഗ്രാഹ്യമില്ലാത്തതിനാല്‍ കുറിക്കുന്നില്ല .പണ്ട് കനം കുറഞ്ഞു ഒരു കൈപ്പത്തി നീളത്തില്‍ നിറയെ തിങ്ങിവിങ്ങി കായ്ക്കുന്ന പന്നിയൂര്‍ 1 ആയിരുന്നു കാഴ്ചയില്‍ എനിക്ക് പ്രിയപ്പെട്ടത്. ചെറിയ കുട്ടകളില്‍ പൊഴിഞ്ഞു വീഴുന്ന മുളകുകള്‍(കൂടെ മൂപ്പെത്താതെ പൊഴിയുന്ന പൊള്ള് മുളകുകളും )  പെറുക്കുവാന്‍ അവധി ദിനങ്ങളില്‍ എനിക്കും ചേച്ചിയ്ക്കും ഡ്യുട്ടി ഉണ്ടാകും . ഏക്കറുകളോളം കുനിഞ്ഞു പെറുക്കി കൂട്ടുന്നത്‌ ഒരു മടിച്ചിയായ എന്നെ സംബന്ധിച്ചിടത്തോളം ദേഷ്യം പിടിപ്പിച്ചിരുന്ന ഒന്നാണ് . കൊല്ലിയുടെ ചെരുവില്‍ ഇരുന്നു ഞാന്‍ ദേഷ്യം തീര്‍ക്കും !

ഇന്നോര്‍ക്കുമ്പോള്‍ കമുകിന്‍ പാളകള്‍ വീണു കിടക്കുന്ന ,തെങ്ങിന്‍ തണലുകള്‍ ഉള്ള ,ഇട തിങ്ങി കൂറ്റന്‍ കുരുമുളക് വള്ളികള്‍ കയറിയ, മുരിക്കുകള്‍ നിറഞ്ഞ..  ആ കറുത്തു തണുത്ത മണ്ണിന്റെ മണം എന്‍റെ ഓര്‍മകളുടെ സുഗന്ധമാണ് .. ഞങ്ങളുടെ പൊട്ടിച്ചിരികളുടെ അലകള്‍ അപ്പുറത്തുള്ള കാപ്പിച്ചെടികളില്‍ തട്ടി അവയുടെ കടും ചുമപ്പും ,പിങ്കും നിറമണിഞ്ഞ കാപ്പിപ്പഴങ്ങള്‍ തുടുത്തു പോകാറുണ്ടായിരുന്നു ! ആ കൊല്ലികളുടെ തണ്തണുപ്പ്‌ എന്‍റെ അനാവശ്യ ദേഷ്യങ്ങളെ ഇന്നും ഓര്‍മകളുടെ തണലില്‍ ഇരുത്തി ആശ്ലേഷിച്ചൊതുക്കാറുണ്ട്!മുളക് പെറുക്കി തളര്‍ന്നു വരുന്ന ഞങ്ങള്‍ക്ക് ഉള്ളിയും മുളകും ഇഞ്ചിയും കറിവേപ്പിലയും ഇടിച്ചിട്ട ,അപ്പോള്‍ അമ്മ കടഞ്ഞു വെണ്ണ മാറ്റിയ മോര് അമൃത് പോലായിരുന്നു .. അതെ  ഓര്‍മ്മകള്‍ക്ക് ,നല്ല ഓര്‍മ്മകള്‍ക്ക് എന്നും സുഗന്ധമാണ് .. ഒരു നാട്ടു മുല്ല പൂത്തപോലുള്ള സുഗന്ധം !
 

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...