Tuesday, March 12, 2013

കുരുമുളക്!






എത്രയോ വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ഞാന്‍ എന്‍റെ വീട്ടിലെ തോട്ടത്തില്‍ നിന്നും കുരുമുളക് പറിച്ചു ! ഒരു തരം ആഘോഷത്തോടെ എല്ലാവരും കൂടി !ഞാന്‍ ഓര്‍ക്കുകയാണ് വയനാടിന്‍റെ പൊന്‍ തിളക്കമാര്‍ന്ന ഇന്നലകളെപ്പറ്റി !മുരിക്കു പൂത്തു നിര നിരയായി പൂക്കളുതിര്‍ത്തു നിന്നിരുന്ന സമയം ,അതിന്‍റെ നേരിയ സുഗന്ധത്തില്‍ തറയിലാകെ പടര്‍ന്നു കിടക്കുന്ന പൂവുകള്‍.. ആ മുരിക്കുകളെ ഗാഡമായി ആലിംഗനം ചെയ്യുന്ന അത്ര തന്നെ കുരുമുളക് ചെടികള്‍,വള്ളികളില്‍ പച്ചയും ചൊപ്പുമണിഞ്ഞു കുരുമുളക് തിരികള്‍.. അത് പറിച്ചിടുവാനായി ഒരുപാട് തൊഴിലാളികള്‍.. !നിറയുന്ന ചാക്കുകള്‍,മെതിക്കുന്നവര്‍,തിരിയിലെ മുളക് നുള്ളുന്നവര്‍,വീടിന്‍റെ വിശാലമായ മുറ്റം നിറയെ പരംബുകള്‍ വിരിച്ചിട്ടും തികയാത്തവ വയലിലെ കളങ്ങളില്‍ നിരത്തുന്നത്. . ചിക്കിയുണക്കി വാരിക്കെട്ടി പല ദിവസങ്ങളായി ചെയ്തു കറുകറുത്ത പൊന്നാക്കി മാറ്റുന്നത്!

ഇന്ന് ഏകദേശം എല്ലാം പോയ്‌ മറഞ്ഞപോലെ നഗ്നമായ പറമ്പുകള്‍.. അവിടിവിടെ ഓരോ തൈക്കൊടികള്‍ (ചെടികള്‍ ) അവയില്‍ തന്നെ ഒരു തിരിയില്‍ അങ്ങുമിങ്ങും ഓരോ മണികള്‍ മാത്രമുള്ള തിരികള്‍,ജലാശം നഷ്ടപ്പെട്ടു ചുക്കിച്ചുളിഞ്ഞ കൊടികള്‍! ദ്രുധ വാട്ടത്തില്‍ നശിച്ചു പോയത് കുരുമുളക് ചെടികള്‍ മാത്രമല്ല ,ചുടു ചുമപ്പു വാരിയണിഞ്ഞ മുള്ള് മുരിക്കുകളും ആ മുള്ളുകള്‍ മുഴുവന്‍ ചങ്കില്‍ കൊണ്ട്  ചോര വാര്‍ന്നൊഴുകുന്ന ഹൃദയമുള്ള പാവം കുറെ കര്‍ഷകരുമാണ് .

സമൃദ്ധമായ ഇന്നലെകളുടെ ബാക്കി പത്രം പോലെ ചില സ്ഥലങ്ങളില്‍ ഇന്നും കുരുമുളക് ഉണ്ട് ,പന്നിയൂര്‍1 ഉം ,കരിമുണ്ട ,നീലമുണ്ട, ഗൂഡല്ലൂര്‍ കൊടി, ,വയനാടന്‍,അര്‍ക്കൊളമുണ്ടി തുടങ്ങി പല തരം കുരുമുളകുകള്‍ ഉണ്ട് . ഇവ മിക്സ്‌ ചെയ്യാതെ അതാതു മുളകുകളാക്കി ഉണക്കി ഗുണ നിലവാരമുള്ളവ മാത്രം തിരിച്ചു വിപണിയില്‍ എത്തിക്കുക വളരെ ക്ലേശകരമായ പ്രവര്‍ത്തനമാണ് ,പക്ഷെ അതിനനുസൃതമായ പണം കര്‍ഷകര്‍ക്ക് കിട്ടാറില്ല തന്നെ .കുരുമുളക് പൊന്നു വിലയ്ക്ക് വിപണികള്‍ കീഴടക്കുമ്പോള്‍ അതിന്‍റെ നാലില്‍ ഒന്ന് പണം മാത്രമേ അത് സംസ്കരിച്ചു വിപണിയില്‍ എത്തിക്കുന്ന സാധാരണക്കാരായ കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളൂ . ധ്രുതവാട്ടത്താല്‍ കുരുമുളക് ചെടികള്‍ നശിച്ച സമയത്ത് അധികൃതര്‍ കടുത്ത അനാസ്ഥ ആണ് കര്‍ഷകരോട് ചെയ്തത് . കര്‍ഷകര്‍ക്ക് വീണ്ടും ചെടികളും താങ്ങ് മരങ്ങളും നടുവാനുള്ള സഹായം അടിയന്തിരമായി നല്‍കേണ്ടുന്ന സമയത്ത് അത് കിട്ടിയതായി കേട്ട് കേള്‍വി പോലുമില്ല . കുരുമുളകിനെ മാത്രം ആശ്രയിച്ചിരുന്ന ഒരു വലിയ വിഭാഗം ആളുകള്‍ കൂട്ട ആത്മഹത്യ  ചെയ്ത സമയങ്ങള്‍ ഉണ്ട്. വീണ്ടും വര്‍ഷങ്ങള്‍ കൊണ്ട് ചെടി പിടിപ്പിച്ച് സില്‍വര്‍ ഓക്കുകള്‍ പോലുള്ള താങ്ങ് മരങ്ങള്‍ മുളപ്പിച്ചു  വളര്‍ത്തി വലുതാക്കി പൊതിയലും നനവും നല്‍കി ,മുളക് ചെടികള്‍ക്ക് ഇടയ്ക്ക് താങ്ങ് കെട്ടുകള്‍ കൊടുത്ത് വളര്‍ത്തി വലുതാക്കി പൂവിട്ടു കായ് പിടിപ്പിക്കുക എന്നത് ഒരു നീണ്ട പ്രവര്‍ത്തനമാണ് . എന്‍റെ അച്ഛനെ പോലുള്ള കര്‍ഷകര്‍ അതിനു ഉത്തമ ഉദാഹാരണങ്ങള്‍ ആണ്. അവരുടെ വിയര്‍പ്പിനും അദ്ധ്വാനത്തിനും കിട്ടുന്ന വില തുലോം തുച്ഛമാണ്‌.. കടുത്ത വേനലിന്‍റെ പ്രഹരത്തില്‍ കൂലിയ്ക്ക് പണിയാന്‍ ആളുകളെ കിട്ടാത്തത് വേറൊരു പ്രഹേളിക ആണ് എപ്പോഴും !

കരിമുണ്ട ആണ് വിപണിയില്‍ എന്നും മുന്‍പില്‍ നിന്നിട്ടുള്ള കുരുമുളക് . ഉരുണ്ട് തൂക്കം കൂടിയ ഈ ഇനം അത് കൊണ്ട് തന്നെ കര്‍ഷകരുടെ പ്രിയ ഇനമാണ് .അര്‍ക്കൊളമുണ്ടിയും,വയനാടനും തൊട്ടു പിന്നാലെ ഉള്ളവ ആണ്. പുതിയ ഇനങ്ങള്‍ ഒരു പക്ഷെ വിപണിയില്‍ ഉണ്ടാകാം അതിനെപ്പറ്റി ഗ്രാഹ്യമില്ലാത്തതിനാല്‍ കുറിക്കുന്നില്ല .പണ്ട് കനം കുറഞ്ഞു ഒരു കൈപ്പത്തി നീളത്തില്‍ നിറയെ തിങ്ങിവിങ്ങി കായ്ക്കുന്ന പന്നിയൂര്‍ 1 ആയിരുന്നു കാഴ്ചയില്‍ എനിക്ക് പ്രിയപ്പെട്ടത്. ചെറിയ കുട്ടകളില്‍ പൊഴിഞ്ഞു വീഴുന്ന മുളകുകള്‍(കൂടെ മൂപ്പെത്താതെ പൊഴിയുന്ന പൊള്ള് മുളകുകളും )  പെറുക്കുവാന്‍ അവധി ദിനങ്ങളില്‍ എനിക്കും ചേച്ചിയ്ക്കും ഡ്യുട്ടി ഉണ്ടാകും . ഏക്കറുകളോളം കുനിഞ്ഞു പെറുക്കി കൂട്ടുന്നത്‌ ഒരു മടിച്ചിയായ എന്നെ സംബന്ധിച്ചിടത്തോളം ദേഷ്യം പിടിപ്പിച്ചിരുന്ന ഒന്നാണ് . കൊല്ലിയുടെ ചെരുവില്‍ ഇരുന്നു ഞാന്‍ ദേഷ്യം തീര്‍ക്കും !

ഇന്നോര്‍ക്കുമ്പോള്‍ കമുകിന്‍ പാളകള്‍ വീണു കിടക്കുന്ന ,തെങ്ങിന്‍ തണലുകള്‍ ഉള്ള ,ഇട തിങ്ങി കൂറ്റന്‍ കുരുമുളക് വള്ളികള്‍ കയറിയ, മുരിക്കുകള്‍ നിറഞ്ഞ..  ആ കറുത്തു തണുത്ത മണ്ണിന്റെ മണം എന്‍റെ ഓര്‍മകളുടെ സുഗന്ധമാണ് .. ഞങ്ങളുടെ പൊട്ടിച്ചിരികളുടെ അലകള്‍ അപ്പുറത്തുള്ള കാപ്പിച്ചെടികളില്‍ തട്ടി അവയുടെ കടും ചുമപ്പും ,പിങ്കും നിറമണിഞ്ഞ കാപ്പിപ്പഴങ്ങള്‍ തുടുത്തു പോകാറുണ്ടായിരുന്നു ! ആ കൊല്ലികളുടെ തണ്തണുപ്പ്‌ എന്‍റെ അനാവശ്യ ദേഷ്യങ്ങളെ ഇന്നും ഓര്‍മകളുടെ തണലില്‍ ഇരുത്തി ആശ്ലേഷിച്ചൊതുക്കാറുണ്ട്!മുളക് പെറുക്കി തളര്‍ന്നു വരുന്ന ഞങ്ങള്‍ക്ക് ഉള്ളിയും മുളകും ഇഞ്ചിയും കറിവേപ്പിലയും ഇടിച്ചിട്ട ,അപ്പോള്‍ അമ്മ കടഞ്ഞു വെണ്ണ മാറ്റിയ മോര് അമൃത് പോലായിരുന്നു .. അതെ  ഓര്‍മ്മകള്‍ക്ക് ,നല്ല ഓര്‍മ്മകള്‍ക്ക് എന്നും സുഗന്ധമാണ് .. ഒരു നാട്ടു മുല്ല പൂത്തപോലുള്ള സുഗന്ധം !
 

Sunday, March 3, 2013

ബലാത്സംഗം ,വിചാരണ ,നീതിന്യായക്കോടതി !


അവളില്‍ അപ്പോള്‍ മുളച്ചു വന്നൊരു ലിംഗം
അയാളുടെ കീറിപ്പകുത്തു വച്ച
യോനിയിലൂടെ തുളച്ചു കയറിയിട്ടുണ്ട് !
ഇതായിരുന്നു കുറ്റപത്രം !

2012 ഡിസംബര്‍22 നു നീതിന്യായ കോടതി വിധി :
പ്രതി ഒരു വേശ്യ ആയതിനാല്‍
കുറ്റക്കാരി !
അവള്‍ക്കു ലിംഗം പൊടുന്നനെ
പൊട്ടിമുളച്ചതല്ല !
കാലങ്ങളായി അവളോടൊപ്പമുള്ളത്‌ ,
അവളോടൊപ്പം ഉണ്ണുകയും
ഉറങ്ങുകയും കൂത്താടുകയും
ചെയ്യുന്നത് !
അത് ,
ഒളിച്ചു വച്ചതിന്‌... 
കടന്നാക്രമിച്ചതിന്.. 
കാമം ശമിപ്പിച്ചതിന്..
അവള്‍ക്കു ശിക്ഷ മരണം !

അയാള്‍ ഇര !മാപ്പുസാക്ഷി !
കടന്നാക്രമിപ്പിക്കപ്പെട്ടയാള്‍
കീറിപ്പറിക്കപ്പെട്ട
യോനിയുടെ ഉടമ !
ക്രൂര ബാലാത്സന്ഗത്തിനടിമ .. ഇര !
ഇരുപത്തിനാല് കുത്തിക്കെട്ടുകള്‍
ഇടുപ്പില്‍ അടിവയറില്‍..
യോനിയില്‍ .. !
അതിനൊക്കെപ്പുറമെ
മാനസിക നില തെറ്റിയവന്‍.. !
ആയതിനാല്‍ ഇയാള്‍ക്ക്
വേശ്യയില്‍ നിന്നും
മരുന്നിനും,ഭക്ഷണത്തിനും
ആരോഗ്യത്തിനും
നൂറു ചെമ്പ് നാണയം പിഴ !

ചോരവാര്‍ന്നു ക്രൂശിതയായൊരു
വേശ്യ !
തലയില്‍ മുള്ളാണിക്കിരീടം അണിയിപ്പിച്ചവള്‍..
കണ്ണ് കെട്ടിയൊരു കോടതി മുറി
നീതിയ്ക്കും ന്യായത്തിനുമായൊരു
മേശപ്പുറം !
അതില്‍ നിറയെ കൊഴു കൊഴുത്ത
ചൂട് സൂപ്പും ,കോഴിയെ വറുത്തതും !
കൂടാതെ ഒരു പെട്ടിയില്‍
മുപ്പതു സ്വര്‍ണ്ണക്കാശും  !  

'ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതിനു
കാരണം വേശ്യകളാണ് '
അയാള്‍ ക്യാമറയ്ക്ക് മുന്‍പിലാണ്;
ന്യായാധിപന്‍!

ഇത് ഞാന്‍ 3 ആഴ്ച മുന്‍പ് മാതൃഭൂമി ആഴ്ച്ച പ്പതിപ്പിലെയ്ക്കയച്ച കവിത ആണ്. എന്‍റെ കവിതയുടെ നിലവാരം ഒരിക്കലും എത്ര അയച്ചിട്ടും അവരുടെ നിലവാരത്തിലെയ്ക്കുയരാത്തത് കൊണ്ട് ഇനി മാതൃഭൂമിയിലേയ്ക്കു ഞാന്‍ അയച്ചു അവരുടെ ചവറ്റുകൊട്ടയ്ക്ക് കനം വയ്പ്പിക്കുന്നില്ല !ഞാന്‍ ഇത് ഇവിടെ പ്രസിദ്ധീകരിക്കുന്നു :)


 

Saturday, March 2, 2013

ചില ഉടുപുടവകളില്ലാത്ത സത്യങ്ങളില്‍ മാത്രമാണ് മനുഷ്യത്വം തുളുംബുന്നത് ,പിന്നെന്തിനാണ് എല്ലാവരും അതിനെ തുണിയുടുപ്പിക്കുവാന്‍ വെപ്രാളപ്പെടുന്നത്‌ !ആ നഗ്ന സത്യങ്ങളെ ആഘോഷമാക്കിക്കൂടെ ?! അതിനെ ഉമ്മ വയ്ക്കുകയും ലാളിക്കുകയും കൂടെ ജീവിക്കുകയും ചെയ്തു കൂടെ ? അതോ തലയില്‍ മുണ്ടിട്ടു പിന്നാമ്പുറത്തുകൂടി നടക്കാനേ കഴിയുന്നുള്ളോ ??ലജ്ജാവഹം !!












Monday, February 25, 2013

ഉള്ളവ !


ചില നേരുകളുടെ നനവുകള്‍ 
നെഞ്ചിലുണ്ട് .. 
ഹൃദയത്തോട് ചേര്‍ന്ന് പോയവ. 
അടര്‍ത്തിയാല്‍ ഹൃദയം കൂടി 
അടര്‍ന്നു പോരുന്നവ !

ചില നൊമ്പരങ്ങളുടെ വേരുകളുണ്ട് 
തലച്ചോറിലേയ്ക്ക് പടര്‍ന്നവ!
ചുറ്റുപിണഞ്ഞൊരു നാഗം പോലത് 
ഓര്‍മ്മകളെ വരിയുന്നുണ്ട് !

ചില ഓര്‍മ്മകളുടെ മനം പിരട്ടലുകളുണ്ട് 
എത്ര ഒക്കാനിച്ചാലും 
പോകാത്തൊരു ചര്‍ദ്ദില്‍ പോലെ
തൊണ്ടയില്‍ പെരുകുന്നുണ്ടത്   !

ചില ഇടവഴികളുണ്ട് 
പോയിട്ടില്ലെങ്കിലും പോയതുപോലുള്ളവ !
പൂ വിരിച്ചു  മാടി വിളിക്കാറുണ്ട്:
വരൂ നിന്‍റെ  കഴിഞ്ഞ ജന്മവഴികള്‍!

ചില കാത്തിരുപ്പുകളുണ്ട് 
വരുമോ എന്നറിയില്ലാത്തവ !
വരാമോ എന്ന് ഉള്ളെരിക്കുന്നവ ,
വരാതിരിക്കില്ല എന്ന് കള്ളം പറയുന്നവ !

ചില വാക്കുകളുണ്ട് 
അക്ഷരങ്ങള്‍ ചേര്‍ന്നിരിക്കാത്തവ,
അര്‍ഥം കൊണ്ട് പൂവിരിയിക്കുന്നവ !
നീയും ഞാനും പോല്‍ ഉടലറിയുന്നവ!







Monday, February 18, 2013

മോഹം !


മോഹമാണ് ,
ഇടയ്ക്കിടെ ചെന്നു നോക്കും..
കണ്ണ് കുഴിയിലാണ്ടു കിടക്കുന്നതില്‍
ഇത്തിരി വെട്ടം !
തോളെല്ലിലെ കുഴികളില്‍
ഒരിടങ്ങഴി വെള്ളമൊഴിക്കാം..
കിടന്നു കിടന്നു പുറം തൊലി
അടര്‍ന്നു നാറുന്നുണ്ടിവിടം!
അടിവയറിന്റെ ആഴങ്ങളില്‍
എനിക്ക് മുങ്ങിച്ചാകാനിടം !
ശുഷ്കിച്ച കാലുകള്‍-
രണ്ടീര്‍ക്കില്‍ കഷണങ്ങള്‍ !
വിരലുകള്‍ നേര്‍ത്ത് അതിലെ
നഖങ്ങള്‍ തേറ്റകള്‍ പോലെ കൂര്‍ത്ത് !
ശക്തിയില്‍ വലിക്കുമ്പോള്‍
ശ്വാസകോശങ്ങള്‍ സംസാരിക്കുന്നത്
കേള്‍ക്കാം !

മോഹമാണ് ,
ഇടയ്ക്കിടെ ചെന്ന് നോക്കും ..
എഴുനേല്‍പ്പിക്കുമ്പോള്‍
ഒരന്തവുമില്ലാതാടുന്നുണ്ട് തല !
വായ്‌ പൊളിഞ്ഞു തൂങ്ങിയതില്‍ നിന്നൊ-
ലിക്കുന്നുണ്ട് ഈറ്റ വെള്ളം !
ഇടറിയിടറി വീഴാന്‍ പോകുമ്പോള്‍
വിളിക്കുന്നുണ്ട് 'ന്‍റെ ദൈവേ ..'
മുറിഞ്ഞു മുറിഞ്ഞു ചൊല്ലുന്നുണ്ട്
'..പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍,
ശിവനെക്കാണാകും ..'

മോഹമാണ് ,
ഇടയ്ക്കിടെ ചെന്നു നോക്കും..
ഒറ്റമുണ്ടിനിരിക്കാനിടമില്ലാത്ത
തേമ്പിയ അരക്കൂട് !
ചുക്കിച്ചുളിഞ്ഞു   ഉപ്പുമാങ്ങ
പോലെ ഒട്ടിപ്പോയ മുഖം !
മുകളിലെ ബള്‍ബിലേയ്ക്ക്
ഉറ്റു നോക്കിയുള്ള കിടപ്പ്!
ആ കിടപ്പിലങ്ങ് പോകണേ..
എന്നെനിക്കു മോഹമാണ്
ഇടയ്ക്കിടെ ചെന്ന് നോക്കും !




 
 

Sunday, February 17, 2013

സെല്ലുലോയിഡ് എന്ന സിനിമ ജെ സി ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവിനുള്ള അശ്രുപൂജ ആയതില്‍ എനിക്ക് ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ വളരെ സന്തോഷം തോന്നി . അതിലുപരി ആ മനുഷ്യന്‍ ആരായിരുന്നു എന്നതോര്‍ക്കുമ്പോള്‍ തിരിച്ചറിയാനാകാത്തൊരു വിഷാദവും വേദനയും അലട്ടുകയും ചെയ്യുന്നു !ഒരു തരം അമര്‍ഷം.. അത് 1928 ല്‍ കത്തിപ്പടരേണ്ടാതായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വ്യഥ !
ജെ സി ഡാനിയലിന്റെ ജീവിതകഥ കമല്‍ സിനിമ ആക്കിയപ്പോള്‍ അതില്‍ കച്ചവട സിനിമയുടെ ചേരുവകള്‍ മുന്‍നിര്‍ത്തി  നിര്‍മിച്ചതിനാല്‍ കൂടുതല്‍ പ്രേക്ഷകരിലെത്തിച്ചേരാനുള്ള സാധ്യത നിലനില്‍ക്കുന്നു.കലാമൂല്യം മാത്രം മുന്‍നിര്‍ത്തി അദേഹം ഈ സിനിമ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ വളരെ കുറച്ച് ആസ്വാദകരേ കാഴ്ചക്കാരായി ഉണ്ടാകുമായിരുന്നുള്ളൂ!
കലാ സംവിധായകന്‍റെ കരവിരുത് മുഴച്ചു നില്‍ക്കുന്ന ക്യാപിടോള്‍ സിനിമ കൊട്ടകയും പരിസരവും ,റോസമ്മയുടെ വീടും എല്ലാം മാറ്റി നിര്‍ത്തിയാല്‍ മൊത്തത്തില്‍ കലാഭംഗി ഉള്ളൊരു ചിത്രം തന്നെയാണിത്,ക്യാപിടോള്‍ സിനിമ കൊട്ടക കുറച്ചു കൂടി 1928 കളിലെയ്ക്കെത്തെണ്ടിയിരുന്നു എന്ന് ആ കൊട്ടകയുടെ അന്തരീക്ഷം നമ്മളോട് പറയും .അതുപോലെ ആ ദിവസം  കെട്ടിമേഞ്ഞപോലെ അരികും പുറവും കിറു കൃത്യമായി വെട്ടിയൊതുക്കിയ ഓല കീറുകള്‍ റോസിയുടെ വീടിന്‍റെ നശിക്കാത്ത പുതുമ നനമ്മളിലെത്തിക്കും ,അത് കുറച്ചു കൂടി പ്രകൃതിയുമായി ലയിച്ചു ചേരും വിധം ഒരുക്കിയിരുന്നു എങ്കില്‍ ആ അടിയാന്‍ കുടില്‍ നമ്മളോട് അവരുടെ സ്ഥിതി പറയാതെ തന്നെ പറഞ്ഞേനെ!ഈ സിനിമയിലെ സംഗീതമാണ്,പാട്ടുകളാണ് ഇതിന്‍റെ  ഏറ്റവും വലിയ ആകര്‍ഷണം,പഴമയുടെ ചാരുത നല്‍കിയ എം ജയചന്ദ്രന് അഭിനന്ദനങ്ങള്‍..
പ്രിഥ്വി രാജിന്‍റെ അഭിനയം ഇത് വരെ ഞാന്‍ കണ്ട അദ്ദേഹത്തിന്‍റെ വേഷങ്ങളില്‍ നിന്നും കഥാപാത്രത്തോട് നീതി പാലിച്ചു എന്നെനിക്കു തോന്നി.നമ്മുടെ പൊതുവേയുള്ള അതിന്ദ്രീയ ജ്ഞാനമുള്ള ,അതിഭാവുകത്വമുള്ള കഥാപാത്രങ്ങളില്‍ നിന്നും അളവില്‍ കവിയാത്ത ഈ അഭിനയ അനുഭവം ഒരു പക്ഷെ അദ്ദേഹത്തിനു പുതിയ പാഠങ്ങള്‍ നല്‍കിയിരിക്കാം !റോസമ്മ എന്ന റോസിയോടു ചാന്ദ്നി ശരിയായ രീതിയില്‍ താദാത്മ്യം പ്രാപിച്ചിട്ടുണ്ട് .ഒരു പുതുമുഖത്തിന്‍റെ പുതിയ മുഖം കാണിക്കാതെ അവര്‍ 1928 ലെ ആ ദളിത് പെണ്‍കുട്ടിയായി മാറിയതില്‍ അഭിമാനം തോന്നുന്നു .അകം -ഉള്ള് -അറിഞ്ഞു ചെയ്യുക എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല. അവിടെയാണ് ചാന്ദ്നി വിജയിച്ചതും !ഒരു കഥാപാത്രത്തിനെ ഗ്ലാമറൈസ് ചെയ്യുവാന്‍ എളുപ്പമാണ് ,പൊതുവെ പുതുമുഖങ്ങള്‍ ചെയ്തു വരുന്നതും അത് തന്നെയാണ് ,മുഖം ശരീരം എല്ലാം കൂടുതല്‍ ഉത്തെജിതവും ആകര്‍ഷണീയവും  ആക്കുന്നതിലൂടെ ഏത് വരേണ്യതയും അവര്‍ണ്ണതയെയും അവര്‍ ആഘൊഷമാക്കും! പക്ഷെ ശരീരത്തെ ഡി-ഗ്ലാമറൈസ് ചെയ്യുക അത്ര എളുപ്പമല്ല അവിടെയാണ് മമ്തയുടെ പ്രായമായ സീനുകളില്‍  അവരുടെ ശരീരത്തിലെ ചമയങ്ങള്‍ വേറിട്ട്‌ നില്‍ക്കുന്നത് !,ചമയത്തിലൂടെ പ്രിഥ്വി യെ മാറ്റിയിരിക്കുന്നത് നമുക്ക് മനസ്സിലാകും ,പക്ഷെ ചാന്ദ്നി ആദ്യം പ്രത്യക്ഷപ്പെടുന്നത് തന്നെ അടിയാത്തിയുടെ തനതു രൂപത്തിലാണ് അതിലെ ചമയം നമുക്ക് മനസ്സിലാകില്ല ,അത് തന്നെയാണ് ഒരു നല്ല കലാകാരന്‍റെ /കാരിയുടെ പ്രത്യേകതയും അവര്‍ ചമയത്തോട് പോലും ലയിക്കണം ചമയം കലാകാരനില്‍ നിന്നും മാറി നില്‍ക്കരുത് അതും ജീവനുള്ളതാണ്, ആ കഥാപാത്രം തന്നെയാണ്!ഈ നടിയെ സൂക്ഷിച്ചുപയോഗിച്ചാല്‍ ഇവള്‍ മലയാളത്തിനൊരു മുതല്‍ക്കൂട്ടാകും ഉറപ്പ് !
ആദ്യം ഇറങ്ങിയ മലയാള സിനിമയുടെ നായികയെത്തന്നെ സ്വന്തം മുഖം അഭ്രപാളിയില്‍ ഒരു നോക്ക് കാണിക്കാതെ ആട്ടിയോടിച്ച ഒരു സാമൂഹിക പശ്ചാത്തലം നമുക്കുണ്ടായിരുന്നു എന്ന് ഇന്നത്തെ വീണ്ടുമുണരുന്ന ജാതി സ്പര്‍ദ്ധയുടെ ഈ അന്തരീക്ഷത്തില്‍ കമല്‍ പറഞ്ഞു വച്ചത് എന്തുകൊണ്ടും നന്നായി!വളരെ നല്ലൊരു ഉണര്‍ത്തല്‍ ആണ് മറന്നു പോയൊരു ലോസ്റ്റ്‌ ചൈല്‍ഡ് തിരികെ കൊണ്ട് തന്നിരിക്കുന്നത്  !
 അഭിനയിച്ച മറ്റു നടീ നടന്മാരും മികവുള്ളവരാണ് ,ശ്രീജിത്ത് രവിയും,തലൈവാസല്‍ വിജയ്‌ ,ടി ജി രവി ,ഇര്‍ഷാദ്,അമല്‍  തുടങ്ങിയവര്‍ കൂടാതെ നമ്മുടെ സ്ഥിര താര വസന്തങ്ങളും (ശ്രീനിവാസന്‍,സിദ്ദിഖ് etc ) കഥയോട് ചേരുന്നവര്‍ തന്നെ !കല നമുക്കായി തന്നതിനെ അറിയാതെ പോകുമ്പോള്‍ അസ്തമിച്ചു പോകുന്നത് ആ കലയെ നമുക്കായി തന്നവരുടെ വിയര്‍പ്പിന്‍റെ ,കലര്‍പ്പില്ലാത്ത മൂല്യത്തിന്‍റെ ,ആത്മബോധത്തിന്റെ സൂര്യനാണ് ..വീണ്ടുമുദിക്കുവാന്‍ ആ സൂര്യനില്ലെങ്കിലും അത് തിരിച്ചറിയുന്ന ചന്ദ്ര വെളിച്ചം മതി പുതിയൊരു സന്ധ്യയ്ക്കുദിച്ചുയരാന്‍ !
 




Thursday, February 14, 2013

ഓമനേ ഈ വഴി ഏറെയുണ്ടി-
ന്നിനി ഈ മാത്ര നമ്മുടെതെന്നു നിനയ്ക്ക നാം..

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...