ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !!
രവീന്ദ്രന്‍ എന്ന മനുഷ്യന്‍ ഞാന്‍ വളരെ വൈകി വായിച്ചു തുടങ്ങിയ ഇതിഹാസമാണ് !എനിക്ക് അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങള്‍ വെറും അക്ഷരങ്ങള്‍ അല്ല! എന്നെ കൂടെ ആശ്ലേഷിച്ചു പറത്തി കൊണ്ട് പോകുന്ന അനുഭവങ്ങളാണ് !യാത്ര ഇഷ്ടപ്പെടുന്ന എനിക്ക് അസൂയപ്പെടുത്തുന്ന ഈ വിവരണങ്ങള്‍ അവയുടെ മഹത്തായ ആ ഭാഷ !ഞാന്‍ അതില്‍ പൂഴ്ന്നിരിക്കാന്‍ ആഗ്രഹിക്കുന്നു !എന്‍റെ ഹൃദയത്തിലേയ്ക്ക് ഞാന്‍ എടുത്തു വച്ച എഴുത്താണ് ചിന്ത രവി എന്നറിയപ്പെടുന്ന രചയിതാവിന്റെത് . മനോഹരമായ ഭാഷ !അദേഹത്തെപ്പറ്റി -യാത്ര അനുഭവങ്ങളുടെ ഭൂമികയാക്കി തീര്‍ക്കുന്ന ആള്‍ എന്നു തന്നെ പറയാം !
പൊതുവേ നിര്‍ജീവമായിക്കിടക്കുന്ന യാത്രാ വിവരണ മേഘലയില്‍ (കേരളം) അദ്ദേഹത്തിന്റെ സംഭാവന വളരെ ഉയര്‍ന്നതാണ് .വെറും യാത്രകളിലെ കാഴ്ച മാത്രമല്ല അത് .അദേഹത്തിന്റെ 'അകലങ്ങളിലെ മനുഷ്യര്‍' ഇന്ത്യന്‍ ഗ്രാമങ്ങളെ കുറിച്ചു അവയുടെ ആവാസ വ്യവസ്ഥിതിയില്‍ ആദിമ നിവാസികള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് ,യാത്രകളിലൂടെ ജീവിതങ്ങളെ തൊട്ടറിഞ്ഞ ധാരണാ ശേഷിയുള്ള ഒരാള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്ന മനോഹര ഗദ്യമാണ് അദേഹത്തിന്റെ രചനകള്‍.ഈ ഒരൊറ്റ കൃതി മതി അതിലുള്ള ഘടനാ വൈഭവവും ഇന്ത്യന്‍ ഗ്രാമങ്ങളുടെ സൌന്ദര്യ ശാസ്ത്രവും ഏതൊരാളെയും മനസിലാക്കുവാന്‍ !
അദ്ദേഹം ഗ്രാമങ്ങിലൂടെ നഗരങ്ങളുടെ ഉല്പത്തിയെക്കുറിച്ച് സൂചിപ്പിക്കുന്നത് അല്ലെങ്കില്‍ നഗരങ്ങളുടെ വികാസത്തിനു കാരണവും ഗ്രാമങ്ങളുടെ പോയ പ്രതാപങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നതും എന്ത് ശക്തമായ രീതിയിലാണെന്നോ ! ഇതാ:
'ആഴ്ചച്ചന്തകള്‍ കോര്‍പ്പറേഷനുകളിലേയ്ക്ക് പിന്‍വലിയുകയാണെങ്കില്‍ ആദിവാസികള്‍ക്ക് നഷ്ടമാവുക സാംസ്കാരിക വിനിമയത്തിന്റെയും സമ്മേളനത്തിന്റെയും ഒരരങ്ങാണ് '
എത്ര സത്യമാണത് ! നമ്മളില്‍ എത്രപേര്‍ക്ക് ഇങ്ങനെ ചിന്തിക്കാനാകും? ഇവിടെ യാത്രാവിവരണം അതില്‍ മാത്രമല്ല ഒതുങ്ങുന്നത് സാംസ്കാരിക വിവരണത്തില്‍ക്കൂടി വളരുകയാണ് ..
ഭോഗസ്ത്രീകള്‍ വായിച്ചപ്പോള്‍ എനിക്ക് ഒരു സിനിമ കാണുന്നത് പോലെ തോന്നി !കൃഷ്ണ-ഗോദാവരി നദീതീരങ്ങളിലെ ദേവദാസി സംസ്കാരത്തിന് അതിന്‍റെതായ ആലങ്കാരിക പ്രൌഡി ഉണ്ടായിരുന്നു എന്നും വെറും വേശ്യകള്‍ എന്ന് അവരില്‍ ഒരാള്‍ പോലും മുദ്രകുത്തപ്പെടാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നതും മനോഹരമായൊരു അറിവാണ് !പക്ഷെ അവ മാറി മറിഞ്ഞു സാധാരണ നാഗരിക വേശ്യാലയങ്ങള്‍ ആകുന്നതു നാം രവീന്ദ്രനോടൊപ്പം നടന്നു കാണുന്നു ! പെദ്ദാപുരത്തിന്റെ വശ്യ സൌന്ദര്യം ഇനിയും നശിച്ചിട്ടില്ലെന്നും അവര്‍ ചിലരെങ്കിലും താവഴികളുടെ തണുപ്പിലാണെന്നും നമുക്ക് പല തരത്തില്‍ ചിന്തിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വരികള്‍ വഴികള്‍ തുറന്നിട്ടിരിക്കുന്നു!
ഒറീസയിലെ ഖോണ്ട് ഗോത്ര വംശജരെപ്പറ്റി അവരുടെ നരമേധ സമ്പ്രദായത്തെപ്പറ്റി എല്ലാം എന്തെല്ലാം അറിവുകള്‍!!അവരുടെ വര്‍ഗത്തിന്റെ അധോഗതിയെപ്പറ്റിയും യാതനകളെപ്പറ്റിയും ഹൃദയസ്പര്‍ശിയായി ചിത്രമെഴുതിയിരിക്കുന്നു !അരുണാചലിലെ പദം വര്‍ഗക്കാരായ ആദികള്‍!ഇനിയും ആര്‍ക്കും തോല്പ്പിക്കാനാകാത്ത അവരുടെ മൂഡ വിശ്വാസങ്ങള്‍ ..!അങ്ങനെ എത്രയെത്ര !ഒരുപാടെഴുതിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ കൃതികള്‍ക്കെല്ലാം സ്വത്വമുണ്ട് പോയ വഴികളുടെ ജീവനുണ്ട് .സുവ്യക്തമായ അര്‍ത്ഥ തലങ്ങളുമുണ്ട് .
യാത്രകള്‍ നമ്മുടെയെല്ലാം ജീവിതത്തിലുണ്ട് ..യാത്രയിലൂടെ ജീവിക്കുന്നവരുണ്ട് ,ജോലി ചെയ്യുന്നവരുണ്ട്,ഉറങ്ങുന്നവരും ഉണരുന്നവരുമുണ്ട്.യാത്രയേ ഭക്ഷണമാക്കുന്നവരുണ്ട്!ഒരുതരത്തില്‍ പറഞ്ഞാല്‍ ജനനം മുതലൊരു യാത്രയിലാണെല്ലാവരും..എങ്കിലും യാത്രയിലെ അനുഭവങ്ങള്‍ എല്ലാവരുമായി അര്‍ത്ഥവത്തായി പങ്കു വെയ്ക്കുക എല്ലാവര്ക്കും സാധ്യമായതല്ല ,ഇവിടെ രവീന്ദ്രന്‍ എന്ന മനുഷ്യന്‍ കുറിച്ചു വച്ചിട്ടു പോയത് അദ്ദേഹത്തിന്‍റെ വിലയേറിയ സമയങ്ങളുടെ അര്‍ത്ഥങ്ങളാണെന്നതും ആ അര്‍ത്ഥങ്ങള്‍ക്ക് എത്ര മുഖങ്ങള്‍ ആണുള്ളതെന്നും ഞാന്‍ അതിശയത്തോടെ തിരിച്ചറിയുന്നു ..!