പി എന്‍ മേനോന്റെ- നേര്‍ക്ക് നേരെ -ഞാന്‍ ടി വി യില്‍ കണ്ടു ഇന്നലെ..അതില്‍ പ്രകൃതിയെ ഇണക്കി ചേര്‍ത്തിരിക്കുന്നത് എനിക്കിഷ്ടപ്പെട്ടു !കലയില്‍ പ്രകൃതിയുമായുള്ള ലയനം മനോഹരമാണ് ..അത് വേറിട്ട് നില്‍ക്കാതെ കൂടെ ഒഴുകുമ്പോള്‍ കലയ്ക്കു ജീവന്‍ വയ്ക്കുന്നു !!എന്തൊരത്ഭുതമാണല്ലേ അത് !! സത്യത്തില്‍ കേരളത്തില്‍ ജനിച്ചതില്‍ ഞാന്‍ ഏറ്റവും അഭിമാനിക്കുന്നത് നമ്മുടെ കലകളുടെ വൈവിധ്യത്തിലും അവയുടെ മൂല്യത്തിലുമാണ് ..500 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇവിടെ കഥകളി ഉണ്ടായിരുന്നു ..!ആദിശങ്കരന്‍ ജനിക്കുമ്പോള്‍ ഇവിടെ കൂടിയാട്ടം നിലവിലുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത് ! അതിനൊക്കെ മുന്‍പ് ഇവിടെ നമ്മുടെ ആദിവാസികളുടെ ഇടയില്‍ ഈ കലകളുടെ ഒക്കെ രൂപ ഭാവങ്ങളുള്ള കലാരൂപങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു !
പണിയര്‍-നായ്ക്കര്‍ വിഭാഗങ്ങളില്‍ വളരെ മനോഹരമായ നൃത്ത രൂപങ്ങളുണ്ട് ..അത് ഞാന്‍ കണ്ടത് എന്റെ സ്വന്തം വയനാട്ടില്‍ വച്ചാണ് .അവരുടെ കല്യാണം മരണം വയസ്സറിയിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് വ്യത്യസ്തങ്ങളായ തുടി കൊട്ടും പാട്ടും നൃത്തവും ഉണ്ട്.അവരുടെ ചുവടു വെയ്പ്പുകളുടെ ഭംഗിയും ദൃഡതയും നമുക്ക് തെയ്യത്തിന്റെ വക ഭേദമായിട്ടു തന്നെ കാണാവുന്നതാണ് .എനിക്കിങ്ങനെ തോന്നുവാന്‍ കാരണം തെയ്യമെന്നത് ദൈവമാട്ടം തന്നെയാണ് .ഇവിടെ ആദിവാസികളും ആടുന്നത് ദൈവ ഭാവങ്ങള്‍ തന്നെയാണ് (ചുരുക്കം ചില അവസരങ്ങള്‍ ഒഴിച്ചാല്‍ )അവരുടെ തുള്ളലിന്റെ മൂര്ദന്യാവസ്ഥ എപ്പോഴും ഒരു മുടിയാട്ടതിന്റെത് പോലെ ഉറഞ്ഞുള്ളതാണ്.ഇവിടെയാണ് പ്രകൃതി മനുഷ്യന്റെ രൂപം കെട്ടി ആടുന്നത്..മഞ്ഞളണിഞ്ഞു,കുങ്കുമം പൂശി ,അരിമാവിലെഴുതുന്ന..കരി അണിഞ്ഞ കോലങ്ങള്‍! ..നോക്കൂ പ്രകൃതി എന്തൊക്കെയാണ് നമുക്ക് പകരുന്നതെന്ന് !!
കഥകളി ഞാന്‍ അതിന്റെ മുഴുവന്‍ സത്തയോടെ കാണുന്നത് ഈ അടുത്ത കാലത്താണ് !എന്റെ ശ്രീ യുടെ യും മോളുടെയും കൂടെ ..പിന്നീടെനിക്ക് കൂടിയാട്ടവും കാണുവാനുള്ള അവസരം വന്നു..പാവക്കഥകളി ..അങ്ങനെ പലതും !എനിക്കെന്റെ അച്ഛച്ഛന്റെ കൊച്ചു മകളെന്നു പറയാന്‍ ഇന്ന് അഭിമാനമുണ്ട് .അദ്ദേഹം ഒരു മഹാനായിരുന്നു !!ആരും അറിയാത്ത മഹാന്‍ !!എന്റെ അഛയുടെ വാക്കുകളിലൂടെ പറഞ്ഞാല്‍..എന്നും കാലത്തുണര്‍ന്നെഴുനേറ്റ് അതി ചിട്ടയോടെ പ്രാഥമിക കൃത്യങ്ങള്‍ ,പത്രപാരായണം,നടത്തം ,ഭക്ഷണം എന്നിവ കഴിഞ്ഞു അദ്ദേഹം തെങ്ങ് ചെത്തി കള്ളെടുക്കാന്‍ പോകും ..അത് കൃത്യമായി ഷാപ്പില്‍ ഏല്‍പ്പിക്കും ..ഒരു തുള്ളി മദ്യപിക്കാത്ത അദ്ദേഹം ഈ പ്രവൃത്തിക്ക് ശേഷം അടുത്തുള്ള പള്ളിക്കൂടത്തില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പോകും അതിനു ശേഷം അടുത്തുള്ള അമ്പലത്തിലോ ,കൂത്തമ്പ ലത്തിലോ ഇരുന്നു കഥകളി കാണും !അതിനൊത്തു മനോഹരമായി കഥകളി സംഗീതം പാടും !!കഥ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കും -അദ്ധ്യാപകന്‍,ചെത്ത് തൊഴിലാളി,കലയുടെ നിറ കുടം !!!!എന്തൊരു കടക വിരുദ്ധമായ കാര്യങ്ങള്‍!!ഇവിടെ പ്രകൃതി കളിച്ചിരുന്ന കളി എന്തായിരുന്നു !മണ്ണും കലയും അതി ജീവനവും എല്ലാം ഒന്നിച്ചുണരുന്ന മനോഹരമായ താഥാത്മ്യാവസ്ഥ !അതുകൊണ്ടാവാം അദ്ദേഹത്തിന്റെ മക്കള്‍ക്ക് മണ്ണിനെയും മനുഷ്യനെയും കലയെയും വിപ്ലവത്തെയും ഒരു പോലെ നെന്ജിലേറ്റാന്‍ ആയത് !!അവര്‍ നാടകം കളിച്ചു .സി ജെ യുടെയും മറ്റും നാടകങ്ങള്‍..!രാത്രികളെ അവര്‍ പെട്രോമാക്സുകളുടെ വെളിച്ചത്താല്‍ നിറച്ചു..കലയ്ക്കു നിറം വച്ച് അവര്‍ കളിച്ചു ..ചിരിച്ചു.. കരഞ്ഞു..ജീവിച്ചു !!കൈയില്‍ തീ തെളിയും ചൂട്ടുകളും,തഴപ്പായകളും ,തിന്നാന്‍ ഉഴുന്നാടകളു മായി അവരുടെ അച്ഛനും അമ്മയും കാമുകീകാമുകന്മാരും ഭാര്യയും,മക്കളും,വീട്ടിലെ നായയും ,പൂച്ചയും അതിന്റെ ഭാഗങ്ങളായി ..അവര്‍ വിപ്ലവം പറഞ്ഞു ..അതില്‍ ജീവിച്ചു..ചോരയും,ആശയങ്ങളും കൂട്ടിമുട്ടി..മരിച്ചു..ജയിച്ചു..മറഞ്ഞു..ജീവിച്ചു !!അവര്‍ വെട്ടിത്തെളിച്ച് മണ്ണില്‍ ചോര ഉതിര്‍ത്തി നനച്ചു ,വിത്തെറിഞ്ഞു,ജീവിതം പാറ്റി ക്കൊഴിച്ച് പതിരെല്ലാം ദൂരെയെറിഞ്ഞു ,മദി യും കൊതിയും ,കണ്ണീരും നിലാവും നിറഞ്ഞ ജീവിതങ്ങള്‍ !!അവിടെ ഞാന്‍ പിറന്നു !!എന്റെ സഹോദരി പിറന്നു..എന്റെ ബന്ധങ്ങളും ബന്ധനങ്ങളും പിറന്നു..!
പ്രകൃതിയുടെ ഇത്തരം ലാസ്യ ഭാവങ്ങളില്‍ കല മനുഷ്യനോടു അമര്‍ന്നു കിടക്കുകയാണ്!! ഈ മൃഗ സൗന്ദര്യത്തില്‍ ഞാന്‍ എന്നും ഒരു ഭ്രാന്തിയായ ഒരു ആസ്വാദകയാണ് ഏതു നല്ല കലയുടെയും!