Wednesday, August 15, 2012

രക്തസാക്ഷികള്‍!


കൊലപാതകം അതും വെട്ടും കുത്തും കൊടുത്തു നീചമായ കൊലപാതകം!,ഇന്ത്യന്‍ പീനല്‍ കോഡില്‍ 300 ? 307 ? അതോ 302 ?ഏതാണ് ശിക്ഷാ  നിയമം ?അതിനെപ്പറ്റി വിശദമായി പറയാന്‍ എനിക്ക് കഴിയില്ല ,അറിയില്ല.എങ്കിലും ചിലത് കാണുമ്പോള്‍ പറയാതിരിക്കാനും കഴിയുന്നില്ല.മരണം എന്നത് അത്ര സുന്ദരമെന്നു പറയാന്‍ ചിലപ്പോള്‍ കവികള്‍ക്കും അതുപോലെ കാവ്യാത്മക മനസുകള്‍ക്കും മാത്രം പറ്റുന്ന കാര്യമായിരിക്കാം ,അതി ക്രൂരമായി വധിക്കപ്പെട്ട ആ ജീവന് പിന്നില്‍ ഇതിനെ പറ്റി  പറയാന്‍ കരയാന്‍ പിന്നീടുള്ള കാലം മുഴുവന്‍ നെഞ്ചിലിട്ടു പഴുക്കാന്‍ കുറെ ബാക്കിപത്രങ്ങളുണ്ടാവും അവര്‍ക്കിത് മരണത്തിന്റെ കറുത്ത ചട്ടവാറടികളാണ് .ഞാന്‍ ടി പി വധത്തെക്കുറിച്ച് മാത്രമല്ല പറയുന്നത് എന്നാല്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ അതിനാണ് മുഖ്യത !

1960 കളുടെ അവസാന പാദത്തിലെ  പുല്പള്ളി പോലീസ് ആക്രമണവും മറ്റും എല്ലാപേര്‍ക്കും കാണാപാഠ മായിരിക്കും! അതിലെ ധീര വനിതയെയും കൂട്ടാളികളെയും പറ്റി എല്ലാവരും ഊറ്റം കൊള്ളും.കേരളത്തില്‍ മലബാറില്‍ നടന്ന നക്സല്‍ പ്രവര്‍ത്തനങ്ങള്‍ ഇന്നും പല കാരണങ്ങളാല്‍ പ്രസിദ്ധമാണ് .
ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ എന്നറിയില്ല 'ആള് മാറിപ്പോയി സംഭവിച്ചതാണ് ' എന്ന വെറുമൊരു ക്ഷമാപണത്തോടെ രാഷ്ട്രീയ പിശാശുകള്‍ കുത്തിക്കെടുത്തിക്കളഞ്ഞ  ഒരു തീപ്പൊരിയെ ?അനാവശ്യമായി ആരെയും കൂസാത്ത ,പേടിയ്ക്കാത്ത ,ധീരനായ,തന്‍റെ  വാക്ധോരണിയാലും ധിക്ഷണ ശക്തിയാലും  എല്ലാവരെയും അതിശയിപ്പിച്ചിരുന്ന ,സഖാവ് അജിതയുടെ പ്രസ്ഥാനത്തിലെ "തീപ്പൊരി "എന്ന ഓമന പേരിട്ടു വിളിച്ചിരുന്ന ടി കെ സുകുമാരന്‍ നെ?അദ്ദേഹം എന്റെ അച്ഛന്റെ അനുജനായിരുന്നു !ഞാന്‍ കാണുന്നതിനും മുന്‍പ് രാഷ്ട്രീയം കൊന്നുകളഞ്ഞ എന്‍റെ കുഞ്ഞിച്ചാഛന്‍.1960 കളുടെ ഓര്മ എന്റെ അഛയ്ക്ക് തിരുവിതാം കൂറില്‍ നിന്നും മലബാറിലെയ്ക്ക്  നടത്തിയ കുടിയേറ്റവും വീടും കുടുംബവും പടുത്തുയര്‍ത്തി യതിന്റെ  കഷ്ട നഷ്ടങ്ങളും മാത്രമല്ല..മരം കോച്ചുന്ന തണുപ്പില്‍ അനുജനെ തേടിയെത്തുന്ന പോലീസിന്‍റെ അതി മര്‍ദ്ദനം നല്‍കിയ ചോര മണക്കുന്ന ചിന്തകള്‍ കൂടിയാണ്!ആ ഓര്‍മകളുടെ ചോരത്തുള്ളികള്‍ കനത്ത ചുമയിലൂടെ  ഇന്നും അച്ഛയെ  തേടി ഇടയ്ക്കിടെ എത്താറുണ്ട് !
ആദ്യമെല്ലാം അച്ഛയെ തേടി എത്തുമായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് അച്ഛ കര്‍ക്കശക്കാരനാകുമായിരുന്നു..
'എനിക്കൊന്നും പറയാനില്ല !അവന്റെ സ്മാരകത്തില്‍ എല്ലാ വര്‍ഷവും പൂക്കളര്‍പ്പിക്കുന്നവരോട് ചൊദിക്കൂ ..എനിക്കതിന്റെ ആവശ്യമില്ല ,അവന്‍ എന്റെ ഹൃദയത്തിലുണ്ട് മരിച്ചിട്ടില്ല.'
(കണ്ണൂര്‍ കുടിയാന്മലയില്‍ കുഞ്ഞിച്ഛയിക്ക് വേണ്ടി രക്ത സാക്ഷി മണ്ഡപം ഉണ്ട്..അച്ഛയെ പോലെ തന്നെ അവിടം സന്ദര്‍ശിക്കാന്‍ എനിക്കും മനസ് വന്നിട്ടില്ല ഇത് വരെ )
ഇന്നത്തെ ചോരയൊഴുകുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്മ വരുന്നത് എന്നും ഇതാണ്.ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അച്ഛ കുഞ്ഞിഛ യുടെ ഒരു ഡയറി (അതില്‍ കുറച്ചു ചിത്ര ങ്ങളും എഴുത്ത് കുത്തുകളും മാത്രമേ ഉള്ളു എങ്കിലും ) ഒരു മകനെ എന്ന പോലെ സൂക്ഷിക്കുന്നുണ്ട്..'അവന്റെ അക്ഷരങ്ങള്‍' എന്ന ഹൃദയച്ചൂട് അദ്ദേഹത്തില്‍ നിന്നും ഒരിക്കലും വിട്ടകലില്ല !

late 1960 കളില്‍  മാര്‍ക്സിസം നക്സലേറ്റ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ട രായതിനോട് അനുബന്ധിച്ചാണ് അന്നുള്ള അരും  കൊലകളില്‍ പലതും നടന്നിട്ടുള്ളത്,എങ്കില്‍ പോലും അതില്‍ രാഷ്ട്രീയ ഗൂഡാലോചനകള്‍ ശ ക്തമായിത്തന്നെ നില നിന്നിരുന്നു എന്നു നമുക്ക് ഇപ്പോഴും നടക്കുന്ന അന്വേഷണങ്ങളുടെ കുത്തൊഴുക്കില്‍ക്കൂടി   കാണാം ! 

ഇവിടെ ഓരോരുത്തരും അരും കൊല ചെയ്യപ്പെട്ടു രക്തം വാര്‍ന്നു മരിച്ചു കിടക്കുമ്പോഴും അത് ചെയ്തവനും ചെയ്യിപ്പിക്കുന്നവനും വിജഗീഷുക്കളായി
കൈയുമുയര്‍ത്തി അണികളെ അഭിവാദ്യം ചെയ്തു രാജകൊട്ടാരത്തി ലെയ്ക്കെന്നപോലെ കോടതിയിലേയ്ക്ക് ആനയിക്കപ്പെടുമ്പോള്‍ എനിക്ക് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്നു..നിങ്ങള്ക്ക് നാണമില്ലേ ,അന്തസില്ലേ,അഭിമാനമില്ലേ അണികളെ? എന്തിനു ഈ രക്ത രക്ഷസ്സുകള്‍ക്ക് ജയ് വിളിക്കണം? നിങ്ങള്ക്ക് എന്താണ് പാരിതോഷികം കിട്ടുന്നത്?ലക്ഷങ്ങള്‍?കോടികള്‍?അതോ നേതാക്കന്മാരുടെ ഭീഷണിയോ?!

ന്യായപീഠത്തിനോടൊരു ചോദ്യം ?എന്തുകൊണ്ട് ഇത്രയും നീചവും വൃത്തികെട്ടതും മാപ്പര്‍ഹിക്കാതതുമായ പ്രവൃത്തി ചെയ്യുന്നവര്‍ക്ക് Capital punishment കൊടുക്കുന്നില്ല?ഇവിടെ എത്ര പേര്‍ യഥാര്‍ത്ഥ ശിക്ഷ അനുഭവിക്കുന്നുണ്ട്?സിങ്കപ്പൂര്‍,അറബ്  പോലുള്ള രാജ്യങ്ങളില്‍ നിയമം കര്‍ക്കശമായത് കൊണ്ട് അവിടെ നിന്നും നാം ഇത്തരം കൊലകള്‍ അതും കൂടെക്കൂടെ   കേള്‍ക്കാറില്ല. ഉണ്ടോ?!!

വരൂ സുഹൃത്തുക്കളെ നമുക്ക് ഒരു രാഷ്ട്രീയേതര രാഷ്ട്രം പടുത്തുയര്‍ത്താം! വോട്ടില്ലാത്ത,മത്സരമില്ലാത്ത ,രാഷ്ട്രത്തെ എന്നേയ്ക്കുമായി നശിപ്പിക്കുന്ന രാഷ്ട്രീയ കൊലവെറികള്‍ ഇല്ലാത്ത ഒരു പുതിയ ഭാരതം! വന്ദേ മാതരം !
 





Sunday, August 12, 2012

പരിണാമ സിദ്ധാന്തം


     
എന്താണ്   modern evolutionary synthesis?? നിങ്ങള്‍ ഞാന്‍ ഇതെന്താ genetics പറയുകയാണോ എന്ന് തെറ്റിദ്ധരിക്കേണ്ട..അല്ല! ഞാന്‍ എന്റെ കണ്മുന്‍പില്‍ എന്റെ തലമുറയില്‍ വന്നിരിക്കുന്ന പരിണാമം എന്താണ് എന്ന് നോക്കിക്കാണുകയാണ് !
 പച്ചയായി പറഞ്ഞാല്‍എന്റെ തലമുറ പരിണാമപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ ആണോ ?അതില് ഞാനുമുണ്ടോ ? എന്നൊരു ആത്മ പരിശോധന ..
പുതു തലമുറയ്ക്ക് എന്തിനോടും ഏതിനോടും പ്രതിരോധിക്കാനുള്ള ഒരു പ്രേരണ ഉണ്ട് അവര്‍ ആരെയും എന്തിനെയും ഹനിക്കും !അതൊരു തരത്തില്‍ പറഞ്ഞാല്‍ എന്റെ വാക്കുകളിലൂടെ ഇങ്ങനെ സംഗ്രഹിക്കാം :
വ്യക്തി ഹത്യ(നീയെന്റെ ആത്മാര്‍ത്ഥ   സുഹൃത്തോ പങ്കാളിയോ അല്ല എന്ന് തുറന്നടിക്കല്‍!)കുടുംബഹത്യ (കുടുംബത്തിലെ മുഴുവന്‍ ആളുകളെയും  സ്വന്തം പ്രവൃത്തിയാല്‍ വേദനിപ്പിക്കല്‍) സ്വയംഹത്യ(പണ്ടെപ്പോഴോ വികാരം മുളച്ചു തുടങ്ങിയ നേരത്ത്കുടുംബം,കുട്ടികള്‍,വീട് ,സ്നേഹം,മതം,വര്‍ണ്ണം,വര്‍ഗ്ഗംതുടങ്ങിയ വിചാര വികാരങ്ങളാല്‍ പ്രകമ്പനം കൊണ്ടിരുന്നവര്‍ വികാരങ്ങള്‍ മൂത്ത് വളര്‍ന്നപ്പോള്‍ മൃഗമായി ജീവിക്കുന്ന അവസ്ഥ ! അതായത്പൂര്‍ണ്ണ സ്വാതന്ത്ര്യം- തിന്നാന്‍,കുടിക്കാന്‍,രമിക്കാന്‍,ലഹരിയിലാകാന്‍  ,ആത്മരതി ചെയ്യാന്‍..ഉറങ്ങാന്‍,ഉണരാന്‍,ഓടിപ്പോകാന്‍.. ജീവിക്കാന്‍ കൊല്ലാന്‍,സ്വമേധയാ മരണത്തെ പുല്‍കാന്‍. അങ്ങനെ അങ്ങനെ ..!!അതിനായി അവര്‍ ഗൌതമ ബുദ്ധനെപ്പോലെ ആരും കാണാതെയോ ഒരു നിഷേധിയെപ്പോലെ എല്ലാരും കാണ്‍കെയോ വീടെന്ന മാളം ഉപേക്ഷിച്ചു നടന്നു പോകുന്നു ..വളരെ പതിയെ ഓരോ കാല്‍വെയ്പ്പുകളിലും ആനന്ദം അറിഞ്ഞുള്ള യാത്ര ! 

ഈ അവസ്ഥയില്‍ അവര്‍ക്ക് പേരും ഊരും ഉടുപ്പും വേണമെന്നില്ല .അവര്‍ ജിപ്സികളുടെത് പോലെ കാല ദേശാന്തരങ്ങളില്ലാതെ അലയുകയും പാട്ട് പാടുകയും നൃത്തം ചവിട്ടുകയും ലിംഗ ഭേദമില്ലാതെ ഒന്നായി നടക്കുകയും കുടിക്കുകയും കൂവുകയും ചെയ്തു !the eternal freedom from the soul!! അവര്‍  എക്കാലത്തെയും ഉന്മാദികളായി നമുക്ക് മുന്‍പിലുണ്ട് നിങ്ങള്‍ കാണുന്നില്ലേ ?ചിന്താശേഷിയുള്ള ഒരേ ഒരുമൃഗം മനുഷ്യനായത് കൊണ്ട് ഈ അവസ്ഥയില്‍ ആകൃഷ്ടരാകുന്നവര്‍ ഇന്ന് ഏറെ ആണ് ..(ഇന്നുള്ള തലമുറയില്‍ മാത്രമല്ല പണ്ടും കാണാം ഈ ഇറങ്ങിപ്പോക്ക് !)

പക്ഷെ ഒരു ജനവിഭാഗത്തിന് ഇതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാകാതെയുമുണ്ട് !അവര്‍ക്ക് ഈ മാനസികാവസ്ഥ ഒരിക്കലും ചിന്തനീയമല്ല !അവരതിനെ പുച്ഛത്തോടെ മാത്രമേ വീക്ഷിക്കു..നമ്മുടെ socio economic status symbols ആയി അറിയപ്പെടുന്ന നാടുവാഴികളും,മേലാളന്മാരും  ആണ് കൂടുതലായും ഈ ഗണത്തില്‍പ്പെടുന്നവര്‍.
പക്ഷെ അവര്‍ ചെയ്യുന്നത് എന്തെന്നറിയാമോ ?ആകാശം മുട്ടുന്ന മതിലുകള്‍ കെട്ടിപ്പൊക്കി അതിനു പുറത്തു super specialty security system വച്ചതിനു ശേഷം അകത്തിരുന്ന്  അവര്‍ക്ക് തോന്നുന്നതൊക്കെ ചെയ്യും !കുടിക്കും രസിക്കും ,കൊല്ലും ,കൊല്ലുവാനായി വേണ്ടതൊക്കെ ചെയ്യും !പുറത്തിറങ്ങുമ്പോള്‍ അവര്‍ വെളുവെളുത്ത വെള്ള ഉടയാടകളില്‍ പൊതിഞ്ഞ നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട പരിപാവനരായദേവകള്‍ ആയി നിലകൊള്ളും !!അവര്‍ പരസ്യമായി പട്ടിണി പാവങ്ങളുടെ ഉന്തിയ എല്ലുകള്‍ എണ്ണി നോക്കിക്കൊണ്ട്‌  അവരുടെ ദാരിദ്ര്യ രേഖയില്‍ ചുംബിച്ചു മൊഴിയും:

'ഈ രേഖകള്‍ ഞങ്ങള്‍ ഉന്മൂലനം ചെയ്യും അത് വഴി മോടിയാര്‍ന്ന സമത്വ  സുന്ദര രാഷ്ട്രം ഞാന്‍ വിഭാവനം ചെയ്യുന്നു !'

പിന്നീടു അടുത്ത നാടുവാഴി തിരഞ്ഞെടുപ്പ് വരുമ്പോഴേയ്ക്കും അത് സത്യമാകും ! പട്ടിണിപ്പാവം  ഒന്നുകില്‍ മരിച്ചിട്ടുണ്ടാകും അല്ലെങ്കില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകും !!സമത്വ സുന്ദര രാഷ്ട്രം !!
ഇവിടെ ഞാന്‍ ഉള്‍പ്പെടുന്ന അനേകം കലാകാരന്മാര്‍ ഉണ്ട് ,പക്ഷെ അവരെ ഒരേ വര്‍ഗ്ഗ ത്തി ലോ രൂപത്തിലോ ഭാവത്തിലോ പെടുത്തുക എളുപ്പമല്ല ..!
മൌലികമായി രക്തത്തില്‍ കലര്‍ന്ന കലയെ പല രൂപത്തില്‍ പുറത്തു വിടുന്നവരുണ്ട് ..അവരില്‍ ചിലര്‍,എനിക്ക് തോന്നുന്നു അവരാണ് പരിണാമ സിദ്ധാന്തം ഡാര്‍വിന്‍ കണ്ടെത്തിയതിന്റെ നേര്‍ വിപരീതം എന്ന് തെളിയിക്കുന്നവര്‍ ! അതായത് ഞാന്‍ ആദ്യം പറഞ്ഞത് പോലെ മനുഷ്യനില്‍ നിന്നും മൃഗത്തി ലെയ്ക്കുള്ള പരിണാമം !അവര്‍ ഹവ്വ യുടെ കൈയില്‍ നിന്ന് ആപ്പിള്‍ വാങ്ങി പാമ്പിനു തിരിച്ചു കൊടുക്കും എന്നിട്ട് പറയും :
മോനെ നിന്‍റെ  വേല കൈയിലിരിക്കട്ടെ ഇത് നീ തിന്നോ..ഞങ്ങള്‍ക്ക് നാണവും മാനവും ഒന്നും തിരിച്ചറി യണ്ട ഈ അവസ്ഥയില്‍ ഞങ്ങള്‍ പരമ സന്തുഷ്ടര്‍ ആണ് !
പിന്നീടവര്‍ ഭൂമിയുടെ മാതൃകയില്‍ വീട് പണിതു അതിനുള്ളിലിരുന്നു ഭൂമി പരന്നതാണെന്നു വരച്ചു ഫലിപ്പിക്കും .പാട്ടുപാടി അതുറപ്പിക്കും ,നൃത്തം ചെയ്തു അതിന്റെ ഉര്‍ജ്ജ തന്തുക്കളെ എല്ലാവരിലുമെത്തിക്കും.. അതിന്റെ ഉണര്‍വില്‍ അവര്‍ വലിക്കും കുടിക്കും അത്യുഗ്രന്‍ രതികളില്‍ ഏര്‍പ്പെട്ടു പൊട്ടിച്ചിരിക്കും ..!അവരെ തടയാന്‍ ആരുമില്ലെന്ന പൂര്‍ണ്ണ ബോധത്തോടെ അവരുടെ നഗ്നത പുറത്തു കാണിച്ചു ആനന്ദമടയും !ജീവിതത്തെ ഭൂമിയിലെന്നോ ആകാശത്തെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒരു നീളന്‍ തുണിക്കഷ്ണം പോലെ വലിച്ചി ഴ്യ്ക്കും !പെട്ടന്നുണ്ടായ ഒരു ഉള്‍വിളിയില്‍ അവരാ തുണിക്കഷ്ണത്തെ വെട്ടി വെടുപ്പാക്കി ആര് കണ്ടാലും കൊതിക്കുന്ന ശില്പ്പമാക്കും !അവര്‍ അത് ജീവനുള്ള  പൂച്ചയാണെന്നു പറഞ്ഞു ലോകം മുഴുവന്‍ ചുറ്റി നടന്നു അതിനെ കുട്ടിയും പട്ടിയുമാക്കി കാശുണ്ടാക്കി ജീവിക്കും !അതിനെ ചൊല്ലി മാധ്യമങ്ങളും അനുവാചകരും ഊറ്റം കൊള്ളും ! ഈ ദാര്‍ശനീകതയില്‍ ലോകം ഞെട്ടും പൊട്ടും വിങ്ങിക്കരയും, വിമര്‍ശിക്കും !ഭോഗിക്കാന്‍ കിട്ടുമോ എന്ന് രഹസ്യമായി ചോദിക്കും !ഇനിയും ചില കലാകാരന്മാര്‍ മരിച്ചു വീഴും വരെ കലയില്‍ ജീവിക്കും ..ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും കല!കല മാത്രം !അവര്‍ അമ്മയെ മറക്കും ഭാര്യയെ മറക്കും,ഭര്‍ത്താവിനെ മറക്കും,അച്ഛനെ മറക്കും ..കുഞ്ഞിനെ മറക്കും !അങ്ങനെ ശാശ്വതമായ ആ കലയില്‍ മരിച്ചു വീഴുന്ന മഹനീയ വ്യക്തികള്‍..അവര്‍ നാളേയ്ക്കു വേണ്ടി അവരുടെ മഹത്തായ കൃതികള്‍,ശില്പങ്ങള്‍,ചിത്രങ്ങള്‍,സംഗീതങ്ങള്‍,അങ്ങനെ എല്ലാം സംഭാവന  ചെയ്യും !പക്ഷെ അവിടെയും ആരുമറിയാതൊരു യശോദര ജനിച്ചു മരിക്കും..ചിലത് ത്യജിക്കാതെ മോക്ഷം കിട്ടുകയില്ലല്ലോ !

ഇന്നത്തെ തലമുറയ്ക്ക് ഇതിലൊരു പുതുമയുമില്ല പക്ഷെ മക്കളെ വളര്‍ത്തി വലുതാക്കാനായി ഓടി നടന്നു പകലന്തിയോളം ചോര വിയര്‍പ്പാക്കി നടു  തളര്‍ന്നു നില്‍ക്കുന്ന പാവപ്പെട്ട ആ പഴയ തലമുറയിലെ ചിലരുടെയെങ്കിലും ഉള്ളിന്റെ ഉള്ളില്‍ അവര്‍ കൊതിച്ച ഒരു പിടി സങ്കല്പങ്ങളുണ്ട്..അതില്‍  വീണു മരിക്കുന്ന ഇന്നത്തെ ഈയാം പാറ്റകളുണ്ട്.സ്വപങ്ങള്‍ മരിച്ചെങ്കിലും അവയുടെ ഓര്‍മ്മകള്‍ മണക്കുന്ന കാപട്യം വാരിപ്പൂശുന്ന പുഞ്ചി രികളുണ്ട്..
(ഈ കലയുടെ വെള്ളി വെളിച്ചം വീശുന്ന സൌരഭ്യത്തില്‍ കുളിച്ചു കണ്ണും പൂട്ടി നില്‍ക്കുന്നവരുമുണ്ട് !)

ഈ പരിണാമ സിദ്ധാന്തത്തില്‍ ഞാന്‍ മധ്യത്തിലാണ്‌ !എനിക്കീ രണ്ടു വശങ്ങളും കാണാനാകുന്നുണ്ട് അത് കൊണ്ട് തന്നെ modern evolutionary synthesis എന്നത് ഇനിയും എഴുതപ്പെടാനുള്ള എന്തോ ഒരു genealogical  കോഡ് ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.








Thursday, August 9, 2012

പ്രതിശീര്‍ഷ ലോമകം!

                                               

മാതൃഭൂമിയിലെ പ്രതിശീര്‍ഷ ഭോഗം എന്ന കഥ വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു വായന എന്നുമെന്നെ എത്ര മാത്രം ഉണര്‍ത്തിയിരുന്നു എന്ന് ! ഇപ്പോഴുള്ള എഴുത്തുകാര്‍ ചിലരെങ്കിലും എന്നെ ഇതെന്താണ് എഴുതിയിരിക്കുന്നത് എന്നു ചിന്തിപ്പിച്ചിട്ടുണ്ട് !അവരുടെ ഭാഷ ഇന്നത്തെ വേഷം പോലെ തന്നെ അവിടെയും ഇവിടെയും തൊങ്ങലുകളും ബട്ടണ്‍കളും കൂട്ടിതുന്നലുകളുമായി ആകെമൊത്തം നമ്മുടെ ചിന്തകള്‍ക്കും അപ്പുറം നിന്നുകൊണ്ട് നമ്മളെയോ അവരെ തന്നെയോ പരിഹസിച്ചു !

ഇവിടെ എഴുത്തുകാര്‍ എന്നത് ഒരു പ്രത്യേക ജന സമൂഹമായി പരിണമിക്കുകയും വായനക്കാര്‍ക്ക് സംവദിക്കാനാകാത്ത വിധം ഒരു പ്രത്യയശാസ്ത്രം അവരാല്‍ എഴുതപ്പെടുകയും ചെയ്യുന്നു ! അവര്‍ വായന എന്നതിനെ വെറുമൊരു ആസ്വാദനം അല്ലെങ്കില്‍ ചിന്ത അതുമല്ലെങ്കില്‍ ഭാവന എന്നതില്‍ നിന്നും മാറ്റി ഓരോതരം സമൂഹ വ്യവസ്ഥിതിആക്കി തീര്‍ക്കുന്നു ! ലളിതമായി പറഞ്ഞാല്‍ അവനവനില്‍ മാത്രം ഒരു ലോകം പണിയുകയും മറ്റുള്ളവരെഅതിന്റെ ഭാഗമാക്കി തീര്‍ത്തുകൊണ്ട് പുതിയ ഒരു സമൂഹത്തിന്റെ ഉല്പത്തിക്കു കാരണ ഭൂതന്മാര്‍ ആയി തീരുന്നു !

ഇവിടെ വായനക്കാര് എഴുത്തുകാരന്റെ കൂടെയല്ല പുറമേ മാറി നിന്ന് കൊണ്ട് എഴുത്തുകാരുടെ  കാഴ്ച്ചകളുടെ വെറും വായനക്കാര്‍ മാത്രമാകുന്നു ! എനിക്ക് തോന്നുന്നത് ഒരു നല്ല വായന എന്നും എഴുത്ത്കാരുടെ കൂടെ ഉള്ള യാത്ര ആണ് ..നമ്മള്‍ അവരുടെ മനസിന്റെ ഉടമകള്‍ ആവുകയാണ് അങ്ങനെആ വായന നമുക്ക് തരുന്ന സുഖം നല്ലതോ ചീത്തയോ എന്നുള്ളതല്ല അത് ഒരുഅനുഭവം ആണ് .അതിനു അതിന്റേതായ സ്വത്വം ഉണ്ട്.ഇന്നത്തെ പല വായനയിലും നമുക്ക് കിട്ടാതെ പോകുന്നത് ഈ അനുഭവമാണ് .

ഞാന്‍ ഓര്‍ക്കുന്നു ഉറങ്ങുന്ന സുന്ദരി എന്ന കുട്ടിക്കഥ വായിച്ചപ്പോള്‍ എനിക്ക് ഏഴു വയസ്സാണ്,പക്ഷെ ആ വായന തന്ന കാഴചകള്‍ എനിക്ക് എഴുപതു വയസായാലും തുടരും ! അതില്‍ നിന്നും എനിക്ക് കിട്ടിയ ഭാവനയുടെ നിറക്കൂട്ടുകള്‍ വേറൊരാള്‍ക്കും പകര്‍ത്തി തരാനാകാത്ത വിധം പൂര്‍ണമാണ് !!അത് പോലെ ഞാന്‍ മാര്‍കേസിന്റെ ഏകാന്തതയുടെ  നൂറു വര്‍ഷങ്ങള്‍ വായിക്കുന്നത് എന്റെ പതിനനന്ജി ലാണ്.എനിക്ക് പൂര്‍ണമായും ആ വായനയെ ഉള്‍ക്കൊള്ളാനായി എങ്കിലും ഇന്നെനിക്കു അതെ കൃതി വായിക്കുമ്പോള്‍ ഉള്ള അനുഭവം തീര്‍ത്തും വ്യത്യസ്ഥമാണ്! ഇന്നത്തെ എത്ര കൃതികള്‍ നമുക്ക് വീണ്ടുമിരുന്നു വായിക്കാനാകും ?എത്ര പേര്‍ നാളേയ്ക്കു ഓര്‍മിക്കപ്പെടും ?

ഇനിയും ,എഴുത്തുകള്‍ പല തരത്തിലും രീതിയിലും പല മനസുകളുമായി സംവദി ക്കുന്നുണ്ടാവാം അതില്‍ ഒരു മുട്ടത്തു വര്‍ക്കിയും ,കമലാ ദാസും,ബഷീറും ,ഒറാന്‍പാമുക്കും ,തസ്ലിമ നസ്രിനും ,പദ്മനാഭനും,പ്രിയ എ
എസും ,രവീന്ദ്രനും എന്നോട് സംവദിക്കുമ്പോള്‍ ഇനിയും ഞാനറിയാത്ത ഒരുപാട് ഹൃദയ സംവാദങ്ങള്‍ എനിക്ക് നഷ്ടമാകുന്നുമുണ്ടാകും !!ഇല്ലേ ??!

Saturday, July 28, 2012

പനിചൂടന്‍ വര്‍ത്തമാനം


എനിക്ക് പനിയാണ് ,ചുട്ടു പൊളളുന്ന പനി ! തലയ്ക്കുള്ളില്‍ തീക്കാറ്റിരംബുന്നു ..മൂക്കില്‍ നിന്നും അത് പുറത്തേയ്ക്ക് പ്രവഹിക്കുന്നു..കണ്ണുകള്‍ രണ്ടു തീ ഗോളങ്ങള്‍ പോലെ ..നാവിലെ രസ മുകുളങ്ങള്‍ ചൂട് തട്ടി കരിഞ്ഞു പോയോ?ഒരു രസങ്ങളും തിരിച്ചറിയാനില്ല !പല്ലുകള്‍ക്ക് പകരം മുപ്പത്തിരണ്ട് വേദനകള്‍..! ശരീരത്തില്‍ ഒരന്‍പതു കിലോ അധികം വച്ചത് പോലെ ഞാന്‍ അതും താങ്ങി നടക്കുന്നു..!ഇന്ജോടിഞ്ചു വേദന മാത്രം! ഇത് പനി തന്നെയോ?

പണ്ട് അമ്മ വച്ച് തന്ന ചൂടുള്ള കുത്തരികഞ്ഞിയുടെയും  ചുട്ട പപ്പടത്തിന്റെയും മണമുള്ള ചൂട് മാത്രം പുറത്തേയ്ക്ക് വരുന്ന പനിയെവിടെപ്പോയി!?എനിക്കാ പനി  ഇഷ്ടമായിരുന്നു..അച്ഛയുടെയും അമ്മയുടെയും സ്നേഹത്തില്‍ പൊതിഞ്ഞ പനി ..ഇടയ്ക്കിടയ്ക്ക് അവരുടെ തണ് തണുത്ത കൈത്തലങ്ങള്‍ നെറ്റിയെ പൊതിഞ്ഞിരിക്കും ..ആവലാതിയോടെ അമ്മ പറയും:
പൊള്ളുന്ന പനിയാ ഇനി വച്ചുകൊണ്ടിരിക്കേണ്ട വേഗന്നു പുറപ്പെടാം..അഡ്മിറ്റ്‌ ചെയ്യുമോ ആശുപത്രിയില്‍ ?ഞാന്‍ ഫ്ലാസ്ക് എല്ലാം എടുത്തു വയ്ക്കട്ടെ..

പക്ഷെ അതൊരു കൊച്ചു പനിയായിരിക്കും,ഒരു ചിരിയോടെ അച്ഛ അടുത്തിരുന്ന് എന്നെ ആശ്വസിപ്പി ക്കും  :

ഒന്നുമില്ല അച്ഛയില്ലേ അടുത്ത്..എന്‍റെ മോന്‍ എന്തിനാ പേടിക്കുന്നത്?എന്തേലും തീരെ വയ്യാന്നു വച്ചാല്‍ അച്ഛ പറന്നു പോയി ഡോക്ടറെ കൊണ്ട് വരില്ലേ..ഉറങ്ങിക്കൊള്ളൂ ..

ആ പനിയില്‍ ഒരു തരം ഉന്മാദം ഉണ്ടായിരുന്നു..സ്കൂളില്‍ പോകേണ്ട..പഠിക്കേണ്ട..ഭക്ഷണം കഴിക്കു എന്നുള്ള ശകാരമില്ല..സ്നേഹം മാത്രം!

ഇന്ന് പനി എന്നത് ഒരു തരം  ശക്തമായ മാനസിക പിരിമുറുക്കമാണ്. വേദനയാണ് ..ഒരുപാട് ജോലികള്‍ക്കിടയിലെ അസ്വാരസ്യമാണ്‌ !അത് മറ്റുള്ളവര്‍ക്ക് വെറുപ്പുണ്ടാക്കുന്ന അസ്വസ്ഥത പടര്‍ത്തുന്ന പാപമാണ്!
എവിടേലും കിടന്നുറങ്ങി തീര്‍ക്കാമെന്ന് വെറുതെ വ്യാമോഹിക്കുന്ന ഒരു മരീചിക മാത്രമാണ് ഒരമ്മയുടെ,ഭാര്യയുടെ പനി ! പനിയുടെ വേദനകള്‍ ഉപേക്ഷിക്കാമെന്ന് ചിന്തി ക്കുന്നത് ഒരു പക്ഷെ അവളുടെ വെറും വ്യാമോഹം മാത്രമായിരിക്കാം..ആ അലക്ഷ്യ് ഭാവം നിങ്ങളുടെ തിരക്ക് പിടിച്ച ഭര്‍ത്താവിനെ ഭ്രാന്ത് പിടിപ്പിക്കുകയും അയാള്‍:

എന്തെങ്കിലുമൊന്നു ഉറപ്പിച്ചു പറയൂ ,നിനക്ക് വേറെ ഹോസ്പിറ്റലില്‍ പോകണമോ വേണ്ടയോ? കഴിക്കുന്ന മരുന്നില്‍ ഒന്നുകില്‍ വിശ്വസിക്കണം അല്ലെങ്കില്‍ വേറെ ഡോക്ടറെ കാണണം എന്ന് പറയണം ..ഒരു തരം എങ്ങുമില്ലാത്ത കളി കളിക്കരുത്..
എന്ന് അവളെ ആ നിമിഷം ആരുമില്ലാത്തവളാക്കി ഒറ്റപ്പെടുത്തുകയും ചെയ്യും !! നിങ്ങള്‍ അന്തം വിട്ടു മറുപടിക്കൊരുങ്ങുമ്പോള്‍ അയാള്‍ നിങ്ങളോട് കൂടുതല്‍ സംസാരിച്ചു വഷളാക്കരുതെന്ന് പല്ല് ഇറുംമും !
 അല്ലെങ്കില്‍ അയ്യാള്‍ നിങ്ങള്ക്ക് വേണ്ടി ചെയ്യാത്ത ജോലികള്‍ (കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കല്‍,പാത്രം കഴുകല്‍,അവളെ ഉറക്കല്‍,ആന കളിപ്പിക്കല്‍,നാപി മാറ്റല്‍..ഭക്ഷണം ഉണ്ടാക്കല്‍? തുടങ്ങി..എണ്ണിയാല്‍  ഒടുങ്ങാത്തവ ?) ചെയ്തു സ്വയം ഹത്യ ചെയ്യും! അതുമല്ലെങ്കില്‍ എല്ലാവരുടെയും സ്വകാര്യ മോഹം പോലെ നിങ്ങള്‍ക്കടുത്തിരുന്നു നിങ്ങളോട് പറയും :

നീ എന്നോട് എന്താണ് വിഷമമെന്നു പറയു ഞാനില്ലേ ഇവിടെ..എനിക്ക് എത്ര തിരക്കാണെങ്കിലും ഞാനിവിടെത്തും  in the right moment ..
അതൊരുതരം നടക്കാത്ത മിഥ്യ ആണെങ്കില്‍ പോലും നിങ്ങളുടെ അസുഖം മാറും.ഒരു പക്ഷെ ഒരച്ഛനു മാത്രം പറ്റുന്ന മാജിക്‌ ആണോ അത്?അല്ല അത് ശരിയല്ല..അത് നിങ്ങളും ചെയ്യുന്നുണ്ട് ഇല്ലേ?!!

ഇവിടെ ഞാന്‍ വീണ്ടും ഉന്മാദിനി  ആകുന്നു..പക്ഷെ എന്റെ പനിയുടെ മൂര്‍ദ്ധന്യത്തില്‍ ഞാന്‍ കൂടുതല്‍ ഉന്മാദത്തിനായി മരുന്നുകളെയും ഡോക്ടര്‍മാരെയും വേണ്ടെന്നു വയ്ക്കുന്നു ! ഹാ പനികാറ്റ് !




Thursday, June 14, 2012

തിളയ്ക്കുന്ന കടല്‍!



എന്‍റെ ഗര്‍ഭപാത്രത്തിലെ ജീവന്‍!
എന്‍റെ കുഞ്ഞ്.. !
നിനക്ക് ഞാന്‍ ലോകത്തിന്‍റെ ചലനം
കാണിച്ചു തരാം!
വരൂ നിന്റെ കുഞ്ഞിക്കണ്ണ്‍ തുറന്നു
നീ വര്‍ണ്ണ വൈരുദ്ധ്യം കാണു ..
കണ്ടാല്‍ നീ പിറക്കാതിരിക്കരുത് !

എനിക്ക് ചോര കണ്ടാല്‍ പേടിയെന്നു
നിനക്ക് പറയാനാകില്ല !
നീ എന്റെ ചോരയിലല്ലേ കിടപ്പൂ !
പക്ഷെ ,
ഞാന്‍ എന്‍റെ അമ്മയെ വേര്‍പെട്ടുപോയല്ലോ !
എനിക്ക് കരയാം,പക്ഷേ നീയെന്നില്‍!

ഞാന്‍ നിന്നെ ഈ വഴി നടത്താം
പിന്നീടു നിനക്ക് വഴി തെറ്റരുതല്ലോ ..!
അത് പൂക്കളല്ല ഉണ്ണി !
പൂക്കളുടെ മണം തേച്ച
പ്ലാസ്റ്റിക്‌ രൂപങ്ങള്‍ !
നിനക്കു മണക്കാന്‍ അമ്മ നട്ട
മുല്ലപ്പൂചെടി അവര്‍
എന്‍ഡോ സള്‍ഫാന്‍ അടിച്ചു
വെടിപ്പാക്കി നിര്‍ത്തിയിരിക്കുന്നു,
നമുക്കൊന്നിച്ച്‌ മണക്കാം..!

രണ്ടു വയസ്സാകുമ്പോള്‍ ..
നിന്നെ ഞാന്‍ കളരി
പഠിപ്പിക്കും!
തറ പറ എഴുതാനല്ല!
താണ്‌ ഉയര്‍ന്ന് വെട്ടാന്‍ !

നമുക്കു മുന്‍പില്‍ കറുകറുത്ത മൊട്ടക്കുന്നുകള്‍!
അതിനു മീതെ പച്ച തളിര്‍പ്പുകളല്ല !
പൊങ്ങി പറക്കുന്ന മണിയനീച്ചകള്‍ !!
നമ്മള്‍  അമേധ്യങ്ങള്‍
അന്യര്‍ക്ക് വിളമ്പുന്നോര്‍ !!

അവരുടെ യുറേനിയം വിഘടിച്ച
ചൂടില്‍ വേണോ,
എന്‍റെ കുഞ്ഞിന്നിന്നു 
ചൂടാറ്റുന്ന  വിശറികള്‍ !!?

അമ്മയ്ക്ക് നെഞ്ജിന്നുള്ളില്‍
ഒരു കടല്‍ തിളയ്ക്കുന്നു !
നിനക്ക്  പൊള്ളുന്നുവോ ??
അതോ നീ അറിയാതെയോ!
ഉണ്ണീ നീ പിറക്കാതിരിക്കുക ..
കൂടെ ഞാന്‍ ഉണരാതേയും !





Wednesday, December 28, 2011

ഓര്‍മത്തെറ്റ്

എനിക്ക് നിന്നെ ഓര്‍മ വരുന്നില്ല !
നീ ഓര്‍മയ്ക്കപ്പുറം !
മറന്നു എന്ന് പറയാന്‍ എനിക്ക് മടി
ഓര്‍മപ്പെടുത്താന്‍ നിനക്കും!
ഞാന്‍ മനസ്സില്‍ ചിക്കി ചികഞ്ഞു
നിനക്ക് രൂപം മാത്രം !
പേരില്ല വയസ്സില്ല !
മറവി എന്താണെന്ന് എനിക്കിനിയും
മനസിലാകാത്തത് പോലെ..
ഓര്‍മ്മകള്‍ സൂക്ഷിച്ചു വയ്ക്കാന്‍
ഒരു പുസ്തകം വേണം !
ഞാന്‍ അതും മറന്നു !
സൂചി കൊണ്ട് കോര്‍ത്ത്‌ ഞാന്‍
എന്നെയും അതില്‍ സൂക്ഷിയ്ക്കാം
മറന്നു പോയാലോ!

Friday, June 4, 2010

കുളമുറങ്ങിയ കഥ!


എന്‍റെ ഉറക്കം ഞാന്‍ പറത്തി വിട്ടു..!
ഒരു സൂചിത്തുംബി യുടെ വാലില്‍ക്കെട്ടി
ഞാനവനെ മേയാന്‍ വിട്ടു!
കറങ്ങുന്ന കണ്ണുകള്‍കൊണ്ട് ഞാന്‍
സ്വപ്നം കാണാന്‍ പഠിച്ചു!
ഉണര്ന്നുവരാന്‍ അറിവില്ലാത്തതുകൊണ്ട്
എന്‍റെ കൂട്ടുകാരന്‍ ഉറങ്ങിക്കൊണ്ടേയിരുന്നു..
സൂചിത്തുംബി വാലുകുടഞ്ഞ്
എന്‍റെ ഉറക്കത്തെ വലിച്ചെറിഞ്ഞു..
ഉറക്കം അമ്പലക്കുളത്തിലെ
ആമ്പല്‍ തണ്ട് പോലേ
കുളത്തിന്റെ അടിത്തട്ടുതേടി
യാത്രയായി..
എന്തൊരു തണുപ്പ്..!
എനിക്കുണരാന്‍ തോന്നുന്നു..
ഉറക്കം കുളത്തിനോട്‌ സ്വകാര്യം പറഞ്ഞു!
നിനക്കതിനാവില്ല നീ എന്നേയ്ക്കുമായി
ഉറങ്ങിയവന്‍..നീ ഉറക്കം!
എങ്കില്‍ നിന്നെ ഞാനുറക്കും..
ഉറങ്ങുറങ്ങു..
കുഞ്ഞലകളിലാടിയാടി കുളമുറങ്ങി..!
കുളത്തിന്റെ ആഴം കണ്ട്
ഉറക്കം പൊട്ടിച്ചിരിച്ചു!
നീലാംബലിന്‍ ചോട്ടില്‍
ഉറക്കം വീട് വച്ചു..!
കുളമുറങ്ങിയുറങ്ങി..ജലം പച്ചയായി..
പച്ചയില്‍ ജീവന്‍ തുടിച്ചു!
പുതുമഴയില്‍ ജലം പൊങ്ങി
പച്ചകള്‍ ഒഴുകിപ്പോയി!
ഉറക്കം ആമ്പല്‍ തളിരില്‍
സ്വയം ബന്ധിതനായി..
എന്‍റെ ഉറക്കത്തെ തിരിച്ചു കിട്ടാനാണ്‌
ഞാന്‍ ആമ്പല്‍ കുളത്തിലിറങ്ങിയത്..
ഇനിയൊന്നുറങ്ങട്ടെ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...