Monday, August 3, 2015

ഉൾപ്പിടച്ചിലുകൾ

കൂട്ടുകാരാ ,
നിരാലംബമായൊരു വസന്തകാലത്തു നിന്നുമാണ് 
ഞാൻ നിന്നിലേയ്ക്കു പടർന്നു വളർന്നത്‌ !
അവിടപ്പോൾ ഓക്കുമരങ്ങൾ പൂക്കുന്നില്ലായിരുന്നു
വരണ്ടുണങ്ങിയ മണ്ണിലേയ്ക്കു വീഴാൻ
കാത്തിരിക്കുന്ന എന്റെ തന്നെ
ഉടലിലെ ഒറ്റപ്പൂവ് മാത്രം ബാക്കി !

ഋതുക്കൾ കൊഴിയുംതോറും ഉണങ്ങാൻ
വെമ്പുന്ന എന്റെ ഉടലിലെ പച്ചകൾ
ഒന്നിനുവേണ്ടിയും ആർത്തലയ്ക്കുന്നതെയില്ലായിരുന്നു !
ഒരുതാങ്ങു കിട്ടിയാൽ വീഴാതിരിക്കാം
എന്നൊരാർദ്രമായൊരാന്തലിൽ
ഏങ്ങി നില്ക്കുന്നൊരു വള്ളിച്ചെടി !

ഞാനോ നീയോ പരസ്പരം ക്ഷണിച്ചതേയില്ല !
പക്ഷെ ,
നിമിത്തങ്ങളിൽ നമ്മൾ ഒന്നുചേരേണ്ടവർ
എങ്കിലും പറിച്ചു മാറ്റാനാകാത്ത എന്റെ വേരുകൾ
ഇപ്പോഴും ആഴ്ന്നു നില്ക്കുന്നത് ഞാൻ മുളച്ച
മണ്ണിലാണ് ..എന്റെ തായ് വേരുകൾ ഊർന്നു
കുടിക്കുന്നത് ഇപ്പോഴും ആതേ മുലപ്പാലു തന്നെ !
ആ ലവണങ്ങളിൽ നിന്നും ഊറ്റി ഉണർന്നതാണെന്റെ
പച്ച രക്തം !
ആമണ്ണിലേയ്ക്കിപ്പോൾ നീ കൂടി ആഴ്ന്നിറങ്ങുക !
പതിയെ വളരെപ്പതിയെ നിന്നിലേയ്ക്ക്
പുതിയ ധമനികൾ മുളപൊട്ടും !
അവയിലൂടെ അനുകമ്പയുടെ
സ്നേഹത്തിന്റെ സഹാനുഭൂതിയുടെ
ജലകണങ്ങൾ പരന്നൊഴുകും !
നിന്നിൽ പച്ച പൊട്ടി മുളച്ചു പൂത്തുലയും
അതിന്റെ പൂമണത്തിൽ
നിനക്ക് നിന്റെ ദാർഷ്ട്യം വെടിയാനാകും !
പകയുടെ പകരം വയ്ക്കലിന്റെ
കിട്ടിയാൽ മാത്രം തിരിച്ചു നല്കുന്നതിന്റെ
അർത്ഥശൂന്യതയിൽ നിന്നും നിനക്ക്
എന്നെയ്ക്കുമായൊരു മുക്തിയുദിക്കും !

പുതലിച്ചു പോകുന്ന ഉൾത്തടത്തിനെ
പൂത്തുലയാൻ വിടുകയാണെന്റെ കുരുന്നിലകൾ
മടുപ്പിന്റെ ശൂന്യ വഴികളിലേയ്ക്ക്
തിരികെപ്പോയി പച്ചകെട്ടുപോകാതിരിക്കാൻ
എവിടെയോ ഓടിമറയാൻ
കുതറുകയാണെന്റെ ഓരോ ഇലകളും !
കാണുന്നില്ലേ അവയുടെ പിടച്ചിലുകൾ !!? 

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...