Tuesday, August 25, 2015

വിശുദ്ധ കുർബാന കഴിഞ്ഞു വരുന്ന വിശ്വാസിയുടെ മുഖം പോലെ ശാന്തമായി വരുന്ന ഓണമാണ് എന്റെ ഓർമ്മകളെ എന്നും വിളിച്ചുണർത്താറുള്ളത് കാരണം ദേവർഗദ്ധയിലെ ഓണം ജാതിമതവിശ്വാസങ്ങൾക്ക് അതീതമായിരുന്നു എന്നും ..ഇന്നത്‌ മാറിയോ എന്ന് അറിയില്ല .കാരണം അകലങ്ങൾ മനുഷ്യരുടെ വിശ്വാസങ്ങളെയും മാറ്റിമറിക്കും കാരണം വല്ലപ്പോഴും വന്നുപോകുന്ന കാറ്റിനറിയില്ലല്ലോ എത്ര ഇലകൾ പൊഴിഞ്ഞുപൊയെന്നും അവിടെ എത്ര ഇലകൾ കിളിർത്തു വന്നെന്നും !ഓണവെയിലിൽ നിറയെ തുമ്പി പറക്കുന്ന പാടങ്ങൾ അവിടുണ്ടായിരുന്നു ..കറുത്തതും ചുമന്നതും വെട്ടിത്തിളങ്ങുന്ന പളുങ്ക് കണ്ണുകൾ നാലുപാടും ചലിപ്പിച്ചു ഞങ്ങളെ തൊട്ടേ തൊട്ടില്ല കളിക്കുന്ന ഒരായിരം നിറങ്ങൾ കൊണ്ട് മാനത്തു പാറിനടക്കുന്ന പൂക്കളങ്ങൾ അവർ തീർത്തിരുന്നു .ചൂടില്ലാത്ത ഇളവെയിലിൽ മുള്ളൻ വെള്ളരിക്കകൾ പൊട്ടിച്ചു തിന്നുകൊണ്ട്‌ ഞങ്ങൾ പൂപറിക്കാൻ അമ്പലക്കുന്നു വഴി പൂവത്തിന്റെ ചുവടുവഴി അലഞ്ഞു നടക്കും .കൊങ്ങിണി പൂവുകൾ പൊട്ടിച്ചു നിറയ്ക്കും .തൊട്ടാവാടിപൂ നിറയെ പറിച്ചു കൂട്ടും നീലനിറത്തിലുള്ള വയൽപ്പൂവുകളുടെ കെട്ടിലെയ്ക്കു നോക്കി അന്തം വിടും .നാറുന്ന തകരചെടിയുടെ മഞ്ഞപ്പൂവിനെ വേണോ വേണ്ടയോ എന്നമട്ടിൽ ഉപേക്ഷിക്കും ..കിണറ്റിൽ നിന്നും വെള്ളം കോരി കുടിച്ചു നെല്ലിക്കയും പെറുക്കി തിന്നു വീട്ടിലേയ്ക്ക് പോരും ..ഹാ ഓർമ്മകൾക്കെന്തു സുഗന്ധം ! ഓർക്കുവാൻ മാത്രമായിരിക്കും ഈ സുഗന്ധങ്ങൾ ഓർമ്മയുടെ വാതായനങ്ങൾ പൂട്ടി മുദ്രണം വയ്ക്കാതെ നിലനില്ക്കുന്നതല്ലേ !!

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...