ഫേസ് ബുക്ക് എനിക്ക് നല്കിയത് സ്വയം തിരിച്ചറിയാനുള്ള വലിയൊരിടം ആണ് .വിർച്ച്വൽ മീഡിയ എന്ന് പലരും പുച്ഛത്തോടെ പറയുമ്പോൾ ഞാൻ അതിനെ ഈ ലോകത്തിന്റെ പലകോണിലേയ്ക്കും പല കാഴ്ച്ചയിലെയ്ക്കും പല രൂപങ്ങളിലെയ്ക്കും അതിനെല്ലാമുപരി വച്ചുകെട്ടുകളില്ലാത്ത വിലപറ യലുകളില്ലാത്ത സ്വയം അവാച്യമായ ചില ആനന്ദങ്ങൾ തന്ന എന്റെ തന്നെ മുഖച്ഛായ ആയിട്ടാണ് കാണുന്നത് .ഫേസ് ബുക്ക് സ്വയം നിയന്ത്രിതമായ ഒരിടമായതിനാൽ അവിടെ വ്യക്തിയുടെ നിലപാടുകളാണ് നടപ്പിലാകുന്നത് .അനേകമനേകം കാണാവള്ളികളിൽ ഊഞ്ഞാലാടുന്ന കാക്കത്തൊള്ളായിരം ആളുകൾ !അവർക്കിടയിൽ ഒരുവള്ളിയിൽ പിടിവിടാതെ ഞാനും എന്റെ കസർത്തുകൾ കാണിക്കുന്നു .അതുകണ്ട് കൈകൊട്ടാനും പൊട്ടിച്ചിരിക്കാനും നന്ന് നന്നെന്നു പറയാനും താഴെനിന്നും മുകളിൽ നിന്നും വശങ്ങളിൽ നിന്നും അസഭ്യം കണ്ടെത്താനും പറയാനും ത്വരയോടെ വിമർശിക്കാനും അതിനായി ജനിച്ചവർ വേറെയും .വള്ളിപൊട്ടിയാൽ തീരുന്ന ഈ കസർത്തിൽ നിയന്ത്രിതമായ ചാലക ശക്തികൾ ഊർജ്ജം തരുന്നുണ്ട് .അവരുടെ ഊർജ്ജം ഒരുപരിധി വരെ നമ്മെ നിയന്ത്രിക്കുന്നും ഉണ്ട് .
എനിക്ക് എഴുത്തിൽ വേറെ ഒരു മാധ്യമവും തരാത്ത വിധം അനുവാചകരെ നല്കിയത് ഫേസ് ബുക്ക് തന്നെയാണ് .അതുകൊണ്ടുതന്നെ ആഗോള വലകളിലെ ക്ഷണപ്രഭാചഞ്ചലം ആണ് അതിൽ വരുന്ന എഴുത്തുകൾ എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല .എഴുത്തിൽ അല്ലെങ്കിൽ വായനയിൽ ഒരു വ്യക്തിക്ക് തരാൻ കഴിയുന്നതും നേടാൻ കഴിയുന്നതുമെല്ലാം മാധ്യമം ഏതാണെങ്കിലും അതിലൂടെ പുറത്തേയ്ക്ക് കൊടുക്കുന്നത് അല്ലെങ്കിൽ നേടുന്നത് തുല്യമല്ലാതാകുന്നതെങ്ങനെ ? പിന്നെ പ്രസാധകരുടെ കടുംപിടുത്തങ്ങളോ വായനക്കാരുടെ തിരഞ്ഞെടുപ്പുകളോ ഇല്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും വായന അല്ലെങ്കിൽ എഴുത്താകാം എന്നുള്ളതിൽ ചില നേരമ്പോക്കുകളും എന്നാൽ നന്മയും ഇല്ലാതില്ല .പിന്നെ എല്ലാ ചവറുകളും കൊണ്ടിടാനുള്ള ഇടം എന്ന് തരം താഴ്ത്തുവാൻ വരട്ടെ ,വായനക്കാർ പുസ്തകക്കടകളിൽ കയറിയാൽ എല്ലാ പുസ്തകങ്ങളും വാങ്ങുമോ ? അവരവർക്കുള്ള അഭിരുചിയ്ക്കിണങ്ങുന്നത് തിരഞ്ഞെടുക്കാനുള്ള അവസരം അവിടെയുള്ളതുപോലെ ഇവിടെയും ഉണ്ട് .എല്ലാ ചവറുകളും നാമെന്തിനു തലയിലേറ്റണം ?!വായന പോലെ തന്നെയാണ് ഫേസ് ബുക്കിലെ മറ്റെല്ലാ പ്രവർത്തനങ്ങളും .പ്രൊഫൈൽ തിരഞ്ഞെടുക്കുമ്പോൾ / സ്വീകരിക്കുമ്പോൾ ഉള്ള നിലപാടുകളുടെ അർത്ഥം തന്നെ നമ്മൾ ബഹുജനങ്ങളിൽ നിന്നും നമ്മുടെ ശൈലികളോട് അഭിരുചിയുള്ളവരെ തിരഞ്ഞെടുക്കുന്നു എന്നതുതന്നെ .പക്ഷെ ചൂഴ്ന്നിറങ്ങി ആരെയും കണ്ടുപിടിക്കാനോ സുഹൃത്താക്കി മാറ്റുവാനോ കഴിയുന്നതൊന്നും ഇന്നത്തെ തിരക്കുകളിൽ സാധ്യമല്ല തന്നെ .സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കാൻ എളുപ്പമല്ല അവർ ഉണ്ടായി വരേണ്ടവർ ആണെന്നുള്ളതാണ് സത്യവും ! എനിക്ക് തുറന്നെഴുത്തുകളുടെ വാതായനം തുറന്നതും ഫേസ് ബുക്കിലൂടെ ആണ് .പെണ്‍മൊഴികൾ പിൻമൊഴികൾ ആകാതെ ഗർജ്ജനങ്ങൾ ആകുന്നതും അതിൽ തൂങ്ങിക്കിടന്നു നീ പെണ്ണ് തന്നെ നിനക്ക് ഒന്നുമാകില്ല എന്ന് ആണ്‍മേല്ക്കോയ്മ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചവരെ നോക്കി ഒന്ന് പോടാ എന്ന് ചങ്കൂറ്റം കാണിച്ചതും ഇവിടെത്തന്നെ !
ഒന്നും തുറന്നു പറയാൻ പാടില്ലാത്ത ലജ്ജയായിരുന്നു ഒരു പരിധി വരെ സ്ത്രീകളെ ഭരിച്ചിരുന്നത് .എന്നാൽ ഇന്നത്തെ ഫേസ് ബുക്കിൽ നാം കാണുന്ന കാഴ്ച്ച തികച്ചും മാറിയതാണ് .പുരുഷനിർമ്മിതമായ സങ്കല്പ്പങ്ങൾക്കപ്പുറം നിന്നുകൊണ്ട് അവൾ തന്റെ അഭിവാഞ്ചയും അനുഭവങ്ങളും ചിന്തകളും തുറന്നു പറയുന്നു .അതിനു ലൈക്കുകളും കമന്റ് കളും കിട്ടുന്നുണ്ടോ എന്നതിൽ കാര്യമേതുമില്ല (വിലയേറിയ നിർദ്ദേശങ്ങൾ നൽകുന്നവർ ധാരാളമുണ്ട് എന്നതൊരു സത്യവുമാണ് )എങ്കിലും സ്വന്തം ചിന്തകളുടെയും ശരീരത്തിന്റെയും ശക്തിദൗർബല്യങ്ങളെ അവൾ എങ്ങനെ വിലയിരുത്തുന്നു എന്നത് അനുവാചകർക്കൊ കാഴ്ച്ചക്കാരനൊ അറിയാനാകുന്നു .ഇത് സത്യമോ അസത്യമോ ആകട്ടെ പെണ്ണെഴുത്ത് എന്ന് അതിനെ വിഭജിക്കാനും വരട്ടെ അതിനൊക്കെ അപ്പുറം നിയന്ത്രിച്ചു കൊണ്ടുനടന്നിരുന്ന ഒരു തുടൽ പൊട്ടിച്ചെറിയാനും നിയന്ത്രിത രേഖ കൈവെടിഞ്ഞു പുറത്തേയ്ക്ക് പോകുവാനും ഒരു സ്ത്രീ തയ്യാറാകുന്നതിന്റെ അല്ലെങ്കിൽ നിയന്ത്രിതാവ് സ്നേഹിതനാകുകയും നിയന്ത്രിത രേഖകൾ ഇല്ലാത്തൊരു ലോകം അവൾക്കു ചുറ്റും പൂത്തുലയുന്നതോ ആയിരിക്കാം നമുക്ക് കാണുവാൻ കഴിയുന്നത് !ഫേസ് ബൂക്കിലൂടെ ഞാൻ അധികം ഫെമിനിസം സംസാരിച്ചിട്ടില്ല .പക്ഷെ സ്ത്രീപക്ഷ നിലപാടുകളിൽ ഊന്നി തന്നെയാണ് എന്നും ഞാൻ മുന്നോട്ടു പോകുന്നതും .പക്ഷെ അതിലെ ഞാൻ എന്ന വ്യക്തിയ്ക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് .അധികാരശ്രേണികളില്‍ ,എതിര്‍ലിംഗങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ
പട്ടികയിലേയ്ക്ക് സ്ത്രീകള്‍ സ്വയം താഴേണ്ടതുണ്ടോ എന്ന വലിയൊരു ചോദ്യം
സ്ത്രീകള്‍ക്ക് സ്വയം ചോദിക്കാനാകും .കുട്ടിയെ കുളിപ്പിച്ച് ,തറതുടച്ച്
,ഭര്‍ത്താവിനു ഭക്ഷണം കാലാക്കി
,വസ്ത്രങ്ങള്‍ കഴുകിയുണക്കാനിട്ട് ,ഭക്ഷണം കുട്ടിക്ക് കൊടുത്ത് ,ടിഫിനുകള്‍
തയാറാക്കി ബാഗുകളില്‍ ഒതുക്കി ,ഒരുകപ്പ് കാപ്പിയും ഭക്ഷണവും കഴിച്ച്
,പാത്രം മോറി ,മേശയും തറയും ഒതുക്കി ,ബാഗെടുത്തു തോളിലിട്ടു ജോലിചെയ്തു
വന്നശേഷം എത്രപേര്‍ പറയുന്നുണ്ട് ഈ ഫെമിനിസം ?? യഥാര്‍ഥത്തില്‍ സ്ത്രീയുടെ
ഇസം ആണിന് ആകാമെങ്കില്‍ പെണ്ണിന് ആയാലെന്താ എന്ന
ഇസമല്ല ! അത് ഒരു അളവുകോലിലും ആര്‍ക്കും ഒതുക്കാന്‍ വയ്യാത്ത ധീരമായ ചില
നിലപാടുകളാണ് ,അവനവനു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്ന ധൈര്യവതിയായ
സ്നേഹമതിയായ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ പഠിപ്പിക്കാന്‍ പറ്റുന്ന ഇസം
!!ഒരാണിനും ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത വൈകാരിക കൂട്ടുകെട്ടിലൂടെ
പ്രകൃതിയുമായി ഇണയുമായി പുതുതലമുറയുമായി കൂട്ടിയിണക്കിയ ഇസം ! ഫെമിനിസം !
ഇവിടെ നമ്മള്‍ ഫെമിനിസം എന്നതിനെ തുലനാവസ്ഥയുടെ നൂല്‍രേഖകളില്‍ നിന്നും
മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു .പിടിച്ചെടുക്കാന്‍ യുദ്ധം
ചെയ്യുന്നതില്‍ നിന്നും മാറി സ്ത്രീയെ അവളുടെ സ്വത്വത്തില്‍ ഊന്നി
നിന്നുകൊണ്ട് സ്വയം വളര്‍ന്നു വലുതാകുന്ന പാകത നല്‍കുന്നു .ഒരു
യുദ്ധങ്ങളിലും കണ്ണീര്‍ വീഴാതിരുന്നിട്ടില്ല .കാരണം യുദ്ധങ്ങള്‍,
പടവെട്ടലുകള്‍ എല്ലാം എന്തൊക്കെയോ പിടിച്ചെടുക്കാനുള്ള തത്രപ്പെടലുകള്‍
മാത്രമാണ് .അതിലൂടെ നേടിയെടുക്കുന്നവ തിരിച്ചുകൊണ്ടുപോകുവാനുള്ള
പടക്കോപ്പുകള്‍ എപ്പോഴും പിന്നാമ്പുറങ്ങളില്‍ രാകി മൂര്‍ച്ച
കൂട്ടിക്കൊണ്ടിരിക്കും എതിര്‍ചേരികള്‍ !അപ്പോള്‍ തരം കിട്ടുമ്പോള്‍ വീണ്ടും
യുദ്ധമുന്നണി ഉണരും എന്നതുറപ്പ് .
സ്ത്രീകള്‍ ഒരു
പ്രസ്ഥാനമായി മുന്നേറുമ്പോഴും അവര്‍ക്ക് പുരുഷനെ ഭര്‍ത്താവായും അച്ഛനായും
സഹോദരനായും സഹപ്രവര്‍ത്തകനായും അയല്‍വാസിയായും അപരിചിതനായും കാണേണ്ടി വരും
.അവരില്ലാതെ അവര്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പടകൂട്ടാന്‍
വയ്യാതാകും .ചുരുക്കം സ്ത്രീകള്‍ പ്രകൃതിയുടെ ചില നിയമങ്ങളില്‍ നിന്നും
മാറിനിന്നുകൊണ്ട് സ്വയം ചൂണ്ടി എടുക്കുന്ന മീന്‍ പോലെയാകുന്നു
സ്വാതന്ത്ര്യം അവകാശം ഇതെല്ലാം .പ്രകൃതിക്കു ചില നിയമാവലികള്‍ ഉണ്ട്
മനുഷ്യന്‍ ഒഴിച്ചെല്ലാ ജീവജാലങ്ങളും പ്രകൃത്യാ അതില്‍ സഞ്ചരിക്കുന്നവര്‍
ആണ് .സ്നേഹിക്കുക കാമിക്കുക അടുത്തതലമുറയ്ക്ക് ജന്മം നല്‍കുക അവയെ
പരിപാലിച്ച് സ്വയം പര്യാപ്തരാക്കുക എന്നത് ചാക്രിക ചലനമാണ്.അതിലൂടെ അവര്‍
നേടിയെടുക്കുന്ന പരസ്പര സ്വാതന്ത്ര്യം അനിര്‍വ്വചനീയമാണ് !അതിനെയാണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം സമത്വം എന്നും പറയുന്നത് .ഇവിടെ പുരുഷന്‍ അതിനെ
ഹനിക്കുന്നു എന്നതും സ്ത്രീകളെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ
ഗണത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്നു എന്നതും ഒട്ടൊക്കെ സത്യം എന്നിരിക്കെ
ഒരു പ്രസ്ഥാനത്തിലേയ്ക്ക് എടുത്തുചാടി ഓടിപ്പോയി വാങ്ങേണ്ടുന്ന
സ്വാതന്ത്ര്യം ,അവകാശം ,നിയമം ,സുരക്ഷ ,സംരക്ഷണം എന്നതില്‍ ഒക്കെ ഇപ്പറഞ്ഞ
പ്രകൃതിയില്‍ നിന്നും അകന്നു മാറുന്ന ഒരു ഘടകം നിലനില്‍ക്കുന്നുണ്ട് .അവിടെ
കുടുംബം എന്ന സങ്കല്പം മാറുകയും സ്വയം എന്ന എന്ന ചങ്കൂറ്റം കടന്നു
കയറുകയും ചെയ്യുന്നു .അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് കടന്നു വന്നത്
ഒരു തീപ്പൊരി തന്നെയായിരുന്നു .അത് അന്ന് ആളിക്കത്തിച്ചത് അനേകം വേദന
തിന്നുന്ന മനസ്സുകളെയും ശരീരങ്ങളെയും ആയിരുന്നിരിക്കണം .അവര്‍ അങ്ങനെയാണ്
പ്രസ്ഥാനം ആകുന്നത് .വനിതാപ്രസ്ഥാനങ്ങളില്‍ വര്‍ഗ്ഗം ലിംഗം ,ജാതി ,മതം
,വര്‍ണ്ണം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ കാണാന്‍ വഴിയില്ല കാരണം അവിടെ
വേദനകളെ ലഘൂകരിക്കുക എന്ന ഏറ്റവും അടിസ്ഥാനമായ ആവശ്യമാണ് നിലനില്‍ക്കാന്‍
വഴി .കുടുംബം എന്ന വ്യവസ്ഥിതിയെ അവിടെ രണ്ടാം സ്ഥാനത്തെയ്ക്കെ
പരിഗണിക്കുവാനും സാധിക്കൂ .കാരണം കുടുംബത്തില്‍ പുരുഷന്‍ ഇല്ലാതെ സ്ത്രീ
പൂര്‍ണ്ണ അല്ല എന്നത് തന്നെ .
ഓരോ ദിവസവും രക്തം
വെള്ളമാക്കി പണിയെടുത്തു കുടുംബത്തെ പോറ്റുന്ന ഓരോ സ്ത്രീയ്ക്കും ഒരുപക്ഷെ
കുടുംബം എന്നാല്‍ പുരുഷന്‍ ആകണമെന്നില്ല കാരണം ദൈനംദിന ചിലവുകളുടെ പങ്കു
വഹിക്കാതെ വീട്ടില്‍ ചടഞ്ഞുകൂടുന്ന പുരുഷന്‍ ഒരിക്കലും പ്രകൃതിയുടെ
നിയമത്തിനു വിധേയന്‍ അല്ല എന്നത് തന്നെ .ഫെമിനിസം സമത്വത്തിനായുള്ള
പോരാട്ടത്തില്‍ അധിഷ്ഠിതമാകുന്നതിനെ ഇവിടെ വെല്ലുവിളിക്കുന്നതും ഇത്തരം
സാഹചര്യങ്ങള്‍ ആണ് .പുരുഷനോട് ഇവിടെ എങ്ങനെ സമം ആകാന്‍ കഴിയും .എത്രയോ
വീടുകളില്‍ പുരുഷന്‍ വാലാട്ടികളായി സ്ത്രീകളുടെ ചെരുപ്പിന്‍ കീഴില്‍
ഒളിക്കുന്നുണ്ട് !അവിടെ പുരുഷന്മാര്‍ തുല്യാവകാശം കിട്ടാന്‍
കേഴുന്നുണ്ടാകും .അപ്പോള്‍ യുദ്ധം സ്വയം നിഴലിനോടെന്നവണ്ണം മാറിപ്പോകുന്നു
.വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും അനുസരിച്ച്ഫെമിനിസം
കാഴ്ച്ചപ്പാടുകള്‍ മാറ്റുമ്പോള്‍ ഒരുപക്ഷെ അതില്‍ രൂഡമൂലമായ അടിസ്ഥാന
ആശയവും അതായത് സമത്വത്തിനായുള്ള പോരാട്ടവും മാറിമറിയുന്നില്ലേ?
അടിസ്ഥാനപരമായി ഒരു അളവുകോല്‍ നല്‍കുക വഴി അത് മുഴുവന്‍ പ്രകൃതി
സ്വാതന്ത്ര്യത്തെയുമാണ് വെല്ലുവിളിക്കുന്നത് .വീണ്ടും സ്ത്രീകള്‍ നമുക്ക്
വേണ്ടുന്ന സ്വാതന്ത്ര്യം എന്നത് സ്നേഹത്തില്‍ പരസ്പരാശ്രയത്തില്‍ വേണ്ടുന്ന
ഒന്നല്ല പകരം 'എനിക്ക് വേണ്ടുന്ന ഒന്ന്‍ ' എന്നതിലേയ്ക്കാണ്
ചലിക്കുന്നതെന്ന് കാണാം .എന്തിനു പുരുഷനൊപ്പം എന്ന് പറയുന്നു ?സ്വയം
ആര്‍ജ്ജിക്കെണ്ടുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് വിലപറഞ്ഞു നേടെണ്ടുന്ന
ഒന്നല്ല .അതിനു 'പുരുഷനൊപ്പം 'എന്നൊരു അടയാളമിട്ടു അളന്നു തൂക്കെണ്ടുന്ന
ഒന്നുമല്ല .ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്ത് സംസാരിക്കണം എന്ത്
ചിന്തിക്കണം എങ്ങനെ ജോലിചെയ്യണംഎങ്ങനെ ജീവിക്കണം എന്നതൊക്കെ ഒരു
വ്യക്തിയില്‍ അധിഷ്ടിതമാണ് .അതുകൊണ്ടുതന്നെ പുരുഷനെന്നോ സ്ത്രീയെന്നോ
എന്നതിലല്ല വ്യക്തിയുടെ നിലപാടുകളില്‍ ആണ് ബഹുമാനം കൊടുക്കെണ്ടുന്നത്
.അയാള്‍ അല്ലെകില്‍ അവള്‍ സ്വയം തീരുമാനിക്കുന്നത് അവരവര്‍ക്കുള്ള
സ്വാതന്ത്രമാണ് .അത് കൊടുക്കുക എന്നത് പുരുഷന്റെ ധര്‍മ്മമല്ല. കാരണം ആരും
ആരുടേയും അടിമയോ നിയന്ത്രിതാവോ ആകുന്നില്ല .ആ നഗ്ന സത്യത്തെ കുരുന്നിലെ
മനസ്സില്‍ ഉറപ്പിച്ചു വളര്‍ത്തിക്കൊണ്ടു വരിക എന്ന ക്ലേശകരമായ
കാര്യത്തിലാണ് ഊന്നല്‍ കൊടുക്കെണ്ടുന്നത് . അതെ അത് ക്ലേശകരം തന്നെയാണ്
,നാം മാറ്റാന്‍ ശ്രമിക്കുന്നത് നമ്മുടെ ഇന്നലകളെ ആണ് .അത്
വളരെയെളുപ്പത്തില്‍ മാറ്റാവുന്ന ഒന്നല്ല .കാരണം ഇപ്പോഴും എപ്പോഴും ഒരു
നിയന്ത്രിദാവ് നമ്മുടെ ചുമലിനു മുകളില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും
.അവര്‍ എപ്പോഴും സ്ത്രീ അടിമപ്പെടേണ്ടവള്‍ ആണെന്ന് അരക്കിട്ടുറപ്പിക്കും .ഈ
അരക്കിനെ ആണ് നമ്മള്‍ തൂത്തെറിയേണ്ടത് .നീ പാത്രം കഴുകണം ,നീ
മുറ്റമടിക്കണം ,നീ ഭക്ഷണം പാകം ചെയ്യണം ,നീ വസ്ത്രം അലക്കണം എന്നിങ്ങനെ
സ്ത്രീകള്‍ക്ക് നേരെ വരച്ചിട്ടിരിക്കുന്ന സകല 'നീ ' കളെയും തിരുത്തി
'നിങ്ങള്‍' എന്നതിലെയ്ക്ക് ആണ്‍പെണ് വ്യത്യാസമില്ലാതെ വരുത്തിത്തീര്‍ക്കുക
തികച്ചും ക്ലേശകരമാണ് .ഒരുപക്ഷെ അത് പുരുഷന് സാധ്യമാകും പക്ഷെ സ്ത്രീകള്‍
തന്നെയാകും അതിന് ഒന്നാമതായി എതിര്‍ നില്‍ക്കുക ! 'എന്റെ മകനെക്കൊണ്ട് തുണി
കഴുകിക്കുകയോ !!കഞ്ഞി വയ്പ്പിക്കുകയോ!!തറ തുടപ്പിക്കുകയോ !!' അവരുടെ
വായുകള്‍ അതിശയം കൊണ്ട് രോക്ഷംകൊണ്ട് വെറുപ്പുകൊണ്ട് വിറയ്ക്കും .ശരിയല്ലേ
?? അപ്പോള്‍ പ്രസ്ഥാനങ്ങളെ അല്ല നിര്‍മ്മിക്കെണ്ടുന്നത് ! മനസ്സാക്ഷികളെ
ആണ് നിര്‍മ്മിക്കെണ്ടുന്നത് !
ഫേസ് ബുക്കിലെ ഞാൻ ഇതുപോലെ എണ്ണിയാൽ തീരാത്ത അനേകം ചിന്തകളുടെ ഊർജ്ജത്തിന്റെ എന്റെ തന്നെ വരമൊഴികൾ ആണ് .അവ എന്റെ ഇടവേളകളിൽ ചലിച്ചുകൊണ്ടെയിരിക്കുന്നു ഞാനായിത്തന്നെ !