കാലു പ്ലാസ്ടർ ഇട്ടു കഷ്ടപ്പെട്ട് ഒരുകാലിൽ കുത്തിപ്പിടിച്ചു നില്ക്കയാണ് ഡോക്ടറെക്കാണാൻ ഒരു പ്രൈവറ്റ് ആശുപത്രിയുടെ നാലുംകൂടിയ മുക്കിൽ .നേരെ മുൻപിൽ ഓപ്പറേഷൻ തീയേറ്ററും ലേബർ റൂമും അതിന്റെ എതിർഭാഗത്താണ് ഈ കാലും കൈയും നടുവും ഒടിഞ്ഞ മുറിഞ്ഞ ചതഞ്ഞ അവശരായ ജനവിഭാഗങ്ങൾ ദൈവത്തെയും പ്രതീക്ഷിച്ചു മുഷിഞ്ഞു നാശമായി ഇരിക്കുന്നത് ,നില്ക്കുന്നത് സ്ട്രെക്ച്ചരിൽ കിടക്കുന്നതും ! അവിടെയ്ക്ക്
ആദ്യം വലിയവയറും കൈയ്യിൽ കുത്തിയ ഗ്ലൂക്കോസ് കുപ്പിതാങ്ങിയും സ്ട്രെക്ച്ചരിൽ ഒരു ചെറിയ വേദന ഞങ്ങളെക്കടന്നു ഓപ്പറേഷൻ തീയേറ്ററിലെയ്ക്ക് മാഞ്ഞുപോയി .പിറകെ ഒരു ടാക്സി കാറിൽ
"ന്റെ റബ്ബേ ..അല്ള്ളാ " എന്ന അമർത്തിയ വിളി നെഞ്ചിൽ നിന്നും അലച്ചു പെയ്ത് ഒരുമ്മ ഓടി വന്നു ഓപ്പറേഷൻ തീയേറ്ററിന്റെ വാതിലിൽ തടഞ്ഞു നിന്നു .കൂടെ നന്നേ വെളുത്തു മെലിഞ്ഞു പതിനാറു വയസ്സ് തോന്നുന്ന ഒരു ചെറുപ്പക്കാരനും .അയാളുടെ മുഖം ആശങ്കയാൽ ചുമന്നിരുന്നു .നില്ക്കാനോ ഇരിക്കാനൊ വയ്യാത്തപോലെ അയാൾ എരിപൊരി കൊള്ളുന്നതും കണ്ടു .ഭർത്താവിന്റെ സകല ഭാവഭാവാദികളും അയാളിൽ ഉണ്ടെങ്കിലും അയാളുടെ നിഷ്കളങ്കത മുറ്റിയ കൊച്ചു മുഖം "പ്രായം പതിനാറ് " എന്നെന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു !
അവർക്കും പിന്നിൽ ഒരോട്ടോ വന്നു നിന്നു .അതിൽ നിന്നും ഒരു ജുവലറിക്കട ഒന്നാകെ ഇളകിവന്നു .തലയിലെ കിന്നരിയും ,വീതിയരപ്പട്ടയും ,കൈയ്യിലെ മുഴുവൻ ഭാഗങ്ങളും സ്വര്ണ്ണാന്ജിതമായി മിന്നി .നില്ക്കുകയോ ഇരിക്കുകയോ അല്ലാത്ത രീതിയിൽ സ്ട്രെക്ച്ചരിൽ ഇരുന്ന എന്നെ തട്ടിമറിച്ചിട്ട് അത്തറിന്റെ പരിമളം കാറ്റുപോലെ അവിടെവന്നു പറന്നു കളിച്ചു !അതിനും പിറകിൽ ഓട്ടോകളും ബൈക്കുകളും തലയിൽ തട്ടമിട്ടതും ബുർക്കയിട്ടതും മോല്ലാക്കമാരെന്നു തോന്നുന്ന താടിക്കാരും എല്ലാം ചറപറാ വന്നു നിറഞ്ഞു എല്ലാത്തിനും കൂടി പത്തുമിനുട്ടെ വേണ്ടിവന്നുള്ളൂ .ഒരുപട ആളുകൾ കരഞ്ഞും അടക്കം പറഞ്ഞും ചർച്ചചെയ്തും കുശുകുശുത്തും അവിടമാകെ പരന്നു !!
അവിടെ നിന്നാൽ ഗ്ലാസ് വാതിലിനപ്പുറം വിശാലമായ പാർക്കിംഗ് ഏരിയ കാണാൻ കഴിയും ,അതിലൂടെ വരുന്നവരെയും !അവസാനമായി ഒരു ലോറിയാണ് വന്നു നിന്നത് ! ഞങ്ങൾ അല്ല ഞാൻ നടുങ്ങി അതുമുഴുവൻ ജനങ്ങൾ ആണോ ?? ഇത് സാധാരണ പ്രസവം അല്ല എന്നുറപ്പ് ,ആ പെങ്കുട്ടിയ്ക്കെന്തു പറ്റിയതാവും .എല്ലാവരും കുലംങ്കഷമായ ചർച്ചയിലാണ് മിണ്ടാതെ നിശബ്ദം കരയുന്ന ഒരമ്മയെ മാത്രമേ ഞാൻ അവിടെക്കണ്ടുള്ളൂ ബാക്കിയെല്ലാവരും സംസാരത്തിലാണ് ചിലർ കരയുന്നതായി ഏങ്ങൽ അടിക്കുന്നു .പക്ഷെ എന്റെ ധാരണയെ തിരുത്തി ലോറിയിൽ നിന്നും ഒരു തൊണ്ണൂറു വയസ്സ് പറയുന്ന വല്യുമ്മയെ എടുത്തിറക്കി ഒരാൾ കൊണ്ടുവന്നു .അവർ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു .ഒരു പഞ്ഞിക്കെട്ടുപോലെ വെളുത്തു നേർത്ത രൂപമായ അവരെ അയാൾ നിലത്തു മൂലയ്ക്കിരുത്തി .
"നെനക്കെന്താ പ്രാന്തായാ അബീദെ ഓരെ ബലിച്ചിട്ടും ബരാൻ ?" ഒരാൾ ദേഷ്യപ്പെടുന്നു
"ഓര് നെലോളി കൂട്ടീക്കെണു ,ഓരിപ്പോ ചത്തുപോം അതീറ്റും മുന്നേ ഓളേം കുട്ട്യെം കാണണം ന്ന് "
"ഹം ..ബീട്ടി കുത്തീരിക്കാണ്ടേ പോന്നോളും എപ്പോം ബയസ്സു നൂറാവാനായി ,മനുസ്സ്നെ മെനക്കെടുത്താൻ ഞി ഞാ ചോമക്കണ്ടേന്ന് ?? അന്നേ പറഞ്ഞാ മതി ബലാലെ "
"ബാപ്പ മുണ്ടാണ്ടിരി ആളോള് നോക്കുന്നു "
"ആളോള്ക്കെന്താ ..എനക്കല്ലേ പാട് ??"
"സുബൈദാന്റെ ആരേലുമുണ്ടോ ? "
ഒരു നെർസ് തല വെളിയിലേയ്ക്കിട്ടതെ ഞെട്ടി .
"ദെന്താ പൂരപ്പറമ്പോ ?!!! എല്ലാവരും മാറിനിക്ക് സാറ് കാണേണ്ട ഈ ബഹളം .പെങ്കുട്ടിയ്ക്കൊരു കുഴപ്പോമില്ല പ്രസവം നടന്നു കഴിഞ്ഞു ,പോയെ പോയെ "
"സിസ്റ്ററെ കുട്ടി ?"
"ആ കുട്ടിയെ തരും എണ്ണയും സോപ്പും ക്ലോത്തും തന്നോളു "
"സിസ്റ്ററെ കുട്ടി എന്താ ?" വീണ്ടും പല ചോദ്യങ്ങൾ ഒരേ താളത്തിൽ പൊങ്ങി .
"ങും കുട്ടി പെണ്ണാ ,മൂന്ന് എണ്ണൂർ ഉണ്ട് .2 40 pm "
"ഓ ..."
എല്ലാവരുടെയും മുഖം ഒരേ തരത്തിൽ താളത്തിൽ ഭാവത്തിൽ കുനിഞ്ഞു ,രണ്ടു പേരുടെതോഴികെ .
"അല്ഹം ദുലിൽഹാ ,റബ്ബേ .."
ആയമ്മ കണ്ണ് തുടച്ചു ,ചിരിച്ചു .കൂടെ അതീവ സന്തോഷത്തോടെ ആ യുവാവും .
ആ അമ്മ അപ്പോൾ ചുറ്റുവട്ടവും നോക്കി .അപ്പോൾ മാത്രമാണവർ എല്ലാവരെയും നോക്കിയത് .എന്റെ കണ്ണിൽ കണ്ണുടക്കിയപ്പോൾ അവർ സൗഹൃദത്തോടെ ചിരിച്ചു .
"പേരക്കുട്ടി ഉണ്ടായി അല്ലെ ?" ഞാൻ ചോദിച്ചു .
"അതെ മോളെ ,ഓള്ക്ക് മാസം ഒന്ന് മുന്നെയാ .കുട്ടി മഷിയിറക്കി .അത് ബ്ലഡിൽ കലങ്ങീ ഓളെ ജീവൻ പോയീന്നും പറഞ്ഞ് ഫോണ് വന്നു .കൂട്ട നെലോളി ആയിരുന്നു പിന്നെ .ചത്താ ബന്നത് ഇങ്ങൊട്ടെയ്ക്കു ഞാൻ "
ഞാൻ അവരുടെ കൈയ്യിൽ പിടിച്ചു .അവർ കണ്ണുനീരിലൂടെ പുഞ്ചിരിച്ചു .
"സിസേരിയനാരുന്നു ,ഭാഗ്യം ഒരു കുഴപ്പോമില്ല എന്ന് പറഞ്ഞു "
"പെങ്കുട്ട്യാ മൂത്തതു രണ്ടും .അതോണ്ട് ആർക്കും ഇഷ്ടായില്യ .ഓളെ ഇനി എല്ലാരൂടി സങ്കടാക്കും .ഓൾക്ക് ആണിനെ പെറാൻ അറീല്ലെന്നു ഓന്റെ അമ്മ കഴിഞ്ഞെനു ചോയ്ച്ചതാ ,പാവം ന്റെ കുട്ടി .ബെറും പാവ്വാ ,പത്തൊമ്പത് വയസ്സേ ഉള്ളൂ മൂന്നു പെറ്റു .ഇനീം അബര് നിർത്താൻ സമ്മയിക്കില്ല "
അവർ കരഞ്ഞു കൊണ്ടേയിരുന്നു ..ഞാൻ ആ ചെറുപ്പക്കാരനെ നോക്കി കണ്ടതേയില്ല .അയാളുടെ രൂപവും അയാളിലെ ചിരിയിലെ സന്തോഷവും എന്നെ തെല്ല് അമ്പരപ്പിച്ചു അപ്പോൾ !ആ ഉമ്മച്ചി എഴുനേറ്റു പതിയെ മുറിയിലേയ്ക്ക് പോയി .
അല്ല ഞാൻ അമ്പരക്കുന്നത് പെണ്‍കുട്ടി എന്ന് കേട്ടപ്പോൾ എല്ലാവരും മുഖം തിരിച്ചതിൽ അല്ല .പെണ്ണിനെ പെറ്റ കുറ്റം പെണ്ണിനെ തനിയെ എല്പ്പിക്കുന്നതിലെ വിവരമില്ലായ്മയിൽ ആണ് !അതെ ആണ്‍കുട്ടി എന്ന് പറയുമ്പോൾ ഒട്ടുമിക്ക ആളുകളിലും അഭിമാനം തുടിച്ചു പൊങ്ങും .ഒന്നാകുമ്പോൾ അഭിമാനം ,രണ്ടാകുമ്പോൾ അഹങ്കാരം ഇനി മൂന്നുണ്ടായാലോ !! ഈശ്വരാ ആളുകളെ കാണുമ്പോൾ കണ്ണ് മുഴുവൻ തുറക്കില്ല !! പറഞ്ഞിട്ട് കാര്യമില്ല പ്രേമിക്കാൻ കേളിയാടാൻ പ്രസവിക്കാൻ മാത്രമേ ചിലർക്ക് (പലർക്കും )പെണ്ണ് വേണ്ടു പക്ഷെ പറയുന്ന കൂപമൻഡുകങ്ങൾക്ക് അറിയില്ല ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കപ്പെടുന്ന ക്രോമസോം സ്ഥിതി ചെയ്യുന്നത് പുരുഷ ബീജത്തിൽ ആണെന്ന് !രണ്ടിനം ബീജങ്ങൾ ആണ് പുരുഷ ശുക്ലത്തിൽ കാണുന്നത് .ഗൈനോസ്പേം എന്നും ആൻഡ്റോ സ്പേം എന്നുമിവ അറിയപ്പെടുന്നു .ശുക്ലത്തിൽ ആൻഡ്റോസ്പേം എന്ന ബീജം ഇല്ലാത്ത പുരുഷന് ആണ്‍കുട്ടി ജനിക്കില്ല നേരെ തിരിച്ചും (ഈ അറിവ് ഗൈനക്കൊളജി പുസ്തകത്തിൽ നിന്നുമുള്ളതാണ് എന്നറിയിക്കുന്നു ഞാൻ ഡോക്ടർ അല്ല എന്നെ കൊല്ലാൻ ആരും വരേണ്ട )
ഈ ലോകം നന്നാകില്ല .പരമേശ്വരാ ഭഗവാനെ എനിക്ക് പത്ത് പെങ്കുഞ്ഞുങ്ങളേക്കൂടി തരണേ ..എനിക്ക് നിങ്ങളെ ജീവനാണ് പെണ്മക്കളെ .ഉമ്മകൾ എല്ലാ കുഞ്ഞുങ്ങൾക്കും ആണിനും പെണ്ണിനും നപുംസകങ്ങൾക്കും !