Monday, February 13, 2017

അസൂയപ്പെടുത്തുന്ന ..
മൊഴികളില്ലാത്ത ..
ആ സ്നേഹം ഞാനുമായി പങ്കിട്ടെടുത്ത
എല്ലാവർക്കും ..


Sunday, February 12, 2017

പിരിഞ്ഞുപോകുന്ന പൂമ്പാറ്റകൾക്ക് !

കത്തിത്തീർന്നതാ  മുളങ്കാടുകൾക്കുമപ്പുറത്ത്
കരിഞ്ഞ അസ്ഥിപൂക്കൾ പോലവേ കിടക്കുന്നൂ
ചിതറികടന്നുപോം സന്ധ്യക്ക്‌ തൊട്ടിപ്പുറം
 ഇണചേരുവാനായി പറന്നങ്ങോട്ടെക്കെത്തി
 ഉരുമ്മിപ്പറക്കുമാ രണ്ടുപൂ പതംഗങ്ങൾ !

ഇരിക്കാനൊരു പച്ചപ്പുതപ്പുതേടീയവർ
 ഇളം തെന്നൽപോലെ പാറിപ്പോകുന്നിതാ
എത്രയോ ദൂരം തെന്നിനീങ്ങിയാ
 ഇണയുടെ ഗന്ധമൂറും മൃദുമേനിയിൽ 
തൊടുവാനായ് !
അകന്നുപോകുന്നല്ലോ ആഗ്രഹമത്
മാത്രം ,എങ്ങുപോയിരിക്കും പച്ചപ്പില്ലാ
മരുഭൂവിതിൽപ്പിന്നെ !

കരിഞ്ഞ പുല്ലിൻതുമ്പും
കൊഴിഞ്ഞ മരശാഖയും
വീണ്ടുപോയീടുന്നല്ലോ  മൺനുറുങ്ങുകൾ ചൂടിൽ
 പൂക്കളും മൃഗങ്ങളും ആനത്താരകളും
ചേർന്നാഘോഷമാടും  കാടാം വീടേതോ കാൺപതില്ല
പൂമ്പാറ്റകൾ ,നമ്മൾ
ജീവന്റെ വസന്തക്കൂടൊരുക്കും
ചിറകതിൽ  പൂക്കാലമൊരുക്കിയ
മണ്ണിന്റെ മാലാഖമാർ !


ഇത്തിരിത്തലപ്പത്തായ്  പച്ചനീർത്തൊരാ
ക്കൊമ്പിൽ അഗ്നിയെക്കടത്താതെ
 പൂത്തതിന്നല്ലോ നമ്മൾ !
മുഗ്ദാനുരാഗം വേണ്ടാ
കള്ളനാട്യംപേറാൻ മർത്യരല്ലല്ലോ നമ്മൾ
കാട്ടിൻ സ്വർണ്ണരേതസ്സാൽ
പൊട്ടിവിടർന്ന പൂമ്പാറ്റകൾ ..
പുഷ്പങ്ങൾ തേടീ ..
കാടിൻ പച്ചപ്പുമാത്രം തേടി ..
കാണ്മതീലല്ലോ പ്രിയേ കാടതുമാത്രം കണ്ണിൽ !
 ഒന്നിരിക്കാൻ ചേർന്നാ ജീവന്റെ തുടിപ്പേകാൻ
വീണുചാകാൻ പിന്നെ മണ്ണിനു വളമാകാൻ !


പിരിഞ്ഞു പോകുന്നല്ലോ വരണ്ട ചാരക്കാറ്റിൽ
പൊങ്ങിയ പടലത്തിൽ പെട്ടുപോകുന്നല്ലോ അവർ !
പച്ചമേനിയിലായ് മുദ്രകുത്തുന്നൂ കാടും
പട്ടുപോകുക നീയും ഞങ്ങളെപ്പോലെത്തന്നെ !
ചാരമാകുക മൃദുമോഹങ്ങൾ വെടിയുക
കാറ്റുപോലും മൂകമതുതന്നെ ചൊല്ലീ ..
പിരിഞ്ഞുപോകുന്നല്ലോ ഒരുകാറ്റിൻകരം
പലതായ്പ്പിരിച്ചൊരാ വഴികൾതോറുംപിന്നെ .. 


Monday, February 6, 2017

ഇന്നലെയായിരുന്നു  സംഭാഷണം ഞാനും മോളും തമ്മിൽ :
മോൾ : അമ്മേ ഈ ദൈവം എന്നാൽ എന്താ ?
ഞാൻ : ഉം ..ദൈവം എന്നുവച്ചാൽ പ്രകൃതി ..
മോൾ :  പ്രകൃതീന്നു വച്ചാ ..?
ഞാൻ: സൂര്യൻ,മരം ,മനുഷ്യൻ ..മൃഗങ്ങൾ ..എന്നിങ്ങനെ കാറ്റും മഴയും എല്ലാം !
മോൾ : നുണ ! അപ്പോൾ പിന്നെ 'അമ്മ വിളക്കു കൊളുത്തി പാർത്തിക്കുന്നതാരെയാ ?? ഗണേശനേം ദേവീയെം ,കൃഷ്നനേം ,ശിവനേം ??
ഞാൻ : അതോ ..നോക്ക് ഗണേശനെക്കണ്ടാൽ ആരെപ്പോലെയാ ?
മോൾ:  ആനപോലെ !
ഞാൻ:ദേവിയും കൃഷ്ണനും ?
 മോൾ: മനുഷന്മാര് ..
ഞാൻ:അപ്പോൾ ഞാൻ പറഞ്ഞത് ശരിയല്ലേ? പ്രകൃതിയെ അല്ലെ അമ്മ പ്രാർത്ഥിക്കുന്നത് ? ആനയെയും മനുഷ്യനെയും ??
 മോൾ: അയ്യേ പ്രകൃതീന്നുവച്ചാ മനുഷ്യനില്ല !മരം സൂര്യൻ കാറ്റ് ..ഇതൊക്കെവച്ചു പാർത്തിച്ചാ പോരെമ്മേ ??!
ഞാൻ തകർന്നു നുറുങ്ങിത്താഴെ !
ഉവ്വ് അതുമതി അതുതന്നെയാകണം പ്രാർത്ഥന എന്ന് ഞാനും ! സുല്ലിട്ടു മക്കളെ സുല്ല് ! എന്റെ ന്യു ജനറേഷൻ ഇങ്ങനെത്തന്നെ മുന്നോട്ടുപോണേ ന്റെ പ്രകൃതി മുത്തപ്പാ ! എങ്കിൽ നമ്മൾ രക്ഷപെട്ടു !

Tuesday, January 31, 2017

കവിതയോളം വലിയ രാഷ്ട്രീയമില്ല തന്നെ ! കൂടെനിൽക്കാൻ അണികൾ ഇല്ലെങ്കിൽ അരാഷ്ട്രീയം ..എടുത്തുപൊക്കാൻ ആളുകൾ കൂടുമ്പോൾ സുരാഷ്ട്രീയം .വളർന്നുപോയാൽ കുപ്പിയും വെള്ളവുമായി ഓടിക്കൂടുന്ന അരാജകരാഷ്ട്രീയം .തനിയെ നട്ടെല്ലുയർത്തിനിന്നാൽ അടിച്ചൊതുക്കുന്ന ആളെക്കൊല്ലിരാഷ്ട്രീയം .പോരാത്തതിന് പരദൂഷണം അപരദൂഷണം മൊത്തത്തിൽ രാഷ്ട്രീയ ദംശനം ! ഇതിലൊന്നും പെടാതെ നിൽക്കുന്ന ചില ലളിതവാക്‌സൂചികകൾ ഉണ്ട് .അത് ചാക്രികമായി കറങ്ങിക്കൊണ്ടിരുന്നു ചില നേരങ്ങളിൽ നിശ്ശബ്ദമാകും ! നിമിഷ സൂചികൾ ഇല്ലാതായിക്കഴിയുമ്പോഴായിരിക്കും അയാളുടെ  പന്ഥാവ് നിറയെ രത്നവും പവിഴവുമായി മലയാളദേവത നമ്മളെ മാടിവിളിക്കുന്നത് .നോക്കൂ എത്ര നല്ല രചനകൾ എന്ന് !

Monday, January 30, 2017

യാത്രികർ !

കണ്ടുവോ നീ നിശായാത്രികാ
ഞെട്ടറ്റു വീണ നിശാ-
പുഷ്പ ഗന്ധത്തിനപ്പുറം
വീണു കരയുന്ന പെണ്ണിനെ ?
ഗന്ധമില്ലെങ്കിലും ഗന്ധകമാക്കുവാൻ
കെൽപ്പുള്ള ചങ്കിലെ പൊട്ടിത്തെറികളെ ?
കാണാനഴകില്ല എങ്കിലും കീറിയ
പത്രത്തിനുള്ളിൽ തുടിക്കുന്ന ചങ്കിനെ ?
കൂട്ടുകാരാ എന്ന് കേണുകരയുവാൻ
കൂട്ടിനതാരുമേ കൂടാത്ത പെണ്ണിനെ ?

നിങ്ങളോ കേട്ടുവോ യാത്രികാ
തെണ്ടുവാൻ തേടിക്കരയുവാൻ
തള്ളുന്ന കുഞ്ഞിനെ ?
പൊള്ളിപ്പിടയുന്ന ചുണ്ടിൽ ഇറ്റിക്കുവാൻ
തുള്ളിപോലും മുല ഇല്ലാത്തൊരമ്മയെ ?
തൂക്കിയെടുത്തതാ പോകുന്നു രാവിന്റെ
കൂർത്ത നഖങ്ങളാൽ കീറിപ്പറിക്കുവാൻ
മാനുഷനാണോ അറിവീലതിൻമുഖം
കണ്ടാൽ മനുഷ്യന്റെ മാതിരി തന്നെടോ !

ശരിതന്നെ യാത്രികാ
തെണ്ടികൾ എന്നു വിളിക്കുന്നു
നീയുമീ ഞാനും മടിയാതെ
തെണ്ടിത്തുടങ്ങുവാൻ ഓങ്ങുന്ന ബാലനെ!
തെണ്ടാതെ കാക്കുവാൻ കെൽപ്പുണ്ടതെങ്കിലും
നമ്മുടേതല്ലവൻ ! പോട്ടെ പിച്ചക്കാരൻ ..
വീട്ടിലെത്തുമ്പോൾ പിടക്കുമോ നംകരൾ
കാണാതെയായി കുരുന്നിനെ ഒന്നിനെ !
പേർത്തു പേർത്തുച്ഛരിക്കില്ലേ  മനസ്സിനെ
കീറിമുറിച്ചു നാം പാഞ്ഞോടുമാവഴി !
തെണ്ടികൾ എന്നു വിളിക്കുന്നു
നീയുമീ ഞാനും മടിയാതെ
തെണ്ടിത്തുടങ്ങുവാൻ ഓങ്ങുന്ന ബാലനെ!

ഒന്നോർക്കുകിൽ നാം പറഞ്ഞെന്നാൽ
പതിരില്ല !പക്ഷെ പറഞ്ഞുകൊണ്ടിങ്ങനെ
നിന്നെന്നാൽ എന്ത് ഗുണം പിന്നെയെന്തു കാര്യം ?
നീ പോണവഴിയിൽ ഞാൻ കേണുകൂടാ
നിനക്കാവഴി പിന്നെനിക്കീവഴി
നമ്മളാ പാതിവഴിയിലെ പ്രാണികൾ തന്നെടോ
ചുമ്മാ ഇഴഞ്ഞും കുഴഞ്ഞും പരതിയും
മെല്ലവേ നീങ്ങുന്ന നിർഗുണ ബ്രഹ്മങ്ങൾ !




Sunday, January 29, 2017

വളരെ അപൂർവ്വമായി മാത്രം കാണുന്നവരാണ് ഞങ്ങൾ .പക്ഷെ ഇത്രയേറെ ഞാൻ ബഹുമാനിക്കുന്നവർ ചുരുക്കമാണ് .അത്രയേറെ കാര്യങ്ങൾ നമുക്കായി പ്രകൃതിക്കായി പറഞ്ഞുതരുന്നൊരു സ്നേഹമാണ് ഇക്ക(എൻ എ .നസീർ ) .എന്റെ ആദ്യബുക്ക് ആ കൈയ്യിൽ നിന്നുകൂടിയാണ് പ്രകാശിതമായത് .കൂടാതെ എന്റെ കടുംപച്ച വഴികളുടെ പുറംചട്ട അദ്ദേഹത്തിന്റെ ചിത്രമായിരുന്നു ..ഹരിതാഭയിൽ അദ്ദേഹം നടന്ന വഴികളിൽക്കൂടി നടക്കാൻ കൊതിച്ചുപോകുന്നവരാണ് പ്രകൃതിസ്നേഹികൾ എല്ലാം .ക്ഷണം സ്വീകരിച്ചു പോകണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നൊരു പ്രകാശനമാണ് വരുന്നത് .ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകുന്നേരം 5 മുപ്പതിന് പറ്റുന്നവർ എല്ലാം കൊച്ചി മറൈൻ ഡ്രൈവിൽ എത്തിച്ചേരുക .'കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും ', 'വ്രണം പൂത്ത ചന്തം' എന്നിങ്ങനെ രണ്ടു ബുക്കുകളാണ് മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്നത് .പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാമീപ്യവും സന്തോഷവും ഉണ്ടാകുന്ന ചടങ്ങിലേക്ക് എല്ലാവരും എത്തുമല്ലോ ? ആശംസകൾ സൗമ്യസാമീപ്യമേ , സ്നേഹാശംസകൾ പ്രിയ മിത്രമേ ..

Saturday, January 28, 2017

മഹാകവി ഇടശ്ശേരിയുടെ അനുസ്മരണവും പുരസ്‌കാര സമർപ്പണവും

മഹാകവി ഇടശ്ശേരിയുടെ അനുസ്മരണവും പുരസ്‌കാര സമർപ്പണവും കൂടെ മഹാകവി അക്കിത്തത്തെ ആദരിക്കുന്ന ചടങ്ങും പങ്കെടുക്കുവാനുള്ള ഭാഗ്യം ഡോക്ടർ വയലാ വാസുദേവൻപിള്ള ട്രസ്റ്റിന്റെ പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ മാത്രം കിട്ടിയ സൗഭാഗ്യമാണ് .ഒരെഴുത്തുകാരി എന്ന് പറയുവാൻ ഒന്നുമാകാത്ത എനിക്ക് മഹാകവി അക്കിത്തത്തിന്റെ കാൽ തൊട്ടുവന്ദിക്കുമ്പോൾ എന്തോ ശരീരത്തിലൂടെ ഒരു ഊർജ്ജപ്രവാഹം ഒഴുകും പോലെ തോന്നി .എത്ര പ്രൗഢഗംഭീരമായ എന്നാൽ ലളിതമായ ചടങ്ങായിരുന്നു അത് .പ്രൊഫസ്സർ കെ പി ശങ്കരൻ സാർ സംസാരിക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു അറിവിന്റെ അഗാധമായ ജ്ഞാനസ്ഥലികൾ ആ തലമുറയോടെ വംശനാശം സംഭവിക്കുമോ എന്ന് !! കാരണം നമ്മുടെ ഇന്നത്തെ സാഹിത്യചർച്ചകളിലും ചടങ്ങുകളിലും കാര്യമാത്ര പ്രസക്തങ്ങളായ സംഭാഷണങ്ങളേക്കാളുപരി (ഭാഷയുടെ സംശുദ്ധി കൂടിയാണ് പറയുന്നത് ) നമ്മുടെ ഉപരിപ്ലവമായ കാര്യങ്ങളുടെ നീർച്ചാലുകളിൽ പായലുകൾ പോലെ പൊങ്ങിക്കിടക്കുന്ന 'വർത്തമാനങ്ങൾ ' മാത്രമാണ് നടക്കുന്നത് .അത് തെറ്റാണെന്ന് വ്യാഖ്യാനിക്കുകയല്ല മറിച്ച് ഊന്നിപ്പറയുക തന്നെയാണ് .ഭാഷാപരമായ ഉയർച്ച ഉണ്ടാകണമെങ്കിൽ ഭാഷയുടെ മുഴുവൻ സത്തയെയും കാച്ചിക്കുറുക്കി കവിത എഴുതണമെന്നോ സംഭാഷണം നടത്തണമെന്നോ അല്ല ഞാൻ പറയുന്നത് .മറിച്ച് കേൾവിക്കാരനോ വായനക്കാരനോ ആകുന്നവരിൽ എന്തെങ്കിലും മൂല്യം അല്ലെങ്കിൽ അറിവ് പകരുക എന്നത് ഇനിയുള്ള അല്ലെങ്കിൽ ഇന്നുള്ള എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും അത്യന്താപേക്ഷിതമാണ് ഇല്ലെങ്കിൽ നാളെ നമുക്ക് എടുത്തുകാണിക്കാൻ മലയാളം തീരെയില്ലാത്ത പുതുതലമുറയുടെ ഭാഗിക മലയാള സാഹിത്യമേ ബാക്കിയുണ്ടാകൂ എന്നതിൽ എനിക്ക് സംശയമേതുമില്ല .

 ഡോ. കെ എം അനിൽ നടത്തിയ' ഇടശ്ശേരിയുടെ മനുഷ്യസങ്കല്പം ' എത്ര അർത്ഥവത്തായ സംഭാഷണമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു .കേവലമായ, അനാവശ്യമായ യാതൊരു ഉപമകളെയോ കളിയാക്കലുകളെയോ അപരനെ ആക്ഷേപിക്കുന്നതരമുള്ള യാതൊരു ചേഷ്ഠകളുമില്ലാതെ സംസാരിക്കാൻ ഇന്നുള്ള എത്രപേർക്ക് സാധിക്കുമെന്നതിൽ എനിക്ക് സംശയമുണ്ട് .അത് ഒരാളുടെ കൃതികളുടെ പഠനമാണെങ്കിൽ പോലും നാം പലരെയും അതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും വ്യക്തിപരമായി ആക്ഷേപിക്കുന്നതും കാണാം .അത് വേണ്ടിയിരുന്നോ എന്ന് ചിന്തിക്കുവാൻ പോലും കേട്ടിരിക്കുന്ന നമുക്ക് സമയമില്ലതാനും ! ചർച്ചകളിൽ തന്നെ അവസാനം തീർപ്പുകളില്ലാതെ വ്യക്തമായ ശേഷിപ്പുകളില്ലാതെ വഴക്കടിച്ചു തനിക്കു താന്പോരിമ കാട്ടി ഇറങ്ങിപ്പോരുവാനാണ് സാധ്യതയും .കാരണം എളിമ എന്നത് അറിവിന്റെ ആത്മാശം ആണെന്നും അത് സ്വാഭാവികമായി ഉത്പ്പാദിപ്പിക്കപ്പെടുമെന്നും നമുക്ക് തെളിയിക്കാനാകുന്നില്ല ,അത് ഇന്നത്തെ സമൂഹത്തിൽ നിന്നും കൈമോശം വന്നിരിക്കുന്നു .യഥാ രാജാ തഥാ പ്രജാഃ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...