Sunday, May 11, 2014

ഒരുനൂറു കനവിലകൾ!

നീ കാണുന്നുവോ എന്ന്
ആകാശം നോക്കി ആയിരമായിരം
നക്ഷത്രങ്ങളെ നോക്കി ..
ആകാശച്ചെരുവിലെ നീലക്കറുപ്പിനുള്ളിലെ
വജ്രത്തിളക്കം നോക്കി അരുമയോടെ
നീ കാണുന്നുവോ എന്ന് ..

കാറ്റ് പറഞ്ഞുകേട്ട്
മൊട്ടക്കുന്നിലെയ്ക്ക്
കാട്ടുമുല്ല പൂത്തകാട്ടുവഴികളിലൂടെ
പതിയെ ഏറെപ്പതിയെ
ആരും കാണാതെ സൂക്ഷിച്ച്
ഓരോ പാദവും എടുത്തുവച്ച്
നിനക്ക് കിട്ടുന്നുവോ പൂമണം
എന്നാനന്ദിച്ച് മെല്ലെക്കുനിഞ്ഞൊരു
പൂമണം പൊട്ടിച്ചു
കാറ്റ് പറഞ്ഞത് കേട്ട് ..

ഓരോ അടുക്ക് വെള്ളത്തുണികൾ
നനച്ച് പൂവെയിലത്തുണക്കി
അടുക്കിയൊതുക്കി വയ്ക്കുമ്പോൾ
ഓരോ തുണിയിലും
നീ കിടന്നു കാലിളക്കുന്നതോർത്തു
വീണ്ടും വീണ്ടും ചിരിച്ചു ചിരിച്ച്
ഓരോ അടുക്ക് വെള്ളത്തുണികൾ..

ഓരോ പഴങ്ങളും സൂക്ഷിച്ചു
നോക്കിനോക്കിത്തിന്നവേ
നിനക്ക് നിറഞ്ഞോ ..നിറഞ്ഞുവോ
എന്നോമനിച്ച് വീണ്ടും
മുറിച്ചു മുറിച്ച്
ഓരോ പഴങ്ങളും സൂക്ഷിച്ചു .

ഇളംചൂടു വെള്ളത്തിൽ ഇറങ്ങിയിരിക്കുമ്പോൾ
നീ കളിക്കയാണോ കുളിക്കയാണോ
എന്നു കളിപറഞ്ഞു പറഞ്ഞ്
നിനക്ക് തണുക്കുന്നോ എന്നടുക്കിപ്പിടിച്ച്
കാറ്റുകൊള്ളാതെ നനുനനുത്തൊരു
ചിരിയൊഴുക്കി  ജാഗ്രതയോടെ
ഇളംചൂടു വെള്ളത്തിൽ ഇറങ്ങിയിരിക്കുമ്പോൾ

 അങ്ങനെയങ്ങനെ
ആർക്കു  കിട്ടും
ഒരു ഗർഭവതിയുടെ മാത്രം
നിനച്ചിരിക്കലുകളിലെ
ഒടുങ്ങാത്ത
അമ്മവികാരങ്ങളെ
അങ്ങനെയങ്ങനെ
ആർക്കു  കിട്ടും....!

 






Friday, May 9, 2014

പൊയ്ക്കുതിരകളെപ്പോലെ ,പൊയ്ക്കാളകളെപ്പോലെ പൊയ് ആനകൾ നിരന്നു നിന്ന് കുടമാറ്റം നടത്തുന്ന അതിസുന്ദരമായൊരു പൂരം ഇനി എന്നായിരിക്കും വരിക !!ഈ തൃശ്ശൂരിൽ നിന്നുമുയരുന്ന മനുഷ്യ ചെകിടുകൾക്കും അതീതമായ ഈ കൂട്ട മൃഗവിളിയിൽ കാടിറങ്ങി കാടായ കാടുകളും ചെടികളും ഓടിവരുന്ന നാൾ എന്നായിരിക്കും ഉദിച്ചുയരുക ! (സൂര്യൻ പൊട്ടിച്ചിതറി ഒക്കെ കെട്ടുപോകട്ടെ ഹും  ! )

Wednesday, May 7, 2014

ചില നേരങ്ങളിൽ ബോധമില്ലാത്തൊരു കാട്ടാനയെപ്പോലെ
ഇഷ്ടങ്ങളിൽ കൊമ്പ് കുത്തിമലർത്തുകയാണ്..
തിരിഞ്ഞു നോക്കുമ്പോൾ പരിഹസിച്ചു ചിരിക്കുകയാണ്
കൂട്ടത്തോടെ ഇഷ്ടങ്ങളെല്ലാം ..!
അവർക്കാനയെ  ഇഷ്ടമല്ല പോലും
വെറും കുത്തിമലർത്തലുകളെ മാത്രമാണത്രേ പ്രിയം !

Friday, April 25, 2014

കാലാതിവർത്തിയായി ഓരോ നാടിനും നിലനിന്നു പോരുന്ന ചരിത്രമുണ്ട് .എത്ര കണ്ണടച്ചാലും കണ്ണിന്റെയുള്ളിലെ കാഴ്ച പോലെ അത് തന്നെയാണ് സത്യവും !കണ്ണടച്ചാൽ കാഴ്ച മറയുമെങ്കിലും കാഴ്ച എന്തായിരുന്നു എന്നത് ഉള്ളിൽ നിന്നും മറയുന്നില്ല .ഇന്നലെ 'നിലം നാടകവേദി'യുടെ പ്രഥമ നാടകമായ 'യാഗൂര് ' കണ്ടപ്പോൾ എന്തൊക്കെയോ നഷ്ടബോധങ്ങൾ ഉള്ളിലിരുന്നു തിക്കുമുട്ടി .അത് വേറൊന്നുമല്ല നമ്മുടെകൂടെ നടന്നു മറയുന്ന മണ്ണിന്റെ യഥാർത്ഥ മണവും ഗുണവും തന്നെയാണല്ലോ എന്ന തിരിച്ചറിവ് തന്നെയാണ് .മഹാത്മജി വന്ന മനോഹരമായ യാഗൂര് എങ്ങനെ അവശിഷ്ടങ്ങൾ കൊണ്ട് തള്ളി വിഷ പങ്കിലമായ ലാലൂര് ആയി എന്ന് കുഞ്ഞുങ്ങൾ അവർക്കാവും പോലെ കള്ളമില്ലാതഭിനയിച്ചു. നിലം എന്ന മനോഹരമായ പേര് പോലെ തന്നെ അർത്ഥവത്തായി കുട്ടികൾക്കുവേണ്ടിയുള്ള ഈ നാടകവേദിയും മുൻപോട്ടു പോകട്ടെ കൂടെ നമ്മുടെ കുഞ്ഞുങ്ങളും !അഭിനന്ദനങ്ങൾ !

Thursday, April 24, 2014

പാലുകാച്ച് !

സ്നേഹിക്കുന്നതും കാമിക്കുന്നതും
സ്നേഹത്തിന്റെ കൂടപ്പിറപ്പായ
വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്നിടയിൽ
സംശയം സിമന്റു പോലെ
ഇടയ്ക്കിടയ്ക്കിട്ടു കൊടുക്കുന്നതും
കൊണ്ടാണ് തെക്കേലെ ശാരദയെ
അയാൾ ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചത് !

വിവാഹമെന്ന കെട്ടുപണി
പാലുകാച്ചു വരെ എത്തിക്കണമെങ്കിൽ
സംശയം വരാതെ കാക്കണമെന്നയാൾക്കറിയില്ലായിരുന്നു !
അയാൾ പതിവുപോലെ
കക്കാ വാരാൻ നീറ്റിലിറങ്ങുകയും
ഞണ്ട് കടിയും മീൻകൊത്തും വാങ്ങി
കാലുകളിൽ ചോരപാകി കയറി വരും .
അയാളുടെ നഗ്നമായ കാൽപാദത്തിലെ
ചോര ആരുടെതെന്ന് അവൾ ചുഴിഞ്ഞു നോക്കുന്നു ..
'എന്റെതെ'ന്നയാൾ ആയത്തിലലറുമ്പോൾ
അവൾ ഉള്ളിൽ ചിരിക്കുന്നു !
മുറിവ് കെട്ടിയ തുണി ആരുടെതെന്നവൾ വീണ്ടും ..
'നിന്റെ അപ്പന്റെ ..'എന്നയാൾ കഞ്ഞിക്കലം
അടിച്ചു ചളുക്കുന്നു,
അവൾ ഉള്ളിൽ ചിരിക്കുന്നു .
'നെനക്ക് നട്ടപ്പിരാന്താ 'എന്ന് പിറുപിറുത്തു
കൊണ്ടയാൾ പായിലെയ്ക്ക് മറിഞ്ഞുവീണുറങ്ങുന്നു  ..
അവൾ സംശയം തേച്ചുറച്ച ഭിത്തിയിൽ
ചാരിയിരുന്ന് അഭിമാനത്തോടെ  ഉള്ളിൽ പറയുന്നു
'നിങ്ങളെ എനക്ക് സംശ്യോ ന്റെ മനുഷ്യാ!!
ഇയാളിത്ര പൊട്ടനായിപ്പോയല്ലോന്റെ ദേവ്യേ '!!

Wednesday, April 23, 2014

ആത്മഹത്യ !

അമ്പത്തിനാല് ഡിഗ്രി ഉഷ്ണത്തിൽ
വീണ്ടും ഉഷ്ണം കൂട്ടി ആത്മാവിനെ
പുറത്തു ചാടിക്കാൻ ഒരു കോപ്പ
കട്ടൻ കാപ്പി കൂടി കുടിക്കാം.
അതുമല്ലെങ്കിൽ മുകളിലെ ഫാനിൽ നിന്നോ
വീടിന്റെ പാരപ്പറ്റിൽ നിന്നോ
കൂകിക്കിതച്ചു ട്രെയിൻ ഓടിവരുന്ന
ആറാം നമ്പർ പ്ലാട്ഫോമിൽ നിന്നോ
താഴേയ്ക്കൊന്നു ചാടി നോക്കാം .
പൊങ്ങിപ്പറന്ന് ഉല്ലാസം തുടിക്കുന്ന
രൂപമില്ലായ്മയെ അന്തരീക്ഷത്തിലൊന്നു
വട്ടംകറക്കി ഉന്മാദിക്കാം.
അതുമല്ലെങ്കിൽ ചേരാത്ത രൂപത്തിനുള്ളിൽക്കിടന്ന
അറപ്പു തീർക്കാൻ തെക്കേക്കരയിലെ
അരുവിയിലൊന്ന് മുങ്ങാം കുഴിയിടാം
പിന്നെ വന്ന് വെടിവട്ടത്തോടെ
ചാവുചോറു വാരി വിഴുങ്ങി
കണ്ണിറുക്കി അർമാദിക്കുന്നവർക്കിടയിൽ
വെറുപ്പോടെ ഇരുന്ന് ദേഷ്യം തീർക്കാം .
അകത്ത് നെഞ്ച് പൊട്ടിക്കരയുന്നവരുടെ
ഹൃദയം പൊട്ടാതെ ചേർത്തു പിടിച്ച്
മിണ്ടാതിരിക്കാം .
അതുമല്ലെങ്കിൽ തെക്കും പുറത്തെ
കുഴിയിലേയ്ക്കിറക്കുന്ന 
ഉറയൂരിയ നിന്റെ ശരീരം നോക്കി
ഏറ്റവും പിറകിലെ തെങ്ങിൽ ചാരി നിന്ന്
ഒരു കവിൾ പുകവലിച്ച് ചിറി കോട്ടി
ഒരു പുച്ഛച്ചിരി ചിരിക്കാം .


ചില നേരങ്ങളിൽ നദി ആകാശത്തിലൂടെ  പറക്കുകയാണെന്ന് തോന്നും വിധം
ആകാശത്തെയും വഹിച്ചുകൊണ്ട് ഭൂമിയിലൂടെ  പറക്കാറുണ്ട് ..അപ്പോൾ വെള്ളിമേഘങ്ങൾ പോലെ ചുറ്റിനും നുര പരത്തി കാറ്റ് കൂടെപ്പോകാറുമുണ്ട്. ആ പറക്കലിൽ കൂടെപ്പോയപ്പോഴാണ് ചിറകുകളില്ലാതെയും പറക്കാമെന്നു പഠിച്ചതും എനിക്ക് മുകളിൽ നദികൾ ആകാശത്തുകൂടിയും ഒഴുകുമെന്നറിഞ്ഞതും !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...