Saturday, March 30, 2013

സ്ത്രീമനസ്സ്!

മാർച്ച്‌ 22 ലെ മലയാളം വാരികയിൽ വന്ന സ്മിത മീനാക്ഷി യുടെ 'ബലാത്സന്ഗത്തെ പ്രണയവത്ക്കരിക്കുമ്പോൾ' എന്ന ലേഖനം വായിച്ചപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ആണ് ഞാൻ പറയാൻ പോകുന്നത് ,അത് ഈ ലേഖനത്തെ ആക്ഷേപിക്കുകയോ ലേഖിക പറഞ്ഞതിനെ സാധൂകരിക്കുകയോ അല്ല ലക്ഷ്യമിടുന്നത് മറിച്ച് സ്ത്രീ പക്ഷ ചിന്തകളുടെ വ്യാപ്തിയുടെ അളവുകോൽ ഒരിടത്തും ഉറപ്പിക്കാനാകുന്നതല്ല എന്ന് ഒന്ന് കൂടി ഊന്നിപ്പറയാൻ ആഗ്രഹിക്കുക അല്ലെങ്കിൽ ശ്രമിക്കുക മാത്രമാണ് !

സ്മിത മീനാക്ഷി സൂചിപ്പിച്ചത് പോലെ പുരുഷ കേന്ദ്രീകൃതമായ ലോകം നിർമ്മിച്ച്‌ കൊടുത്ത സ്ത്രീ ലൈംഗികത പൊളിച്ചു മാറ്റിയിട്ടോ സ്ത്രീ യെ കർതൃ സ്ഥാനത്ത് നിർത്തിയിട്ടോ മറ്റോ മാത്രമേ യഥാർത്ഥ സ്ത്രീ പക്ഷ രചനകൾ സ്ത്രീകളിൽ നിന്നും വരൂ എന്ന് പറയുന്നതിലെ യുക്തിയില്ലായ്മയെ എനിക്ക് ന്യായീകരിക്കുവാൻ ആകുന്നില്ല !കാരണം ഇവിടെ പുരുഷന്മാരാണ് സ്ത്രീ ലൈംഗികത നിർമ്മിച്ച്‌ കൊടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല !അതുപോലെ അവരെ സുഖിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള സ്ത്രീ രചനകൾ എന്ന് പറയുന്നതിലെ അർത്ഥമില്ലയ്മ എന്നെ അമ്പരപ്പിക്കുന്നു ! സ്ത്രീ കർതൃ സ്ഥാനത്തു നിന്നാൽ നല്ല രചനകൾ ആവിർഭാവം കൊള്ളുമോ ?!

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യം തൊണ്ണൂറു ശതമാനത്തോളം ജീവ സമൂഹങ്ങൾ ലൈംഗികമായി സ്ത്രീയെ ആകർഷിക്കുവാനുള്ള തന്ത്രങ്ങൾ നിറങ്ങളാലും തൂവലുകളാലും ,ശബ്ദ നിയന്ത്രണത്തിനാലും,ഗന്ധങ്ങളിലൂടെയും ആണ്‍രൂപത്തിൽ എത്തിക്കുകയാണ് പതിവ് . അതിനർത്ഥം പ്രകൃതിയിൽ ആണും പെണ്ണും പരസ്പര പൂരകങ്ങളാണ് . ഇണയെ ആകര്ഷിക്കുക എന്നത് തികച്ചും പ്രകൃതി നിയമങ്ങൾക്കു വിധേയമാണ് !അവിടെ മനുഷ്യൻ മാത്രമാണ് തിരിച്ചറിവുകളിലൂടെ തിരഞ്ഞു പിടിച്ചു ഇണയെ പ്രാപിക്കുന്നുള്ളൂ . അതിൽ പ്രകൃതിയ്ക്ക് നിരക്കുന്നതും നിരക്കാത്തതുമായി വേർതിരിവുകൾ വരുന്നതും ഈ തിരിച്ചറിവുകളുടെ വ്യത്യാസം കൊണ്ട് മാത്രമാണ് . പുരുഷ കേന്ദ്രീകൃതം എന്ന് എഴുത്തുകളുടെ ലോകത്തെ എണ്ണം കൊണ്ട് ഒരു പക്ഷെ വിവക്ഷിക്കാമെങ്കിലും ,വ്യാപ്തികൊണ്ട് പുരുഷൻ നിർമ്മിച്ചതിനെ ഏറ്റു ചൊല്ലി ഊറ്റം കൊള്ളുന്നവരാണ് ഉറക്കെപ്പറയാൻ ധൈര്യം കാണിക്കുന്ന ഇന്നത്തെ യുവതികൾ എന്ന് പറയാൻ ലേഖികയ്ക്ക് യാതൊരു അവകാശവുമില്ല !അത് പോലെ തന്നെ പുരുഷന്മാരുടെ കൈയ്യടി നേടി ചിര പ്രതിഷ്ഠിതരാകണമെന്ന് ആഗ്രഹിച്ചു എഴുതുന്ന ആരെയെങ്കിലും എന്റെ അറിവിൽ കാണുന്നുമില്ല ! !

ഗ്രേസിയുടെ 'ഉടൽ വഴികൾ' ,സിതാരയുടെ 'അഗ്നി ' എന്നിവയാണ് പുനർവായനയിലൂടെ അപഗ്രഥിക്കുന്നത്,ബാലാത്സംഗങ്ങളെ കാല്പ്പനീകവത്കരിക്കുക എന്നതിലൂടെ കഥാകാരികൾ വ്യക്തമാക്കുന്നത് രണ്ട് സ്ത്രീകളുടെ മാത്രം വികാരങ്ങളുടെ ശാക്തീകരണമാണ്. അതായത് 'ഉടൽ വഴികളിൽ 'ഗ്രേസിയുടെ സുകന്യ എന്ന സ്ത്രീ കേവലം വെറും സാധാരണ ആഗ്രഹങ്ങൾ ഉള്ള ഒരു സാധാരണ യുവതിയാണ് . പക്ഷെ കഥാന്ത്യത്തിൽ അവളെ തികച്ചും അസാധാരണമായി ചിന്തിപ്പിക്കുന്നത് അവളുടെ കേവലം ഉടലാശകൾ മാത്രമാണെങ്കിൽ അവൾ ഒന്നുകിൽ പോയി ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ അലറി വിളിച്ചു സ്വയം ശിക്ഷിക്കുകയോ ചെയ്യുമായിരുന്നു . അവൾക്കു കിട്ടാതെ പോകുന്നത് ലൗകീക ജീവിതത്തിന്റെ മുഴുവൻ സത്തയാണ്! അതിനെ ഒറ്റ വാചകത്തിൽ ലൈംഗീക സംതൃപ്തി എന്ന് മാത്രം പറയാൻ ഒരു സ്ത്രീയ്ക്ക് എങ്ങനെ കഴിയുന്നു എന്ന് ലേഖിക എഴുതിയതിലൂടെ എനിക്ക് മനസ്സിലായി !അതുകൊണ്ട് തന്നെയാണ് എല്ലാ മനുഷ്യ മനസ്സുകളും വ്യത്യസ്തമായാണ് കാഴ്ചകളെ, കാര്യങ്ങളെ ,വികാരങ്ങളെ മനസ്സിലാക്കുന്നത് എന്ന് സുവ്യക്തമായി ലേഖികയിലൂടെ തന്നെ നമുക്കും മനസ്സിലാക്കിത്തരുന്നത് !

ഒരു സ്ത്രീ അവൾ അല്പ്പം ചിന്തിക്കുന്ന കാര്യവിവരമുള്ളവൾ എങ്കിൽ അവൾക്കു തന്റെ ശരീരത്തെ അന്ഗീകരിക്കാത്ത ബഹുമാനിക്കാത്ത വിവാഹ ബന്ധങ്ങളെ താത്പര്യപൂര്വ്വം നെഞ്ജിലേറ്റാൻ  കഴിയുമെന്നു തോന്നുന്നില്ല . അവളുടെ പുരുഷന്റെ അന്ഗീകാരമാണ് ആ സ്ത്രീയെ കൂടുതൽ സുന്ദരിയും വിരൂപയും ,അന്ധയും ,ബധിരയും എന്തിന് യഥാർത്ഥ സ്ത്രീ തന്നെ ആക്കി മാറ്റുന്നത് !വീട്ടു ജമുക്കാളത്തിന്റെ വില പോലുമില്ലാത്ത തന്റെ ശരീരത്തിന്റെ സംശുദ്ധിയെ ഒരു കരിവീട്ടി പോലുള്ള കൈകൾ വരിഞ്ഞു മുറുക്കുമ്പോൾ ഒരു പക്ഷെ അവൾക്കു ക്രൂരമായൊരു ആനന്ദം എന്തുകൊണ്ട് തോന്നിക്കൂടാ ??അവൾ ആ നിമിഷത്തിൽ ജ്വലിച്ചതിൽ എന്താണ് തെറ്റ് ?അവളുടെ ശരീരത്തെ കടന്നാക്രമിച്ച ഏതോ ഒരു പുരുഷന് ഒരു നിബന്ധനകളുമില്ലാതെ അവളെ ആ നിമിഷത്തിൽ വേണമായിരുന്നു .. കാടത്തമെങ്കിലും അവന്റെ ആവശ്യമെങ്കിലും ആ അടിച്ചമർത്തലിൽ ഉള്ള ആണത്തത്തെ മാത്രമാണ് കഥാകാരി ഇവിടെ ഉയർത്തിപ്പറയുന്നുള്ളൂ അല്ലാതെ അവിടെ ബലാത്സംഗം എന്ന പ്രക്രിയയ്ക്ക് സ്ഥാനമേ ഇല്ല തന്നെ !ഒരു സ്ത്രീ ഇപ്പോഴും എപ്പോഴും ആഗ്രഹിക്കുന്നത് അവളുടെ തുറന്ന മനസ്സിലെ മോഹങ്ങൾ, ഇഷ്ടങ്ങൾ അറിയുന്ന ,പരിഗണിക്കുന്ന, കൂടെ നില്ക്കുന്ന പുരുഷനെയാണ്. വീട്ടു സാമാനങ്ങൾ കഴുകിത്തുടയ്ക്കുന്ന വച്ചുണ്ടാക്കി കൂടെ കിടക്കുന്ന വെറുമൊരു യന്ത്രമല്ലല്ലൊ അവൾ .. !വയൽക്കാറ്റുകൊള്ളാൻ,പുറം  ലോകമറിയാൻ,അവൾക്കുമില്ലേ സ്വന്തമായിട്ടൊരു മനസ്സ് ?  അത് തന്നെയാണ് ഗ്രേസി പറയുന്നതും !ആ മനസ്സുള്ളവർക്ക് ഒരു പക്ഷെ ഇത് മനസ്സിലാകുമായിരിക്കും !

കഥകളിലെ ബലാത്സന്ഗങ്ങളെ യാഥാർത്യവുമായി കൂട്ടിയിണക്കിയാൽ അവ ഒരു തരത്തിലും ഇണങ്ങുകയില്ല . കാരണം സങ്കല്പങ്ങൾ എന്നും മാറി നില്ക്കുന്നവയാണ്,അല്ലെങ്കിൽ കീറിപ്പറിഞ്ഞ ശരീരത്തിന്റെ വിലാപങ്ങൾ യഥാതഥമായി പകർത്തി വയ്ക്കുന്ന കൃതികൾക്ക് മാത്രമേ അത്തരത്തിലുള്ള കാര്യങ്ങൾ വായനക്കാരോട് പറയുവാനുണ്ടാകൂ. 'അഗ്നി' യിൽ സിതാര പറയുന്നത് സ്ത്രീയുടെ വേറൊരു വികാര തലമാണ് . അവിടെ വിവാഹം നടക്കുന്നതിനും മുൻപ് സ്വപ്‌നങ്ങൾ ഉള്ളൊരു ധീരയായ പെണ്‍കുട്ടിയാണ് കഥാപാത്രം . എല്ലാ പെണ്‍കുട്ടികളും അവരോടു കാണിക്കുന്ന വൃത്തികേടുകൾ കണ്ടു അനുഭവിച്ച്  പൊട്ടിക്കരയണമെന്നു ആർക്കാണിത്ര നിർബന്ധം !! മാധവിക്കുട്ടി പറഞ്ഞത് പോലെ ഡെറ്റോൾ ഇട്ടു കഴുകി കളഞ്ഞാൽ പോകാനുള്ളതെ ഉള്ളൂ ഈ ദേഹത്തിനു പറ്റിയ അഴുക്കുകൾ . ഇപ്പോഴുള്ള രീതിയിൽ യോനിയിലൂടെ കുന്തം കയറ്റുന്ന ബലാത്സംഗങ്ങൾ അല്ല ഈ കൃതിയിലൂടെ ഇവർ രണ്ടു പേരും സൂചിപ്പിച്ചിരിക്കുന്നത് . അത് കേവലമായ ബലാൽ സുരതങ്ങൾ മാത്രമാണ് . അത് കൊണ്ട് തന്നെ ആ രണ്ടു കഥാപാത്രങ്ങളും അവരുടെതായ രീതിയിൽ അതിനെ വികാര വത്കരിക്കുകയും ചെയ്യുന്നു എന്ന് മാത്രം !

സ്ത്രീയുടെ മനസ്സ് തികച്ചും അവളുടേത്‌ മാത്രമാണ് ,ജൈവ ശാസ്ത്രപരമായി അത് അളക്കുവാനോ അറിയുവാനോ അവർക്കു മാത്രമേ കഴിയു . ചിന്തകൾ അത് സത്യസന്ധമാണെങ്കിലും ഭാവന ആണെങ്കിലും അതിനെ തിരിച്ചറിയുക എന്നതിലാണ് കാര്യം . അല്ലാതെ തികച്ചും അരോചകമായ ഒരു കാര്യത്തിനെ മഹത്വവത്കരിക്കുവാൻ അറിവുള്ള ഒരു എഴുത്തുകാരും തുനിയുകയില്ല അതിനു ആണ്‍പെണ്‍ ഭേദമില്ല തന്നെ !
“Sometimes you can learn, even from a bad experience. By coping you become stronger. The pain does not go away, but it becomes manageable.”
― Somaly Mam, The Road of Lost Innocence: The True Story of a Cambodian Heroine





Thursday, March 28, 2013

ഒരു സാന്ത്വനത്തിനൂതി വിട്ട പുക!


ശവം നാറിപ്പൂക്കൾ വിടർന്ന
സെമിത്തേരി വഴികളിലൂടെ ..
കാലം പതുങ്ങി പോവുകയാണ് ..
കാൽ വഴുതിയാൽ പെട്ടിയിൽ മൂടി
അടക്കം ചെയ്യുമെന്നു പേടിച്ച് !

പുളിയുറുബുകളെ  മാവിൻ ചുവട്ടിൽ
കുഴിച്ചിട്ട് പാടുകയാണിന്നും ഞങ്ങൾ ..
കാറ്റേ വാ കടലേ പോ ..
ഒരു കുന്നു മാമ്പഴം തന്നേ പോ..

തെളിനീർ ചാലുകളിലൂടെ
പരൽമീനും മാനത്തുകണ്ണിയും
ഇളകിക്കളിക്കുന്നതിലെയ്ക്ക്
ഉറ്റു നോക്കിയിരിക്കയാണ്
സർവ്വതും മറന്നെൻ ബാല്യം !

മാർക്കറ്റ് അനലയ്സിസും
ക്വാളിറ്റി കണ്ട്രോളും കൂടിക്കുഴഞ്ഞ
എന്റെ പകലുകൾ .. !
അതിലേയ്ക്ക് ചാഞ്ഞു പെയ്യാത്തൊരു
മഴയും തേടി എന്റെ മനസ്സെന്ന
വേഴാമ്പൽ !

പൊട്ടിത്തെറിയുടെ ഇങ്ങേത്തലയ്ക്കൽ
കടം കൊടുത്തതാണ് എന്റെ
കുട്ടികളെ !ഒപ്പിട്ടു പിരിയുമ്പോൾ
അയാളുടെതും കൂടിയായ
രക്തവും മാംസവും രൂപം വച്ച്
ഉരുവായി ആത്മാവൂതി നിറച്ച
ഞങ്ങളുടെ കണ്മനികളെ   !

ഈ ഇരുണ്ട മുറികൾക്ക്
തെളിവുള്ളോരു  നിറം
കൊടുക്കാൻ ഞാൻ കൈ മുറിച്ചു
നിറം കലക്കി അടിച്ചതിനെ അവർ
മരണക്കുറിപ്പെന്നു  കരുതി ,
എന്നെ വിലങ്ങണിയിച്ചു കൊണ്ട് പോകുന്നു !

ആത്മഹത്യ എന്ന പേര് കേൾക്കുമ്പോഴേ
അവർ കുഴിവെട്ടാൻ മണ്‍വെട്ടി തിരയുന്നു !
പറഞ്ഞിട്ടാണോ ആത്മഹത്യ
ചെയ്യുന്നതെന്ന് ഞാൻ !!

ഒരു സാന്ത്വനത്തിനൂതി വിട്ട പുകയാണിതെന്നവൾ !
സാന്ത്വനം പുകപോലാണല്ലോ
എന്നോർത്തു നോക്കുന്നിടത്തെല്ലാം പുക !
പുഞ്ചിരി പൊഴിച്ചുകൊണ്ട്‌
ഇതുകേട്ടൊരു രാജമല്ലി
ചുവപ്പിൽ മഞ്ഞ കലർന്നൊരു
ചിരി അടർത്തുന്നു !
 


Saturday, March 23, 2013

ആത്മഹത്യ ഒളിച്ചോട്ടമോ ഭീരുത്വമോ അല്ല ,ഏറ്റവും ധീരത ഉള്ളവർക്ക്‌ മാത്രം ചെയ്യുവാൻ കഴിയുന്ന ഒന്നാണ് ! സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് വരിക്കുന്ന മരണത്തെ സ്വയം ഹത്യ എന്ന പേരിലെ പറയുവാനാകുന്നുള്ളൂ . ആ വ്യക്തി സ്വയം മരിക്കുവാൻ ആഗ്രഹിച്ചിട്ടു ചെയ്യുന്നതാകില്ല അത് . മരണം ഒരു സ്വാഭാവിക പ്രക്രിയ പോലെ തിന്നുന്നതും കുടിക്കുന്നതും ഉറങ്ങുന്നതും പോലെ തികച്ചും സാധാരണമായി ഏറ്റവും സന്തോഷവാനും സംപ്രീതനുമായിരിക്കുന്ന അവസ്ഥയിൽ ആത്മാവിനെ ഉപേക്ഷിക്കുന്ന അല്ലെങ്കിൽ പ്രാണനെ ദേഹിയിൽ നിന്നും ഊരി മാറ്റുന്ന പ്രക്രിയ എന്നെ സംബന്ധിച്ച് ഏറ്റവും പൂർണ്ണമായ ഒന്നാണ് !ഏതു പ്രവൃത്തിയുടെയും ഉത്തുംഗ  ശൃംഗത്തിൽ നിന്നും ഏറ്റവും അടിസ്ഥാന തലത്തിലേയ്ക്ക് സ്വാഭാവികമായി ഇറങ്ങിപ്പോകുന്നവൻ അസാമാന്യനായ സ്വാത്വികനാണെന്നു ഞാൻ വിശ്വസിക്കുന്നു,അയാളെ ഒന്നും അലട്ടുന്നില്ല അത് തന്നെയാണ് മോക്ഷവും !

പെണ്ണാകുമായിരിക്കും !!


രാത്രി അവളെക്കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട്
ചോദിച്ചു :സുന്ദരീ എന്നെക്കാണാൻ വന്നതാണല്ലേ !!

അതേ, ഈ നിയോണ്‍ വെളിച്ചം കമ്മലിട്ട
നിന്റെ കറുത്ത കാതിടങ്ങൾ ..
വല്ലപ്പോഴും ചീറിപ്പോകുന്ന
വാഹനങ്ങളുടെ തുള്ളി വെളിച്ചത്തിൽ
കാണുന്ന നഗ്നമായ ഈ നടപ്പാതകൾ ..
കരിയിലകൾ മൂടിയ ആ പഴയ
തുരുമ്പ് വണ്ടിയുടെ ടയർ ..
അകലെക്കാണുന്ന പുകമൂടിയ വീടുകളുടെ മേലാപ്പ് ..
മുകളിലാകാശം .. നക്ഷത്രം ,
പാതിച്ചന്ദ്രൻ ..
സത്യമായും നീ സുന്ദരിയാണ് രാത്രീ .. !

ഓ ഞാനുമൊരു പെണ്ണായിരുന്നോ !!
എന്റെ കറുത്ത നെഞ്ചിൽ 
ആ മുട്ടാളന്മാർ ഗോതമ്പ് നിറമുള്ള
പെണ്ണിനെ കൊണ്ട് വന്നിട്ട്
തുണിയുരിഞ്ഞ് മാറിമാറി
ആനന്ദമടയുമ്പോൾ
ഞാൻ വികാരം നഷ്ടപ്പെട്ട
ഏതോ ഒരു ജന്മമായിരുന്നു .. !
ഓ ഞാനുമൊരു പെണ്ണായിരുന്നോ ??

എന്റെ കറുത്തു കടഞ്ഞ
മടിയിലിരുന്നു അവർ
ചർദ്ധിൽ കുഴഞ്ഞ സ്വരത്തിൽ
തെറിപ്പാട്ടുകൾ പാടുമ്പോൾ
എന്റെ കാതുകൾ ഞാൻ
അടച്ചു വച്ച് വച്ച് ഒന്നും
കേൾക്കാതെ മനസ്സു മടുത്തു പോയി ..
അപ്പോൾ ഞാനുമൊരു പെണ്ണായിരുന്നോ ??

വിശന്നു വലഞ്ഞ ആ ദരിദ്ര
നാരായണമാർ വയറു മുറുക്കി ഉറങ്ങുന്നതും
കുത്തിനു പിടിച്ചവൾ ശരീരത്തിന്റെ
വില പിടിച്ചു വാങ്ങി
പുകയിലയിലും ബ്രാണ്ടിയിലും മുക്കി
കുഞ്ഞിനെ താരാട്ട് പാടുന്നത്
കണ്ടു കണ്ട് എനിക്ക്
നേരുകൾ തിരിച്ചറിയാതെയായി !
അതുപോലെ ഞാനുമൊരു പെണ്ണായിരുന്നോ ??

ഇന്നലെ ഇത് വഴി ഇതേ നേരം
നാലുപേർ ചേർന്ന് ഒരാളെ
വെട്ടിയും കുത്തിയും
കഷണങ്ങളാക്കി തോൾ സഞ്ചിയിൽ
കുത്തി നിറച്ചു കൊണ്ടുപോയി !

രാത്രിയെന്നാൽ നന്മയുടെ
പുല്ലുപോലും മുളയ്ക്കാത്ത
എല്ലാവരും നിലതെറ്റുന്ന
പാപങ്ങളും കപടതയും
കുടില വികാരങ്ങളും മാത്രം
നിറഞ്ഞതെങ്കിൽ അല്ല ഞാനൊരു
പെണ്ണല്ല സുന്ദരീ .. പെണ്ണല്ല !
കാറ്റ് കൊള്ളാനിറങ്ങിയ നീ
നാളെ നേരം പുലരും വരെ
ജീവിച്ചിരുപ്പുണ്ടെങ്കിൽ ..
ഇതേ പുഞ്ചിരി നിന്റെ
തുടുത്ത ചുണ്ടിലുണ്ടെങ്കിൽ
ഒരു പക്ഷെ ഞാൻ പെണ്ണാകുമായിരിക്കും !!


 

Tuesday, March 19, 2013

വേറിട്ടൊരു പ്രാണൻ !


ചില സമവാക്യങ്ങൾ
കണ്ടെത്തി തെറ്റാതെ
അതുന്തിയുരുട്ടുന്നതിലാനെന്റെ
ജീവിതത്തിന്റെ രസച്ചരടെന്നു ഞാൻ !

കെമിസ്ട്രി ലാബിലെ
അൽക്കെമി പോലെ
ഉപോല്പ്പന്നങ്ങളാണെന്റെ
ചിരിയും കരച്ചിലും !

സിമ്പിൾ പെൻഡുലം പോലെ
ആടുന്നുണ്ടെന്റെ ശ്വാസ ഗതികൾ
ആട്ടം നിർത്തിത്തുടങ്ങിയിട്ടുണ്ടെന്റെ
പഴകി സൂചി തെറ്റിയ സമയം !

മുറുകിപ്പൊട്ടിപ്പോയ പഴയ കുപ്പായം
പോലെ വലിച്ചൂരി മാറ്റുന്നുണ്ടെന്റെ
വിചിത്ര വികാരങ്ങൾ !

ഓർമയില്ലാതെ മറവിയുടെ
കിണറ്റടിയിലാനെന്റെ വാസം
നേർത്തൊരു തണുപ്പും നനവിലും
ഉണർന്ന് വരുന്ന ഓർമ്മച്ചിത്രങ്ങൾ !

തകർക്കുവാൻ പറ്റാത്തൊരു
പടച്ചട്ട  മാത്രമാണെന്റെ
ആത്മവിശ്വാസം !ഒരു യുദ്ധത്തിലും
ഒരു കൊടുങ്കാറ്റിലും തകരാത്തത് !

ആര്ദ്രതയോടൊരു സ്നേഹം
ഇരുമ്പ് പോലൊരു കവചമിട്ടു ഞാൻ
ഹൃദയത്തിന്റെ രൂപത്തിൽ
നെഞ്ചിൽ കൊത്തിവച്ചിട്ടുണ്ട്,
മരിച്ചതിനു ശേഷം നിങ്ങൾക്കത്
വെട്ടിപ്പൊളിച്ചു കാണാം !

അരുമയോടെ സ്നേഹിക്കാൻ
നിനക്കാരുമില്ലെന്ന് നിങ്ങൾക്കാക്ഷേപിക്കാം
പിന്നെ നീ എനിക്കാരാണെന്ന്
ഞാൻ ചോദിക്കാത്തിടത്തോളം കാലം !

ഉണർവ്വിനും മുൻപൊരു
നിമിഷത്തിലൊരു കണികയിൽ
വേർപെട്ടൊരു പ്രാണനാകണം
എന്നെന്റെ മരണ -
 സ്വപ്നമെന്നും ഞാൻ !





Sunday, March 17, 2013

ഓ ഈ നരച്ച ഉച്ച വെയിലിൽ
കത്തിപ്പോകുന്ന നടപ്പാതകൾ ..!
വിളറിയ വീർപ്പുമുട്ടലുകൾ .. !
അങ്ങുമിങ്ങും പരക്കം
പായുന്ന ആവശ്യങ്ങൾ ..
അതിന്നിടയിൽപ്പെട്ടു ദാഹം
തീരാതെ പിടയുന്ന ആത്മാക്കൾ -
ജീവികൾ..  നരച്ച മനുഷ്യ രൂപങ്ങൾ !

എന്നിട്ടും മുല്ല പൂക്കുന്നു !
എന്നിട്ടും കാറ്റ് വീശുന്നു ..!
എന്നിട്ടും കിളി പാടുന്നു .. !
മനുഷ്യൻ മാത്രം പരിതപിക്കുന്നു,
ഈ നശിച്ച വേനൽ !!


Thursday, March 14, 2013

പ്രപഞ്ച ശക്തി !

പ്രകൃതിയും ജീവനും തമ്മില്‍ എത്ര അഭേദ്യമായ ബന്ധമാണുള്ളതെന്നും ആ ബന്ധത്തില്‍ സൃഷ്ടികര്‍ത്താവായ പരം പൊരുളെന്താണെന്നും എന്നത്തെയും ചിന്താ വിഷയം ആണെങ്കിലും ഒരിക്കലും 'ഇതാണ് അതിന്റെ ഉത്തരം 'എന്ന്  പറയാൻ ആർക്കും കഴിഞ്ഞിട്ടില്ല !

ദൈവമെന്നൊ പരം പൊരുളെന്നൊ ശൂന്യതയെന്നോ ഒന്നുമില്ലായ്മ എന്നോ എന്ത് വേണമെങ്കിലും വിളിക്കാമെങ്കിലും ഉത്തരം കിട്ടാത്ത എന്തോ ഒരു നിയന്ത്രണം നമ്മളെയെല്ലാം ഉണര്‍ത്തുകയും ഉറക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നു എന്നത് എന്നത്തെയും അത്ഭുതമാണ് !പ്രാണന്‍ എന്താണ് എന്ന ചോദ്യത്തിന് പ്രാണശക്തി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ പ്രാണി അഥവാ ജീവി ആകുന്നുള്ളൂ അതിനു നിലനില്‍പ്പുള്ളൂ എന്ന തിരിച്ചറിവില്‍ എത്താം . എന്നാല്‍ അവിടെയും എന്താണ് നമ്മെ നിലനിര്‍ത്തുന്ന ഈ ജീവന്‍ ??പന്ജഭൂതാത്മകമായ ശരീരവും പ്രാണന്‍ അഥവാ ജീവനും ചേര്‍ന്ന് വര്‍ത്തിക്കുന്ന അവസ്ഥയെ പിണ്ഡാണ്ഡം എന്നും പറയാറുണ്ട്‌. ബ്രഹ്മാണ്ഡത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനത്തിന്റെയും ഒരു ചെറിയ പതിപ്പ് തന്നെയാണ് ശരീരം അഥവാ  പിണ്ഡാണ്ഡത്തിലും നടക്കുന്നത് !ഓരോ നിമിഷവും പുതിയ ഓരോ ഘടകങ്ങള്‍ ശരീരത്തില്‍ ഉണ്ടായിക്കൊണ്ടെയിരിക്കുന്നു . അവയ്ക്കെല്ലാം മൂല കാരണമായി വര്‍ത്തിക്കുന്നത് ബാഹ്യ പ്രകൃതി തന്നെയാണ് . അത് ആഹാരത്തിലൂടെയും ശ്വസനത്തിലൂടെയും പ്രകാശ ആഗിരണത്തിലൂടെയും നമുക്കുള്ളിലെത്തി  നമുക്ക് സങ്കല്പ്പിക്കാനോ വിവരിക്കാനോ കഴിയാത്തത്ര പ്രവര്‍ത്തനവും പ്രതി പ്രവര്‍ത്തനവും മൂലം പുതിയ പുതിയ മൂലകങ്ങളും ധാതുക്കളും രൂപപ്പെട്ട് കോശങ്ങളുണ്ടായി  നാഡികളും ,സ്തരങ്ങളും,കലകളും,രക്തവും,മാംസവും അസ്ഥിയും,മേദസ്സും ,ത്വക്കും ,മുടിയും എല്ലാമുണ്ടായി അതിനൊരു രൂപമുണ്ടാകുന്നു !ഓരോ ജീവിയും ഉണ്ടാകുന്നു !പഴക്കം ചെന്നവ നശിക്കുന്നു . ബ്രഹ്മാണ്ടത്തിലും പിണ്ഡാണ്ഡത്തിലും ഒരേ പോലെ അത് സംഭവിക്കുന്നു !പ്രപഞ്ചത്തെ ഒരു പൊരുള്‍ നയിക്കുന്നത് പോലെ ശരീരത്തെയും ഒരു പൊരുള്‍ നയിക്കുന്നുണ്ട്‌ !മനുഷ്യ ശരീരത്തില്‍ ആ പൊരുളിനെ കുണ്ഡലിനി എന്ന് വിളിക്കുന്നു . നട്ടെല്ലിനു കീഴെ ഒരു സര്‍പ്പാകൃതിയില്‍ വളഞ്ഞു കിടക്കുന്നത് കൊണ്ടാണ് ഇതിനു ഈ പേര് കിട്ടിയിരിക്കുന്നത് !ശരീരത്തിന്‍റെ മൊത്തം നിയന്ത്രണം പ്രാണശക്തിയുടെ ഈ പ്രഭവ സ്ഥാനമാണ് !

ശാസ്ത്രം എന്നും ദൈവീക പൊരുളിനെ വെല്ലു വിളിച്ചിരുന്നു !ഇപ്പോഴും എപ്പോഴും !പക്ഷെ മനുഷ്യ നിര്‍മ്മിതമാണ് ശാസ്ത്രം അത് സ്വയം ഉരുവായതല്ല ,അതുകൊണ്ട് തന്നെ അതിനു ശക്തവും വ്യക്തവുമായ ഉത്തരങ്ങള്‍ ഉണ്ട് . ഉത്തരങ്ങള്‍ കിട്ടാത്ത ചോദ്യം പോലെയാണ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയും ഓരോ ജീവിയുടെ ജീവനും നിലനില്‍ക്കുന്നത് . ഒരു ജീവ ശരീരത്തിലെ നാഡികളും പേശികളും അവയങ്ങളും ഉപകരണങ്ങള്‍ പോലെ മാത്രമാണ് ,അതിനെ നിയന്തിക്കുന്നത് ജീവന്‍ ആണ് ,ഉദാഹരണമായി നമ്മള്‍ കാണുന്നു എന്ന് പറയുമ്പോള്‍ കണ്ണിലെ പ്രകാശരശ്മികള്‍ കാണുന്ന വസ്തുവിന്‍റെ രൂപം നേത്ര പടലത്തില്‍ ഉണ്ടാക്കുന്നു എന്നത് കൊണ്ടോ ,ആ വസ്തുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ മസ്തിഷ്കത്തിലെത്തിയത് കൊണ്ടോ കാഴ്ച്ച പൂര്‍ണ്ണമാകുന്നില്ല !അവിടെയുള്ള പ്രാണന്‍ അഥവാ ആ ശക്തി ആ വിവരങ്ങള്‍ അപഗ്രഥിച്ച് ദര്ശിക്കുന്നതെന്താണ് എന്ന് നമ്മോടു വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് കാഴ്ച പൂര്‍ത്തിയാകുന്നത് !കേള്‍വി,രുചി,ഗന്ധം ,സ്പര്‍ശം എല്ലാം  ഇത്തരത്തില്‍ ആണ് നാമറിയുന്നത് അപ്പോള്‍ നമ്മുടെയുള്ളിലും പൊരുളുണ്ട്‌,അതായിരിക്കാം തൂണിലും തുരുമ്പിലും ദൈവമുണ്ട് അല്ലെങ്കില്‍ അദൃശ്യമായൊരു പൊരുളുണ്ട്‌ എന്ന് പറയുവാനുള്ള കാരണം !

ശാസ്ത്രപരമായി  ദൈവമില്ല എന്ന് ഇന്നൊരുപാട്പേർ അടിസ്ഥാനമിട്ടു വിശ്വസിക്കുകയും സാധാരണ പോലെ ജീവിക്കുകയും ചെയ്യുന്നുണ്ട് .ദൈവം എന്നത് ഇല്ല എന്ന് വെല്ലുവിളിക്കുകയും കാണിച്ചു തരൂ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട് !പക്ഷെ ഈ ആക്രോശങ്ങൾ പുറപ്പെടുവിക്കാൻ പുറത്തെടുക്കുന്ന ഊർജ്ജം എവിടെ നിന്നുമാണ് ഉത്ഭവിക്കുന്നത് ?? മണ്ണും ,കാറ്റും ,ജലവും പ്രകാശവും എവിടെ നിന്നുമാണ് വരുന്നത് ?ഇതിനൊക്കെ പുറകിൽ ശാസ്ത്രമുണ്ട് എന്ന് ഉറപ്പിക്കുമ്പോൾ ഈ ശാസ്ത്രം കണ്ടു പിടിക്കാനുള്ള ജ്ഞാനം എവിടെ നിന്നുമാണ് ഉത്ഭവിക്കുന്നത് ?ആധുനിക വൈദ്യ ശാസ്ത്രം അതിന്റെ ജനനം രേഖപ്പെടുത്തുന്നത് പതിനെട്ടാം നൂറ്റാണ്ടിലാനെന്നു മിഷേൽ ഫൂക്കോ (The Birth of the Clinic,1975) പറയുന്നു !അപ്പോൾ അതിനു മുൻപ്, ശാസ്ത്രം ജനിക്കുന്നതിനും എത്രയോ മുൻപ് മനുഷ്യന് ജ്ഞാനം ലഭിച്ചിട്ടുണ്ട് ?ജീവകോശങ്ങളിൽ നിന്നും ജീവിയെ ശാസ്ത്രം വികസിപ്പിച്ചെടുക്കുന്നു ,പക്ഷെ മൃത കോശങ്ങളിൽ നിന്നും ജീവനെ എന്തുകൊണ്ട് വികസിപ്പിച്ചെടുക്കാൻ ശാസ്ത്രത്തിനു കഴിയുന്നില്ല !?ബുദ്ധിയുള്ളവനും ,ചലനമില്ലാത്തവനും ,അന്ധനും ,ബധിരനും അങ്ങനെ എല്ലാ ജീവനുള്ളതിനും പ്രാണൻ ഉണ്ട് .അപ്പോൾ പ്രാണൻ എങ്ങനെ ശാസ്ത്രീയ ലോകത്തിനു പ്രാപ്തമാകുന്ന ഒരു തിരിച്ചറിവാകും ?അത് ജീവിയിൽ നിറയുന്ന പൊരുളല്ലേ, ശാസ്ത്രത്തിനും ദൈവത്തിനും അതീതമായത് ?!

മനുഷ്യന്‍ ഇന്ദ്രിയങ്ങള്‍ക്ക് അടിമയാണ് . ഇന്ദ്രിയങ്ങളിലൂടെ മാത്രമേ ജീവിക്കാനാകൂ,നമ്മുടെ ജ്ഞാനവും ഇന്ദ്രിയങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് . മനുഷ്യന് ഒരു നാള്‍ കേള്‍വിശക്തി എന്ന ഇന്ദ്രിയം നഷ്ടമായാല്‍ അല്ലെങ്കില്‍ ഇതിലും കൂടുതല്‍ ശബ്ദ തരംഗങ്ങളെ ആഗിരണം ചെയ്യാന്‍ കഴിഞ്ഞാല്‍ ഇന്ന് കാണുന്ന നാമല്ല നാളെ കാണുന്ന നമ്മള്‍ ,അത് പോലെയാണ് നമ്മിലുള്ള എല്ലാ ഇന്ദ്രിയങ്ങളും!അപ്പോള്‍ ഇതിനെയെല്ലാം നിയന്ത്രിക്കുന്നത്‌ ഒരു പൊരുളല്ലേ ?അതല്ലേ ഈശ്വരന്‍? രൂപവും ഭാവവും ഒന്നുമല്ല ,നമ്മുടെ ശരീരം നശിച്ചു കഴിഞ്ഞാല്‍ വിഘടിച്ചു പോകുന്ന മണ്ണും വായുവും ,ജലവും എല്ലാം ചേര്‍ന്നുള്ളതില്‍ നിന്നും വിഭിന്നമായി നമ്മയെല്ലാം ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ,പൂവിനേയും,പുല്ലിനെയും എന്നെയും നിന്നെയും ജീവിപ്പിക്കുന്ന അടിസ്ഥാന പൊരുള്‍ അതാണ്‌ എന്‍റെ ദൈവം . ഞാന്‍ വിശ്വസിക്കുന്ന പ്രാര്‍ത്ഥിക്കുന്ന പ്രപഞ്ച ശക്തി !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...