Monday, December 21, 2015

ദയാഭായി സാമൂഹിക പ്രവർത്തകയോ സെലിബ്രിറ്റിയോ എന്നതിലല്ല അവർ ഒരു മനുഷ്യൻ എന്ന നിലയിൽ അത്രയും പ്രായമായ അവരെ ബസ്സിൽ നിന്നും രാത്രി നേരത്ത് ഇറക്കിവിടാൻ കാണിച്ച ആ മര്യാദയുണ്ടല്ലോ അതിനാണ് കൈയ്യടിക്കേണ്ടത് !! ഇതും  ഇതിലപ്പുറവും നടക്കും ഇവിടെ!! 'കൊച്ചുകുഞ്ഞുങ്ങൾ ബലാത്സംഗം ചെയ്യുകയും 'കോടതിയുടെ- മര്യാദ വീടുകളിൽ- വാണരുളി പ്രായപൂർത്തിയായി ഇനി ധൈര്യമായി ബലാത്സംഗം ആവാം എന്നും പറഞ്ഞു നെഞ്ച് വിരിച്ചു പുറത്തിറങ്ങി നടക്കുന്ന ഈ നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും!!വർഷങ്ങളോളം നീളുന്ന നടപടിക്രമങ്ങളും   എങ്ങനെ ചെയ്തു എവിടൊക്കെ ചെയ്തു എന്ന് തുടങ്ങുന്ന അതിക്രൂരമായ തെളിവെടുപ്പുകളുടെ കാലാവധിയും  ഇത്രയൊന്നും പോരാ കുറഞ്ഞത്‌ ഒരു ഇരുപത്തഞ്ചു വര്ഷമെങ്കിലും  വേണം! എങ്കിലല്ലേ കുറ്റവാളികളുടെ കുറ്റം കേൾക്കാൻ നിൽക്കാതെ 'ഇര' എന്ന ഓമനപ്പേരിൽ അവതരിപ്പിക്കുന്ന അനേകം നിർഭയമാരുടെ വേണ്ടപ്പെട്ടവർ എല്ലാം ചത്ത്‌ തുലയാൻ !! എവിടെയാണ് അതിവേഗ കോടതി ?എന്തിനാണ് നീതി നടപ്പാക്കേണ്ടുന്നത് ?അല്ലെങ്കിൽ തന്നെ എന്തിനാണ് നീതി ?? കൊന്നു കളഞ്ഞ് അഴുകിയ ജഡത്തിന് എന്തിനാണ് നീതി ?? ദയാഭായി ഇപ്പോൾ എന്നോട് പറയുകയായിരുന്നു ."ഞാൻ മറുപടി പറഞ്ഞു മടുത്തു ഇന്നലെ മുതൽ"എന്ന് ..ഇനി അവരെ വെറുതെ വിടുക ..ഇനി നിങ്ങൾ സ്വയം ചോദിക്കുക :നമുക്കുമില്ലെ അമ്മ എന്ന് ..നമുക്കില്ലേ ആഡംബരമില്ലാത്ത അലങ്കാരമില്ലാത്ത ഉടലകങ്ങൾ എന്ന് ..നോവുന്നത് ആത്മാവിനു മാത്രമല്ലേ എന്ന് !

Thursday, December 17, 2015

വികാരങ്ങളെ അതിന്റെ നേരിലൂടെ തന്നെ പ്രകടിപ്പിക്കുവാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത് .അതുകൊണ്ടുതന്നെ കബളിപ്പിക്കൽ അഥവാ കളിപ്പിക്കൽ എന്റെ പക്കൽ  നിന്നും ആർക്കും ഉണ്ടാകുവാനുള്ള സാധ്യത തുലോം ഇല്ല തന്നെ .ദേഷ്യം വരുമ്പോൾ സങ്കടം വരുമ്പോൾ സന്തോഷം വരുമ്പോൾ നാണക്കേട്‌ തോന്നുമ്പോൾ എല്ലാം അതാതു വികാരങ്ങൾ അതുപോലെ എന്റെ മുഖത്തുവരും ! ഒരിക്കലും ഒരു നല്ല നടി ആവുക അതുകൊണ്ടുതന്നെ എനിക്ക് സാധ്യമല്ല എന്നും എനിക്കറിയാം .പക്ഷെ വികാരങ്ങളെ മൂടി വയ്ക്കുവാനുള്ള മനുഷ്യ സഹജമായ കഴിവ് അത്രതന്നെ പ്രകടമാക്കാനും കഴിവില്ലാതെയില്ല !കാരണം അതില്ലാതെ ഒരു ബോധമുള്ള മനുഷ്യന് ഭൂമിയുടെ ഇന്നത്തെ അവസ്ഥയിൽ ജീവിതം അസാധ്യമായത്കൊണ്ടുതന്നെ ! പക്ഷെ എനിക്ക് തോന്നുന്നതിനെ അതുപോലെ പറയുന്നതും പ്രവർത്തിക്കുന്നതും മൂലം ഒരുപക്ഷെ എന്നെ ഒരടി അകലെ സൂക്ഷിക്കുവാനായിരിക്കാം എല്ലാവരും അല്ലെങ്കിൽ ഞാൻ തന്നെ ശ്രമിക്കുന്നതും ! ഈ ഒരടി അകലം ചിലരിൽ അകലമേ അല്ലാതാകുന്നതും ചിലരിൽ അകലം കൂടികൂടി അളക്കാൻ കഴിയതാകുന്നതും ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ് ..അകലമാണെന്റെ അടുപ്പം എന്ന് സ്നേഹപൂർവ്വം ഹൃദയപൂർവ്വം പറയുന്ന ചില വലിയ സൗഹൃദങ്ങൾ എനിക്കുണ്ട് അവർ ആ അകലത്തിൽ ഒരിക്കലും പാലം ഇട്ടു കടന്നു വന്നിട്ടില്ലയെങ്കിലും ഞങ്ങൾക്ക് പരസ്പരം ഹൃദയമിടിപ്പുകൾ കേൾക്കാം !! ആ നേർത്ത ലബ് ഡബ് നാദത്തിൽ ഒന്നും മിണ്ടാതെയെങ്കിലും എല്ലാം പറയുന്നത് കേൾക്കാം .ഇന്ന് ഒരു 'പൂവ് 'കൂടി ഞാൻ ആ അകലത്തിലേയ്ക്കു പൊട്ടിക്കാതെ വാടാതെ ചേർത്തു വയ്ക്കുകയാണ് ..! ഈ അകലത്തിലേയ്ക്കു നറുമണമുള്ള മന്ദാരവും നാട്ടുമുല്ലയും പിച്ചിയും കൈതപ്പൂവും കാക്കപൂവും കൊണ്ട് നിറയ്ക്കുക ..ഈ വിടവിലൂടെ സുഗന്ധങ്ങൾ മാത്രമൊഴുകട്ടെ ..അതിലൂടെ വരികളുടെ ആദിദ്രാവിഡ സംസ്കാരം ഒഴുകട്ടെ ..നല്ല മലയാണ്മയുടെ മുല്ലമൊട്ടുകൾ കൊണ്ട് ആരും കൊതിയ്ക്കുന്നൊരു പൂമാല കെട്ടുക ! അത് കേരളത്തിരുമകളുടെ മുടിയിൽ തിരുകുക !!ആ പൂമണത്തിന്റെ ഉന്മാദലഹരിയിൽ വീണ്ടും പിറക്കട്ടെ കുഞ്ചനും ആശാനും ചെറുശ്ശേരിയും ചങ്ങമ്പുഴയും നീയും ഞാനും എല്ലാം കൊതിച്ചെഴുതുന്ന ആ നല്ല മലയാളം ! !

Tuesday, December 8, 2015

പ്രോഫസ്സർ എസ് രാമാനുജം കാലയവനികയിൽ മറയുമ്പോൾ വലിയൊരു ചോദ്യം ഇന്നത്തെ ദുഷിച്ച മാധ്യമങ്ങളോട് ഞാൻ ചോദിക്കുകയാണ് : നിങ്ങൾക്ക് അദ്ദേഹത്തെ അറിയില്ല അല്ലെ ? !! കഷ്ടം!! ഒരു സിനിമയിൽ അഭിനയിച്ച ഏതെങ്കിലും ഒരാളായിരുന്നെങ്കിൽ പോലും പത്രങ്ങളുടെ മുൻപേജിൽ അരഡസൻ വാർത്തകളും ഉള്ളിൽ മാഹാകാര്യങ്ങളും കോരി വാരി എഴുതി നിറച്ചു നിങ്ങൾ വാഴ്ത്തിപ്പാടിയേനെ !! ടിവിയിൽ പഴകാല ചിത്രങ്ങളും ഓർമ്മക്കുറിപ്പുകളും കൊണ്ട് നിറഞ്ഞു പാടിയേനെ !! പക്ഷെ ലോക നാടകവേദിയേപ്പറ്റി സമഗ്രവും അഗാധവുമായ അറിവുള്ളതും കേരള നാടക ചരിത്രത്തിലെത്തന്നെ സുപ്രധാന വ്യക്തിത്വവുമായിരുന്ന ഒരു മഹത് വ്യക്തി അന്തരിച്ചപ്പോൾ നാവും കണ്ണും പൂട്ടിയിരിക്കും പോലെ മാധ്യമങ്ങൾ മാറി നില്ക്കുന്നത് കാണുമ്പോൾ അതിശയത്തെക്കാളുപരി അപമാനമാണ് തോന്നുന്നത് !! നിങ്ങൾക്ക് ചർച്ച നടത്തുവാനുള്ള സംഭാവനകളൊന്നും ഇന്ത്യൻ നാടകവേദിയിൽ അദ്ദേഹം ചെയ്തതായി അറിയില്ല അല്ലേ !!

Friday, December 4, 2015

ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രൻ മാഷുടെ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ 'എന്നാ വിഖ്യാതമായ വരികൾ ഞാൻ ദൃശ്യവത്ക്കരിക്കുകയാണ് ഇന്ന് ഞങ്ങളുടെ സ്കൂൾ ആനുവൽ ഡേ യിൽ .ദൃശ്യാവിഷ്ക്കാരത്തിന്റെ കോണ്‍സെപ്റ്റ് എന്റെ ഭർത്താവിന്റെതാണ്‌ .ലൈറ്റും ഡിസൈൻഉം അദ്ദേഹത്തിന്റെതാണ് .അവതരണം എന്റെ കുട്ടികളുടെത് .(സാന്ദീപനി വിദ്യാനികേതൻ ) അവരെ പഠിപ്പിച്ചെ ടുക്കുക എന്ന സാരമായ ഉത്തരവാദിത്തത്തിൽ എന്റെ ഒപ്പം നിന്ന പ്രവിത മിസ്സിനും,പ്രോപെർട്ടി നിർമ്മാണത്തിന്റെ മുഴുവൻ ചുക്കാൻ പിടിച്ച സിനോജ് സാറിനും   സംഗീതം ചെയ്തു തന്ന മഹേഷ്‌ സാറിനും ,മനോജ്‌ സാറിനും, അതിന്റെ കോസ്റ്റും ക്രോഡീകരണം എന്നിവയിൽ കൂടെയുള്ള ബിന്ദുമിസ്സിനും മുഴുവൻ സപ്പോർട്ടും അകൈതവമായി ചെയ്തുതന്ന ഞങ്ങളുടെ പ്രിൻസിപ്പാൾ മീര സുന്ദരത്തിനും- വിജയകുമാർ സാറിനും ബാക്കിയെല്ലാ സഹപ്രവർത്തകർക്കും സ്നേഹം നിറഞ്ഞ നന്ദി .ബാലചന്ദ്രൻ മാഷെ വിളിക്കാൻ നമ്പർ ഇല്ലാത്തതിനാൽ കഴിഞ്ഞില്ല .അദ്ദേഹത്തെ നെറ്റ് വഴി വിവരം അറിയിക്കാനെ സാധിച്ചുള്ളൂ .അദ്ദേഹം ആവശ്യപ്പെട്ട നിസാരമായ ഒരുകാര്യം ചെയ്തുകൊടുക്കാൻ കഴിയാത്തതിലുള്ള ഒരു ക്ഷമാപണം കൂടിയാണ് ഞാൻ ഇതിലൂടെ ചെയ്യുന്നത് .പരിസ്ഥിതിയോടുള്ള അഗാധമായ സ്നേഹം ആഴ്ന്നു നില്ക്കുന്ന ധീരമായ വരികൾ അദ്ദേഹത്തിനു വേണ്ടി ആയിരങ്ങളുടെ മുൻപിലാണ് ഞങ്ങൾ ഇന്ന് എത്തിക്കുന്നത് .ഏകദേശം ഇരുപതു ദിവസത്തെ അഹോരാത്ര പ്രയത്നം ഈ വർക്കിനു പിന്നിലുണ്ട് .കൊച്ചുകുട്ടികളുടെ മുതൽ വലിയകുട്ടികളുടെ വരെ അധ്വാനവും ക്ഷമയും ഇതിനു പിന്നിൽ ഉണ്ട് .ഏറെ തിരക്കുകൾക്കിടയിലൂടെയെങ്കിലും ഞങ്ങൾക്കായി സമയം മാറ്റിവച്ച എന്റെ പ്രിയപ്പെട്ടവനായിട്ടാണ് ഞാനിതു സമർപ്പിക്കുന്നത് കാരണം എന്റെ ആദ്യ ദൃശ്യാവിഷ്ക്കാരം ആണിത് .അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നെത്തി ഞങ്ങളുടെകൂടെ രാപകൽ നിന്ന് ടെക്നിക്കൽ വർക്കുകൾ സഹായിക്കുന്ന കുട്ടികൾക്ക്, പ്രത്യകം പറഞ്ഞാൽ വിഷ്ണു വിന് എന്റെ സ്നേഹാഭിവാദ്യങ്ങൾ .നന്ദി എല്ലാവർക്കും  .ഇന്ന് രാത്രിയിൽ സാന്ദീപനി വിദ്യാനികേതൻ കുറ്റുമുക്ക് (CISCE) സ്ക്കൂളിൽ വച്ചു നടക്കുന്ന poetry in motion (malayalam ) നു വേണ്ടി എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കുക .ഞങ്ങൾ ഇത് വിജത്തിലെത്തിക്കാൻ മനസ്സുകൊണ്ട് കൂടെ നിൽക്കുമല്ലോ .

Thursday, December 3, 2015

ഒന്നും ആഗ്രഹിക്കുന്നില്ല നിസ്വാർത്ഥ സ്നേഹം മാത്രമെന്ന് വീമ്പടിക്കുമ്പോഴും നമ്മൾ അറിയുന്ന പകരുന്ന സ്നേഹങ്ങളെല്ലാം തിരിച്ചെന്തൊക്കെയൊ ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വേദനിപ്പിക്കുന്ന സത്യം!!

Saturday, November 28, 2015

നീ കരഞ്ഞത് ആദ്യം കേട്ടത് അർദ്ധരാത്രിയുടെ അന്ത്യം വെടിഞ്ഞു പുലർകാലത്തിന്റെ വരവേൽപ്പിലെയ്ക്കാണ് .. അർദ്ധബോധത്തോടെ ഓപറേഷൻ ടേബിളിൽ കിടക്കുമ്പോൾ പൊക്കിൾക്കൊടി മുറിക്കാതെ നിന്നെ ഉയർത്തിയെടുക്കുന്ന മിന്നായം ഞാൻ മൂടിയ കണ്ണിന്റെ ഇടയിലൂടെ കണ്ടു ..ശരിക്കും കണ്ടത് പിറ്റേന്ന് നേരം പുലർന്നപ്പൊഴും ..!ആ മഞ്ഞുറഞ്ഞ വയനാടൻ തണുപ്പിലേയ്ക്ക് കൈകാൽ കുടഞ്ഞു പിറന്നുവീണ എന്റെ തങ്കക്കുടം അഞ്ചു വർഷങ്ങൾക്കിപ്പുറം അമ്മയോട് ഒരു മുഴുനീള കഥ പറയാറായിരിക്കുന്നു ! ആരാകുമെന്നൊ എന്താകുമെന്നൊ അമ്മയ്ക്കറിയേണ്ട !എന്നും നീ അമ്മയുടെ കിലുക്കാംപെട്ടി ആയാൽ മാത്രം മതി .ഒരുകോടി മന്ത്രണം നിനക്കുവേണ്ടി അമ്മ ഉരുക്കഴിക്കുന്നുണ്ട്. രാവും പകലും നീയേ എന്നുള്ള പ്രാർത്ഥന കൂടെയുണ്ട് .. അതുതന്നെ മതിയല്ലോ അമ്മയുടെ ജന്മം സാർത്ഥകമാകാൻ ! നേരം പുലരുമ്പോൾ  എന്റെ പൊന്നുമോൾക്ക് (കനിഷ്ക ) അഞ്ചു വയസ്സ്

Friday, November 27, 2015

സയൻസു ടീച്ചറെ ..ഈ വരപ്പു ടീച്ചറെ എവിടെക്കെട്ടണം ?

സയൻസു ടീച്ചറെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?

വരച്ചു വരച്ചു കുട്ടികളെയൊക്കെ
വരിയിൽ നിരത്താതെ
ലോകത്തിന്റെ മുക്കിലും മൂലയിലും
പാറിനടന്നു വലുതാക്കാൻ
വരച്ചു വരച്ചു കൈയ്യിലെ മടിമാറ്റി
മനസ്സിലെ മടുപ്പുമാറ്റി
കരളിന്റെ കനപ്പുമാറ്റി ..
ലോകത്തിലേയ്ക്ക് ചങ്കുറപ്പോടെ
ഇറക്കിവിടാൻ പോയ വരപ്പു ടീച്ചറെ
നാണക്കേടിന്റെ പട്ടികയിൽ തള്ളി
ഇനിയും സ്കൂളിന്റെ
നാണംകെട്ട പിന്നാമ്പുറത്തു നിർത്തി
നാണം കേടുത്തണോ ?

ക്രിയാത്മകതയെ നിങ്ങൾ
കൃമിപോലെയാണോ കാണുന്നത് ..?
അത് വളർന്നു വളർന്നു മാനം മുട്ടുന്ന
മാന്ത്രികവടിയാണ് ടീച്ചറേ ..!
അതിനെ വെല്ലാൻ നിങ്ങളുടെ
ആൽക്കെമി മണക്കുന്ന ഒരു മരുന്നിനുമാകില്ല !
നിങ്ങളുടെ ആറ്റോമിക് നമ്പറും മാസ്സും
വരപ്പുകടലാസിലെ കുറെ വരകളും
കുറികളും കുമിളകളുമാണ് ടീച്ചറേ ..!
വരപ്പു മേശയിലെ ഏത് ചായത്തിനെ വെല്ലാൻ
കഴിയും ആ കുമിളകൾക്ക് ?
ശൂ ..എന്ന് പൊട്ടിപ്പോകാനല്ലാതെ !!!

ഇനിയും ,
സയൻസു ടീച്ചറെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?

വരപ്പിച്ചു വരപ്പിച്ചു കുട്ടികളെയൊക്കെ
ചിന്തയുടെ വാതായനങ്ങൾ തുറപ്പിക്കാൻ
എഴുത്തിന്റെ മനോഹര തീരത്തേയ്ക്കടുപ്പിക്കാൻ
വായിക്കാൻ സ്വപ്നം കാണാൻ..
സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ
പഠിപ്പിച്ചുകൊണ്ടെയിരിക്കുന്ന
വരപ്പുടീച്ചറെ പിയൂണിന്റെ
വിലപോലുമില്ലാതെ
തറതുടയ്ക്കുന്ന തുണിയുടെ വില
പോലുമില്ലാതെ ആൾക്കൂട്ടത്തിൽ
ആരുമല്ലാതെ  നിർത്തണമോ ?

ഇനിയും ,
വരപ്പു കുട്ടികളെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?
നിങ്ങൾ പറയണം ,
സ്കൂളിനും മതിലിനും നിങ്ങൾക്കും
വേണ്ടാത്ത ഈ വരപ്പു ടീച്ചറെ ?


 


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...