Thursday, April 20, 2017

വീട്ടിലെ വിഷു എന്നാൽ എനിക്ക് അമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളതയും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള നേർത്ത ദൂര വ്യത്യാസവുമാണ് ..നിറയെ മിന്നാമിനുങ്ങുകളുള്ള സന്ധ്യകളാണ് ..ഒന്നിച്ചിരുന്നുള്ള സ്നേഹ സായന്തനങ്ങളാണ് ..! വയനാടിന് മാത്രം നല്കാനാകുന്ന തണുത്ത പൊതിഞ്ഞു പിടിക്കലുകളാണ് ..

Tuesday, April 18, 2017

എന്റെ ആദ്യ സ്‌കൂളിൽ നിന്നുമുള്ള സ്നേഹാദരങ്ങൾ എഴുത്തുകാരി എന്ന നിലയിൽ കഴിഞ്ഞ ഏപ്രിൽ 8 നു ഹൃദയപൂർവ്വം സ്വീകരിച്ചപ്പോൾ .സ്‌കൂളിന്റെ 36 മത് വാർഷികാഘോഷത്തിൽ വച്ചായിരുന്നു ചടങ്ങ് .എന്റെ അദ്ധ്യാപകനും കൂടിയായിരുന്ന ഇപ്പോൾ പിരിഞ്ഞു പോകുന്ന ഹെഡ്മാസ്റ്റർ ശ്രീ ദാമോദരൻ മാസ്റ്ററിൽ നിന്നുമാണ് ആദരവ് ഏറ്റുവാങ്ങിയതെന്നതിൽ അഭിമാനിക്കുന്നു . ഞാൻ പഠിക്കുമ്പോൾ കാപ്പിസെറ്റ് ഗവ യുപി സ്‌കൂൾ. ഇപ്പോൾ മുതലിമാരൻ മെമ്മോറിയൽ എച്ച്  എസ് കാപ്പിസെറ്റ് ,പുൽപ്പള്ളി വയനാട് .

Wednesday, April 5, 2017

കാണരുത് ..കേൾക്കരുത് ..മിണ്ടരുത് !!
ശ്..ശ്ശ്..!
ആരാ നമുക്ക് പറഞ്ഞുതന്നത് ???
മൂന്നു കുരങ്ങന്മാർ !!(എന്റെ പിഴ എന്റെ പിഴ എന്റെ വലിയപിഴ ഇതുവരെ ഗാന്ധിജിയാണെന്നോർത്തു :( )
അമ്മയാണെങ്കിലും മിണ്ടരുത് ..!!
അമ്മയുടെ കൊന്നുകളഞ്ഞ മോനാണെങ്കിലും
ഒന്നും ഒരിക്കലും കാണരുത് ..!!!
പോലീസിനെപ്പറ്റിയാണേൽ ..
യ്യോ !! ഒന്നും കേട്ട് പോകരുത് !!!!

Monday, March 27, 2017

കോയിക്കോട് പോവേണു..ങ്ങള് ബരിനിണ്ടാ ?? ന്റെ കെട്ട്യോന്റെ നാടകം 'മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകള് '..നാളെ കൃത്യം ഏഴു മണിക്ക് കോയിക്കോട് യൂണിവേഴ്സിറ്റിലുണ്ട് ..ഹാ ബരീനെന്ന് ..മ്മക്ക് ഒപ്പരം കാണാല്ലോ !

Sunday, March 26, 2017

ഞാൻ!

എന്തിനാണ് ഞാൻ എന്നെ ഇത്ര സ്നേഹിക്കുന്നതെന്നോ ..?
സ്നേഹത്തിന്റെയും തിരസ്കാരത്തിന്റെയും വഴുവഴുക്കലുകൾക്കിപ്പുറം
തെന്നിപ്പോകാത്ത 'ഞാൻ ' എന്ന സ്നേഹം എന്റെ ശരീരത്തിനും അപ്പുറം നിന്നെന്നെ ഒടുങ്ങാത്ത സ്നേഹത്തോടെ പരിചരിക്കുന്നുണ്ട് ! എന്റെ മുറിവുകൾക്കു മുകളിലൂടെ സ്നേഹത്തിന്റെ പട്ടുറുമാൽ പതിയെ തഴുകി നീക്കുന്നുണ്ട് .ഒരു പ്രവാചകനെപ്പോലെ 'നിനക്കാവും എന്തുവേണമെങ്കിലും ' എന്ന് കൂടെക്കൂടെ ആർക്കും കേൾക്കാനാകാത്ത മൃദു മൊഴികളിൽ ഇമ്പത്തിൽ മൊഴിയുന്നുണ്ട് .നിനക്കുള്ളത്ര അഴക് നിനക്കുമാത്രമെന്നെന്നെ ഒരാളുമറിയാതെ ഊറ്റം കൊള്ളിക്കുന്നുണ്ട് .ഒരു പൂവിരിയുമ്പോലെ സന്ധ്യകളും പ്രഭാതങ്ങളും ആരെയും കാണിക്കാതെ വിടർന്നു കൊഴിയുമെന്നും അതിലെവിടെയോ ഒരു നീർക്കണം പോലെ നീ ലയിച്ചില്ലാതെയാകുമെന്നും ഒരാളോടും പറയാനാകാത്ത വിശാലതയിൽ മൗനമായി എന്നിലേക്കിറ്റിച്ചു നൽകുന്നുണ്ട് ! ഞാൻ ഞാൻ എന്ന് എന്നെ ഞാൻ ഓമനത്തത്തോടെ ചേർത്തണയ്ക്കുന്നു, നെറുകയിൽ കണ്ണിൽ കനവിൽ സ്വർഗീയമായ ആനന്ദത്തോടെ ഉമ്മവയ്ക്കുന്നു !

Wednesday, March 22, 2017

എന്ത് രസമാണല്ലേ സ്നേഹത്തിന്റെ ശീതീകരണികൾ ..ഉച്ചവെയിലിലെ മധുരനാരങ്ങകൾ.. കിലുകിലെപ്പൊട്ടിച്ചിരികൾ ..ഉത്തരമില്ലാത്ത പൊട്ടത്തരങ്ങൾ ..വെറുതെയുള്ള അലഞ്ഞുതിരിയലുകൾ ..പ്രായമേറാത്ത ഓർമ്മക്കുറിപ്പുകൾ

Monday, March 20, 2017

നെല്ലിയാമ്പതിയിൽ നിന്നും ഞാൻ കൊണ്ടുപോന്ന ന്റെ സുന്ദരിചെമ്പരത്തി  രാവിലെ വെള്ളമൊഴിക്കുമ്പോൾ  പറഞ്ഞു : 'നീ അമ്പലത്തിപ്പോയി കണ്ണനെ കണ്ടുവാ ഒരു സൂത്രം തരാനുണ്ട്' എന്ന് .മഞ്ഞ നിറത്തിൽ അവളുടെ പൂമൊട്ട് ആലസ്യഭാവത്തിൽ എന്നെയൊന്നു കടക്കണ്ണിട്ടു നോക്കി .ശരിയെന്നും പറഞ്ഞു മോളെ വാനിൽ കയറ്റി പരീക്ഷയ്ക്ക് വിട്ടശേഷം ഞാൻ അമ്പലത്തിലെത്തി. എന്റെ പ്രിയപ്പെട്ടവന്റെ എല്ലാ നാടകങ്ങൾക്കും മുൻപ് ഞാൻ അവിടെത്താറുണ്ട് ഇത്തവണയുമെത്തി. അപ്പോൾ രാവിലെ കുളിച്ചീറനണിഞ്ഞ ഉണ്ണിക്കണ്ണനും ഞങ്ങൾ ഒന്നോ രണ്ടോ പേരും മാത്രം പരസ്പരം നോക്കി നിന്നു .കുസൃതിയുടെ കണ്ണാടിത്തിളക്കത്തോടെ ശൈശവമായ സഹജഭാവത്തോടെ എൻെറ പൊന്നുമോളെപ്പോലെ ഞാൻ അവനെ വെറുതെ നോക്കി നിന്നു .ഞാൻ ഒരിക്കലും ഒന്നും ചോദിക്കാനല്ല പോകാറുള്ളത്. വെറുതെ നിൽക്കുമ്പോൾ എന്നെപ്പൊതിയുന്ന ഏതോ ഒരു ഉൾവിളിയിൽ പ്രകൃതിയുടെ മുഴുവൻ ഊർജ്ജവും പകുത്തുതന്ന് അവനെന്നെ തിരികെ അയക്കും .ഇത്തവണ ക്ഷേത്ര നടയിൽ ഇടയ്ക്ക കൊട്ടിപ്പാടാൻ ഒരു യുവാവും ഉണ്ടായിരുന്നു ."അറിയരുതടിയന് ഗുണവും ദോഷവും ..അരുളുക ശുഭമാർഗ്ഗം .." എന്ന് കരുണാർദ്രമായ ശബ്ദത്തിൽ അയാൾ പാടുമ്പോൾ അവൻ വെറുതെ മണ്ണുവാരിക്കളിച്ചുകൊണ്ടെന്നെ ഒന്ന് നോക്കി .ചിരിയോടെ ഞാൻ തിരിച്ചു വണ്ടിയിൽ കയറുമ്പോൾ വണ്ടിയുടെ തൊട്ടുതാഴെ ഒരു മഞ്ചാടിച്ചുവപ്പുണ്ടായിരുന്നു ഞാൻ ചിരിയോടെ അത് പെറുക്കിയെടുക്കുമ്പോൾ എന്റെ മോളുടെ ആവശ്യമോർത്തു : "അമ്മ തിരികെ വരുമ്പോൾ അവിടെ മഞ്ചാടി ഉണ്ടാകും എടുക്കണേ " .വീട്ടിലെത്തി ഗേറ്റ് കടക്കുമ്പോൾ കാണാമായിരുന്നു അവളുടെ, ചെമ്പരത്തിയുടെ സ്നേഹസമ്മാനം ! വലിയ ഇതളുകളിൽ സ്നേഹത്തിന്റെ ചുവപ്പുരാശി തൂകിയ ചിരിയുമായി വിടർന്നു വിലസി നിൽക്കുന്ന അവളുടെ ആദ്യ പുത്രി ! എന്റെ സുന്ദരീ എന്ത് ഭംഗിയാണെന്നോർത്തു ഞാൻ ഇവിടില്ലാത്ത ഒരാളെ നീട്ടി വിളിക്കുന്നു : "ശ്രീ ..ന്റെ ചെമ്പരത്തി പൂത്തല്ലോ, നോക്ക് സുന്ദരി തന്നെ അല്ലെ ? "

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...