Tuesday, December 16, 2014

നമ്മള്‍ ഏറ്റവും പ്രിയത്തോടെ കണ്ടിരുന്നവര്‍ ,കൂടെ നടന്നിരുന്നവര്‍ അകന്നുപോകുന്നത് ഹൃദയവേദനയോടെ കാണാതിരിക്കുക കാരണം ഒന്നുകില്‍ അവര്‍ക്കോ അല്ലെങ്കില്‍ നമുക്കോ അപരന്റെ ഹൃദയം വരെ എത്താനുള്ള ശേഷിയില്ല !അതുണ്ടെങ്കില്‍ അപരന്റെ കുറവുകള്‍ നമ്മള്‍ സ്വയം നികത്തുമായിരുന്നു !അവരെ ചേര്‍ത്തുനിര്‍ത്തി ഗാഡമായി ആലിംഗനം ചെയ്യുമായിരുന്നു !

Thursday, December 11, 2014

ഒരു കുഞ്ഞിന് ഏറ്റവും ആത്യന്തികമായി വേണ്ടത് പരിഗണന ആണ് .അത് മാത്രമാണ് അവരെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നത് .അത് അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നോ മാത്രം കിട്ടേണ്ടുന്ന ഒന്നല്ല ! മുഴുവന്‍ സമൂഹത്തിനും അവര്‍ക്കുമേല്‍ ഉത്തരവാദിത്വം ഉണ്ട് .കാരണം ഞാനും നിങ്ങളും ഒരുനാള്‍ കുഞ്ഞുങ്ങളായിരുന്നു അന്ന് ലഭിച്ചതും ലഭിക്കാത്തതുമായ പലതും നമുക്ക് അവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ട് .കുട്ടികള്‍ക്ക് മാതൃക ആകേണ്ടവര്‍ തന്നെ പണത്തിനും പദവിക്കും ആഡംബരത്തിനും ആര്‍ഭാടത്തിനും അനാവശ്യമായ ആഗ്രഹങ്ങള്‍ക്കും പിറകെ പായുമ്പോള്‍ കുഞ്ഞുങ്ങള്‍ നിസ്സഹായര്‍ ആണ് .അവരാണ് നമ്മുടെ നാളെകള്‍.അവര്‍ മാത്രമാണ് നമ്മുടെ ഭാവിയും !

Friday, December 5, 2014

മറവിയുടെ മുക്കുപണ്ടങ്ങളില്‍ മുക്കിയ സ്വര്‍ണ്ണ വര്‍ണ്ണ ഓര്‍മ്മകള്‍ കാലം ചെല്ലും തോറും വയസ്സാകും തോറും വെളുത്തു വെളുത്തു വരുന്നു തലമുടിപോലെ തന്നെ ! പൂര്‍ണ്ണമായും വെളുക്കുമ്പോള്‍ സംശുദ്ധമായ മറവിയില്‍ ശാന്തമായി അവ നിലകൊള്ളും !

Thursday, November 27, 2014

വൃദ്ധർ

കണ്ണു കാണാതെ പോകുന്നു കാഴ്ച്ചതൻ
വർണ്ണ ധൂളിമക്ഷേത്രം പൊലിയുന്നു
അന്ധനാകുന്നു ഓരോ നിമിഷവും
അന്തിവെട്ടവും മാഞ്ഞൊഴിഞ്ഞീടുന്നു  !

കാതിൽ വീഴുന്ന ഓരോ പദങ്ങളും
പേർത്തു പേർത്തിന്നു കാഴ്ച്ചയാക്കുന്നവർ!
ഭൂതകാലത്തിൽ കണ്ടവയൊക്കെയും
ഭാവികാലത്തിലേയ്ക്കവർ പേറുന്നു 

നാവു തൊട്ടവർ കാഴ്ച   നുണയുന്നു
ശ്വാസമേറുമ്പോൾ ജീവിതം താഴുന്നു
കാലഘട്ടങ്ങൾ കണ്ണിലൊളിക്കവേ 
കണ്‍തടങ്ങളിൽ കാഴ്ച മുഴയ്ക്കുന്നു !

പ്രാണവായുവിൽ പ്രാണൻ മണക്കുന്നു
ചാഞ്ഞ ചുണ്ടതിൽ ശൈശവം ഇറ്റുന്നു !
കോടിയ കൈകൾ മക്കളെ തേടുന്നു
ഊന്നു വടികളോ മക്കളായ്‌ മാറുന്നു !

കണ്ണുനീരുപോൽ പങ്കാളി മായുന്നു
കണ്ണുനീരെ വരാതങ്ങതാതാവുന്നു
കന്മഷം തീരെഇല്ലാതെയാകുമ്പോൾ 
കന്മദം പോലെ ദേഹമുറയുന്നു !

ദേഹകാന്തി ഇളകിച്ചുളിയുന്നു
ഓർമ്മയപ്പോൾ ഉടലിൽ കുരുങ്ങുന്നു
നേരമെല്ലാം ഒളിച്ചു പോയീടുന്നു
നേരമെന്നതേ വേണ്ടാതെയാകുന്നു !

ദാർഷ്ട്യമെല്ലാം  വെടിഞ്ഞൊരു നട്ടെല്ലോ
മെല്ലെമെല്ലെ കുനിഞ്ഞു വളയുന്നു
മണ്ണിലല്ലേ മഹത്വമിരിപ്പതു മെല്ലെ മെല്ലെ
പ്പരതുന്നു കാലുകൾ ..

സ്വന്തമെന്നതൊ ബന്ധവുമെന്നതൊ
ചിന്തയെന്നതോ ചിന്തിപ്പതെന്നതോ
ഊഴിയെന്നതോ ഉണ്ണുന്നതെന്നതോ  
ഏതുമില്ല നിരൂപിക്കുവാൻ സമം !

ദേഹിദേഹവുമൊന്നായ മാത്രയിൽ
ബന്ധമെല്ലാമഴിയുന്ന മാത്രയിൽ
സന്തതം വന്നു ചേർത്തു പിടിച്ചാരോ 
പ്രാണനെ തിരിച്ചൂറ്റിയെടുക്കുന്നു!

കല്ലറ , കുഴി, കത്തിക്കൽ എന്നതോ
കാട്ടുദിക്കിൽ എറിഞ്ഞു കളവതോ 
ദേഹമൊന്നുമറിയുന്നതില്ലിഹ  
വേപഥു മണ്ണിൽ ജീവിച്ചിരിക്കിലെ !





Sunday, November 23, 2014

അവസാനശ്വാസത്തിന്‍ ആരംഭമെത്തുമ്പോള്‍
അറിയാതെയെങ്കിലും അറിയുന്നോരാകും നാം !

Wednesday, November 19, 2014

അതാണല്ലോ ഈ ജീവിതം !

ശരീരം തൊടണം തലോടണം
ഉമ്മവയ്ക്കണം പുണരണം
അതാണല്ലോ ജീവിതം !
ചുംബന സമരത്തോടെ ,
 പുനർവിചിന്തനം കൊണ്ട
അതേ പഴയ ജീവിതം !

ഇനി ,
തൊടാത്തവരോട് :
നിങ്ങൾ ഒന്നുകിൽ മഹാരോഗിയാണ്
സഹോദരിയെ സ്നേഹത്തോടെ
പൊത്തിപ്പിടിക്കാനാകാത്ത ,
സഹോദരനോടൊപ്പം  കെട്ടിമറിയാത്ത ,
അമ്മയോട് കൊഞ്ചിക്കളിക്കാത്ത,
അച്ഛനുമേൽ കുത്തിമറിയാത്ത,
സ്നേഹം പ്രകടിപ്പിക്കാനറിയാതെ
കുപ്പിയിലടച്ച്‌ രോഗിയാക്കി വളർത്തിയ
ചിക്കിച്ചികയാനറിയാത്ത,
കൊത്തിപ്പെറുക്കാനറിയാത്ത ,
ചിറകു ചെരുക്കി പ്രേമിക്കാനറിയാത്ത  
ബ്രോയിലർ രോഗി !

അല്ലെങ്കിൽ നിങ്ങൾ മാറാ രോഗിയാണ് !
നിങ്ങളുടെ കരളിനു മന്ത് ബാധിച്ചിരിക്കുന്നു
അത് അസൂയമൂലം വീർത്തു വീർത്തു തൂങ്ങിക്കിടക്കുന്നു !
നിങ്ങളുടെ രോഗം മാറില്ല !
അത് സ്നേഹപ്രകടനമെന്നാൽ കാമപൂരണം
എന്ന് തിരുത്തിവായിക്കുന്നു !
ആണും പെണ്ണുമെന്നാൽ കിടപ്പറ എന്ന്
കൂട്ടിവായിക്കുന്നു !
ചുംബനം എന്ന് കേട്ടാൽ രതിമൂർച്ഛ
വന്നു വിറയ്ക്കുന്നു !
അല്ലെങ്കിലും  നിങ്ങൾ മാറാ രോഗിയാണ് 
നിങ്ങൾക്ക് കത്തിയും വടിവാളുമില്ലാതെ
ഉറങ്ങാനാകില്ല ,ഉറക്കത്തിലെങ്ങാൻ
രണ്ടുപേർ ചുംബിച്ചാലോ ??!

ശരീരം തൊടാനും കെട്ടിപ്പിടിക്കാനും
ചുംബിച്ചു മരിക്കാനുമുള്ളതാണ്
അതാണല്ലോ ഈ ജീവിതം !


Sunday, November 16, 2014

പൊട്ടിച്ചിരിയുടെ മുത്തുകള്‍ പൊട്ടിത്തെറിച്ചു പോകുന്നു ..
ഇളവെയില്‍ ഇലച്ചാര്‍ത്തുകളിലൂടെ നൂല് കോര്‍ക്കുന്നു ..
സൂചിത്തുമ്പികള്‍ കൂട്ടത്തോടെ പറന്നു വരുന്നു ..
സന്തോഷത്തോടെ നോക്കുമ്പോള്‍,
എന്തും സന്തോഷമാണെന്നു തിരിച്ചറിയുന്നു !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...