Friday, December 5, 2014

മറവിയുടെ മുക്കുപണ്ടങ്ങളില്‍ മുക്കിയ സ്വര്‍ണ്ണ വര്‍ണ്ണ ഓര്‍മ്മകള്‍ കാലം ചെല്ലും തോറും വയസ്സാകും തോറും വെളുത്തു വെളുത്തു വരുന്നു തലമുടിപോലെ തന്നെ ! പൂര്‍ണ്ണമായും വെളുക്കുമ്പോള്‍ സംശുദ്ധമായ മറവിയില്‍ ശാന്തമായി അവ നിലകൊള്ളും !

Thursday, November 27, 2014

വൃദ്ധർ

കണ്ണു കാണാതെ പോകുന്നു കാഴ്ച്ചതൻ
വർണ്ണ ധൂളിമക്ഷേത്രം പൊലിയുന്നു
അന്ധനാകുന്നു ഓരോ നിമിഷവും
അന്തിവെട്ടവും മാഞ്ഞൊഴിഞ്ഞീടുന്നു  !

കാതിൽ വീഴുന്ന ഓരോ പദങ്ങളും
പേർത്തു പേർത്തിന്നു കാഴ്ച്ചയാക്കുന്നവർ!
ഭൂതകാലത്തിൽ കണ്ടവയൊക്കെയും
ഭാവികാലത്തിലേയ്ക്കവർ പേറുന്നു 

നാവു തൊട്ടവർ കാഴ്ച   നുണയുന്നു
ശ്വാസമേറുമ്പോൾ ജീവിതം താഴുന്നു
കാലഘട്ടങ്ങൾ കണ്ണിലൊളിക്കവേ 
കണ്‍തടങ്ങളിൽ കാഴ്ച മുഴയ്ക്കുന്നു !

പ്രാണവായുവിൽ പ്രാണൻ മണക്കുന്നു
ചാഞ്ഞ ചുണ്ടതിൽ ശൈശവം ഇറ്റുന്നു !
കോടിയ കൈകൾ മക്കളെ തേടുന്നു
ഊന്നു വടികളോ മക്കളായ്‌ മാറുന്നു !

കണ്ണുനീരുപോൽ പങ്കാളി മായുന്നു
കണ്ണുനീരെ വരാതങ്ങതാതാവുന്നു
കന്മഷം തീരെഇല്ലാതെയാകുമ്പോൾ 
കന്മദം പോലെ ദേഹമുറയുന്നു !

ദേഹകാന്തി ഇളകിച്ചുളിയുന്നു
ഓർമ്മയപ്പോൾ ഉടലിൽ കുരുങ്ങുന്നു
നേരമെല്ലാം ഒളിച്ചു പോയീടുന്നു
നേരമെന്നതേ വേണ്ടാതെയാകുന്നു !

ദാർഷ്ട്യമെല്ലാം  വെടിഞ്ഞൊരു നട്ടെല്ലോ
മെല്ലെമെല്ലെ കുനിഞ്ഞു വളയുന്നു
മണ്ണിലല്ലേ മഹത്വമിരിപ്പതു മെല്ലെ മെല്ലെ
പ്പരതുന്നു കാലുകൾ ..

സ്വന്തമെന്നതൊ ബന്ധവുമെന്നതൊ
ചിന്തയെന്നതോ ചിന്തിപ്പതെന്നതോ
ഊഴിയെന്നതോ ഉണ്ണുന്നതെന്നതോ  
ഏതുമില്ല നിരൂപിക്കുവാൻ സമം !

ദേഹിദേഹവുമൊന്നായ മാത്രയിൽ
ബന്ധമെല്ലാമഴിയുന്ന മാത്രയിൽ
സന്തതം വന്നു ചേർത്തു പിടിച്ചാരോ 
പ്രാണനെ തിരിച്ചൂറ്റിയെടുക്കുന്നു!

കല്ലറ , കുഴി, കത്തിക്കൽ എന്നതോ
കാട്ടുദിക്കിൽ എറിഞ്ഞു കളവതോ 
ദേഹമൊന്നുമറിയുന്നതില്ലിഹ  
വേപഥു മണ്ണിൽ ജീവിച്ചിരിക്കിലെ !





Sunday, November 23, 2014

അവസാനശ്വാസത്തിന്‍ ആരംഭമെത്തുമ്പോള്‍
അറിയാതെയെങ്കിലും അറിയുന്നോരാകും നാം !

Wednesday, November 19, 2014

അതാണല്ലോ ഈ ജീവിതം !

ശരീരം തൊടണം തലോടണം
ഉമ്മവയ്ക്കണം പുണരണം
അതാണല്ലോ ജീവിതം !
ചുംബന സമരത്തോടെ ,
 പുനർവിചിന്തനം കൊണ്ട
അതേ പഴയ ജീവിതം !

ഇനി ,
തൊടാത്തവരോട് :
നിങ്ങൾ ഒന്നുകിൽ മഹാരോഗിയാണ്
സഹോദരിയെ സ്നേഹത്തോടെ
പൊത്തിപ്പിടിക്കാനാകാത്ത ,
സഹോദരനോടൊപ്പം  കെട്ടിമറിയാത്ത ,
അമ്മയോട് കൊഞ്ചിക്കളിക്കാത്ത,
അച്ഛനുമേൽ കുത്തിമറിയാത്ത,
സ്നേഹം പ്രകടിപ്പിക്കാനറിയാതെ
കുപ്പിയിലടച്ച്‌ രോഗിയാക്കി വളർത്തിയ
ചിക്കിച്ചികയാനറിയാത്ത,
കൊത്തിപ്പെറുക്കാനറിയാത്ത ,
ചിറകു ചെരുക്കി പ്രേമിക്കാനറിയാത്ത  
ബ്രോയിലർ രോഗി !

അല്ലെങ്കിൽ നിങ്ങൾ മാറാ രോഗിയാണ് !
നിങ്ങളുടെ കരളിനു മന്ത് ബാധിച്ചിരിക്കുന്നു
അത് അസൂയമൂലം വീർത്തു വീർത്തു തൂങ്ങിക്കിടക്കുന്നു !
നിങ്ങളുടെ രോഗം മാറില്ല !
അത് സ്നേഹപ്രകടനമെന്നാൽ കാമപൂരണം
എന്ന് തിരുത്തിവായിക്കുന്നു !
ആണും പെണ്ണുമെന്നാൽ കിടപ്പറ എന്ന്
കൂട്ടിവായിക്കുന്നു !
ചുംബനം എന്ന് കേട്ടാൽ രതിമൂർച്ഛ
വന്നു വിറയ്ക്കുന്നു !
അല്ലെങ്കിലും  നിങ്ങൾ മാറാ രോഗിയാണ് 
നിങ്ങൾക്ക് കത്തിയും വടിവാളുമില്ലാതെ
ഉറങ്ങാനാകില്ല ,ഉറക്കത്തിലെങ്ങാൻ
രണ്ടുപേർ ചുംബിച്ചാലോ ??!

ശരീരം തൊടാനും കെട്ടിപ്പിടിക്കാനും
ചുംബിച്ചു മരിക്കാനുമുള്ളതാണ്
അതാണല്ലോ ഈ ജീവിതം !


Sunday, November 16, 2014

പൊട്ടിച്ചിരിയുടെ മുത്തുകള്‍ പൊട്ടിത്തെറിച്ചു പോകുന്നു ..
ഇളവെയില്‍ ഇലച്ചാര്‍ത്തുകളിലൂടെ നൂല് കോര്‍ക്കുന്നു ..
സൂചിത്തുമ്പികള്‍ കൂട്ടത്തോടെ പറന്നു വരുന്നു ..
സന്തോഷത്തോടെ നോക്കുമ്പോള്‍,
എന്തും സന്തോഷമാണെന്നു തിരിച്ചറിയുന്നു !

Sunday, November 9, 2014

ഒരു പച്ചപ്പിന്റെ ഹൃദയതാളം നേര്‍ത്ത മഞ്ഞുതുള്ളി ഒഴുകിപ്പരക്കും പോലെ എന്റെ വരണ്ട ഹൃദയത്തിലേയ്ക്ക് ഒരുമഴക്കാലത്തിലെ സായന്തനത്തില്‍ വന്ന് വീണു നിറഞ്ഞു ..ഊഷരമായ ജീവിതത്തിന്റെ കരകര താളത്തിലുള്ള ഇഴച്ചില്‍ ബാംഗ്ലൂര്‍ നഗരത്തിന്റെ പൊടിപിടിച്ച വഴികളിലൂടെ രാവിലെ വന്ന് നില്‍ക്കുന്ന കാബ് ലേയ്ക്കുള്ള കയറലും മൂന്നു സ്വൈപ്പ് മെഷീന്‍കളുടെ അനുവാദം കഴിഞ്ഞു സ്വന്തം കാബിനില്‍ കയറിക്കൂടി ഒന്‍പതര മണിക്കൂര്‍ വരച്ചും എഴുതിയും അനിമേഷന്‍ ചെയ്തും പ്രോഗ്രാമിന്റെ നൂലാമാലകളില്‍ക്കൂടി ഇറങ്ങിയരിച്ചും വല്ലപ്പോഴും വലിയ ആണ്പടകള്‍ മാത്രമടങ്ങിയ ടീമിന്റെ പിറന്നാള്‍ സദ്യകള്‍ക്ക് പൊട്ടിച്ചിരിച്ചും വൈകുന്നേരമായാല്‍ തിരിച്ചു ക്യാബില്‍ കയറി നിസ്സഗതയോടെ മുറിയിലെത്തിയാല്‍ വല്ലതും ഉണ്ടാക്കി കഴിക്കാന്‍ തോന്നിയാല്‍ കഴിക്കും .ആരോടേലും സംസാരിക്കാന്‍ തോന്നിയാല്‍ സ്കൈപ് ഓണ്‍ ചെയ്യും ഇല്ലെങ്ങില്‍ ഒരുമൂലയില്‍ തള്ളിയ ബെഡ്ഡില്‍ നീണ്ടു നിവര്‍ന്നുറങ്ങും .ജീവിതം അതെ ചാക്രിക ചലനത്തില്‍ തള്ളി നീക്കി പോകുമ്പോഴാണ് ചക്രം നേരെ തിരിച്ചുകൊണ്ടു ജീവിതത്തിലേയ്ക്ക് നീ മഴപോലെ കയറി വന്നത് .കണ്ടതും സംസാരിച്ചതും നിശ്ചയിച്ചതും കല്യാണം കഴിച്ചതുമെല്ലാം മഴയത്ത് തന്നെയായിരുന്നു ! അടികൂടിയതും പൊട്ടിക്കരഞ്ഞതും പൊട്ടിച്ചിരിച്ചതും നമ്മുടെ മായാവി ബൈക്കിന്റെ പുറമേറി ഹൈദരാബാദിന്റെ ഇടവഴികളിലൂടെ അലഞ്ഞു നടന്നതും വഴിതെറ്റി പോയിപ്പോയി എവിടെയോ എത്തിയതും ..ചിരിച്ചു ചിരിച്ചു മരിച്ചു നമ്മള്‍ പുനര്‍ജ്ജനിച്ചതും ഒടുവില്‍ നമുക്ക് മേല്‍ കുത്തിമറിഞ്ഞു കളിയ്ക്കാന്‍ ഒരു കൊച്ചു സുന്ദരി വിരുന്നു വന്നതും കഴിഞ്ഞെത്ര നാളായിരിക്കുന്നു അല്ലെ ശ്രീ !?!! എന്റെ ജീവിതത്തിലെ പച്ചപ്പുകള്‍ക്കൊക്കെ ഞാന്‍ നിന്നോടുമാത്രം കടപ്പെട്ടിരിക്കുന്നു ..ഞാന്‍ ജീവിച്ചാലും മരിച്ചാലും എന്റെ എകപുരുഷന്‍ നീ എന്ന പച്ചപ്പായിരിക്കും !ഇതുതന്നെയാണ് എന്റെ പിറന്നാള്‍ സമ്മാനം ..ഞാന്‍ തന്നെയാണ് നിനക്കുള്ള സമ്മാനം .എല്ലാവരോടും വിളിച്ചുകൂവുന്നത് എല്ലാവരും നിനക്ക് മംഗളം പാടാന്‍ തന്നെയാണ് .ഉമ്മ ഇന്നും പിന്നെ എന്നും!എന്തിനെന്നറിയില്ല ഞാന്‍ കരയുകയാണ് ..കരഞ്ഞുകൊണ്ടെ ഇരിക്കയാണ് ..love you always Sreejith Remanan

Thursday, October 30, 2014

താരകക്കംബളം നീർത്തീ
മാനത്തംബിളി മാമനുറങ്ങി ..
താഴെ മേട്ടിലെ കൂട്ടിൽ
രാപ്പാടി പോലുമുറങ്ങി ..
ആരാരിരാരാരിരാരോ
അമ്മതൻ പൈതലുറങ്ങ്‌

കുഞ്ഞിളം കാറ്റ് തലോടീ
ഉമ്മവയ്ക്കുന്നിളം ചുണ്ടിൽ
ഒച്ചയുണ്ടാക്കാതെ നിന്നേ.. നോക്കി
കൂട്ടിരിക്കുന്നൂ കുറുഞ്ഞീ
ആരാരിരാരാരിരാരോ
രാരീ രാരാരി രാരാരി രാരോ

 അച്ഛന്റെ പൂങ്കുരുന്നല്ലെ ..നീ
ചാഞ്ചാടിയാടിയുറങ്ങ്
നാളെ നേരം പുലർന്നാൽ
മാമം തരാൻ മൈന പോരും

ആരാരിരാരാരിരാരോ
രാരീ രാരാരി രാരാരി രാരോ

ഓമനത്തുംബികൾ ആടും
കളിക്കൊഞ്ചലുമായ് തത്ത പാടും ..
മാനുകൾ തുള്ളിക്കളിക്കും
എന്നോമന കൂടെച്ചിരിക്കും ..
ആരാരോ രാരാരി രാരോ
രാരി, രാരാരി രാരാരി രാരോ ...

നേരം വെളുക്കും വരേയ്ക്കും
നിന്നോമനക്കണ്ണുകൾ പൂട്ടി
അമ്മതൻ അമ്പിളി വാവേ
നീ ചാഞ്ചാടിയാടി ഉറങ്ങ്‌ ..
ആരാരോ രാരാരി രാരോ
രാരി, രാരാരി രാരാരി രാരോ ...



ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...