Thursday, January 10, 2013

കാട്ടുപക്ഷി


ഞാന്‍ കാത്തുവച്ച ഈ
ആറടി വലിപ്പത്തിലേയ്ക്കെത്താന്‍
എനിക്ക് ഒരു യുഗം പണിയേണ്ടി വന്നു ..!
ഒരു കുന്നു മുഴുവന്‍ വെട്ടിക്കിളച്ച് 
നിരത്തി വെടിപ്പാക്കി
അതില്‍ കാട്ടു ചെമ്പകവും
കറുകയും പിടിപ്പിച്ച്
പേരറിയാത്ത ഒരുകുന്നു
കുഞ്ഞന്‍ ചെടികളുടെ വേരുകള്‍
പൊട്ടിക്കിളിര്‍പ്പിച്ച്..
അവയുടെ സ്നിഗ്ദ്ധ
സൗന്ദര്യത്തിലെയ്ക്കു കാറ്റൂതി
നിറച്ചു പൂമ്പാറ്റയെ വിളിച്ച്..
കിളികളെ പാട്ടിലാക്കി കൂടുകെട്ടി
അറിയാവള്ളിയുടെ അങ്ങേയറ്റത്തൊരു
ഊഞ്ഞാലുകെട്ടി ..
നിന്നെ വിളിച്ച്  ഉഞ്ഞാലാട്ടി പ്രണയിച്ചു-
പുഷ്പിച്ചതിലോരുണ്ണിയുണ്ടായതും,
അവനു നനയാത്തൊരു
വീടുകെട്ടിയതും,
അവന്‍ വളര്‍ന്നു നാട് വിട്ടതും-
കഴിഞ്ഞ്..
നീ നിന്നെ മടുത്ത്
ആ പുഴയോരത്തൊരോളമായ്
പോയതും പിന്നിട്ട്  ..
ഈ ആറടിയിലേയ്ക്കെത്തുവാന്‍
ഞാന്‍ എത്ര നടന്നു !
എത്ര ഭംഗിയായിട്ടാണീ
ആറടി ഞാന്‍ രൂപ്കല്പിച്ചതെന്നോ !
ഒരു പെട്ടകവുമില്ലാതെ
നനുനനുത്ത കറുത്ത
കുഴമണ്ണ്‍..
അഞ്ചര അടികഴിഞ്ഞും
എനിക്ക് തിരിയാം മറിയാം
കമിഴ്ന്നു നൂര്‍ന്നുറങ്ങാം..
എനിക്ക് ചിന്തിക്കാം
മഴ നനയാം.. !
വളര്‍ന്നു വരുന്ന
വേരുകളുടെ ആത്മാവുകള്‍
എന്‍റെ ഹൃദയം തിന്നു
കൊഴുക്കുമ്പോള്‍
അവയുടെ ഇലകളില്‍
എന്‍റെ മിടിപ്പുണരും..
എന്‍റെ ഹൃദയ സംഗീതം
തുടിപ്പാട്ടോടെ അവര്‍ പാടും ..
കൊഴിഞ്ഞു വീഴുന്ന ഓരോ
ഇലയും എന്‍റെ കഥ പറയും..
എന്‍റെ തലച്ചോറ് പോലെ
ആ മരം പൂക്കും
വെളുവെളുത്ത ഒരു കുടന്നപ്പൂക്കള്‍ !
അതിലെ തേനുണ്ട
ഒരു കിളിയായി ഞാന്‍ പാറിപ്പോകും
സ്വതന്ത്ര്യയായ ഓരോ
കാട്ടുമരങ്ങള്‍ക്കിടയില്‍ നിന്നും ഞാന്‍
പാടുന്നത് നീ കേള്‍ക്കുന്നില്ലേ ?
വന്യമായ ആ പച്ചത്തുടിപ്പിനുള്ളില്‍
ഊളിയിട്ടൊളിക്കുന്ന  കാട്ടുപക്ഷി !
കാട്ടുമുല്ല നിന്നോട് പറയുമ്പോള്‍
അടിവയറില്‍ കുഞ്ഞിളം  ചുവപ്പ്
തൂവല്‍പ്പടര്‍ത്തി എനിക്ക്
പ്രായം തികഞ്ഞിരുന്നു ..!
ഞാനെത്ര സുന്ദരിയെന്നു
കാട്ടാറ് നിന്നോട് മൊഴിയുമ്പോള്‍
ഞാന്‍ നിന്‍റെ വരവിനായ്
ചൂളംകുത്തി ചിരിച്ചു ..
നീയൊന്നു തൊടും മുന്‍പേ
കാടുമുഴക്കിയൊരു
നിലവിളിയാല്‍ ഞാന്‍
കുറെ കടും ചുവപ്പ്
തൂവലുകളായിപ്പോയി-
യെന്നൊരു കാറ്റ്
ഇട നെഞ്ചുപൊട്ടി നിന്നെ-
ത്തൊട്ടു കടന്നു പോകുന്നു!
ഇവിടെ ഈ ആറടി മണ്ണ്
ഞാനില്ലാതെ അനാഥമാകുന്നു !






    

Wednesday, January 9, 2013

The Malabar Banded Peacock (ബുദ്ധശലഭങ്ങള്‍..!))


ബുദ്ധശലഭങ്ങള്‍..! Papilio Buddha എന്ന സിനിമ എന്തുകൊണ്ടാണ്  censor board പൊതുജനങ്ങള്‍ കാണേണ്ട എന്ന് തീരുമാനിച്ചത്?കത്രികക്കൈയില്‍ ഗാന്ധിജിയെ കത്തിക്കുന്നത് മുറിച്ചുമാറ്റണമെന്ന വാശിയാണോ പ്രേരണ ?അതോ വീണ്ടും ഉണര്‍ന്നു വരുന്ന ഒരുപറ്റം കരുത്തുറ്റ യുവ തലമുറ സവര്‍ണ്ണ സിംഹാസനങ്ങളെ കടപുഴക്കി വീഴ്ത്തുമെന്ന പേടിയുടെ വിറയല്‍ കൊണ്ടോ ?
ഇതൊന്നുമല്ല അതിലെ നഗ്നമായ സത്യങ്ങളില്പ്പെട്ടു ഇന്നത്തെ സമകാലീന ലോകം മുങ്ങിത്താഴുമെന്ന വെളിപാടുകൊണ്ടോ?
ഈ സിനിമയിലെ മനുഷ്യര്‍ നല്‍കുന്ന ചില ചാട്ടവാറടികളുണ്ട്‌..അത് അടിച്ചമര്‍ത്തപ്പെട്ടവന്റെ രോക്ഷം മാത്രമല്ല ഒറ്റയ്ക്കാകുന്നവന്റെ,ജീവിതത്തിന്‍റെ വഴികളില്‍ പൊരുതിമാത്രം അന്നം കിട്ടെണ്ടുന്നവന്‍റെ ..ജീവിതത്തിന്‍റെ തൃഷ്ണകളുടെ ..വെറും വാക്കുകളുടെ പൊള്ളത്തരത്തിന്റെ.. അതിലുമുപരിയായി എത്ര തേച്ചാലും വെളുക്കാത്ത അടിമ വര്‍ഗ്ഗമെന്നു ഇന്നും രഹസ്യമായി ആട്ടു കിട്ടുന്നവന്റെ ഉള്ളിലുള്ള കുത്തിനോവലിന്‍റെ .. അതില്‍ നിന്നുണരുന്ന ഒരു നൂറു  രോക്ഷത്തിന്റെ ശലഭങ്ങള്‍ നമുക്ക് ചുറ്റും പറക്കുന്നുണ്ട്‌ !

ഒറ്റയ്ക്കായിപ്പോകുന്ന ഒരു സ്ത്രീ എന്നും സമൂഹത്തിന്‍റെ ഇര ആണ് ,അവള്  ദളിത് ആകണമെന്നില്ല അവള്‍ ഒരു കാന്തം പോലാണ്, ചുറ്റും കാമത്തിന്റെ ഒരായിരം മുള്ളാണി  വലയം എപ്പോഴും ചുറ്റിക്കൊണ്ടിരിക്കും ..അവള്‍ക്കു സ്വാഭാവിക തന്‍റെടം ഉണ്ടെങ്കില്‍ ആ വലയം കൂടുതല്‍ തീക്ഷ്ണമാകും.അവസരം കിട്ടിയാല്‍ ഈ മുള്ളാണികള്‍ മുഴുവന്‍ ആ കാന്തത്തിന്മേല്‍ ആഞ്ഞു പതിക്കും ,അവള്‍ വെറും കീറിപ്പറിഞ്ഞ മാംസകഷണമായിത്തീരും!
ഈ ചിത്രത്തില്‍ എത്ര തീക്ഷ്ണമായിട്ടാണ് ഒരു നിരാലംബയായ സ്ത്രീ ആക്രമിക്കപ്പെടുന്നത് ചിത്രീകരിച്ചിരിക്കുന്നത് !അതുകാണുന്ന ഓരോ വ്യക്തിയും ബാലാത്സംഗപ്പെടുകയാണ്!ബഹുമാനപ്പെട്ട censor board  നിങ്ങള്‍ നിഷേധിക്കുന്നത് ആ അനുഭവത്തിന്‍റെ വെളിപാടുകള്‍ ജനങ്ങളിലെത്തിക്കുവാനുള്ള മാര്‍ഗ്ഗത്തെയാണ് .സമകാലീന സംഭവങ്ങളുടെ കൂത്തരങ്ങാണിന്ന് ഇന്ത്യ !ഡല്‍ഹി ബലാത്സംഗ കൊലപാതകം തന്നെ ഒന്നാന്തരം തെളിവ് !ഈ ചിത്രം ഇപ്പോള്‍ പ്രദര്ശിക്കപ്പെടുകയാണെങ്കില്‍ അതിന്‍റെ യഥാര്‍ത്ഥ മൂല്യം ജനങ്ങളിലെത്തിയേനെ !
അവര്‍ണ്ണന്‍റെ കറുത്ത അവഗണന പേറുന്ന പശ്ചാത്തല നിറത്തിന് തന്നെ  നമ്മളോട് പറയാന്‍ നൂറു അര്‍ത്ഥങ്ങളുണ്ട് .1960കളില്‍ കേരളത്തില്‍ ആളിക്കത്തിയ നക്സലിസം ബാക്കിവച്ച നിലവിളിയായി ഇന്നും ഭൂമിയോ ജീവിതമോ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി,സവര്‍ണ്ണ മേധാവിത്വം ഇപ്പോഴില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും,ഓരോ മതവും പാമ്പിന്‍റെ ഉറ ഉരിയുന്നത് പോലെ ഓരോ ഋതുക്കളിലും ഉറ ഉരിഞ്ഞു കൂടുതല്‍ സവര്‍ണ്ണന്മാരായി സ്വയം ചമയുന്നുണ്ട് !കൂടുതല്‍ ആഡംബര ചിഹ്നങ്ങളും ,നിറങ്ങളും ,അടയാളങ്ങളും കൊണ്ട് അംഗബലം കൂട്ടി ശക്തന്മാരാകുന്നുണ്ട്.നാമെല്ലാം അതിന്‍റെ ഏതൊക്കെയോ ഭാഗങ്ങളും ആകുന്നുണ്ട് .ഈ ഭൂമി എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുക എന്നത് ഒരു വിദൂര സ്വപ്നം പോലുമല്ലാത്ത അവസ്ഥയില്‍ ഇനിയുമിനിയും അനേകം പ്യുപകള്‍ വിരിഞ്ഞ് ബുദ്ധശലഭങ്ങള്‍ എങ്ങും പൊങ്ങിപ്പറക്കട്ടെ അതിന്‍റെ ചിറകടിയുടെ അസ്വസ്ഥതയില്‍ ഒരു പക്ഷെ നിന്‍റെ കത്രിക നീ വലിച്ചെറിഞ്ഞ് അവരെ പറക്കാന്‍ അനുവദിക്കുമായിരിക്കും  അല്ലെ സെന്‍സര്‍ ബോര്‍ഡ്‌ ?

Tuesday, January 8, 2013

സംഭവാമി യുഗേ യുഗേ !!


പണ്ട് നിന്നെക്കാണാന്‍ എന്ത് ഭംഗി എന്‍റെ കുഞ്ഞു മധുബാലെ എന്ന് പറഞ്ഞു എന്നെ പൊക്കിയെടുത്തു വട്ടം കറക്കുന്നൊരു സഹോദരന്‍ എനിക്കുണ്ടായിരുന്നു ..അദ്ദെഹം ദാ ഇവിടുണ്ട്  ..!എനിക്ക് വളരെ പ്രിയപ്പെട്ടവന്‍ എന്‍റെ ഒരു ഏട്ടന്‍.ചെറുപ്പത്തിലെ വിചാര വികാരങ്ങളില്‍ ഞാന്‍ ഏറ്റവും വേദനിച്ച ഒരു സമയമുണ്ടായിരുന്നു ..ബാലിശമെന്നു കേള്‍ക്കുന്നവര്‍ പറയുമെങ്കിലും തീര്‍ത്തും ബാലിശമല്ലാത്ത എന്നെ ഏറ്റവും നൊമ്പരപ്പെടുത്തിയ (അല്ലെങ്കില്‍ ഞാനിതു ഓര്‍ത്തിരിക്കില്ലല്ലോ !)ചില ഓര്‍മപ്പെടുത്തലുകള്‍ ഞാന്‍ പങ്കു വെയ്ക്കാം അത് വഴി നിങ്ങള്‍ക്കറിയില്ലെങ്കിലും,നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിലും പറയാതെ പോകുന്ന അറിയാതെ പോകുന്ന ചില കുഞ്ഞു നൊമ്പരങ്ങള്‍ നിങ്ങള്ക്ക് കണ്ടെത്താനും തിരുത്താനുമാകും !
1980 കളുടെ അവസാന പാദങ്ങളില്‍ ഞാന്‍ ശൈശവം കടന്നു ബാല്യത്തിലേയ്ക്ക് കാലൂന്നി വരുന്ന പ്രായം ..മനസ്സിലാക്കലുകള്‍ ഒരു തികഞ്ഞ ബാല്യക്കാരിയുടെതിനു തുല്യമെന്ന് എനിക്കിന്നും പറയാനാകും (ഓര്‍മകള്‍ക്ക് അത്ര തിളക്കം )പക്ഷെ ആരും തിരിച്ചു നിര്‍ത്തി കണ്ടു പിടിക്കുമായിരുന്ന ഒരേ ഒരു പ്രത്യേകത ഞാന്‍ നിവര്‍ന്ന് തല ഉയര്‍ത്തിയെ നടന്നിരുന്നുള്ളൂ ..(വേറാരും നടന്നിട്ടില്ല എന്നൊരു വ്യംഗ്യാര്‍ത്ഥ മിവിടെ  ഇല്ല തന്നെ )അത് കാഴ്ചക്കാരില്‍ (അന്നത്തെ )എന്തായിരുന്നു ഉണര്ത്തിയതെന്നു അറിയില്ല, പക്ഷെ എല്ലാവരും എന്നെ കൊച്ചു തുളസി (അച്ഛന്റെ മകള്‍ )എന്ന ഓമനപ്പേരില്‍ അത് വിളിക്കാന്‍ കാരണമാക്കിയിരുന്നു .ഈ ഒരു കാരണം മാറ്റി നിര്‍ത്തിയാല്‍ ആരും ഒന്ന് ശ്രദ്ധിക്കുക പോലുമില്ലാത്ത വെറും സാധാരണ ഇരുനിറക്കാരി മെല്ലിച്ചു നീണ്ട ഒരു കുട്ടി..കണ്ണുകളില്‍ വിഷാദവും മുഖത്ത് തിരിച്ചറിയാന്‍ പറ്റാത്ത ഗൌരവവും എന്‍റെ അടയാളങ്ങള്‍ ആയിരുന്നു ..പക്ഷെ മനസു നിറയെ ആകാംക്ഷ പൂത്തൊരു കുട്ടിയായിരുന്നു ഞാന്‍ ..ഇപ്പോഴും പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പുതിയ ഒരു കാഴ്ച ഏതെങ്കിലും  കണ്ടെത്തുന്നതിലൂടെ അവാച്യമായൊരു ആനന്ദം എന്നും ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു .എന്‍റെ സഹോദരിയും ഞാനും തമ്മില്‍ വളരെ സുന്ദരമായൊരു ബന്ധം അന്നേ വളര്‍ന്നിരുന്നു ..അത് അനിയത്തിയും ചേച്ചിയ്ക്കും ഉപരിയായിരുന്നു ..അത് ഇന്നും ഞങ്ങള്‍ തമ്മിലുണ്ട് !അവള്‍ കാഴ്ചയില്‍ ആരും ഓമനിക്കുന്ന ഒരു സുന്ദരിക്കുട്ടി ആയിരുന്നു ..വിടര്‍ന്ന കണ്ണുകളും ചിരിക്കുന്ന ഓമന മുഖവും വാ നിറയെ ആരെയും ആകര്‍ഷിക്കുന്ന സംസാരവും  വെളുത്തു തുടുത്തൊരു കൊച്ചു താരകം !ഈ അന്തരം ഞങ്ങള്‍ക്ക് തിരിച്ചറിയില്ലായിരുന്നു.കാരണം ഞാന്‍ അവളുടെ ഓമന അനുജത്തിയും അവളെന്‍റെ പോന്നേച്ചിയും ആയിരുന്നു ..ഞങ്ങള്‍ തമ്മിലുള്ള കാഴ്ചയുടെ വിടവ് വീട്ടിലാരും ഒരു നോട്ടത്തിലോ വാക്കിലോ പ്രവൃത്തിയിലോ കാണിച്ചിരുന്നുമില്ല ..സാധാരണമായ വീട്ടു ശകാരങ്ങളോ,സന്തോഷങ്ങളോ,ദുഖങ്ങളോ മാത്രമേ ഞങ്ങളെയും അലട്ടിയിരുന്നുള്ളൂ.തികച്ചും സാധാരണമായ കുട്ടിക്കലഹങ്ങളോ ഊഞ്ഞാല്‍ പാട്ടുകളോ തീപ്പൊട്ടിപ്പൊട്ടാസ് കളികളോ മാത്രമേ ഞങ്ങളെ ചിന്തിപ്പിച്ചിരുന്നുമുള്ളൂ !അങ്ങനെയുള്ള ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വലിയ വേനല്‍ പള്ളിക്കൂടം അവധികളുടെ ഒരു ദിവസത്തിലേയ്ക്ക് അവര്‍ പെട്ടിയും ബാഗുകളും പോണ്ട്സ് പൌഡര്‍ന്‍റെയും ,സ്പ്രേ മണങ്ങളുടെയും   അകമ്പടിയോടെ എത്തിച്ചേര്‍ന്നത്.രക്ത ബന്ധമെന്ന ഒമനപ്പേരിനു വലിയ വലിയ അര്‍ത്ഥങ്ങള്‍ കൊടുക്കുന്ന അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ മക്കളെ അവര്‍ക്ക് പരിചയപ്പെടുത്തലിന്റെ യാതൊരു കാരണവും വേണ്ട..വന്നവരുടെ  മക്കള്‍ 'വലിയ കോളേജില്‍' ഒക്കെ എത്തിയ ആളുകളായിരുന്നു.അതിന്‍റെതായ പ്രകടനത്തിലും അവര്‍ മികച്ചു നിന്നു.അവര്‍ നടന്ന വഴികളില്‍ മണം പിടിച്ചു ഒരു പൂച്ചയെപ്പോലെ ഞാന്‍ പതുങ്ങി നടന്നു ..അതിശയത്തോടെ അവര്‍ കൊണ്ട് വന്ന dairy milk ചോക്ലേറ്റ് നുണഞ്ഞിറക്കി !ജെംസ് കണ്ടു കണ്ണ് മിഴിച്ചു !തീര്‍ന്നു പോകുമോ എന്ന് പേടിച്ചു വായിലിട്ടലിയിപ്പിച്ചതിനെ പുറത്തെടുത്തു നിരീക്ഷിച്ചു വീണ്ടും വായിലിട്ടു അര മണിക്കൂര്‍ സൂക്ഷിച്ച് അലിയിപ്പിച്ചിറക്കി!(ഇത് എഴുതുമ്പോള്‍ എനിക്ക് അതിന്‍റെ സൂക്ഷ്മ സുഖം ഒരു പൊട്ടിച്ചിരിയോടെ തിരിച്ചറിയാനാകുന്നു :) )അവര്‍ കൊണ്ട് വന്ന പന കുറുക്കിയത് ഇഷ്ടക്കേടോടെ അകത്താക്കി ..അമ്മച്ചിയുണ്ടാക്കിയ ചൂട് പിടിയും കോഴിക്കറിയും വാസനയോടെ അവര്‍ തിന്നുന്നതും കൊതിയോടെ അഭിപ്രായം പറയുന്നതും കേട്ട് അമ്മയുടെ സാരിതുന്മ്പില്‍ ഇടയ്ക്ക് തെരുപ്പിടിച്ചു ഞാനും അവരെ നോക്കി സന്തോഷിച്ചു !അവര്‍ നാലുപേരുണ്ടായിരുന്നു ..അച്ഛനും അമ്മയും രണ്ടു മക്കളും.അവര്‍ ഞങ്ങളെ അടുത്ത് വിളിച്ചു സംസാരിച്ചു,എന്തൊക്കെയോ തമാശയില്‍ എല്ലാവരും പൊട്ടിച്ചിരിച്ചു ..
അതിലൊരു ചേട്ടന്‍ ഫോട്ടോ എടുക്കാനായി ചേച്ചിയെ വിളിച്ചുകൊണ്ടു പുറത്തേയ്ക്ക് പോയി..അവന്‍റെ കണ്ണുകളില്‍ പ്രണയം തിരയടിച്ചത് നാലാം ക്ലാസ്സിലെങ്കിലും എനിക്ക് തിരിച്ചറിയാനാകുമായിരുന്നു.എന്തോ എനിക്ക് സന്തോഷം തോന്നി..കാരണം അവര്‍ പ്രൌഡ ഗംഭീരന്‍മാരെന്ന്, നല്ലവരെന്നു എന്‍റെ കുഞ്ഞു മനസ്സില്‍ തോന്നിയത് കൊണ്ടായിരുന്നു!

പിറ്റേന്ന് അവര്‍ പുറത്തു പോകുവാനായി ഭംഗിയുള്ള ഉടയാടകളും ആഭരണങ്ങളുമെല്ലാം പെട്ടിയില്‍ നിന്നും പുറത്തേയ്ക്ക് വയ്ക്കവേ അതില്‍ അമ്മ എന്‍റെ അമ്മച്ചിയോട്‌ -മൂത്തോളെ   ഒരുക്ക്- എന്ന് പറയുന്നത് ഞാന്‍ കേട്ടു ,അവളുടെ ബ്രൌണ്‍ നിറമുള്ള സ്ലീവ്ലെസ്സ് ഉടുപ്പ് അവര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടിരുന്നു,അവര്‍ അതില്‍ മണം പരത്തി ഇസ്തിരി ഇട്ടു വെടുപ്പാക്കി വച്ചു..ഞാന്‍ അമ്മയുടെ സാരിയില്‍ തൂങ്ങി ചോദിച്ചു :
'അമ്മാ എന്‍റെ റോസ് മിഡി എടുത്തു താമ്മ ..എന്നെ കുളിപ്പിക്കുമ്മ ..'
അമ്മച്ചിയുടെ കണ്ണില്‍ നേരിയ നീര്‍ത്തിളക്കം കണ്ട് എന്‍റെ കുഞ്ഞു മുഖം വാടി. 'അമ്മച്ചീനെ അവര് കൂട്ടൂല്ലെ ?'ഞാന്‍ ചോദിച്ചു ..
'അമ്മച്ചിക്ക് നൂറു കൂട്ടം പണീണ്ട് മോന്‍ അമ്മച്ചീടെ കൂടെ നിന്നോ ട്ടോ ..'
എന്‍റെ കുഞ്ഞു മനസ്സ് വീണു പൊട്ടിപ്പോയി !
'അപ്പൊ ഞാന്‍ പോണില്ലേ ?എനിക്ക് മണം പൂശിയ ഉടുപ്പ് ഇടാന്‍ പറ്റില്ലേ ??'
ഞാന്‍ വിങ്ങിക്കരഞ്ഞു ..അമ്മയ്ക്കെന്തിനൊ ദേഷ്യം വരുന്നത് എനിക്ക് കാണാമായിരുന്നു പക്ഷെ എന്നത്തേയും പോലെ അവര്‍ അസാധാരണ മൌനത്തിന്റെ മുഖം മൂടി എടുത്തണിയുന്നത് കണ്ണീരിനിടയിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു !
വരാന്തയുടെ അരികില്‍ നിറഞ്ഞൊഴുകുന്ന കണ്ണോടെ ഇരുന്ന എന്നെ തിരക്കി ചേച്ചി വന്നു അവള്‍ക്കു ചുറ്റും പൊങ്ങിപ്പരക്കുന്ന സൌരഭ്യം !
'നീ ഒരുങ്ങീല്ലെ ?എന്നെ ചേച്ചിയമ്മ ഒരുക്കി ! ദാ ഈ വള ഇടാന്‍ തന്നു ..അവളുടെ കൈയില്‍ പൊന്നിന്‍ തിളക്കം ..'
'എന്നെ ആരും വിളിച്ചില്ല ,അമ്മച്ചി പറഞ്ഞു ഇവിടെ നിക്കാന്‍..'
'ഏ !ഇല്ലാ ഞാന്‍ നീയില്ലാതെ എങ്ങോട്ടുമില്ല ..'
അവളുടെ കണ്ണ് ചുമന്നു.. മുഖം ചുമന്നു.. അവള്‍ കൂടുതല്‍ സുന്ദരിയാകുന്നതും സ്ത്രീ സൌന്ദര്യം എന്നത് ഒരു ചേരി തിരിവാണെന്നും അതിലാണ് ലോകം കറങ്ങുന്നതെന്നും അതിലൂടെയാണ് ചലനമെന്നും അതിലാണ് സര്‍വതും വീണടിയുന്നതെന്നും അതിലാണ് സങ്കടങ്ങള്‍ ഉത്ഭവിക്കുകയും ഒഴുകിപ്പോകുകയും ചെയ്യുന്നതെന്നും  ജീവിതത്തില്‍ ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു !
എന്‍റെ കുഞ്ഞു മനസ്സിനെ കീറി മുറിച്ചു അവര്‍ അതില്‍ കുറച്ചു കാ‍ന്താരി മുളക് പുരട്ടിത്തന്നു..!
പൊട്ടിക്കരയുന്ന എന്നെ ചേച്ചിയുടെ  ഒരേ ഒരു നിര്‍ബന്ധത്താല്‍ അവര്‍ ഒരുക്കിപ്പെറുക്കി കൂടെക്കൂട്ടി ..ആയമ്മയുടെ മുഖം എപ്പോഴും എന്നെ അവജ്ഞയോടെ കൊത്തിപ്പെറുക്കി..ഒഴിഞ്ഞു നഗ്നമായ എന്‍റെ മെലിഞ്ഞിരുണ്ട കൈത്തണ്ടയില്‍ അവര്‍ പാണ്ടി നീല എന്ന് ഞങ്ങള്‍ കളിയാക്കുമായിരുന്ന കുപ്പിവളകള്‍ എനിക്ക് ചേരുമോ എന്ന് പോലും നോക്കാതെ  തള്ളിക്കയറ്റി!എനിക്കവ വലിച്ചെറിയാന്‍ തോന്നി ..അരുതാത്തത് ചെയ്യാന്‍ പഠിച്ചിട്ടില്ലാത്ത അനുസരണയുള്ള മകളായിരുന്നു അന്ന് ഞാന്‍ !ചേച്ചിയ്ക്കവര്‍ സമയമെടുത്ത്‌ മാലകള്‍ സിലെക്റ്റ് ചെയ്തു..വര്‍ണ്ണപ്പൊട്ടുകളും ശിങ്കാര്‍ഉം വാങ്ങിക്കൊടുത്തു. എന്നോട് അതില്‍ നിന്നും വേണമെങ്കില്‍ എടുത്തുകൊള്ളൂ എന്ന് അനുനയിപ്പിച്ചു ..ആദ്യമായി അവരെന്നെ അസൂയക്കാരിയും വെറുത്ത മനസ്സിന്നുടമയുമാക്കി -അവര്‍ ആ നല്ലവര്‍ !
കണ്ണുനീര്‍ ഉണ്ടാകുന്നത് കോപത്തില്‍ നിന്നുമാണെന്ന് അന്നെന്റെ ഒഴിയാത്ത നീര്‍മിഴി പറഞ്ഞു തന്നു. എന്നേയ്ക്കുമായി ഞാനവരെ വെറുത്തു പോയി !നിശബ്ദയായൊരു അന്ഗ്നി പര്‍വ്വതം പോലെ ഞാനവരെ ആ ദിവസം മുഴുവന്‍ അനുഗമിച്ചു .ഇടയ്ക്ക് അവര്‍ എന്‍റെ തലയില്‍ അമര്‍ത്തി തലോടും എന്നിട്ട് പറയും :
'ഓ..അവന്‍റെ കൈയില്‍ കാശുള്ളത് നന്നായി ..ഇല്ലെങ്കില്‍ ഇത് വളന്നു വരുമ്പോ പാടായേനെ..മൂത്തോള് പിന്നെ എന്‍റെ തത്സ്വരൂപമ..പൊന്ന് പോലല്ലേ ഇരിക്കുന്നെ ..അവളെന്‍റെ മോളാ ആര്‍ക്കും കൊടുക്കൂല്ല ഞാന്‍ !'
ഈര്‍ഷ്യയില്‍ ഞാന്‍ ഉലയും ..മനസ്സിലോര്‍ത്തു :
ഈ തള്ളയ്ക്കെന്നാ വിചാരം! ഞാന്‍ മന്ദബുദ്ധിയെന്നൊ??ഇവരെന്തിനു എന്‍റെ കേള്‍ക്കെ ഇത് പറയുന്നു !എനിക്ക് 8 വയസ്സുണ്ട്..എല്ലാം മനസ്സിലാകുന്നുമുണ്ട്!

ആ അവധി ദിനങ്ങള്‍ എനിക്ക് വെറുപ്പ്‌ കുമിഞ്ഞ ദിനങ്ങളാരുന്നു !
വീണ്ടും അടുത്ത മധ്യ വേനല്‍ അവധിയില്‍ ഇതേ സംഭവം ആവര്‍ത്തിക്കപ്പെടുകയും ഞാന്‍ പൊട്ടിത്തെറിച്ചൊരു കുഴിബോംബാകുകയും ചെയ്തു !(അവര്‍ എനിക്ക് നിഷേധിപ്പട്ടവും തന്നു !)
നിങ്ങള്ക്ക് നാണമില്ലേ ഞങ്ങളെ വേര്‍തിരിക്കാന്‍ എന്ന് ഞാന്‍ അവരോടു ചോദിച്ചു (അച്ഛന്‍ കയര്‍ത്തു,അമ്മയുടെ സ്ഥാനത്തിനോട് തറുതല പറയുന്നോ !! അടി വീഴാത്തതു എന്തോ അറിയില്ല -മുന്‍പ് അടിച്ചിട്ടില്ലാത്തതിനാലാകാം )

ഇന്ന് അവര്‍ എന്നെ വളരെ അരുമയോടെ സ്നേഹിക്കുന്നുണ്ട് ..പക്ഷെ ഉള്ളിന്‍റെ ഉള്ളിലെ സ്ഥായീഭാവം ആര്‍ക്കും മാറ്റാനാകില്ലെന്നു ചില നേരറിവുകളിലൂടെ  ഇന്നും എല്ലാവരും കാണിച്ചു തരുന്നുണ്ട് !മാറ്റം എന്നത് genetically മാറേണ്ടതാണ് അതായത് ഏറ്റവും അടിത്തട്ടില്‍ നിന്നും..നമ്മുടെ തന്മാത്രയില്‍ നിന്നും! അല്ലാതെ ഓഷോയുടെയോ Aurobindo യുടെയോ വാചകങ്ങളിലൂടെ നാം പരിവര്‍ത്തിക്കപ്പെടുമെന്ന്  വിചാരിക്കുന്നത് രൂഡമൂലമായ ഒരു പരിവര്‍ത്തനമാകില്ല. തെളിയിക്കപ്പെടുന്ന പ്രവൃത്തിയാണ്‌ നമ്മുടെ പരിവര്‍ത്തനക്കാഴ്ച !

ഇത്തരം വീടുകളില്‍ നടക്കുന്ന കൊച്ചു സംഭവങ്ങളുടെ വലിയ വലിയ പരിണാമങ്ങളാണ് പരിഛെദങ്ങളാണ് ലോകമെമ്പാടുമുള്ള കറുത്തവനോടുള്ള  അവജ്ഞ !അവഗണന !പിന്‍തള്ളല്‍!അത് ഇന്ന് ഇന്നത്തെ ചുറ്റുപാടില്‍ കുറെയെല്ലാം തീര്‍ത്തും നിലച്ചു പോയിട്ടുണ്ട് ..എങ്കിലും തൊലിയുടെ വര്‍ണത്തിനായി അനുനിമിഷം ക്രീമുകളും അതും ഇതും എല്ലാം വിറ്റഴിക്കപ്പെടുന്നു.അതിനായി തരുണികള്‍ നെട്ടോട്ടമോടുന്നു.കൂടുതല്‍ blonde ആകാനായി മുടി ചുമപ്പിക്കുന്നു ,മഞ്ഞപ്പിക്കുന്നു ,മുറിക്കുന്നു പറിക്കുന്നു ..മുറിവായില്‍ കട്ട ഇന്ഗ്ലീഷും പിന്നെ മംഗ്ലീഷും സംസാരിക്കുന്നു ..കൂടുതല്‍ ലോലകള്‍ ആകുന്നു ..ലളിതകള്‍ ആകുന്നു ..makeup ഇടുന്നു ഇടാതെ ഇപ്പോള്‍ ജനിച്ചവരെപ്പൊലെ നിര്‍മ്മലകള്‍ ആകുന്നു ..മദാമ്മയെ അവര്‍പെറ്റെടുക്കുന്നു!! (ഇവരാണ് അവര്‍!ഞാനുള്പ്പെടുന്നവര്‍.. തരുണികളായ തരുണികള്‍! ) ആര് ആരോട് എന്ത് പറയാന്‍! സംഭവാമി യുഗേ യുഗേ !!

Saturday, January 5, 2013

പൊന്നാങ്ങള!


ഒരു നിമിഷത്തിലെവിടെയോ വച്ച്
കണ്ടതാണ് ഞാനയാളെ ..
ഓടുന്ന ആ ബസ്സില്‍ വച്ചോ ..
പറക്കുന്ന ആ ട്രെയിനില്‍ വച്ചോ ..
അതോ എന്നെക്കടന്നു പോയ
ആ പച്ചക്കറി ചന്തയില്‍ വച്ചോ ?
എവിടെയോ ഒരു നിമിഷത്തിലെവിടെയോ ??

ഇന്നീ ചാര്  ബഞ്ചിലിരുന്നു
ആർക്കുമല്ലാത്തൊരോര്‍മ്മയില്‍
നീയെനിക്ക് ആരൊക്കെയോ
കൂടിക്കലര്‍ന്നൊരാള്‍!
കിട്ടാത്തൊരു കപ്പ്
ചായപോലെയോ കുടിവെള്ളം
പോലെയോ ഉള്ളിലെന്തോ
ഒരിത് !

താഴെ കനാലില്‍
ചത്തു തൂങ്ങിക്കിടന്ന ആ
പെണ്‍കുട്ടിയെ ഓര്‍ക്കുമ്പോള്‍
നിന്നെക്കിട്ടാത്തതിലെനിക്ക്
ആനന്ദലബ്ധി !
നീയെന്നെ അതുപോലെ
അടിവസ്ത്രം കടിച്ചു കീറി
എന്‍റെ കുടല്‍മാല വലിച്ചു
പുറത്തിട്ടു എന്നെ ഈ
കറുത്ത വിഷജലം ഒഴുകുന്ന
പാപനാശിനിയിലെ
മറ്റൊരു പാപമാക്കില്ലെന്നു
എനിക്കെന്തുറപ്പ് !!?
അതുകൊണ്ട് നീയെനിക്കു
കിട്ടാത്ത പുളി പുളിച്ച മുന്തിരി !

ഹോ നിന്‍റെ നീലക്കണ്ണുകള്‍!
ഒരു വൈദ്യുത തരംഗം പോലെ
എന്നെച്ചുറ്റി പുളഞ്ഞു പോയ
നിന്‍റെ എരിയുന്ന നോട്ടം !
 സീസറെയോ ചെഗുവേരയെയോ
ഓർമ തരുന്ന ഉറച്ച കണ്ണുകള്‍ !
പക്ഷെ നീ എന്നെ, ആ കൊന്നു തുലച്ച
പെണ്‍കുട്ടിയുടേത് പോലെ
ചുണ്ടും മുലയും
കൊറിച്ചു രസിക്കില്ലെന്നാരറിഞ്ഞു??
അതുകൊണ്ട് ആ നിമിഷത്തില്‍
നിന്നോടനുരാഗമുണ്ടായില്ലല്ലോ
എന്നൊരു ഞെട്ടുന്ന ആശ്വാസമെനിക്ക് !


ഒരു നിമിഷത്തിലെവിടെയോ വച്ച്
കണ്ടതാണ് നിന്നെ  ..!
അതുകൊണ്ട് നീയെനിക്ക്  
ഓര്‍മയിലെ ഷാജഹാന്‍ !
നിനക്ക് നീല തലപ്പാവ്
അതില്‍ ഇളകുന്ന തൂവല്‍ ഞാന്‍ !
നീയോടിക്കുന്ന  വെളുവെളുത്ത
കുഞ്ചി രോമങ്ങളാറാടുന്ന കുതിര
മാറോടു ചേര്‍ന്ന് ഞാന്‍ കാമിനി !
നീ അരുതുകളെ പുറത്തു
നിര്‍ത്തുന്നവന്‍ ധീരന്‍ !
നീ പാവങ്ങള്‍ക്ക് അന്നം,
വച്ചു വിളംബാന്‍ ഞാനമ്മ  !
നീ തലകൊയ്യുന്നതവരെ നിന്‍റെ
പെങ്ങളെക്കവര്‍ന്നവരെ..!
നീ ഒരു സൌഗന്ധികപ്പൂവ്അത് ചൂടുന്ന ഭാര്യ ഞാന്‍!
ഇനിയും പിറക്കാതെപോയൊരു
ഓര്‍മ നീ,എനിക്കേറ്റം പ്രിയപ്പെട്ട
പൗരുഷം പൂത്ത എന്‍റെ പൊന്നാങ്ങളേ  ! 


  

Friday, January 4, 2013

ശുദ്ധവായുവും ശുദ്ധജലവും പോലെ തന്നെ ലിംഗേതരമായ ശുദ്ധ സ്വാതന്ത്ര്യവും നമുക്ക് നാം ജീവിക്കുന്നിടത്ത് അനിവാര്യമാണ് അവകാശമാണ് !

Thursday, January 3, 2013

ചിലര്‍ ഒളിച്ചിരുന്നു നമ്മളോട് സംസാരിക്കും കുശലം പറയും നമ്മുടെ പ്രവൃത്തികള്‍,കലകള്‍,കര്‍മ്മങ്ങള്‍ ഒക്കെ നന്നെന്നു പറയും ,അഭിനന്ദിക്കും,കൂടെച്ചിരിക്കും വീട്ടിലേയ്ക്ക് ക്ഷണിക്കും ,കളിയാക്കും ,കുടുംബത്തിലെ ഒരംഗമാണെന്നു സ്വയം പ്രഖ്യാപിക്കും..എന്നിട്ട് പുറമേ നാല് പേര്‍ കാണ്‍കെ ഒരക്ഷരം ഉരിയാടില്ല ..നമ്മെ അറിയുന്ന ഒരു ഭാവവും പ്രകടിപ്പിക്കില്ല !! വേറെ ചിലര്‍ നമ്മുടെ തെറ്റുകളെന്നു അവര്‍ക്ക് തോന്നുന്നവ ആ നിമിഷത്തില്‍ ചൂണ്ടിക്കാണിക്കും .കളിയാക്കും,ചിരിക്കും ,തോളില്‍ തട്ടി അഭിനന്ദിക്കും ,കൂടെ നിന്ന് കൈപിടിച്ചുയര്‍ത്തും,നമ്മുടെ സങ്കടങ്ങള്‍ അവരുടെതെന്ന രീതിയില്‍ നമുക്ക് വേണ്ടി ഉറക്കമിളയ്ക്കും എന്നിട്ട് ഒരു അവകാശവാദങ്ങളുമില്ലാതെ കാറ്റ് പോലുമറിയാതെ അവര്‍ നമ്മളെ ശല്യപ്പെടുത്താതെ മാറി നില്‍ക്കും ..അവര്‍ക്കായി എന്‍റെ ഒരു പൊന്നുമ്മ !

ലളിതഗാനം (2009)

ചന്ദന പൊട്ടു തൊട്ടു
ചന്ദ്രിക മയങ്ങിയ
സുന്ദര  വഴികളില്‍ നീ
വന്നു നിന്നപ്പോള്‍ ..
ഓമനേ ഈ ചാരു മന്ദസ്മിതം
ആര്‍ക്കു നീ കാതരമായി
കാത്തു വച്ചു ...?

അമ്പിളി മുഖം മറച്ച്ചല്ലോ ..
പ്രിയേ ..
നിന്‍ അധരമതില്‍ ഒന്ന് ഞാന്‍
ചുംബിച്ചോട്ടേ നിന്നെ ഞാന്‍ കവര്‍ന്നോട്ടെ ..?
(ചന്ദന )

ഞാന്‍ തൊട്ടാല്‍ ഉതിരുന്ന
പൂവുപോല്‍
നീയിന്നെന്‍ ചാരത്തു
നില്‍പ്പൂ ഞാനെന്‍ മാനസം
തുറക്കുന്നു..
 (ചന്ദന)
 ആരാരുമറിയാതെ മാനസേ
നീയിന്നെന്‍ മാറില്‍ വീണലിയില്ലെ ..
താരക നാണിക്കട്ടെ ..
(ചന്ദന)

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...