Tuesday, December 18, 2012

എന്‍റെ!


ചില ഉത്തരങ്ങളുടെ കെട്ടു വിടുമ്പോള്‍
പശ്ചാത്താപം !
ചില ചോദ്യങ്ങളുടെ നെഞ്ഞത്തു കേറുമ്പോള്‍
വിലാപം !
ചില ഉറക്കങ്ങളുടെ ഉള്ളറകളില്‍
ആത്മനിന്ദ  !
ചില വകയ്ക്കു കൊള്ളാത്ത ഫലിതങ്ങളില്‍
കൊച്ചുകുട്ടി !
ചില പിന്‍ വിളികളില്‍
അച്ഛന്‍  !
 ചില പകല്‍സ്വപ്നങ്ങളില്‍
കൊള്ളക്കാരി !
ചില വീട്ടുകാര്യങ്ങളില്‍
സ്വപ്നാടക !
ചില കൂട്ടുകാര്യങ്ങളില്‍
രാഷ്ട്രപിതാവ് !
ചില പഴംപുരാണങ്ങളില്‍
പാഞ്ചാലി !
ചില വിതുംബലുകളില്‍
മുത്തിയമ്മ !
ചില വീര്‍പ്പുമുട്ടലുകളില്‍
അമ്മ !
ചില പുന്നാരം പറച്ചിലുകളില്‍
കാമുകി!
ചില സത്യങ്ങളില്‍
കാളി !
ചില സന്ധ്യകളില്‍
രാധ  !
ചില ഏകാന്ത വഴിത്താരകളില്‍
തെണ്ടി !
ചില തോന്നലുകളില്‍
കൊലപാതകി !
ചില അമര്‍ത്തലുകളില്‍
നാട്ടുമൃഗം !
ചില വഴുവഴുപ്പുകളില്‍
കള്ളന്‍ !
അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത
എന്‍റെ എത്ര നിഴലുകള്‍...!




Saturday, December 15, 2012

ഹൃദയദര്‍പ്പണം !


എനിക്കു നിന്നെ വേര്‍പിരിയണം
നിന്‍റെ വിളര്‍ത്ത കണ്ണുകള്‍
കുതിര്‍ന്നൊഴുകി ഞാനതിലലിഞ്ഞലി-
ഞ്ഞകന്നു പോകണം .

എവിടെ നമ്മുടെ നനുത്ത സന്ധ്യകള്‍?
ഒക്കെ ഒരു കിനാവുപോല്‍
അടര്‍ന്നു വീഴണം..
കിനാവു പൂത്തൊരീ നരച്ച യാമങ്ങള്‍
അകന്നു പോയി ഞാനകലെയാകണം..

എനിക്കു നിന്നെ വേര്‍പിരിയണം
അതിന്‍ ഹൃദയച്ചൂടില്‍ ഞാനുരുകിത്തീരണം!
നിറഞ്ഞ സ്നേഹത്താല്‍ നീ എനിക്ക് നീട്ടിയ
മധുചഷകം ഞാനെറിഞ്ഞുടയ്ക്കണം

ഒരു ബലത്തിനായെനിക്കു നീട്ടിയ
കരതലം ഞാനകറ്റിമാറ്റണം ..
എനിക്ക് വയ്യ ,ഈ ഹൃദയ വേദന
ഇനിയുമേന്തുവാന്‍,അകന്നു പോവുക !

ഒരു വിഷാദവും പകരം വയ്ക്കാതെ
തിരിഞ്ഞൊരിക്കലും മിഴികള്‍ നീട്ടാതെ
ഒരിക്കലെങ്കിലും ഇടറിവീഴാതെ
എനിക്ക് നിന്നെ വേര്‍പിരിയണം !

കഴിഞ്ഞമാത്രകള്‍ നിന്‍റെ സ്നേഹത്തിന്‍റെ
കനത്ത കാരാഗൃഹത്തിലായി ഞാന്‍ !
എനിക്ക് മേലെ നീ വിശാലമാകാശം
എനിക്ക് കീഴെ നീ വിടര്‍ന്ന ഭൂമിയും !

ഒരു വ്യവസ്ഥയും പകരം വയ്ക്കാതെ
ഒരിക്കലെങ്കിലും മുഷിഞ്ഞു നോക്കാതെ
പരസ്പര സ്നേഹ വിശുദ്ധമാകുമീ
പകല്‍ വെളിച്ചത്തില്‍ പടിയിറങ്ങി
എനിക്കു നിന്നെ വേര്‍പിരിയണം !

 

Friday, December 14, 2012

രഹസ്യ കാമുകി !


രാത്രി തുറന്നിട്ട വാതായനത്തിലൂടെ
ഒരു കീറ് ചന്ദ്ര വെളിച്ചം പോലെ
നൂണ്ട് വരുന്നവള്‍ ..
എന്‍റെ വ്യഥയുടെ ചില്ലുപാത്രങ്ങള്‍
ലവലേശം പരിഭ്രമമേശാതെ
തട്ടിയുടയ്ക്കുന്നവള്‍..
ചിന്നിച്ചിതറിയ അവയ്ക്കു മുകളിലൂടെ
നനുനനുത്ത കാല്‍പ്പാദങ്ങളൂന്നി
നിശബ്ദമായി കടന്നുപോകുന്നവള്‍..
നീയുപേക്ഷിച്ച കാല്‍പ്പാടുകളില്‍
ഞാന്‍ ഭദ്രകാളി !
നീ കട്ടു തിന്ന മോദകം
പൊലെന്‍റെ തിളയ്ക്കുന്ന ഹൃദയം !
പുലര്‍കാലങ്ങളിലെ
എന്‍റെ ഉണര്‍വ്വുകളിലെയ്ക്ക്
പരിഭ്രമത്തിന്‍റെ ഒരു പിടി
രോമം പൊഴിച്ച് മേനിയൊതുക്കി
കടന്നു വന്ന അതേ വാതായനത്തിലൂടെ
നൂഴ്ന്നിറങ്ങി നീ അപ്രത്യക്ഷമാകുന്നു !
 
  

Wednesday, December 12, 2012

പ്രായമാകുന്നത് !


തൂവെള്ള പെറ്റിക്കോട്ടില്‍
ഓര്‍മകള്‍ക്ക് തുടക്കം..

തൊടിയിലെക്കാഴ്ചയില്‍
താമരത്തിളക്കം-ഏകാന്തത !
മുറ്റത്തെ ഉരുള്‍മണലില്‍
മലര്‍ന്നുള്ള കിടത്തം -സ്വാതന്ത്ര്യം !
ആകാശം നിറയെ
ഇടമില്ലാ നക്ഷത്രം -സ്വപ്‌നങ്ങള്‍!
പന്ത്രണ്ടില്‍ വിരിയുന്ന
പരിശുദ്ധ കിനാവുകള്‍-മോഹങ്ങള്‍ !
ഉടലിന്‍ തുടിക്കുന്ന 
പരല്‍മീന്‍ നാണം-ഉണര്‍വ്വ് !
തീവണ്ടിയുണര്‍ത്തിയ
ആദ്യന്ത  പരിഭ്രമം -യാത്ര !
അഴികള്‍ നാറുന്ന
സര്‍ക്കാരു വക വണ്ടി -മടുപ്പ് !
കഥയായുണര്‍ത്താത്ത
പുസ്തകക്കൂമ്ബാരങ്ങള്‍-പഠിപ്പ് !
ആല്‍ക്കെമി മണക്കുന്ന
കണ്ണേറു നിമിഷങ്ങള്‍ -കടിഞ്ഞൂല്‍ പ്രണയം !
കണ്ണീരു പതിയുന്ന
മനസ്സിന്‍ തിണര്‍പ്പുകള്‍-തോല്‍വി !
പായസം മധുരിക്കും
ഇള വെയില്‍ വരാന്തകള്‍-ജയം !

ചില കുഞ്ഞുപാട്ടുകളുടെ 
കുത്തഴിച്ചു വിട്ടതുപോലുള്ള
ചുങ്ങിച്ചുരുങ്ങലുകള്‍..
പൊടുന്നനെ ,
-എനിക്ക് പ്രായമേറിപ്പോയി ! 




Monday, December 10, 2012

മുഖപുസ്തകം !


ബ്രിഗേഡിയര്‍ കുഞ്ഞവറാന്‍
റിട്ടയേഡ് ജനറല്‍ !
ഭാര്യ രണ്ടു കുട്ടികള്‍
അച്ഛനില്ല അമ്മയും
ഞാന്‍ മാന്യന്‍
ഒരു ദുരുദ്ദേശവുമില്ലാ ,
ഇവിടെക്കറങ്ങുന്നതില്‍.
- ഇത് ജനിതകക്കുറിപ്പ് -അയാളെ ഴുതിയത്‌  !

 പട്ടാള മീശയും ഗൌരവവും
ആ പടത്തിനു വേണ്ടി
തുന്നിച്ചേര്‍ത്തത് !
അതിനു പിറകില്‍
അതേയാള്‍ ..ഉറക്കം തൂങ്ങിയ
വീര്‍ത്ത മിഴിപ്പോളകളുള്ള
കണ്ണുകളില്‍ കൗടില്യത്തിന്റെ
കായല്‍ ഒളിപ്പിച്ച,
പേരില്‍ LLB ,LLM ,MBA
പേറുന്ന വെറുമൊരു കച്ചവടക്കാരന്‍
അഴകിയ രാവണൻ !

ആരുമറിയുന്നില്ലെന്ന
ഉത്സാഹത്തില്‍ അയാൾ
പേജുകളില്‍ നിന്നും പേജുകളിലേയ്ക്ക്
കൂപ്പുകുത്തി
എത്ര രൂപങ്ങള്‍ ഭാവങ്ങള്‍
ലിംഗ-ലിംഗേതര വര്‍ണ്ണങ്ങള്‍
അയാൾ  വാരിക്കൂട്ടിയ കൂട്ടുകാര്‍!

കൂട്ട് കൂട്ടത്തിൽ കവികള്‍,
പാട്ടുകാര്‍,നാട്യക്കാര്‍
സ്വവര്‍ഗ്ഗ ദ്വിവര്‍ഗ്ഗ പരിവേഷങ്ങള്‍,
സ്വദേശികൾ വിദേശികൾ..
അവര്‍ക്കെല്ലാം അയാൾ  പഴകി-
പ്പഴക്കം മുറ്റിയ
ആഡംബരം നെഞ്ജത്തു
തുന്നിച്ചേര്‍ത്ത ബ്രിഗേഡിയര്‍
ജനറല്‍ !

പക്ഷെ അയാളുടെ വിരല്‍ത്തുമ്പുകളില്‍
സത്യം ഉടുപുടവകള്‍
വലിച്ചെറിഞ്ഞു തീര്‍ത്തും
നഗ്നനായ് പുറംകാഴ്ചകള്‍
കാണാനിറങ്ങി !
ഇപ്പോള്‍,
വാക്കുകളുടെ  തടവില്‍ നിന്നും
രക്ഷപെട്ടോടിവന്ന-
അയാളുടെ  പ്രണയം നാലുകാലില്‍
തുള്ളിക്കുതിക്കുന്നൊരു
പശുക്കുട്ടി !!
അയാൾ  കേള്‍ക്കുന്നത്
കാതുപോളിപ്പന്‍
റോക്കും റാപ്പും!
പറയുന്നത് അഴുകിയ രാവണ
മര്യാദകൾ !

അടച്ചുവച്ച മാന്യത
കാറ്റില്‍ പറത്തിയ
അപ്പൂപ്പന്‍ താടികള്‍..!
സുന്ദരികള്‍ ബ്രിഗേഡിയറുടെ
കനത്ത സംസാര ചുംബനങ്ങളില്‍
 ഉടല്‍ പൊതിയുന്ന
കുഞ്ഞു കാമുകികള്‍..!
ബ്രിഗേഡിയര്‍ക്കാവാമെങ്കില്‍.. ??
അവര്‍ കൂട്ടുകാർ  അനുവാചകര്‍
അനുയായികള്‍..!

നിന്‍റെ ഒളിത്താവളത്തിനിപ്പുറം
നിന്‍റെ വേലിപ്പത്തല്‍
തിന്നുന്നൊരു പശുവുണ്ടെന്ന്
നീ മറന്നു !
അത് കാര്‍ന്നു തിന്നു
തുള വീണു തുടങ്ങിയ
നിന്‍റെ പൊള്ളത്തരത്തിനിപ്പുറം
പൊട്ടിച്ചിരിച്ചുകൊണ്ട്
അവള്‍ നിന്‍റെ
പഴയ കാമിനി !
നീണ്ടൊരു തളിർവെറ്റില
ഞെരടി ചുണ്ണാമ്പ് തേച്ച് പതം വരുത്തി ,
അടയ്ക്ക പുകയില മേമ്പൊടി വച്ച് ,
കുങ്കുമത്തരി  കൂടെത്തിരുകി ,
ചവച്ച് ചവച്ച് ..
രണ്ടുവിരൽ ചുണ്ടിനു കുറുകെ വച്ച് ..
 മുറുക്കിത്തുപ്പല്‍ നീട്ടി
കള്ളക്കച്ചവടക്കാരാ  നിന്‍റെ
മുഖത്തേയ്ക്ക് ..
ത്ഫു ..!










Tuesday, December 4, 2012

വേശ്യാവിലാപം


ചെറുമണമുള്ള യൂക്കാലി-
 മരങ്ങള്‍ക്ക് താഴെ
കാട്ടുചെടികള്‍
തണുത്തുറഞ്ഞു നില്‍പ്പു ..
എവിടെയെന്നറിയാതെ
അയാളെക്കാത്തുള്ള എന്‍റെ
മരണപ്പിടച്ചില്‍..!
കാലില്‍ തടയുന്ന
വാടാമല്ലിപ്പൂക്കളുടെ
വാടാത്ത മഞ്ഞപ്പ് ..!
എന്നോടു പതിഞ്ഞിരുന്ന്
അടിവയര്‍ തുടിപ്പിക്കുന്ന
നിന്‍റെ കുഞ്ഞുപേടി !
നിനക്കു ഞാനമ്മയോ
അച്ഛനോ അതോ വെറും വേശ്യയോ ?!

തൊണ്ടയ്ക്കു കുടുങ്ങുന്ന
അര്‍ദ്ധ നിലവിളിയിലെവിടെയോ
കൊളുത്തിപ്പിടിച്ച
വേണ്ടാത്തൊരു മറുവിളി നീ !
ഹാ !
ഞാന്‍ നിലവിളിക്കുമ്പോള്‍
കൂടെ നിലവിളിക്കാന്‍
ഇവിടെത്ര കുന്നുകള്‍..!

ഈ മരണക്കുഴിക്കു താഴെ
നമ്മെക്കാത്ത് അവള്‍..
മരണ സുന്ദരി !
അവളെ തോല്‍പ്പിക്കാന്‍
മദിയുടെ കൊതിയടങ്ങി
എന്നെ വേണ്ടാത്ത
നിന്‍റെ അച്ഛന്‍ വരുമോ
എന്‍റെ കുഞ്ഞേ ??



മ്മടെ കാദര്‍ക്കാടെ ഭാഷേല് പറഞ്ഞു നോക്കിയാല്‍:

'അല്ല കുഞ്ഞിമ്മോനെ..ഞ്ഞി ആ മരുഭൂമീക്കെടന്നു നെലോളിക്കാതെ

ഞ്ഞി തോല്‍പ്പെട്ടീലോട്ടു കീഞ്ഞീന്ന് ..ന്നിറ്റാ കുട്ടപ്പോന്റെ ബീടിന്റെ കോലായില് കുത്തിരിക്കീന്ന്..ഒരെല പോലുമേങ്ങാത്ത മോവന്തീല്, അദ ആ ബൈക്കൊല് തുറൂന്റെ തായേ രണ്ടു പൂത്തിരിക്കണ്ണ്‍ കണ്ടാ പഹയാ ഞ്ഞി ? തെളതെലാന്നു ??

പുലിയാ പുലി !!ഞ്ഞി അങ്ങറ്റ് പോയി പാട് മോനേ ..

സന്കൃത പമഗരി തങ്ങ തുങ്ങ... ന്തേയ

്‌ പാടണ്ടേ ?

(ബ്ടെ മനുസ്സന് മുണ്ടാന്‍ പേടി ,കീയാന്‍ പേടി ,പണിയാന്‍ പേടി ..ഈ പേടിയാണെടാ ബലാലെ പുലി ..പേടി,അല്ലാണ്ട് ഞമ്മളെ പുലി തിന്നിറ്റാ ടാ എല്ലോരും നെലോളിക്കണത് !)

അല്ല ആണോ ജലാലേ ?? :)

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...