അരിയണം നിന്നെയൊക്കെ
എന്‍റെ അക്ഷരത്തിന്‍
വാള്‍ത്തുംബിനാല്‍..പക്ഷെ,
അത് തന്നാകും നിന്‍റെ
വിധിയും മൂഡാത്മാവേ !
പറന്നു പോകും
പക്ഷിക്ക് പോലും കുറ്റം
പൊഴിഞ്ഞു വീഴും മഴ-
ത്തുള്ളിയ്ക്കതും കുറ്റം !
അയല്‍ക്കാര്‍ അരികത്തൂടെ
നടന്നാല്‍ കുറ്റം പിന്നെ,
അവരോ വരാഞ്ഞാല്‍
നീയാണതിന്‍ കുറ്റം !
ഇടുപ്പില്‍ വസ്ത്രം ഇല്ലാഞ്ഞാല്‍ കുറ്റം
ഇനി പൊതിഞ്ഞു ബുര്‍ക്കയിട്ടു
നടന്നാല്‍ ഏറ്റം  കുറ്റം !
വെയിലെറ്റൊന്നു വാടിക്കഴിഞ്ഞാല്‍ 
കുറ്റം, വെയില്‍ കൊള്ളാതെ-
യകത്തെങ്ങാന്‍ ഇരുന്നാല്‍
ഏറും  കുറ്റം !
ഇടവഴിയില്‍ പൈയ്യെ- 
മേയ്ക്കാന്‍ പോയാലോ  കുറ്റം
പിന്നെ മേയ്ക്കാതെ തൊഴുത്തില്‍-
ത്തന്നെ നിര്‍ത്തിയാല്‍ കൊടും കുറ്റം !
നായത് കുരച്ചാല്‍പ്പിന്നെ നിന്നെ ഞാന്‍
കൊല്ലും നായേ ..
കുരയ്ക്കാതിരുന്നാലോ ഊച്ചാളി- 
പ്പട്ടിയെന്നതും കുറ്റം ! 
കണ്ണാടിയൊന്നു നോക്കി
ഒരുങ്ങിയാല്‍ നിന്നെക്കാണാന്‍
ആരിങ്ങു വരുന്നെടീ
എന്നതേ കുറ്റം കുറ്റം !!
ഒരുങ്ങാതിരുന്നാലോ
നായ നക്കിയ മോന്ത! 
ആര് കൊണ്ടുപോകാന്‍ -
പ്പോയ് ഒരുങ്ങെടീ ശവീ കുറ്റം  !!
പുസ്തകമെടുത്തങ്ങു
പഠിച്ചാല്‍  നീ കലക്ടറോ !!
ഇല്ലാഞ്ഞാല്‍ വായില്‍നോക്കീ ..
പെരും മണ്ടി,
കുറ്റമേ കുറ്റം കുറ്റം !
ഓടിയാലോ ഓടിപ്പോയി
ചാടിയാലോ ..തല
വച്ചാലോ ..തൂങ്ങിയാലോ..
അയല്‍ക്കാരനൊപ്പം  ചെന്ന്
കൂടിയാലോ..കൂസാതങ്ങ്
തീര്‍ത്താലോ  സ്വയം, അവള്‍...!
അരിയണം നിന്നെയൊക്കെ
അച്ഛനാണത്രേ നിങ്ങള്‍
അമ്മയാണത്രേ ..!ജന്മ ബന്ധമാണത്രേ !!
കൊല്ലാം  ഞാന്‍ എല്ലാരെയും..
വാളിനാല്‍, ഉണങ്ങാത്ത
ചോരയാല്‍ കുറിക്കാം  
നിനക്ക് സ്വാതന്ത്ര്യം കുഞ്ഞേ ..!
പക്ഷെ  നീ പഠിക്കേണം
തനിച്ചുറങ്ങാന്‍..ഉണരാനും.. 
ചിരിക്കാന്‍ ചിന്തിക്കാനും..
പറക്കാന്‍.. അഷ്ടിക്കു
വകയുണ്ടാക്കാന്‍ പോലും !! 
ഇനി ഞാന്‍ കൊല്ലാം
അവരയെന്റെ അക്ഷരത്തിന്റെ  
ചുരികത്തുംബാല്‍ ഇതാ
ഈ നിമിഷത്തില്‍ തന്നെ !