Thursday, May 9, 2013

പുഴകൾ ഉറവെടുക്കുന്നത് !


നിന്നെപ്പറ്റിയുള്ള ഓർമ്മയുടെ ഒരു വിത്തുമതി
എനിക്ക് ഹൃദയത്തിലിട്ടു മുളപ്പിക്കാൻ !

 എന്റെ മുഴുവൻ  സിരകളും മത്സരിക്കും
ആ വിത്ത്‌ നനയ്ക്കാൻ !
ഓരോ അണുവും കാത്തിരിക്കും
അത് മുളയ്ക്കാൻ !

മുളപൊട്ടുമ്പോൾ എന്റെ കരളും
പ്ലീഹയും ,ശ്വാസകോശങ്ങളും,വൃക്കകളും
കുടലും ആമാശയവുമെല്ലാം
മുകളിലെയ്ക്കാഞ്ഞു ആ-
കുഞ്ഞിനെക്കണ്ട് സന്തോഷിക്കും !

അപ്പോൾ,രൂപം നഷ്ടപ്പെട്ട 
എന്റെ ശരീരം കണ്ട് പുറത്തുള്ളവർ
ഞെട്ടും,കരയും ,സഹതപിക്കും
ഏറ്റവുമൊടുവിൽ അറപ്പോടെ
മാറിനിൽക്കും !

ആ ഓർമ്മ വളർന്നു
വലുതായി ഹൃദയം കടന്ന്
സിരകളായ സിരകളിലൂടെ
ഒഴുകി നടക്കുമ്പോൾ ഞാൻ
വീണ്ടും സുന്ദരിയും സുഭഗയും
മായാ മോഹിനിയുമാകും !

സിരകളിൽ നിന്റെ ഓർമ്മകൾ
തിക്കുമുട്ടിയപ്പോഴാണ്
അവയെ പുറത്തെയ്ക്കൊഴുക്കുവാൻ
ഞാൻ തീരുമാനിക്കുന്നത്

ആരുമറിയാതെ
കൻമഷപ്പുഴയുടെ ഓരം പറ്റി
കാടുകയറി ..
ഉള്ളിൽ നിന്റെ ഓർമ്മകൾ
കടലെന്നപോലെ എന്റെ ഹൃദയ
ഭിത്തികളിൽ അടിച്ചു
ചിതറുന്നു ..പുലമ്പുന്നു ..
പുറത്തു ചാടുവാൻ വെമ്പൽ കൊള്ളുന്നു !

കാടിന്റെ കടും പച്ചയിൽ
ഉന്മാദം കൊണ്ട എന്റെ ഹൃദയം
പറഞ്ഞു :ഇവിടെ ഇവിടെയാണ്‌
ഒഴുക്കി വിടേണ്ടത് ..
ഞാൻ എന്റെ ഉടുപുടവകളുടെ
അസ്വാതന്ത്ര്യത്തിൽ നിന്നും
സ്വതന്ത്ര്യയായി !

കറുത്ത മണ്ണിന്റെ തിളങ്ങുന്ന
നഗ്നതയിൽ ഞാനും കാടും
പൂണ്ടു കിടന്നു !
എന്നിൽ നിന്റെ ഓർമ്മകളുടെ
വേലിയേറ്റമുയർന്നു..
നെറുകയിലെ പ്രാണന്റെ കെട്ടഴിഞ്ഞു ..
നിന്റെ ഓർമ്മകൾ പുതിയൊരുറവയായി
എന്നിൽ നിന്നും കുലം കുത്തിയൊഴുകി !

കാടിന്റെ  ഓരോ അനക്കങ്ങളും
ഓർമ്മകളുടെ വരവറിഞ്ഞു !
പുതിയ നനവിലെയ്ക്ക് ..
പുതിയ ഒഴുക്കിലെയ്ക്ക് ..
പുതിയ പാതകൾ രൂപം കൊണ്ടു !
കല്ലുകളും പുല്ലുകളും
ഓർമ്മയിൽ നനഞ്ഞു ..രുചിച്ചു ..!

പുതിയ താവഴികൾ നാടുകൾ ..
നഗരങ്ങൾ ..നീ ഒഴുകിക്കൊണ്ടേയിരുന്നു !

എന്റെ അടഞ്ഞ കണ്ണുകൾക്ക്‌ മീതെ
കാട് പെയ്തിറങ്ങി ..
ഇലയായി ..പൂവായി ..കായായി ..
അവർ പൊഴിഞ്ഞിറങ്ങി
എന്നെ അതിലുറപ്പിച്ചു !

പുതിയ ഉറവിന്റെ ഉറവിടമായ
എന്റെ ശിരസ്സവർ
കാടിന്റെ അങ്ങേത്തലയ്ക്കൽ
ആരും കാണാതെ ഒളിപ്പിച്ചിട്ടുണ്ട് !
നിന്റെ ഓർമ്മകൾ വറ്റാതിരിക്കാൻ !




No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...