കനൽ കെടുത്തി വന്ന മഴ
ഉയിരുണർത്തി ഒഴുകിപ്പോയ് !
മുളപൊട്ടിയ മണ്‍മണത്തിൽ
കണ്ണുകെട്ടിയൊരു കുട്ടിക്കാലം,
അവിടെപ്പരതി ഇവിടെപ്പരതി
അമ്മയുടെ ഉറിയിൽ വരെ
എത്തിനില്ക്കുന്നു!
പത്തായപ്പുരയിലെ നെല്ലിൽ
പൂഴ്ന്നിരിക്കുന്നു ഒരു കുപ്പി
വാറ്റു നെല്ലിക്കാരിഷ്ടം !
കുട്ടികൾ കൂട്ടത്തോടെ മത്തു-
പിടിച്ച നെറികെട്ടവന്മാരായി
കറങ്ങിക്കറങ്ങി പത്തായപ്പുരയിൽ
തന്നെ വീണുറങ്ങുന്നു !!
എന്റെ മകനെവിടെ ??മകളെവിടെ ??
കൊച്ചുമക്കളെവിടെ ??
ഉണ്ണീ ..അമ്മൂ ..കണ്ണാ..കുട്ടാ ...!!!
വീണുറങ്ങിയ നെറികെട്ടവരെത്തഴുകി
കുറേ പേരുകൾ മാറിമാറി
ഉമ്മവയ്ക്കുന്നു !
നടുത്തളം അലമാരി,വരാന്ത,
കിണർ, കുളം, അമ്പലത്തറ !
ആട്ടുകല്ല്, കുഴികല്ല്, അമ്മിത്തറ ..
അയല്പക്കം, കാവ് ..നാടോടികൾ ..
എല്ലാം കടന്നീ പേരുകൾ പാറി
നടക്കുന്നു !തമ്മിൽതമ്മിൽ കണ്ണിറുക്കുന്നു..
താന്തോന്നികൾ !
പത്തായപ്പുരയിലെ എടുപ്പുകല്ലുകൾ
താണ്ടി വടക്കേലെ മൂശാര്യേട്ടൻ
എത്തിനോക്കുമ്പോൾ ഒഴിഞ്ഞ
നെല്ലിക്കാരിഷ്ടക്കുപ്പി ഇഷ്ടക്കേടോടെ
പുലമ്പി : നാശം ന്റെ കെട്ടു വിട്ടില്യാശാനെ !
കുട്ട്യേടത്തീ ..അമ്മിണിയേച്ചീ..കുട്ടന്റമ്മെ.....!!
പുതിയ പേരുകൾ കാറ്റത്തു
പരവേശത്തോടെ പാഞ്ഞു കളിച്ചു !
തൂക്കിയെടുത്തു കുളിപ്പുരയിലിട്ടു
നാല് അസുര വിത്തുകളെ !
കളിച്ചു കളിച്ചു വീശാനും തുടങ്ങ്യോ
ഇവറ്റൊൾ ! മൂശാര്യേട്ടൻ മൂക്കത്ത്
വിരൽ വച്ച്... !
തലമണ്ട വഴി തണുതണുത്ത
ധാര കോരിക്കൊണ്ട്-
മിണ്ടാണ്ടിരുന്നോളൂ കുട്ട്യോൾ
വീശീതും കീശീതുമല്ല
അവറ്റൊൾ ഒളിച്ചു കളിച്ചു അത്രന്നെ-അമ്മമ്മ !
അത്രന്നെ-മൂശാര്യെട്ടൻ !
അമ്മമ്മയെ കെടുത്തി അണച്ച്
ഒരുപാടോർമ്മകളെ നനച്ചു-
ണർത്തി ഉയിർ ചൊരിഞ്ഞ് മഴ!
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !