Thursday, March 10, 2016

പി കെ അഷിത എന്നാൽ പണ്ട് ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് തിളങ്ങുന്ന വലിയ കണ്ണിലൂടെ അല്പ്പം കുനിഞ്ഞ പാതിമുഖത്തിലൂടെ വട്ടക്കണ്ണാടിയുടെ ഇടയിലൂടെയുള്ള മൂർച്ചയേറിയ നോട്ടവും അതിലൂടെ കടന്നുപോകുമ്പോൾ കഥാപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ കഥകൾ എന്നാൽ ഇതായിരിക്കണം എന്നെന്നോട് പറയുന്ന അക്ഷരങ്ങളുടെ ജ്വാലയും ആയിരുന്നു ! എനിക്ക് അന്ന് മുതൽ തുടങ്ങിയ ആ ആരാധന ഒന്ന് കാണണം എന്നുള്ള മോഹമാവുകയും പിന്നെ എവിടെയോ അപ്രത്യക്ഷമാകുന്ന അനേകം സമയച്ചക്രങ്ങളുടെ പാച്ചിലിൽ ആ മോഹം അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു !പിന്നീട് ഏകദേശം പതിമൂന്നു വർഷങ്ങൾക്കിപ്പുറം ഞാൻ തലമുടി മാത്രം നരച്ചെങ്കിലും അതേ തീക്ഷ്ണതയോടെ ജ്വലിക്കുന്ന ആ മുഖം കണ്ടു ! ചാടിവീണ് ചോദിച്ചു .."എനിക്കൊന്ന് എഴുതിത്തരുമോ ? അല്ലെങ്കിൽ വേണ്ട..ഞാൻ വന്ന് ഒന്ന് ഇന്റർവ്യൂ ചെയ്തോട്ടെ "  "ഞാൻ ആർക്കും ഇന്റർവ്യൂ കൊടുക്കാറില്ല കുട്ടീ ..അതിനു ഞാനാര് ?" ഞാൻ ഒരു ബ്ലിങ്കി ആയെങ്കിലും ഉള്ള കാര്യമങ്ങു പറഞ്ഞു .."എന്റെ ഒരാഗ്രഹമാണ് ..കാണണം ഞാൻ ഒന്ന് വന്നോട്ടെ ?" (ഉള്ള സത്യം പറയട്ടെ ജീവിതത്തിൽ ആകെ ഒരാളോട് മാത്രേ ഞാൻ ഈ ചോദ്യം ചോദിച്ചിട്ടുള്ളൂ ..എന്നെ സംബന്ധിച്ച് ആരാധന എന്നത് വളരെ വളരെ തീക്ഷ്ണമായി അനുഭവപ്പെടുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ് .അത് സിനിമാ താരങ്ങളോടും മറ്റും തോന്നിയിട്ടേ ഇല്ല ! എഴുത്ത് ജീവനാണ് അതുകൊണ്ടുതന്നെ കാണണം എന്നാഗ്രഹമുള്ള നിരവധി എഴുത്തുകാർ ഉണ്ട് .അതിലൊരാൾ ആയിരുന്നു ടീച്ചറും .) ടീച്ചർ ഉള്ള കാര്യമങ്ങു പറഞ്ഞു .."ഞാൻ ആരേം വിളിക്കാറില്ല കുട്ടീ "എന്ന് ..ഹയ്യോ വീണ്ടും ചമ്മി ..പക്ഷെ അന്ന് ഞങ്ങൾ കുറച്ചു നേരം തമാശ പറഞ്ഞിരുന്നു ..അവസാനം മിടുക്കി എന്ന് വിളിച്ചപ്പോൾ എനിക്ക് സന്തോഷമായി (ചമ്മൽ മാറി കേട്ടോ അത്രേള്ളൂ ..) പക്ഷെ അന്ന് ഞാൻ ടീച്ചർക്ക് നൂറിൽ നൂറു മാർക്കും കൊടുത്തു .എന്റെ ആരാധന അർഹിക്കുന്ന ആൾക്ക് ലഭിക്കുന്ന അലങ്കാരം തന്നെയെന്ന് മനസ്സിൽ പറഞ്ഞു .കാരണം ആരുടേയും അൽപ്പമായ ഒരു പുകഴ്ത്തലിന്റെയും ആവശ്യം ടീച്ചർക്കില്ല .അവർ തനതു വ്യക്തിത്വത്തിന്റെ മൂര്ത്തിഭാവം മാത്രമാണെന്നും പറയാതെ അറിഞ്ഞു .പിന്നീട് കുറച്ചുനാൾ കഴിഞ്ഞു .ഒരിക്കൽപോലും ഞാൻ ചാറ്റ് ബോക്സിൽ ടീച്ചറെ ശല്യം ചെയ്തില്ല ..അങ്ങനെ ഞാൻ പതിവുപോലെ എന്റെ മറവികളുടെ പണിപ്പുരയിൽ ചാരം മൂടിത്തുടങ്ങിയപ്പോൾ എനിക്കൊരു മെസ്സേജ് വന്നു .എന്റെ ഒരു പുസ്തകം ഇറങ്ങുകയാണ് വിഷ്ണുസഹസ്രനാമം - ലളിത വ്യാഖാനം..അക്കാദമിയിൽ ആണ് അനിത വരണം ഇതെന്റെ സ്വകാര്യ ക്ഷണം ആണ് എന്നെ കാണണം എന്ന് പറഞ്ഞിരുന്നില്ലേ എന്ന് ! ഞാൻ അന്തം വിട്ടു !!പിന്നെ അഹങ്കരിക്കാതെ സ്വയം  അങ്ങ് ക്ഷമിച്ചു ..നോക്കുമ്പോൾ ആരൊക്കെയാണ് ..എല്ലാവരും ഇഷ്ടമുള്ളവർ ..പാർവ്വതി ചേച്ചി ( എനിക്ക് സ്വന്തം ചേച്ചിയെപ്പോലെ ഒരു കാലത്ത് ഏറെ പ്രിയമോടെ നടന്നതാണ് കൂടെ ..) പിന്നെ എന്റെ എന്നത്തെയും പ്രിയ കഥാകാരി പ്രിയ എ എസ് ,അതേപോലെ ഇഷ്ടപ്പെട്ട എഴുത്തുകാരി ആണ് ശ്രീബാലയും .(കോളേജു കാലത്ത് ശ്രീബാലയുടെ തീപ്പൊരി കഥകൾ കണ്ട് രോമാഞ്ചം വന്നിരുന്നു ..അന്ന് എന്റെയും കഥകൾ വന്നിരുന്ന സമയം ആണ് പക്ഷെ പിന്നീട് ഞാൻ എഴുത്ത് ലോകത്ത് നിന്നെ അപ്രത്യക്ഷ ആയിപ്പോയി നീണ്ട പത്തു കാലത്തോളം ) ഇവരെല്ലാവരും ഒരു വേദിയിൽ ..ഞാൻ എപ്പോൾ എത്തീ എന്ന് ചോദിച്ചാൽ മതിയല്ലോ ! പക്ഷെ ദിവസം എത്തിയപ്പോൾ ഞാൻ പനിക്കിടക്കയിലും !! പക്ഷെ പോയി ..ഒരുവിധം തലപൊക്കി വേദനിക്കുന്ന ഉടലിനോട് പറഞ്ഞു ..നീ ഒന്നാശ്വസിക്ക് നമ്മൾ ടീച്ചറെ കാണാൻ പോകുന്നു എന്ന് ..പോയി .കുളിർമ്മയോടെ കണ്ടു സംസാരിച്ചു .ഒപ്പിട്ട് കിട്ടിയ ബുക്ക് നിധിപോലെ സൂക്ഷിച്ചിരിക്കുന്നു വായിച്ചില്ല ..വായിക്കണം ..ലളിതമായ ചടങ്ങിൽ സ്നേഹമയമായി അവരെല്ലാവരും സംസാരിക്കുന്നത് നോക്കിയിരുന്നു .എന്റെ മോൾ പ്രിയേച്ചിയുടെ സീരിയസായ കുഞ്ഞുണ്ണിയോട് അങ്ങോട്ട്‌ കയറി ഹെഡ് ചെയ്തു കളിക്കുന്നത് കണ്ടു കുറെ ചിരിച്ചു ..സന്തോഷിച്ചു സ്നേഹായി തിരിച്ചുപോന്നു ..ഹൃദയത്തിൽ സൂക്ഷിക്കാൻ ആ നിമിഷവും ബാക്കി !

Tuesday, March 8, 2016

ഹോ ..എടികളെ .. നമ്മൾ വളർന്നു വളർന്നു വളർന്നു .. മാനം മുട്യല്ലോ !!

എടികളെ ..
വസന്തവും ശിശിരവും വേവും ചൂടും എല്ലാം
അവിടെക്കിടക്കട്ടെ ..
എടികളെ ..
അടുക്കളയും പാചകവും മോരും മീനും
എല്ലാം അവിടെക്കിടക്കട്ടെ ..
ഇനിയും എടികളെ ..
ചർച്ചയും ചാർച്ചയും ചേർച്ചയില്ലാത്ത പരദൂഷണവും
അവിടെക്കിടക്കട്ടെ ..
ഹ ! എടികളെ ..
നമുക്കിന്നു കൈകോർത്തൊരു കളി കളിക്കണം ..!
അതിൽ നീ വല ..ഞാൻ കോഴി ..അവൾ കുറുക്കൻ
അല്ലെങ്കിൽ വേണ്ട ,
പൂ പറിക്കാൻ പോരുമോ രാവിലെ അതിരാവിലെ ..
അതിൽ ഞാനും ജിഷയും സജിതയും ഷീനയും പ്രതിഭയും ഈ വശത്ത്‌ ..
പിന്നെ നിങ്ങളെല്ലാം ആ വശത്ത് ..
അല്ലെങ്കിൽ അതും വേണ്ട ..
തീപ്പെട്ടി പൊട്ടാസ് ..വാട്ട് കളർ ???
മഞ്ഞ ..അല്ല അല്ല ..വയലറ്റിനിടയിൽ നീലപ്പുള്ളി ..
അമ്മച്ചീടെ സാരീലുണ്ടല്ലോ ..ഞാൻ ഓടീ ...
നിന്നെ വിടില്ല ..നീ മാറെടീ ..അല്ല ഞാനാ ആദ്യം കണ്ടത് ..
തട്ടീ മുട്ടീ ..വീണല്ലോ പെങ്കുട്ട്യോള് ...!!
ഹോ ..എടികളെ ..
നമ്മൾ വളർന്നു വളർന്നു വളർന്നു ..
മാനം മുട്യല്ലോ !!
ഓ ..വേണ്ടായിരുന്നു !!

Sunday, March 6, 2016

ഏറ്റവും പ്രിയപ്പെട്ടതെല്ലാം നമ്മളെല്ലാവരും സ്നേഹപൂര്വ്വം എടുത്തു വയ്ക്കില്ലേ ? ഇഷ്ടപ്പെട്ട പുസ്തകം ..ഇഷ്ടപ്പെട്ട പാട്ട്  ..ഇഷ്ടപ്പെട്ട വാക്ക് ..ഇഷ്ടപ്പെട്ട ഓർമ്മകൾ ..ഇഷ്ടപ്പെട്ട വസ്ത്രം ..എന്നിങ്ങനെ എല്ലാം ??..കൂടെ ഏറ്റവും ഇഷ്ടപ്പെട്ടവരെ നമ്മൾ നെഞ്ചോടു ചേർത്തുവയ്ക്കും ..അപ്പോൾ പിന്നെ ഈ സർവ്വേശ്വരൻ മാത്രം അത് ചെയ്യാതിരിക്കുമോ ..ഇഷ്ടമുള്ളവരെ ആൾ പതുക്കെ തൊട്ടു വിളിക്കും ..എന്നിട്ട് പറയും : "പോരൂ ..നീയില്ലാതെ എനിക്കിനി വയ്യ ..ഇനി ബാക്കിയെല്ലാം ഇവിടെ വന്നിട്ടാകാം .."  അപ്പോൾ അവർ മറുത്തൊന്നും പറയാതെ ആ ദിവ്യ സംഗീത ധാരയിൽ ഒഴുകിയൊഴുകി മറയും ..ഇവിടെ ബാക്കിയാകുന്ന ജഡം മറ്റുള്ളവരോട് പറയും ..സ്വാഭാവികം ..അസ്വഭാവികം ..ആകസ്മികം ..അന്തരം..അനന്തരം.. എന്നിങ്ങനെ അനേകമനേകം കാരണങ്ങൾ ..മഹാപ്രഭോ അവിടുത്തെയ്ക്കോ !! ഒരേയൊരു കാരണം മാത്രം ..നീ അവനോടു / അവളോട്‌ നിലയ്ക്കാത്ത പ്രണയത്തിലാണെന്നും .അഥവാ കുഞ്ഞുങ്ങളെങ്കിൽ അവർ നിന്റെമാത്രം പൊന്നോമനകൾ ആണെന്നും !! ചില നോവുകൾ നമ്മുടെ ഉള്ളത്തിൽ ഒരു പിടപ്പ് നല്കും ..ആരൊക്കെയോ ..നമ്മുടെ ആരൊക്കെയോ ആണല്ലോ അവർ എന്ന് !!

Thursday, March 3, 2016

എഴുതാതെ പോയ ഓരോ രാവുകല്ക്കും പകലുകൾക്കും മാപ്പ് ..
അക്ഷരമില്ലാതെ ജീവിതമില്ല എന്ന ഞാൻ ..
 എങ്കിൽപ്പോലും ഒരക്ഷരം പോലും എഴുതാത്ത ഞാൻ ..
വിചിത്രമായ ജീവിതഘടന വരച്ചു ചേർത്തിട്ട് അതിൽ
ഞാനില്ല ഞാനില്ല എന്ന് ആർത്തു കരയുന്ന ഈ വിചിത്രയായ ഞാൻ !
എനിക്കെവിടെയും രക്ഷപെടാനാവില്ല എന്ന് പറഞ്ഞു
ജീവിതത്തോട് ചേർത്തുവയ്ക്കുന്ന, വാക്കുകൾ കൂട്ടിക്കെട്ടിയ
പാവാടനൂലിൽ എന്റെ സ്വത്വം മറയ്ക്കുന്ന ഞാൻ ..
ഞാൻ എഴുതിമരിയ്ക്കുന്ന കറുത്ത രാത്രികൾ വരാനിരിക്കുന്ന 
വെളുത്ത പകലുകളെ കൊഞ്ഞനം കുത്തുന്നു ! നിനക്കെന്നെ തോൽപ്പിക്കാനാകില്ല ..ഞാൻ എഴുതുന്ന ഓരോ വരികളിലും
കാലത്തെ കോർത്തുവയ്ക്കണം ..അതിലൂടെ എനിക്കൊരു ചരിത്ര പുസ്തകമാകണം ..എന്നെ വായിക്കുന്ന നിനക്ക് നിന്റെ അസ്ത്വിത്വം എവിടെയെന്നു കണ്ണാടിപോലെ കാണുമാറാകണം !സ്വസ്തി !

Wednesday, February 24, 2016

ഇലയിളകാത്ത പ്രഭാതങ്ങൾ ..
ചൂട് ..ചൂടുമാത്രം വിതറുന്ന ഉച്ച സൂര്യൻ !
കാറ്റേ ..നീയെവിടെപ്പോയി !!
തനിയെ ആകുമ്പോൾ കുഞ്ഞുപൂച്ച
മുട്ടിയുരുമ്മാനില്ലാത്തത്തിൽ അസ്വസ്ഥയാകുന്ന
അമ്മ മനസ്സ് !.....ഈ കുംഭമാസത്തിലെ പൗർണ്ണമി
എനിക്ക് വേണ്ടി ചമഞ്ഞൊരുങ്ങി വന്നതാണ് !
പക്ഷെ തണുപ്പ് വീശാതെ നിന്നെയെനിക്ക് വേണ്ട ..
ഒരു നിലാമഴ പൊഴിഞ്ഞെങ്കിൽ ...

Monday, February 15, 2016

.വീട്ടുജോലി സ്കൂള് ജോലി കുട്ടി കുടുംബം അനാരോഗ്യം ആവലാതി ..ഇതിലെവിടെയോ മരിച്ചു പോകയാണെന്റെ എഴുത്ത് ! നൈരാശ്യം ബാധിക്കാതെ സൂക്ഷിക്കുന്ന മനസ്സ് മെല്ലെ മെല്ലെ മടുത്തുപോകുന്നു ..വരയക്കാൻ വയ്യാത്ത പകലുകൾ രാത്രികൾ ..പറഞ്ഞ ജോലികൾ ..ഏറ്റെടുത്ത വാക്കുകൾ ഒക്കെ മാറി മറയുന്നു ..കൂട്ടുകാരെ പൊറുക്കുക ..എന്റെ രണ്ടുകൈകൾക്കും തലച്ചോറിനും ചെയ്‌താൽ തീരാത്ത ജോലികൾ ബാക്കി ..ഞാൻ എന്തുവേണം !!

Saturday, February 13, 2016

ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ
നിനക്കമൃത ശാന്തി !
(കണ്ണീർപ്രണാമം പ്രിയ കവേ !)

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...