Tuesday, October 14, 2014

അവള്‍ വസന്തം കഴിയുമ്പോൾ തിരികെ വരാതിരിക്കില്ല !

പൂക്കളിൽ വസന്തം കണ്‍തുറക്കുമ്പോൾ
പൂമ്പാറ്റകളിൽ സുഗന്ധം തേൻ ചൊരിയുമ്പോൾ
നീ നിന്റെ ഭിക്ഷാപാത്രം കൈയ്യിലേന്തുക !
നിനക്കുമുന്പിലെ കീറത്തുണിയിൽ
നീ അന്നന്നത്തെ ആവലാതികളുടെ
അളിഞ്ഞ നാറ്റം പരത്തുന്ന വേവലാതികൾ
പരത്തിയിടുക !

അവള്‍ ഒരുപക്ഷെ പൂക്കൾ വസന്തം ചൊരിയുന്നത്
കാണുവാൻ വരാതിരിക്കില്ല !
നിന്റെ വറുതിപ്പാത്രത്തിന്നോരത്തു ചാടാൻ
മടികൊള്ളുന്നൊരു കഷണം നാണയത്തുണ്ട്‌ ,
സുഗന്ധപൂരിതമായ കൈകൊണ്ടവള്‍
മനോഹരമായ തുകൽസഞ്ചിയിൽ നിന്നും
എടുക്കാതിരിക്കില്ല !

എറിഞ്ഞു കളയുന്ന ഭക്ഷണക്കീറിൽ
അവളുടെ ചുണ്ടിലെ അമൃത് ചുവയ്ക്കുന്ന
ചെമന്ന ചായം പുരളാതിരിക്കില്ല .
നിന്റെ വിശന്ന വയറിന്റെ കാളലിനെ
അവ ചുംബിച്ചടക്കാതിരിക്കില്ല
അവളുടെ കാൽമടംബുകളുടെ  രക്താഭയിൽ
സൂര്യൻ ഒളികണ്ണിടുമ്പോൾ താഴെ
ഭൂമിയിൽ ഒരുവേള ഇരുൾ പടരാതിരിക്കില്ല !

സൗന്ദര്യം കാഞ്ഞ അവളുടെ നിതംബ വടിവിലെയ്ക്ക്
നീ കണ്ണുകൾ അടയ്ക്കാതിരിക്കുക
അടിമയ്ക്കും തെണ്ടിയ്ക്കും മാത്രം
വികാരങ്ങൾ അടക്കാൻ പഠിക്കണമെന്നില്ലല്ലൊ !
നീ അവളുടെ ഇറക്കം കുറഞ്ഞ മേലുടുപ്പുകളുടെ
ഇടയിലെ ചന്ദ്രനെ ധ്യാനിച്ചുണർത്തുക
അവയ്ക്കും മുകളിലെ കട്ടിവെണ്‍മേഘങ്ങളിൽ
ദീർഘയാത്ര പോകുന്നത് സ്വപ്നം കാണുക
അവള്‍ വസന്തം കഴിയുമ്പോൾ
തിരികെ വരാതിരിക്കില്ല !


Saturday, October 4, 2014

ഒരു കണ്ണോളം വരുന്ന കടലെവിടാണുള്ളത് !
ഒരു കടലോളം വരുന്ന കണ്ണും !?
പിന്നെങ്ങനെ എനിക്ക് നീയും
നിനക്ക് ഞാനും സമമാകും !?

Monday, September 29, 2014

ഏതൊരുവളാണോ അക്ഷരങ്ങള്‍
കൊണ്ടമ്മാനമാടുന്നത്..
ഏതൊരുവളാണോ അക്ഷരങ്ങള്‍
കൊണ്ട് മാലകൊരുത്തണിയുന്നത്..
ഏതൊരുവളാണോ അക്ഷരമേ ജീവിതമെന്ന്
കരുതുന്നത് ..അവളില്‍ ഞാനുമുണ്ട് !

 -എല്ലാര്‍ക്കുമെന്റെ അക്ഷരാഭിവാദ്യങ്ങള്‍!

Thursday, September 25, 2014

പ്രഭോ മതി ദീപനം !
ദീപനീയം മമ ദേഹം
ദീനദയാലു നീ ഏറ്റെടുക്കുകീ
ദിരിപകം പോ -
ലുരുളുന്ന ജീവിതം !


Tuesday, September 23, 2014

ഒരു തലവേദന പോലെ
അസൂയ പോലെ ..
നൊമ്പരം പോലെ ..
എവിടെയോ കൊളുത്തിട്ടു
വലിക്കയാണ് മരണം !
അടുത്തെത്തിയോ ..അകന്നെത്തിയോ ..
അറിയുവാനില്ലാതൊരു ദൂരം !
അതുമാത്രമാണു നമുക്കിടയിൽ
ഇനിയും അവശേഷിക്കുന്നത് !

Saturday, September 20, 2014

ഇമയനക്കങ്ങളില്‍ താഴേയ്ക്ക് ഊര്‍ന്നു  വീഴുന്ന മഴ !
മൊഴികള്‍ക്കു മീതെ ചാഞ്ഞു പെയ്യുന്ന ചുംബനം ..
പെയ്തൊഴിഞ്ഞ എത്ര മഴകള്‍ക്ക്‌ മീതെയാണ്
ഒരു മാരിവില്ലുദിക്കുക!!

Wednesday, September 17, 2014

എല്ലാ നിഷേധത്തിന് പിന്നിലും നിലവിളിക്കുന്നൊരു ഹൃദയമുണ്ട് !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...