Saturday, January 28, 2017

വിഷാദിയുടെ ചുംബനം !


തനു തളർന്നു തൂങ്ങിയിരുന്നു
ഉരഞ്ഞുരഞ്ഞു തേഞ്ഞ ചെരുപ്പടികളിൽ
അയഞ്ഞുകറുത്ത കാലടികൾ .
ആകാശത്ത് പാതി കീറിയ ചന്ദ്രബിംബം
താഴെ നിയോണ്‍ബൾബുകൾ
മിന്നിമിന്നിക്കത്തിപ്പടർന്നു
സൂര്യവെളിച്ചം മാഞ്ഞുപോകും മുൻപേ ചന്ദ്രൻ
ആകാംക്ഷയോടെ  തെരുവോരത്തെ ചുവന്ന പുഷ്പങ്ങളെ
തേടിയിറങ്ങിയിരിക്കുന്നു
ഹും !അയാൾ അറപ്പോടെ ചന്ദ്രബിംബത്തെ നോക്കിക്കാറിത്തുപ്പി
'ഒരുംബെട്ടോൻ .'അയാളുടെ അമർഷം ചെന്ന് നിന്നത്
അവളുടെ ഇടിഞ്ഞു തൂങ്ങിയ ബ്ലൗസിന്റെ ഹുക്കിലായിരുന്നു
'ഓ വന്നല്ലോ നിശാപുശ്പങ്ങൾ ..'
അയാൾ ശബ്ദമില്ലാതെ അമറി !
'ചുമന്ന സാരിയല്ലാതെ ഒന്നും കിട്ടിയില്യോടീ ?'
അയാൾ പരസ്യമായി അവളെ പിടിച്ചുലച്ചു .
ഭാവമില്ലാത്ത അവളുടെ മുഖം
പുഞ്ചിരി വരച്ചുചേർത്തത്തിൽ
ചെമപ്പുചായം കൂടിക്കുഴഞ്ഞു കിടന്നിരുന്നു .

അയാളുടെ കണ്ണിലെ വിഷാദഭാവത്തിൽ
യേശുവിന്റെ ച്ഛായ കടംകൊണ്ടിരുന്നു
പക്ഷെ അയാളുടെ വിരലുകൾ
ഒരുസ്വപ്നവും കാണാത്ത
അവളുടെ തലമുടിക്കകത്തെ തലയോടിനെ
പരതിപ്പരതി മുഖവും കടന്ന് കൈകളെ
വലിച്ചെടുത്തുകൊണ്ട് അങ്ങാടിക്കടവിലെ
വറീതിന്റെ നാലുമുറിപീടികയുടെ
പിന്നാമ്പുറ ചായ്പ്പിന്റെ
തണുത്ത കറുത്ത കോണിലേയ്ക്കു പോയ്മറഞ്ഞു .

പാതിനഗ്നമായ ചുമലെല്ലുകൾ
അയാളോട് കുഞ്ഞമ്മിണിക്കുട്ടിയുടെ
കഥകൾ പറഞ്ഞു
അറ്റം കറുത്ത മുലത്തണ്ടുകൾ
അമ്മമ്മയുടെ രോഗം വിവരിച്ചു
എല്ലുന്തിയ നെഞ്ഞിൻ കൂട് 
വീട്ടാനുള്ള ചിട്ടിക്കാശു ചോദിച്ചു !
അയാളുടെ അറച്ചു നിന്ന
ആദ്യചുംബനം മാറാല മൂടിയ
തണുത്ത ഭിത്തിയിലേയ്ക്ക്‌
ഏറ്റിയെറിഞ്ഞ് വിഷാദി ഉയർത്തെഴുനേറ്റു !
നിങ്ങളിൽ കുറ്റം ചെയ്യാത്തവർ
അവരെ കല്ലെറിയുക !


Thursday, January 19, 2017

അടുത്ത പറമ്പിലെ മരം ഫ്ലാറ്റ് പണിയാൻ വെട്ടിയതിന് ദാ സ്കൂളീന്ന് വന്ന എന്റെ മോളു പൊട്ടിക്കരയുന്നത് .ഇത് പോസ്റ്റ് ചെയ്തതിനു കാരണം മറ്റൊന്നുമല്ല അവരെ കുഞ്ഞുങ്ങളെ മരങ്ങളും പ്രകൃതിയും  ഓമനിക്കുന്നത് എത്ര സത്യമാണെന്നു കാണിക്കാനാണ് .മരിച്ചു കിടക്കുന്ന മരം നോക്കി ഇപ്പോഴും അവൾ കരയുകയാണ് ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കുന്നില്ല .ആ മരം നട്ടുവെക്കണം എന്നതാണ് ആവശ്യം !ആകാശം കരയുന്നു കിളി കരയുന്നു അവളുടെ ശങ്കരി കാക്ക ഇനി എവിടെയാ ഇരിക്കുക.. ആ മരം പറഞ്ഞിട്ടുണ്ടാകും വെട്ടരുതേ വെട്ടരുതേന്നു ..അത് ശരിക്കു മരിച്ചു പോയോ അമ്മെ ..തുടങ്ങി  പതംപറച്ചിലുകൾ ..! ഞാൻ എന്ത് പറയാൻ !

Tuesday, January 17, 2017

 എന്നിലെത്തുന്ന സൗഹൃദങ്ങളുടെ നേർരേഖയിലുള്ള ചെറുവികാരങ്ങൾ പോലും തഴയപ്പെടരുതെന്ന എന്നിലെ സൗഹൃദം ആഴത്തിൽ വിശ്വസിക്കുന്നതുകൊണ്ടു തന്നെയാണ് ഞാൻ സൗഹൃദങ്ങളുടെ കടലിലേയ്ക്ക് എന്നെ വലിച്ചെറിയാത്തത് കാരണം ചില നേരങ്ങളിൽ പലനേരങ്ങളിലും എനിക്ക് ഞാനായിരിക്കാൻ കഴിയാത്തവിധം പല കടമകളുടെ നൂലിഴയിൽക്കൂടി ഇഴഞ്ഞിഴഞ്ഞെത്തുന്ന മുത്തുമണി മാത്രമായിരുന്നു ഞാൻ ! എനിക്ക് മാറ്റിവയ്ക്കാൻ പറ്റുന്നത് എന്റെ സന്തോഷങ്ങളെയും നിമിഷങ്ങളെയും സമയത്തെയും മാത്രമായിരുന്നു .ചുരുക്കം പറഞ്ഞാൽ എനിക്കുവേണ്ടിയല്ല മറ്റു പലതിനും വേണ്ടി .അനാവശ്യ സൗഹൃദങ്ങളിലെ ആവർത്തന വിരസത എന്നെപ്പോലെ ഏകാന്തത ധ്യാനമാക്കിയവൾക്കു തടസ്സമായതിനാലും ഞാൻ മെരുങ്ങാത്ത ഒരു കാട്ടുമൃഗമായി എന്നെത്തന്നെ സൂക്ഷിച്ചു വച്ചിരിക്കയാണ് .എന്നിട്ടുപോലും പിടികൊടുക്കാത്ത, സ്നേഹിച്ചു കൂടെനിൽക്കാത്ത ,സ്നേഹംകൊണ്ട് അക്ഷരങ്ങൾ കൊരുക്കാത്ത, എന്നെ സ്നേഹിക്കാനും നിങ്ങളെത്രപേരാണ് !! നോക്കൂ ..!

അപ്പോൾ ഞാൻ പുറത്തെ കാട്ടുമൃഗത്തിന്റെ തോലുമാറ്റി ഞാനായി നിന്നാൽ
എനിക്ക് സൗഹൃദങ്ങൾ ഇല്ല എന്നാരോപിക്കുന്നവരെ നിങ്ങൾ ബോധമറ്റുവീഴും തീർച്ച !

37 വർഷമായിരിക്കുന്നു ഞാൻ ജനിച്ചിട്ട് .(വയസ്സിനെ പുറത്തു പറയാൻ പേടിക്കുന്ന എഴുത്തുകാരോടെനിക്ക് സഹതാപമാണ് . അത് പുറത്തുപറയാൻ മടിക്കുന്ന അവർ പിന്നെ എങ്ങനെ കാലത്തെ രേഖപ്പെടുത്തും എന്ന് ഞാൻ അതിശയിക്കുന്നു!! ഇപ്പോഴുള്ള പുസ്തകങ്ങളിൽ ഒന്നും അവർ ജനിച്ചിട്ടേയില്ല വെറുതെ ജീവിക്കുന്നതും മരിക്കുന്നുമേ ഉള്ളൂ !ശരി..അതവരുടെ കാര്യം ) അതിൽ നാലുവർഷത്തെ ഓർമ്മകൾ ഓടിയൊളിച്ച കുഞ്ഞുകുട്ടിയെ മാറ്റി നിർത്തിയാൽ 33 വർഷത്തെ ഓർമ്മയെത്ര!കൂട്ടുകാരെത്ര !കൂടാരങ്ങളെത്ര !അനുഭവങ്ങളും ആരവങ്ങളും ആവർത്തനങ്ങളും വിരസതകളുമെത്ര!ഇനി ഞാൻ ആരെ ഭയക്കാൻ ? അച്ഛനെ ? അമ്മയെ ? സഹോദരിയെ ? ഭർത്താവിനെ ? മകളെ? സമൂഹത്തെ ? പ്രകൃതിയെ? ആരെ ? ഭയന്ന നിമിഷങ്ങൾക്ക് ഒരറുതിയില്ല! ആ ഭയത്തിൽ നിന്നുമാണ് ഞാൻ കുരുത്തുവന്നത് .ഇനി ഭയക്കാനെനിക്ക് മനസ്സില്ല! ഭയപ്പെടുത്തേണ്ടവർ ഭയന്ന്കൊൾക! എന്നിൽനിന്നാ വികാരം ഒഴിഞ്ഞു പോയിരിക്കുന്നു ! ഇനിയെങ്കിലും ആമത്തോടില്ലാതെ തെളിഞ്ഞു കത്തട്ടെ ഞാൻ! അനുവദിച്ചേക്കുക .
പണ്ട് ..
അതെ പണ്ട്പണ്ട് എന്ന് പറഞ്ഞു പറഞ്ഞു
ഞാൻ പാണ്ടാക്കുകയാണ് !
'നീയില്ലാതെനിക്ക് വയ്യ അനൂ '
എന്ന് കേണ ദുർബലചിത്തയായ
ഒരുകൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്  ..
അവളുടെ തകർന്ന ചിത്തം നോക്കാനെനിക്ക്
പേടിയായിരുന്നു !
എന്റെ മാന്ത്രികവലയത്തിൽ നിന്നും
മോചനമില്ലാത്ത ആ ചിത്തത്തെ ഞാനുപേക്ഷിച്ചു
കടന്നുകളഞ്ഞു ..
മുറിവേൽക്കുമെന്നറിയാമായിരുന്നു ..
പക്ഷെ അവൾ അതിജീവിക്കണമെന്ന അവബോധം !
ഇന്നവൾ നിറയെ ഉണർവ്വുള്ള
ആരെയും തോൽപ്പിക്കുന്ന
ആരുമില്ലെങ്കിലും അവളായി നിൽക്കുന്ന
വന്മരമാണ് !
ചെറുചില്ലയിൽ വന്നിരുന്നു
നിനക്ക് സുഖമാണോ എന്ന് ചോദിക്കുമ്പോൾ
നീയെന്നെ അപരിചിതയെപ്പോലെ ,
കണ്ണിൽ ചിരിയില്ലാതെ നോക്കരുത്
എനിക്ക് ഒന്നും വേണ്ട !
നമുക്കിടയിലെ അപരിചിതത്വം പേറുന്ന
മണമില്ലാത്തതൊന്നും !

നീ ചിരിക്കുക
ഞാനും ചിരിക്കാം ..
പണ്ടത്തെപ്പോലെ ..
ഞാനവൾ തന്നെയാണ് നീയും അവൾതന്നെയാണ്
നമ്മൾ ആ പഴയ പൊട്ടിച്ചിരികൾ മാത്രമാണ് !

Sunday, January 15, 2017

കേമനായ ആ നായ അഥവാ മനുഷ്യൻ !

വിദ്വേഷം പടർന്നുകത്തുമ്പോൾ,
ജനങ്ങൾ ജനങ്ങളുടെ സ്വന്തം താത്പര്യത്താൽ
പടുത്തുയർത്തിയ ജനാധിപത്യം
അവർക്കു മേൽത്തന്നെ ബോംബ് വർഷിക്കുമ്പോൾ
എരിഞ്ഞു ചാമ്പലായിക്കൊണ്ടുതന്നെ നമുക്കവർക്ക്
ജയഭേരി മുഴക്കാം !
ഹാ ..അന്തസ്സായി മരിക്കാം ..!

ചൂണ്ടു വിരലിൽ കുത്തിയ നീലമഷിയടയാളം
കത്തിപ്പോകാതെ വിരല് മുറിച്ചു
ഫോർമാലിൻ മുക്കി മ്യുസിയങ്ങളിൽ
സൂക്ഷിച്ചു വയ്ക്കാം !
കത്തിപ്പോയ മക്കളുടെ കുഞ്ഞുടലുകളെ
പെറുക്കിയെടുത്തു  താലോലിച്ചു
ഉറക്കെയുറക്കെച്ചിരിക്കാം ..

ഇനിവേണമെങ്കിൽ,
ദളിതരേ ദളിതരേ ..എന്നുറക്കെവിളിച്ച്
നമുക്ക് നമ്മുടെ രാഷ്ട്രീയം കൂടുതൽ
ശക്തമാക്കാം ! അതും പോരായെങ്കിൽ ,
മറ്റൊരു ഹിറ്റ്ലറെ നിർമ്മിച്ചെടുത്തു
കൂട്ടം ചേർന്ന് ഗ്യാസ്‌ചേമ്പറിൽ കേറാം !
ഗോഡ്‌സെ ചമഞ്ഞു പുതിയ പേരുകേട്ട
രാഷ്ട്രപതിയെ (പിതാവൊരാളല്ലേയുള്ളൂ  )
വെടിവച്ചു കൊല്ലാം ..
പന്തീരാണ്ടുകൊല്ലം ജയിലിൽക്കിടന്നു
പള്ളവീർപ്പിച്ചു സുഖമായി വാണശേഷം
ഒരുപക്ഷെ വീണ്ടുമൊരു വിധിക്കായി
കാത്തിരിക്കാം ! "നമ്മുടെ വേഗം
തീർപ്പാക്കുന്ന നിയമവിധികൾ "എന്നൊരു
പുസ്തകം രചിച്ചു അവാർഡുകൾ വാങ്ങിക്കൂട്ടി
പിന്നീടെപ്പോഴെങ്കിലും
കേമനായി മരിക്കാം ..!
(ശ്യോ അതിനും മുൻപ് കിട്ടിയ അവാർഡുകൾ
തിരികെ കൊടുത്ത് നമുക്കാ ബുക്കുകൾ
കൂട്ടിയിട്ടു കത്തിക്കാം ..മരിക്കും മുൻപ്
തീവ്രവാദികൂടിയാകണം എന്നാലേ ഒരിത്‌ കിട്ടൂ ..
ആ..അതുതന്നെ !!)

ഓ ..മനുഷ്യനായാൽ മാത്രം മതിയായിരുന്നു
എന്ന് നായയെക്കൊണ്ട് വരെ നമുക്ക്
തോന്നിപ്പിക്കണം കൂട്ടുകാരാ ..
അതെ അന്തസ്സുള്ള ആ നായയെക്കൊണ്ടുവരെ !

Friday, January 13, 2017

മാധവിക്കുട്ടിയാകാൻ ഓരോ എഴുത്തുകാരികളും മത്സരിക്കുന്നു
ഇപ്പോൾ അഭിനയിക്കാനും ..! ചിരിക്കാതെന്തു ചെയ്യും ഗോവിന്ദാ അല്ല കമലാസനാ !
പച്ചരക്തം തുടിക്കുന്ന ധമനികൾ ..
കാവ്യ ഭംഗിയിൽ നീലിച്ച കവിതകൾ ..
കോടി കാവ്യം ചമയക്കുന്ന കൈയ്യുകൾ
മണ്ണിൽ നിന്നും ഉയരുന്ന ധന്യത !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...