രാത്രിയാത്രയെപ്പറ്റി ഏറെ കൊതിയോടെ ചിന്തിച്ചിരുന്നത് സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു .കോളേജിലേയ്ക്ക് പദമൂന്നിയതു 1998 ലാണ് അപ്പോൾ വയനാട്ടിലെ കുന്നിറങ്ങി ചുരമിറങ്ങി ഏറെ യാത്രയ്ക്കൊടുവിൽ അങ്ങ് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എത്തുമ്പോഴേയ്ക്കും ബസ്സിലോ ട്രെയിനിലോ ഒരു രാത്രി ഞാൻ കണ്ണിമയ്ക്കാതെ കാണുമായിരുന്നു ..ഉണർവ്വിലെയ്ക്ക് വരുന്ന പ്രഭാതത്തിന്റെ തിരക്കുകളേക്കാൾ സന്ധ്യയുടെ നേരിയ ചുവപ്പിലൂടെ നിശബ്ദത കടന്നു വരുന്നതും നിയോണ്‍ലൈറ്റ് കാഴ്ച്ചയ്ക്ക് തരുന്ന ദൈവിക പരിവേഷമായ മഞ്ഞപ്രഭയിലൂടെ നിശാശലഭങ്ങളും മണ്ണും മനുഷ്യനും നല്കുന്ന കാഴ്ചകളുടെ പൂരം എല്ലാവരും ഉറങ്ങുമ്പോൾ കണ്ടിരിക്കുക രസകരവും ഊർജ്ജദായകവും ആയിരുന്നു .ആ കാഴ്ചകൾ എനിക്കുതന്നത് സ്ത്രീ എന്ന പരിവേഷത്തിനെ ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നത് കെട്ടിപ്പൂട്ടി അകത്തു വയ്ക്കാനുള്ള ഒരുതരം ആഡംബര വസ്തു ആണല്ലോ എന്ന നിരാശ നിറഞ്ഞ തിരിച്ചറിവാണ് .കാരണം എന്റെ അനുഭവത്തിൽ അന്ന് നടത്തിയ അനേകം തനിച്ചുള്ള യാത്രാനിമിഷങ്ങളിൽ അച്ഛൻ കൂടെയില്ലാത്ത രാത്രിയാത്രകളിൽ ഒരു തോണ്ടോ ,കാമവെറി പൂണ്ട നോട്ടമോ, ആർത്തിപൂണ്ട കമന്റോ കിട്ടാതിരുന്നിട്ടില്ല !അപ്പോൾ ഒക്കെ വെറുത്തുപോകുന്നത് അരക്ഷിതമായ മനസ്സുകളുടെ അർത്ഥമില്ലാത്ത ഇത്തരം വൈകൃതങ്ങൾ നമ്മുടെ കുടുംബകങ്ങളിൽ നിന്ന് തന്നെയല്ലേ ഉടലെടുക്കുന്നത് എന്ന ചിന്തയിലൂടെ ആയിരുന്നു .അപ്പോൾ എനിക്ക് ഒരു രാത്രി സ്വതന്ത്ര്യയായി കിട്ടിയാൽ ഞാൻ എന്ത് ചെയ്യും എന്നത് വലിയൊരു ചോദ്യം തന്നെയാണ് . ഇന്ന് എനിക്ക് എന്റെ പങ്കാളിയുടെ ഏറ്റവും വലിയ സമ്മാനമായ വ്യക്തിസ്വാതന്ത്ര്യം ആവോളമുണ്ട് .പരസ്പരം കൈകടത്താത്ത അതുണ്ടെങ്കിൽ പോലും രാത്രികൾ പൂർണ്ണമായി എന്നെ ഞാൻ ഒരു നിരത്തിലേയ്ക്കും എടുത്തെറിഞ്ഞ് പരിലസിച്ചിട്ടില്ല !പാതിരാപ്പൂക്കളുടെ ലാസ്യഭംഗി നുകരുകയോ നിയോണ്‍ വെളിച്ചം കുളിച്ച പുല്മേടുകളിലെയ്ക്ക് നടന്നു കയറുകയോ കുന്നിൻ ചെരുവിൽ ചാന്ദ്രവെളിച്ചം നുകർന്ന് ആകാശത്തിലെ കാക്കത്തൊള്ളായിരം പൂക്കൾ നോക്കിനോക്കി കിടന്നുറങ്ങുകയോ ഉണ്ടായിട്ടില്ല ..മാളുകളിലെ കൃത്രിമക്കാഴ്ച്കളുടെ പുളിപ്പ് രാത്രിയിൽ എന്നെത്തെല്ലും ആകർഷിച്ചിട്ടില്ലാത്തതിനാൽ അവയിലെയ്ക്ക് ഞാൻ കൂപ്പുകുത്തില്ല തീർച്ച !വേണമെങ്കിൽ നാട്ടുമ്പുറത്തെ ഒരു സിനിമാ കൊട്ടകയിൽ നെഞ്ചും വിരിച്ചു ക്യു നിന്ന് ടിക്കെറ്റ് വാങ്ങും എന്നിട്ട് ഏറ്റം സ്വാന്ത്ര്യത്തോടെ കൈകൾ വിരിച്ച് പുറകിലത്തെ സീറ്റിലെവിടെയോ ഇരുന്ന് അർമ്മാദിച്ച് സിനിമ കാണും .കൂവും കൈയ്യടിക്കും അങ്ങനെ ഞാനും അരങ്ങിലെ താരങ്ങളും ഒരേ വികാരം കൈക്കൊള്ളുന്നവർ ആകുന്നതിന്റെ ഉന്മാദത്തിൽ പൂത്തുലഞ്ഞ് സിനിമാ വിടുമ്പോൾ നേർത്ത മഞ്ഞിലൂടെ നടന്നു നടന്ന് സിനിമാ കൊട്ടകയ്ക്കും അപ്പുറം അപ്പോഴും തുറന്നിരിക്കുന്ന കുട്ടപ്പൻ ചേട്ടന്റെ തട്ടുകടയിൽ നിന്നും ഒരു കടും ചായ വാങ്ങിക്കുടിച്ച് ഉറക്കത്തെ പാറ്റിവിട്ട് അവിടുള്ള സിമന്റു ബെഞ്ചിൽ വെറുതെയിരുന്നു വല്ലപ്പോഴും വരുന്ന പാണ്ടിലോറികളെയും അതിലെ ആഭാസന്മാരെയും കൊഞ്ഞനം കുത്തും .പിന്നെ പതിയെ നിലാവെളിച്ചം മാത്രമുള്ള എന്റെ സ്വന്തം നാട്ടുവഴിയിലെയ്ക്ക് കടന്നു പാരിജാതം പൂത്ത മണത്തിൽ പൂത്തുപോയൊരു നാടൻ കാമുകിയാകും ഞാൻ .ഇല്ലാതെപോയ കാമുകനെ മനസ്സിൽ ധ്യാനിച്ച് അയാൾക്കൊരു നനുനനുത്ത ചുംബനം കാറ്റിൽ ഊതിവിടും. വികാരിയച്ചനില്ലാത്ത പള്ളിമതിലിനും അപ്പുറം ഇരുണ്ട സെമിത്തേരി നോക്കി പേടിച്ചു പേടിച്ചു നടക്കുമ്പോൾ മുതുകത്തു വീണ മാമ്പഴം നോക്കി ഒന്നരമുഴം പൊങ്ങിച്ചാടുമ്പോൾ മാത്രമേ ഒരുപക്ഷെ ഞാനൊരു പെണ്ണാണല്ലോ ദൈവമേ എന്ന് ഓർമ്മ വരികയും വഴിയിൽ കരിഞ്ഞ കരിയിലയുടെ മർമ്മരം ബാക്കിവച്ച് ഇത്തിരി നിലാവെളിച്ചം തരുന്ന പാതിക്കാഴ്കച്ചയിൽ സൂക്ഷിച്ചു നടന്ന് പൊട്ടിയ കല്ലൊതുക്കു കടന്നു കനാല് ചാടിക്കടന്ന് അമ്പലമുറ്റത്തൂടി കയറി ടാർ റോഡോ ആഡംബരക്കാറോ എത്താത്ത വീട്ടിലേയ്കുള്ള ആ വഴി തന്നെ തിരഞ്ഞെടുത്ത് ! മഞ്ഞു വീണ് നനഞ്ഞ പുല്ലിന്തലപ്പുകൾ ഇപ്പോൾ ഇതുവഴി ആരും വരാറില്ല മോളെ എന്ന് പരാതിപ്പെട്ട് എന്റെ കാൽപ്പാദത്തെ വിടാതെ നനച്ചു കരയും .അപ്പോൾ തെന്നുന്ന വള്ളിചെരുപ്പിൽ ഞാൻ പ്രായം മറന്നു ദാവണിക്കാരിയും ,പുള്ളിയുടുപ്പുകാരിയും കുഞ്ഞുനിക്കറിട്ട് അമ്മാ ..മ്മാ എന്ന് ആർത്തു വിളിച്ചു വീടകം പൂകും ..ഇനിയുമുണരാത്ത രാത്രിയുടെ ബാക്കി നോക്കിയിരിക്കാതെ ..തണുപ്പിറ്റുന്ന ജാലകവാതിൽ ചാരി പുറത്തെ മഞ്ഞുപെയ്യുന്ന ഇലമഴയുടെ നേർത്ത ശബ്ദത്തിൽ കമ്പിളിപ്പുതപ്പിനുള്ളിൽ നൂഴ്ന്നിറങ്ങി സുഖദമായി ചാഞ്ഞുറങ്ങും .