Wednesday, November 11, 2015

ഈ വരുന്ന വെള്ളിയാഴ്ച അതായത് 13 നവംബർ, ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ ശ്രീ പി സുരേന്ദ്രന്റെ "പ്രണയം രതി വിഷാദം 'എന്ന കഥാസമാഹാരം പ്രകാശനം ചെയ്യുകയാണ് .എനിക്കേറെ അഭിമാനം തരുന്ന മുഹൂർത്തമാണത്‌.  പെണ്‍ഭാവങ്ങളുടെ ഈ പതിനെട്ടുകഥകൾ നിങ്ങൾക്ക് പകരുന്ന അനുഭവം എന്താകുമെന്ന്  എനിക്കൂഹിക്കാൻ ആകുന്നുണ്ട്. കാരണം അത് അനുഭവിച്ചറിഞ്ഞ ശേഷമാണ് ഞാൻ ആ കഥകൾക്കായി പതിനെട്ടു ചിത്രങ്ങൾ വരച്ചതും ആമുഖം കുറിച്ചതും .അതുകൊണ്ടുതന്നെ ഈ ബുക്ക്‌ എന്റെ ഏറ്റവും പ്രിയപ്പെട്ട ബുക്ക് കൂടിയാകുന്നു .എന്റെ പ്രിയ പ്രവാസി സുഹൃത്തുക്കൾ ഷാർജയിലും പരിസരത്തുമുള്ളവർ ആ ചടങ്ങിനു പറ്റിയാൽ പോകണം .മാഷെ കാണണം .പറ്റുമെങ്കിൽ ആ ബുക്ക്  വാങ്ങി വായിച്ചശേഷം സ്നേഹപൂര്വ്വം നിങ്ങളുടെ അഭിപ്രായം മാഷെയും എന്നെയും അറിയിക്കണം .എല്ലാവരെയും സാദരം ക്ഷണിക്കുന്നു .

Sunday, November 8, 2015

എണ്ണത്തിലല്ല ഉള്ളത്തിലാണ് കാര്യം !

സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ഇന്നത്തെ ചിന്താവിഷയം 'യഥാർത്ഥ സൗഹൃദങ്ങളെ തിരിച്ചറിയുക ' എന്ന് പറഞ്ഞു കൊടുത്തപ്പോൾ മുതൽ ഞാൻ ചിന്തിക്കുകയായിരുന്നു യഥാർഥത്തിൽ അങ്ങനെ ഒന്നുണ്ടോ എന്ന് .ആകെ തിരഞ്ഞപ്പോൾ വളരെ ശക്തമായി ഉണ്ട് അത് വിരലിൽ എണ്ണാവുന്ന ഒന്ന് എന്ന ഉത്തരത്തിലും നിൽക്കുന്നു !! ആ ഒന്ന് ആരെന്നു പറയുന്നില്ല പക്ഷെ ആലോചിച്ചപ്പോൾ കണ്ടെത്തുന്ന വസ്തുതകൾ വളരെ ഖേദകരമാണ് .എന്റെ ഓർമ്മയിൽ ഞാൻ കൂട്ടുകാരെ ആരെയും വെറുത്തതായി ഓർമ്മയില്ല ! അവരെ ആരെയും വ്യക്തിപരമായി ഉപദ്രവിച്ചതായോ അവരുടെ ആരുടേയും വ്യക്തി സ്വാതന്ത്ര്യങ്ങളിൽ ഇടപെട്ടതായോ ,അവരെ നീ നല്ലവഴിക്കു നടക്കണം എന്ന് തിരുത്തെണ്ടാതായോ വന്നതായി ഓർമ്മയില്ല !കാരണം ഇപ്പോഴും എപ്പോഴും ഓരോ വ്യക്തിയെയും അയാളായി കണ്ട് പെരുമാറിയ ശീലമേ ഉള്ളൂ .അതിൽ തന്നെ ക്ഷണിക സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട് .വർഷങ്ങൾ നീണ്ട പഠനത്തിനിടയിൽ സൗഹൃദത്തിൽ വീണവർ ഉണ്ട് .കൂടെ പഠിച്ച ആരെയും ഞാൻ പ്രണയിച്ചിട്ടില്ല ..പ്രണയം ഒരു ക്ലാസെങ്കിലും മൂത്തവരോടെ തോന്നിയിട്ടുള്ളൂ എന്നതൊരു തമാശയായി തോന്നുന്നു .കൂടെ പഠിച്ചവരിൽ പ്രണയം തലയ്ക്കു പിടിച്ച് എന്നെ ഭീഷണിപ്പെടുത്തിയവർ ഉണ്ട് ..പ്രണയത്തിൽ മുങ്ങി ചിത്രം വരച്ച് ഭിത്തിയിൽ ഒട്ടിച്ച് അതിൽ നോക്കി ക്രോധവും സങ്കടവും തീർത്തവർ ഉണ്ടെന്നറിഞ്ഞിട്ടുണ്ട് .പ്രണയവും സൗഹൃദവും കൂട്ടിക്കലർത്തി വീഞ്ഞ് കുടിക്കും പോലെ വേദനിക്കുന്ന ചില കൂട്ടുകാർ എനിക്കുണ്ടായിരുന്നു ..കൈച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ അവർ നെഞ്ചിൽ കെട്ടിയ സങ്കടങ്ങൾ എന്നോട് പറഞ്ഞു പൊട്ടിക്കരഞ്ഞിട്ടുണ്ട് .അവനെന്നോട് പ്രണയമുണ്ടെന്ന് ഉറപ്പായിട്ടും അറിയാം എന്ന് പറഞ്ഞ കൂട്ടുകാരിയുടെ അവൻ തുണ്ട് കടലാസിൽ പ്രണയം എഴുതി അറിയിച്ചപ്പോൾ കുനുകുനെ കീറി അവന്റെ മുഖത്തെറിഞ്ഞിട്ടു അവളോടുള്ള കൂറ് ഞാൻ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട് ! ഇന്നും അവൾക്കതറിയില്ല എന്നോർത്ത് ഞാൻ എന്തിനോ ആശ്വസിക്കുന്നു ! എന്തിനാണത് ?? അറിയില്ല ..ഈ സൗഹൃദങ്ങൾ ആഴത്തിലുള്ളതാണെന്ന് വർഷങ്ങളോളം ഉണ്ടും ഉറങ്ങിയും സ്വപ്നങ്ങളും ജീവിതവും വ്യഥകളും പങ്കുവച്ച് വീടും വീട്ടുകാരും കൂട്ടുകാരും എല്ലാം ഒരേപോലെ ഒന്നായി തിരിച്ചറിയുകയും എന്തിന് അടുത്തതെന്താണെന്നു പറയാതെ തന്നെ ചിന്തിക്കുവാൻ മാത്രം അടുപ്പമുണ്ടെന്നു ഞാൻ നിരൂപിച്ച (അതെന്റെ മാത്രം തെറ്റായിരുന്നു സുഹൃത്തെ ) സൗഹൃദം എന്തായിരുന്നു ഞാൻ ചെയ്ത തെറ്റെന്നു പോലും തിരുത്താതെ നീ വെറും ഒരു സുഹൃത്ത് മാത്രമാണ് ഒരിക്കലും ഒരാത്മാർത്ഥ സുഹൃത്ത് ആയിരുന്നില്ല എന്ന് പറഞ്ഞ് പൊടുന്നനെ മടങ്ങിപ്പോയപ്പോൾ ഞാൻ ചിന്തിച്ച കാര്യങ്ങൾ ഉണ്ട് :അപ്പോൾ എന്താണീ ആത്മാർഥത എന്ന് ?? സഹായങ്ങൾ അമിതമായി കടം പറ്റുന്നവരോടുള്ള വെറുപ്പായിരിക്കുമോ ..ജീവിതത്തിലെ കടുത്ത ഏകാന്തതയിലെ ക്ഷണികമായ നിമിഷങ്ങളിൽ പങ്കുവച്ചിരുന്ന കാര്യങ്ങളിലെ അർത്ഥരഹിതമായ ആവലാതികൾ ആയിരുന്നുവോ എന്തായിരുന്നു അത് ? ആ പോകുന്ന പോക്കിൽ അവർ ഒരിക്കലും തിരിച്ചുതരാതിരുന്ന വൈകാരികതയുടെ ഓർമ്മക്കുറിപ്പിൽ  എവിടെയായിരുന്നു നമ്മൾ പങ്കിട്ട നല്ല നിലാവുകളും ഒന്നിച്ചു പാടിയ പടുപാട്ടുകളും കൂട്ടിരുന്ന വൈകുന്നേരങ്ങളും ആശ്വസിപ്പിച്ച വിഷമ മുഹൂർത്തങ്ങളും പങ്കിട്ടുവായിച്ച ശുദ്ധ സാഹിത്യവും ഒരെകോപ്പയിൽ പങ്കിട്ടെടുത്ത സാഹോദര്യവും ?!! പിന്നെന്താണീ സൗഹൃദം ?

ഒരാളുടെ ഹൃദയത്തെ വൃണപ്പെടുത്താതെ ഇറങ്ങിപ്പോകുക എന്നത് വളരെ വിഷമം ഏറിയ ഒന്നാണ് .അതിനു വിശാലമായ ഒരു കാഴ്ച്ചപ്പാടിന്റെ പിൻബലം വേണം .കാരണം പിഞ്ഞിപോകുന്ന ഫോണ്‍ വിളികളോ ചാറ്റിന്റെ നിമന്ത്രണങ്ങളോ അല്ല മറിച്ച് ഒരാളുടെ മനസ്സിൽ എന്നും തങ്ങി നിർത്താൻ നമുക്ക് നല്കാൻ കഴിയുന്ന ചിത്രങ്ങളാണ്, അനുഭങ്ങളുടെ ഊഷ്മളത മാത്രമാണ് സ്നേഹം .ചുംബിക്കുമ്പോൾ ലഭിക്കുന്ന വൈകാരികതയുടെ മൃദുലതയോ സ്നിഗ്ദതയോ പോലെയൊന്ന് .കെട്ടിപ്പിടിക്കുമ്പോൾ കൈമാറുന്ന ഉറപ്പിന്റെ കരുതൽ പോലൊന്ന് !ഓർത്തിരുന്ന് തീരെ ഫോണ്‍ ചെയ്യാത്ത എന്നെ ..ഓടിപ്പോയി കാണുവാൻ കൈയ്യിൽ എന്നും പണമില്ലാതിരുന്ന എന്നെ ഏതു കൂട്ടുകാർക്ക് വേണമായിരുന്നു !!? അറിയില്ല !പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ചില സൗഹൃദങ്ങൾ ഫിനിക്സ് പക്ഷിയെപ്പോലെ ഉമിയിൽ നിന്നും ഉയിർത്തു വന്നിട്ടുണ്ട് .ഓർത്തിരുന്ന് എന്നെ സ്നേഹം കൊണ്ട് വിശ്വാസം കൊണ്ട് ആരാധന കൊണ്ട് വിശുദ്ധമായ ഹൃദയത്തിന്റെ നൈർമല്യം കൊണ്ട് കണ്ണുകൾ ഈറൻ അണിയിച്ചിട്ടുണ്ട്‌ !! അതൊന്നും ഞാൻ എന്നും ചെന്നിട്ടോ സംസാരിച്ചിട്ടോ ഒന്നുമല്ല .ആ ബന്ധം പവിത്രമായ കാണാൻ കഴിയാത്ത ചില കൈവഴികളിലൂടെ ഒഴുകുന്ന സ്നേഹത്തിന്റെ പളുങ്ക് മുഖമാണ് .തീർത്തും സുതാര്യവും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതുമായ നമുക്ക് തിരിച്ചു കൊടുക്കാൻ കഴിയാത്ത ഔന്നിത്യത്തിൽ ഉള്ള ഒന്ന് .അതിനെയാണോ നിർമ്മമത എന്ന് പറയുന്നതാവോ !! അറിയില്ല .ഞാൻ വരും എന്ന് ഞാൻ ആരോടെങ്കിലും എന്തിനെങ്കിലും പറഞ്ഞാൽ  ഇത്തരം ചില നേരറിവുകൾ ഉള്ളതിനാൽ ഞാൻ ചെന്നിരിക്കും .കാരണം ഒരാളിലെയ്ക്ക് നമ്മൾ എത്തുക എന്നത് അയാൾക്ക്‌ നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് .അതുകൊണ്ടുതന്നെ വരാൻ കഴിയില്ല എന്ന് ഞാൻ തുറന്നു പറയുന്നത് അപ്രിയ സത്യമാകുന്നു .എഴുത്തുലോകത്തിലെ മലയാളത്തിലെ പ്രമുഖനായൊരു സാഹിത്യകാരൻ എന്റെ എഴുത്തിൽ ആകൃഷ്ടനായി എന്നോട് ആഴത്തിലുള്ളോരു സൌഹൃദത്തെപ്പറ്റി വാചാലനാകുകയും അതിൽ അദ്ദേഹത്തിനുള്ള ആഗ്രഹങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു ,പക്ഷെ അതിനെ എന്റെ ഭാഗത്ത് നിന്നും എങ്ങിനെ നോക്കിക്കാണാൻ കഴിയുമെന്നും എനിക്ക് സാധ്യമാകുന്ന സൗഹൃദത്തിന്റെ ആഴത്തെ എങ്ങനെ അയാൾക്ക്‌ ഉൾക്കൊള്ളാൻ കഴിയുമെന്നും ഞാൻ പറഞ്ഞതിനെ കേൾക്കുവാൻ ഉള്ള സാവകാശം പോലും തരാതെ അദ്ദേഹത്തെ ഞാൻ സംശയിച്ചു എന്നാരോപിച്ച് വന്നപോലെ തന്നെ പിൻവലിഞ്ഞു !! എനിക്കിപ്പോഴും അതിൽ ലവലേശം വിഷമം ഇല്ല കാരണം ആളുടെ കൃതികളെ ആണ് ആളെ അല്ല ഇന്നും ഞാൻ വായിക്കുന്നത് അതിനു മുന്പും അതെ .നല്ല ആഴത്തിലുള്ള എഴുത്തുള്ള ആൾ പക്ഷെ വ്യക്തിയും എഴുത്തും കൂട്ടിക്കലർത്തനാകില്ല എന്ന് നമ്മൾ ഒരോരുത്തരും തെളിയിക്കുകയാണ് അല്ലെ ?
 ഇഷ്ടമില്ലായ്മയെ തുറന്നു പറയുന്നത് സൗഹൃദങ്ങളുടെ എണ്ണം പാടെ കുറയ്ക്കും .നുണകളിലൂടെ ഉള്ള നിലപാടുകൾ ആണ് ആളുകൾക്ക് എന്നും താത്പര്യം .ഞാൻ നിന്റെകൂടെയുണ്ട് എന്ന് പറയുകയും പിറകിൽ നിന്നും നമ്മെ ആക്ഷേപിക്കുകയും ചെയ്യുന്ന കൂടലുകൾ ! സൗഹൃദങ്ങളുടെ എണ്ണം കുറയുമ്പോൾ ഇന്ന് ഞാൻ സന്തുഷ്ടയാണ് !എനിക്ക് എന്നോട് നീതി പാലിക്കാൻ കഴിയുന്നതോടൊപ്പം സമൂഹത്തിനോടും ഞാൻ നീതി പാലിക്കുന്നുണ്ട് .എന്റെ എഴുത്ത് ജീവിതത്തിലും എനിക്ക് ഇത് തന്നെയാണ് അനുഭവം !സത്യങ്ങൾ പറയുക എന്നത് സത്യത്തിലൂടെ ജീവിക്കുക എന്നത് നല്ല സൗഹൃദങ്ങൾ ഉണ്ടാകുക എന്നത് വളരെ അപൂർവ്വമായ കാര്യമാണ് .അതുകൊണ്ടുതന്നെ സൗഹൃദങ്ങളുടെ എണ്ണം കുറയുന്നവരെ നിങ്ങൾ വേവലാതിപ്പെടരുത് കാരണം എണ്ണത്തിലല്ല  ഉള്ളത്തിലാണ് കാര്യം !
ജീവിതം മരീചികയല്ലെന്നു പറഞ്ഞു കൂടെത്തുഴയുന്ന
നമ്മുടെ വഞ്ചിയുടെ അമരക്കാരന് ..
എന്റെ കണ്ണടയുംവരെ നിന്നെക്കാണണം എന്ന വാശിയിൽ
ഞാനും ഒരു കൊച്ചുകുട്ടിയാകുന്നു ..നമ്മുടെ മോളെപ്പോലെ ..
എന്റെ വെളിച്ചവും ഇരുളും ഭൂമിയും ആകാശവും
കോപവും താപവും കിനാവും കണ്ണീരും നീ തന്നെയാകുന്നു ..
അപ്പോൾ പിന്നെ നിന്റെ പിറന്നാൾ എന്റെ അല്ലാതാകുന്നതെങ്ങനെ ??


Friday, October 23, 2015

ഇലമടക്കിപ്പുഴു


ഇലമടക്കിപ്പുഴു പുകയിലമടക്കിപ്പുഴു
ജീവന്റെ ചടുലമോഹങ്ങൾക്ക്
വളമേകുവാൻ നീ മടക്കുന്നിതേയില
പുകയിലമടക്കിപ്പുഴു !

ലഹരിയില്ലിനിയും കുരുക്കുന്ന
പുകയുമില്ലനുദിനം ഉന്മാദം
പുളയുന്ന സിരയുമില്ലവിടെച്ചിരിയില്ല ,
ഭ്രാന്തില്ല പകലിനെക്കൊല്ലുന്ന-
മടിതന്റെ മുനിയും ഇരിപ്പില്ല
ഇലമടക്കിപ്പുഴു !
ജീവന്റെ ചടുലമോഹങ്ങൾക്ക്‌
വളമേകുവാൻ നീ മടങ്ങുന്നു
ചുരുളുന്നു ..ഇലതന്നിലായ്
പുകയിലമടക്കിപ്പുഴു !

വളരുവാൻ വർണ്ണച്ചിറകുവീശാൻ
അന്നം അതുതന്നെ ചുറ്റിപ്പുതച്ചുനീ
നിദ്രതൻ അവലോകനങ്ങൾ നടത്തുന്നു
ഉന്മാദമതിലേ വരുത്തുന്നു വളരുന്നു നീളുന്നു
വർണ്ണപ്രപന്ജത്തിന്നതിരുകൾ ഭേദിച്ച്
പാറിപ്പറക്കുവാൻ ഇലമടക്കിപ്പുഴു
പുകയിലമടക്കിപ്പുഴു
ജീവന്റെ ചടുലമോഹങ്ങൾക്ക് വളമേകുവാൻ
നീ മടക്കുന്നതേയില പുകയില !
മർത്യരെ  മദിപൂണ്ടടക്കം പുണരുന്ന പുകയില
ചവയ്ക്കും മണക്കും ലഹരിയിൽ
സിരയെ ത്രസിപ്പിച്ചു പൂക്കും പുകയില !

പ്രണയവും കലഹവും
രതിയും വിഷാദവും
കലയും കലക്കവും ഒന്നുയർത്താനെന്നു
വെറുതേ നിരൂപിച്ചു നില്ക്കുന്ന
നിങ്ങളെ കളിയാക്കി മെല്ലെ
ഇളകുന്നതേയില ,പുകയില !
ജീവന്റെ ചടുലമോഹങ്ങൾക്ക്
കൊക്കൂണിലുള്ളിൽ വളരുന്നു ചിറകുകൾ
വർണ്ണങ്ങൾ വാരിവിതരുന്നൂ
പ്രകൃതിതൻ സൂക്ഷ്മത്തറികളിൽ
ചമയുന്നു ചായങ്ങൾ
ചിറകിലായ് പിന്നെയും
വളരുന്നു കൈയ്യുകൾ കാലുകൾ
ഇലമടക്കിപ്പുഴു !

ലഹരിയില്ലനുദിനം മരണം
വിതയ്ക്കുന്ന പുകയുമില്ലേകാന്ത
നിമിഷങ്ങൾ നീക്കുവാൻ ചിരിയില്ല
ഭ്രാന്തില്ല വികടമോഹങ്ങളങ്ങേതുമില്ലാ-
പുഴു !ഇലമടക്കിപ്പുഴു !
ജീവന്റെ ചടുലമോഹങ്ങൾക്ക്‌
വളമേകുവാൻ നീ മടക്കുന്നിതേയില
പുകയില പിന്നെയും !

(എ അയ്യപ്പൻ അനുസ്മരണച്ചടങ്ങിൽ ഒക്ടോബർ 21 നു തൃശൂർ സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ വച്ചു ചൊല്ലിയത് )





Thursday, October 22, 2015

ചുട്ടു തിന്ന കുഞ്ഞുങ്ങളെ !
പത്തുകൈയ്യിലും കൊടുവാളും ഏന്തി നാളെ നേരം പുലരുമ്പോൾ
വരുമോ സവർണ്ണദൈവങ്ങളുടെ  ദേവീ !!
യാ ദേവി സർവ്വഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ !
അജിതേച്ചിയുടെ (അ )വിശുദ്ധ മുറിവ് കൈയ്യിൽ തന്ന് പതിവുപോലെ ശാന്തമായി സൗമ്യമായി അവർ ചിരിച്ചു ..നിങ്ങളെ എനിക്കിഷ്ടമാകുന്നത് നമ്മുടെ ഇത്തിരിപ്പോന്ന പരിചയത്തിന്റെ 'ആന വലിപ്പം' എന്ന് നമ്മൾ ഉറക്കെ ഉദ്ഘോഷിക്കാത്തത് തന്നെയാണ് ചേച്ചീ ! നിങ്ങളുടെ കവിതകൾ സ്ത്രീകളുടെ ശാസ്ത്ര പുസ്തകമാണെന്ന് ഞാൻ ഉറക്കെപ്പറയും ..പിന്നെ പതുക്കെ നമുക്കിടയിലെ വിശുദ്ധ മുറിവുകൾ തൂവാലയിൽ മുറിവെണ്ണ പുരട്ടി തടവിത്തടവി ഉണക്കും !എല്ലാവരും വായിക്കണം ഒരു കവിതയും എടുത്തുപറയാത്തതിനുകാരണം മുറിവുകൾ പുറത്തെടുത്തു കാണിക്കാൻ സാധിക്കാത്തതിനാലാണ് ..അവ നിങ്ങൾ അനുഭവിച്ചറിയണം ..എല്ലാവരും വായിക്കണം .പായൽ ബുക്സ് ആണ് പ്രസാധകർ .

Saturday, October 17, 2015

അഴിച്ചു വിട്ടുകൂടെ ? പേരില്ലാതെ എനിക്കൊന്നു പാറിനടക്കാൻ !

ഞാൻ ജയശ്രീ !
ഇന്നലെയാണ് ജയനായി മാറിയത്
നിങ്ങളാണെന്നെ ജയനാക്കിയത് !
എന്താ അത്ഭുതം !?

പന്ത്രണ്ടാം വയസ്സിൽ
ഒരാണുംപെണ്ണും കെട്ട നിന്നെയാണല്ലോ
ഞാൻ പെറ്റതെന്നു പതം പാടി
അമ്മ കെട്ടിത്തൂങ്ങിച്ചത്തു !
അപ്പൊ ഞാൻ പെണ്ണല്ലേ അമ്മേ എന്ന്
അതിശയം കൂറാൻ പോലും ഇടം തരാതെ !

അതിന്റെ പിറ്റേ ആഴ്ച എനിക്കായി
ഒറ്റമുറിയുടെ ഇരുമ്പ് ജനാലകൾ
പുതിയ വാതിലുകൾ കൊണ്ട്
മൂടപ്പെട്ടു !അതിലൂടെ വസന്തവും
വർഷവും വന്നെത്തിനോക്കി ..
അകത്ത് അർദ്ധനാരീശ്വരനായി
എന്റെ ശരീരം പുതിയ ഋതുക്കൾ
വാർത്തു തുടങ്ങിയിരുന്നു !

എന്നെ പുതിയ പാഠങ്ങൾ പഠിപ്പിക്കുവാനായി
പള്ളിക്കൂടങ്ങൾ സ്വയം ചുരുങ്ങി ഇല്ലാതെയായി
അവിടെ സ്ഥലമില്ലാതെ ഓരോ കുട്ടികളും
വീർപ്പുമുട്ടി മരിക്കുകയാണെന്ന്
പ്രധാന അദ്ധ്യാപകൻ കൈമലർത്തി
എന്നെ അംഗപ്രത്യംഗം കോരിക്കുടിച്ചു !

നന്നായി ജോലിചെയ്യുമായിരുന്ന എന്റെ
മുൻപിൽ ജോലിക്കാരെക്കൊണ്ട്
പൊറുതിമുട്ടിയ ഉടമസ്ഥൻ ഇവിടെ
'ഇത്തരക്കാർക്ക് അല്ലേലും പണിയില്ല '
എന്ന ഒറ്റവാചകത്തിൽ വായക്കു സിബ്ബിട്ടു !

'ഇനി നിന്റെ തടി നീ സംരക്ഷിക്ക് അമ്മേത്തീനി '
എന്ന ഒറ്റ അലറലിൽ എന്റെ ഏക സമ്പാദ്യമായ
ഇരുമ്പ് ജനാലകൾ
അവസാനമായി കൊട്ടിയടഞ്ഞു !
വിശപ്പ്‌ എന്നാൽ ശരീരം എന്ന
സമവാക്യം ഞാൻ അന്നാണ് പുതിയ
ലിപികളിൽ എഴുതിത്തുടങ്ങിയത് !

കൈകൊട്ടിക്കളിച്ചാലെ എല്ലാവരും ഹിജഡ
ഹിജഡ എന്ന് തിരിച്ചറിയുകയുള്ളൂ എന്ന്
അവൻ അല്ല അവൾ !
കൈകൊട്ടാൻ എനിക്ക് അറച്ചുപോയി
സാരിക്കിടയിലൂടെ വയറുകാണിക്കാൻ
എന്റെ പാതിപ്പുരുഷൻ സമ്മതിച്ചതേയില്ല
'വയറുകണ്ടാൽ എന്താ' എന്ന എന്റെ മറുചോദ്യം
അവന്റെ കൈക്കരുത്തുകൊണ്ട് നീറി
അറിഞ്ഞു ഞാൻ !

ചോറ് വേണമെങ്കിൽ ചുമപ്പിൽ
ആറാടണമെന്നു അസോസിയേഷൻ
രണ്ടുരൂപങ്ങൾക്കിടയിൽ എനിക്കൊരു
മനസ്സ് മാത്രമെന്ന് ഞാൻ !
അതിൽ ഞാൻ പെണ്ണായിരുന്നു ..
മനുഷ്യൻ എന്ന പേരുമതിയെന്നു ഞാൻ
മൂന്നാം ലിംഗമാണ്‌പോലും മൂന്നാം ലിംഗം !


ഞാൻ ജയശ്രീ !
ഇന്നലെയാണ് ജയനായി മാറിയത്
നിങ്ങളാണെന്നെ ജയനാക്കിയത് !
മൂന്നു ലിന്ഗങ്ങളിൽ നിന്നും മുക്തയാകാൻ
ഞാൻ കീറി മുറിഞ്ഞു കൂട്ടിത്തുന്നി
വന്നിരിക്കയാണ് ..
ഇനിയെങ്കിലും .. ലിന്ഗങ്ങളുടെ
അമിതഭാരത്തിൽ നിന്നും
നിങ്ങൾക്കെന്നെ അഴിച്ചു വിട്ടുകൂടെ ?
പേരില്ലാതെ എനിക്കൊന്നു പാറിനടക്കാൻ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...