Saturday, October 17, 2015

അഴിച്ചു വിട്ടുകൂടെ ? പേരില്ലാതെ എനിക്കൊന്നു പാറിനടക്കാൻ !

ഞാൻ ജയശ്രീ !
ഇന്നലെയാണ് ജയനായി മാറിയത്
നിങ്ങളാണെന്നെ ജയനാക്കിയത് !
എന്താ അത്ഭുതം !?

പന്ത്രണ്ടാം വയസ്സിൽ
ഒരാണുംപെണ്ണും കെട്ട നിന്നെയാണല്ലോ
ഞാൻ പെറ്റതെന്നു പതം പാടി
അമ്മ കെട്ടിത്തൂങ്ങിച്ചത്തു !
അപ്പൊ ഞാൻ പെണ്ണല്ലേ അമ്മേ എന്ന്
അതിശയം കൂറാൻ പോലും ഇടം തരാതെ !

അതിന്റെ പിറ്റേ ആഴ്ച എനിക്കായി
ഒറ്റമുറിയുടെ ഇരുമ്പ് ജനാലകൾ
പുതിയ വാതിലുകൾ കൊണ്ട്
മൂടപ്പെട്ടു !അതിലൂടെ വസന്തവും
വർഷവും വന്നെത്തിനോക്കി ..
അകത്ത് അർദ്ധനാരീശ്വരനായി
എന്റെ ശരീരം പുതിയ ഋതുക്കൾ
വാർത്തു തുടങ്ങിയിരുന്നു !

എന്നെ പുതിയ പാഠങ്ങൾ പഠിപ്പിക്കുവാനായി
പള്ളിക്കൂടങ്ങൾ സ്വയം ചുരുങ്ങി ഇല്ലാതെയായി
അവിടെ സ്ഥലമില്ലാതെ ഓരോ കുട്ടികളും
വീർപ്പുമുട്ടി മരിക്കുകയാണെന്ന്
പ്രധാന അദ്ധ്യാപകൻ കൈമലർത്തി
എന്നെ അംഗപ്രത്യംഗം കോരിക്കുടിച്ചു !

നന്നായി ജോലിചെയ്യുമായിരുന്ന എന്റെ
മുൻപിൽ ജോലിക്കാരെക്കൊണ്ട്
പൊറുതിമുട്ടിയ ഉടമസ്ഥൻ ഇവിടെ
'ഇത്തരക്കാർക്ക് അല്ലേലും പണിയില്ല '
എന്ന ഒറ്റവാചകത്തിൽ വായക്കു സിബ്ബിട്ടു !

'ഇനി നിന്റെ തടി നീ സംരക്ഷിക്ക് അമ്മേത്തീനി '
എന്ന ഒറ്റ അലറലിൽ എന്റെ ഏക സമ്പാദ്യമായ
ഇരുമ്പ് ജനാലകൾ
അവസാനമായി കൊട്ടിയടഞ്ഞു !
വിശപ്പ്‌ എന്നാൽ ശരീരം എന്ന
സമവാക്യം ഞാൻ അന്നാണ് പുതിയ
ലിപികളിൽ എഴുതിത്തുടങ്ങിയത് !

കൈകൊട്ടിക്കളിച്ചാലെ എല്ലാവരും ഹിജഡ
ഹിജഡ എന്ന് തിരിച്ചറിയുകയുള്ളൂ എന്ന്
അവൻ അല്ല അവൾ !
കൈകൊട്ടാൻ എനിക്ക് അറച്ചുപോയി
സാരിക്കിടയിലൂടെ വയറുകാണിക്കാൻ
എന്റെ പാതിപ്പുരുഷൻ സമ്മതിച്ചതേയില്ല
'വയറുകണ്ടാൽ എന്താ' എന്ന എന്റെ മറുചോദ്യം
അവന്റെ കൈക്കരുത്തുകൊണ്ട് നീറി
അറിഞ്ഞു ഞാൻ !

ചോറ് വേണമെങ്കിൽ ചുമപ്പിൽ
ആറാടണമെന്നു അസോസിയേഷൻ
രണ്ടുരൂപങ്ങൾക്കിടയിൽ എനിക്കൊരു
മനസ്സ് മാത്രമെന്ന് ഞാൻ !
അതിൽ ഞാൻ പെണ്ണായിരുന്നു ..
മനുഷ്യൻ എന്ന പേരുമതിയെന്നു ഞാൻ
മൂന്നാം ലിംഗമാണ്‌പോലും മൂന്നാം ലിംഗം !


ഞാൻ ജയശ്രീ !
ഇന്നലെയാണ് ജയനായി മാറിയത്
നിങ്ങളാണെന്നെ ജയനാക്കിയത് !
മൂന്നു ലിന്ഗങ്ങളിൽ നിന്നും മുക്തയാകാൻ
ഞാൻ കീറി മുറിഞ്ഞു കൂട്ടിത്തുന്നി
വന്നിരിക്കയാണ് ..
ഇനിയെങ്കിലും .. ലിന്ഗങ്ങളുടെ
അമിതഭാരത്തിൽ നിന്നും
നിങ്ങൾക്കെന്നെ അഴിച്ചു വിട്ടുകൂടെ ?
പേരില്ലാതെ എനിക്കൊന്നു പാറിനടക്കാൻ !

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...