ഇലമടക്കിപ്പുഴു പുകയിലമടക്കിപ്പുഴു
ജീവന്റെ ചടുലമോഹങ്ങൾക്ക്
വളമേകുവാൻ നീ മടക്കുന്നിതേയില
പുകയിലമടക്കിപ്പുഴു !
ലഹരിയില്ലിനിയും കുരുക്കുന്ന
പുകയുമില്ലനുദിനം ഉന്മാദം
പുളയുന്ന സിരയുമില്ലവിടെച്ചിരിയില്ല ,
ഭ്രാന്തില്ല പകലിനെക്കൊല്ലുന്ന-
മടിതന്റെ മുനിയും ഇരിപ്പില്ല
ഇലമടക്കിപ്പുഴു !
ജീവന്റെ ചടുലമോഹങ്ങൾക്ക്
വളമേകുവാൻ നീ മടങ്ങുന്നു
ചുരുളുന്നു ..ഇലതന്നിലായ്
പുകയിലമടക്കിപ്പുഴു !
വളരുവാൻ വർണ്ണച്ചിറകുവീശാൻ
അന്നം അതുതന്നെ ചുറ്റിപ്പുതച്ചുനീ
നിദ്രതൻ അവലോകനങ്ങൾ നടത്തുന്നു
ഉന്മാദമതിലേ വരുത്തുന്നു വളരുന്നു നീളുന്നു
വർണ്ണപ്രപന്ജത്തിന്നതിരുകൾ ഭേദിച്ച്
പാറിപ്പറക്കുവാൻ ഇലമടക്കിപ്പുഴു
പുകയിലമടക്കിപ്പുഴു
ജീവന്റെ ചടുലമോഹങ്ങൾക്ക് വളമേകുവാൻ
നീ മടക്കുന്നതേയില പുകയില !
മർത്യരെ മദിപൂണ്ടടക്കം പുണരുന്ന പുകയില
ചവയ്ക്കും മണക്കും ലഹരിയിൽ
സിരയെ ത്രസിപ്പിച്ചു പൂക്കും പുകയില !
പ്രണയവും കലഹവും
രതിയും വിഷാദവും
കലയും കലക്കവും ഒന്നുയർത്താനെന്നു
വെറുതേ നിരൂപിച്ചു നില്ക്കുന്ന
നിങ്ങളെ കളിയാക്കി മെല്ലെ
ഇളകുന്നതേയില ,പുകയില !
ജീവന്റെ ചടുലമോഹങ്ങൾക്ക്
കൊക്കൂണിലുള്ളിൽ വളരുന്നു ചിറകുകൾ
വർണ്ണങ്ങൾ വാരിവിതരുന്നൂ
പ്രകൃതിതൻ സൂക്ഷ്മത്തറികളിൽ
ചമയുന്നു ചായങ്ങൾ
ചിറകിലായ് പിന്നെയും
വളരുന്നു കൈയ്യുകൾ കാലുകൾ
ഇലമടക്കിപ്പുഴു !
ലഹരിയില്ലനുദിനം മരണം
വിതയ്ക്കുന്ന പുകയുമില്ലേകാന്ത
നിമിഷങ്ങൾ നീക്കുവാൻ ചിരിയില്ല
ഭ്രാന്തില്ല വികടമോഹങ്ങളങ്ങേതുമില്ലാ-
പുഴു !ഇലമടക്കിപ്പുഴു !
ജീവന്റെ ചടുലമോഹങ്ങൾക്ക്
വളമേകുവാൻ നീ മടക്കുന്നിതേയില
പുകയില പിന്നെയും !
(എ അയ്യപ്പൻ അനുസ്മരണച്ചടങ്ങിൽ ഒക്ടോബർ 21 നു തൃശൂർ സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ വച്ചു ചൊല്ലിയത് )
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !