Tuesday, February 4, 2014

ഹാ പെയ്യാതെ പോകുന്ന മഴകൾക്ക്‌

ജലപ്പിശാചുകൾ വന്നു കൂട്ടത്തോടെ
തേകിത്തെറിപ്പിക്കാത്തതെന്താകും
ഈ കണ്ണാടി വച്ച കത്തുന്ന പകലുകളെ!!
(ഉടയാടകൾ വെള്ളിമേഘങ്ങൾ പോലെ തെന്നി നീങ്ങട്ടെ ..മന്ദമാരുതൻ ഇക്കിളിയിടട്ടെ ,ആകാശത്തൊരുപൊട്ട് കാറുരുണ്ടുകൂടി നഗ്നദേഹങ്ങളിൽ  നനവിന്റെ കൊയ്ത്തുപാട്ടുതിരട്ടെ  )

Monday, February 3, 2014

ചില നേരങ്ങളിൽ അസൂയയുടെ കണ്ണാടി പൊട്ടിച്ച് അന്യരുടെ അച്ഛനെ ആക്ഷേപിക്കുന്നവരോട് നിങ്ങളുടെ മുറിഞ്ഞ ചോര പൊടിക്കുന്ന കൈകളിലൂടെ ഊർന്നൊഴുകുന്നത് മറ്റൊന്നുമല്ല ! നിങ്ങളുടെ തന്നെ അച്ഛന്റെ രക്തമാണ് .
ഒരാളുടെ വസ്ത്രധാരണം മറ്റു വ്യക്തികളിൽ ഉളവാക്കുന്ന സ്വാധീനം എത്ര എന്നത് അയാളുടെ സമ്പത്തിനെയോ സംസ്കാരത്തെയോ ഒന്നുമല്ല പ്രതിഫലിപ്പിക്കുന്നത് മറിച്ച് കാണുന്ന വ്യക്തിയിൽ ഉളവാക്കുന്ന സന്തോഷത്തെ മാത്രമാണ് .എത്ര ഇല്ലാത്തവനും ഉള്ള വസ്ത്രം അലക്കി വെളുപ്പിച്ച് വൃത്തിയായി ധരിച്ചു കാണുന്നത് എനിക്കെന്നും സന്തോഷമാണ് ,അത് ആ വ്യക്തിക്ക് സ്വയം അവനവനോടുള്ള മതിപ്പിനെ അഥവാ സന്തോഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത് ,(എഴുനേൽക്കാൻ വയ്യാത്ത മാറാരോഗികളെയോ  വ്യക്തികളെപ്പറ്റിയോ  അല്ല പറയുന്നത് ) ഒരു വസ്ത്രത്തിലെന്തിരിക്കുന്നു എന്ന് ചോദിക്കാം പക്ഷെ എന്നെ സംബന്ധിച്ച് വൃത്തിയായി വസ്ത്രം ധരിക്കുന്നത് വൃത്തിയായി സംസാരിക്കുന്നത് പോലെയാണ് .വാക്കുകളിലുടനീളം അശ്ലീലം കലർത്തി സംസാരിക്കുന്നത് ,എഴുതുന്നത്‌ .തെറിയുൾപ്പെടുത്തി സംസാരിക്കുന്നത് ,എഴുതുന്നത്‌ ,വായിച്ചിട്ട് അത് മഹത്തരമാണെന്ന് ഉദ്ഘോഷിക്കുമ്പോൾ  എനിക്ക് അത്ര മഹാനീയമാണെന്നൊന്നും വിശ്വസിക്കാനാകുന്നില്ല .കാരണം എന്റെ എളിയ മനസ്സ് എന്നും നല്ല ഭാഷയോട് ,വൃത്തിയുള്ളോരു വസ്ത്രത്തോട് ഉടൽ ചേർന്നിരിക്കുന്നപോലെ ചേർന്ന് നില്ക്കുന്നു .അത് മഹനീയം തന്നെയെന്നു ഉറച്ചു വിശ്വസിക്കയും ചെയ്യുന്നു .

Thursday, January 30, 2014

മഞ്ഞുകാലം കഴിഞ്ഞ് വണ്ണാത്തിപ്പുള്ളുകൾ
സ്വർണ്ണ നൂലുകൾ കൊണ്ട്
കൂടുകെട്ടിത്തുടങ്ങിയിരിക്കുന്നു.
ഇനി ഗൃഹസ്ഥാശ്രമം .

Tuesday, January 21, 2014

അവനവനിൽ ഉള്ള വിശ്വാസം(ആത്മ വിശ്വാസം ) ആയുധം പോലെയാണ് .അത് നന്മയ്ക്കും തിന്മയ്ക്കും ഒരേ പോലെ ഉപയോഗി ആണ് .മറ്റുള്ളവർ ഓങ്ങുന്ന വാൾ ഒരുപക്ഷെ ഇതിൽത്തട്ടി തെറിച്ചു പോയേക്കാം ,അപ്പോൾ ആത്മവിശ്വാസം കവചം ആയിരിക്കണമെന്ന് മാത്രം .
(അനിത ഉവാച .)

Sunday, January 19, 2014

അപരാധി ഞാൻ

ഒരു കവിതയാണെന്നെ തകർത്തുകളഞ്ഞതും
എവിടെയോനിന്ന് ,
അപരാധി നീ എന്ന് പാട്ടുപാടുന്നതും

കത്തുന്ന വെയിലിന്റെ വഴിയെ
മറഞ്ഞുവോ ?
പാതിയായല്ല മുഴുവനായെത്തിയാൽ
പാട്ടുപാടാം  എന്ന് കൂടെച്ചിരിച്ചു  ഞാൻ .

ഇല്ല നിശാഗന്ധി പൂക്കും രജനിയിൽ
ഇല്ല നിൻ ഗന്ധം പടർന്നതേയില്ലതും !
എത്തറ കൂട്ടിക്കിഴിച്ചിട്ടുമില്ല നീ
എങ്ങുപോയ്ക്കാണും കവിതേ ,പ്രിയതമേ !

വാക്കുകൾ ചേരാത്ത കോണിൽ-
പ്പിണങ്ങി നീ
വാർത്തയാകാൻ വേണ്ടി
നിൽക്കാതെ പോയതോ ?

നോക്കിലുറയ്ക്കാത്ത അക്ഷരക്കൂട്ടങ്ങൾ
ചേർക്കവെയെങ്ങാൻ,
പിണങ്ങിപ്പിരിഞ്ഞതോ ?

വാഗ്ദേവി വന്നു കരംഗ്രഹിച്ചോ
നിങ്ങളൊത്തുചേർന്നെങ്ങാൻ
പടികടന്നോ ?!

ഒരു കവിതയാണെന്നെ തകർത്തുകളഞ്ഞതും
എവിടെയോനിന്ന് ,
അപരാധി നീ എന്ന് പാട്ടുപാടുന്നതും .





Friday, January 17, 2014

അവൾക്കവനോടും അവനവളോടും
പറയാനാകാത്ത  പ്രണയം
ഒരു താലിയുടെ,
അപ്പുറവുമിപ്പുറവുമിരുന്നു
വീർപ്പുമുട്ടുന്നു .


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...