ഉണർന്നു വരുന്ന പുലരിയിലേയ്ക്ക് തന്റെ ഉറങ്ങാത്ത ശരീരത്തെ കൊണ്ടെത്തിക്കുക മാത്രമാണ് അവൾക്കു ചെയ്യാനുണ്ടായിരുന്നത് .മുറ്റത്തെ രാജമല്ലിയിൽ നിന്നും ഉണങ്ങിയ വിത്തുകൾ വീണ് ചിതറിക്കിടക്കുന്നുണ്ടായിരുന്നു .രാജമല്ലിയെ ച്ചുറ്റിപ്പുണർന്നു വളരുന്ന മുല്ല തളിരിട്ട് വരാനിരിക്കുന്ന പൂക്കാലത്തെ വരവേൽക്കുന്നു .
വേദനകളായ വേദനകൾ മുഴുവൻ ഓരോ അണുവിലുമിരുന്ന് വെറുതെ വിങ്ങിവിങ്ങി ശരീരമെന്നാൽ വേദനയാണെന്നവളെ തിരുത്തിക്കൊണ്ടിരുന്നു .ആ വേദനയെ വലിച്ചിഴച്ചു നടക്കുന്ന ഒരു മനസ്സ് മാത്രമായിരുന്നു അവളപ്പോൾ .
അവൾ തന്റെ ജോലിമാത്രമല്ല ഈ അസുഖത്തെ തുടർന്ന് ഒഴിവാക്കിയത് .തന്റെ അഞ്ചു വർഷം നീണ്ട ദാമ്പത്യം കൂടിയായിരുന്നു .രോഗമെന്തെന്നറിയാത്ത ആശുപത്രിവാസങ്ങളുടെ, വേദനകളുടെ, നീണ്ട രണ്ടു വർഷവും അതിനുമുന്പുള്ള കലഹങ്ങളുടെ മൂന്നു വർഷവും കൂട്ടിവയ്ക്കുമ്പോൾ അഞ്ചുവർഷത്തെ ദുരിതങ്ങളുടെ കെട്ടുപൊട്ടിക്കാനാകാതെ നിന്ന അവൾക്ക് ,ആണും പെണ്ണും ചേർന്ന ജൈവ ബന്ധത്തിലെയ്ക്ക് ബന്ധനങ്ങളുടെ നൂല്ക്കെട്ടുകൾ നെയ്തു നെയ്ത്, ബന്ധുക്കൾ കൂടിച്ചേരാനുള്ള വിടവുകൾ കൂടി അടച്ച് അവരെ ദയാവായ്പ്പോടെ വേർപിരിച്ച്കൊടുത്തു !
മഞ്ഞുപൂക്കുന്ന ചുരം കയറി ,കാപ്പിപ്പൂമണമൊഴുകുന്ന എസ്റ്റേറ്റുകൾ പിന്നിട്ട് ഇന്നലെയാണവൾ വീട്ടിലെത്തുന്നത് .അവൾ വലിച്ചുവന്ന ചെറിയ പെട്ടിയ്ക്കും ,തുടുത്തുവീങ്ങി വേദനിക്കുന്ന വലിയ ശരീരത്തിനുമിപ്പുറമിരുന്ന് വികാരരഹിതമായൊരു മനസ്സ് ഓർമ്മകൾ കുത്തിനിറഞ്ഞു വരുന്നത് കണ്ടില്ലെന്നു നടിച്ചു .
രോഗമൊരുത്തരം പോലെ കൈയ്യിൽ ഫയലായിക്കിട്ടിയപ്പോൾ അവൾ അയാളോട് തനിക്കുവേണ്ടി നല്കിയ ഉദാരതയോട് ,സ്നേഹത്തോട് ,മുടക്കിയ പണത്തിന് ,ചിലവഴിച്ച സമയത്തിന്, ഭാര്യയെന്ന പദം നല്കിയലങ്കരിച്ചതിന് എല്ലാം നന്ദിപറഞ്ഞ് ,ഇനി തന്റെ ശരീരത്തിന് ഒരുടംബടിയിലും വിശ്വാസമില്ലെന്ന് കളിപറഞ്ഞ് ,തന്റെ ചെറിയ പെട്ടിയിൽ അയാൾ തന്ന കുറച്ചു പുസ്തകങ്ങളും ,തന്റെ പ്രിയ കോട്ടണ്‍ വസ്ത്രങ്ങളും നിറച്ച് ,അയാളിലെ അൽപ സുഗന്ധം അയാളോടുള്ള ഒടുങ്ങാത്ത സ്നേഹമെന്നപോൽ ആ സുഗന്ധക്കുപ്പിയിൽ നിന്നും ഒഴിയാതെ ഒളിപ്പിച്ചു വച്ച് ബസ്സ് കയറി .നീണ്ട ആറ് മണിക്കൂറുകൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിൽ അവൾക്ക് തെല്ലും ജാള്യത തോന്നിയില്ല ,ചില നീരൊഴുക്കുകൾ ഒഴുകിത്തന്നെ തീരണമെന്ന് അവൾക്കറിയാമായിരുന്നു .
രോഗമെന്ന അവസ്ഥ അവളെ മാനസികമായി തെല്ലും തളർത്തിയിരുന്നില്ല ,പക്ഷെ ശരീരത്തിന്റെ വികൃതമായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാനായില്ല .വളർന്നു പെരുകുന്ന വേദനകളുടെ കോശങ്ങൾ അവളെ ആകെ കുഴച്ചു മറിച്ചു .ഇനിയൊരു ദാമ്പത്യം എന്നത് വിശേഷണങ്ങളില്ലാത്ത മരുന്നുകളും ,കാശ് വിഴുങ്ങുമ്പോൾ താനറിയാതെ പിടയുന്ന കരളുകളുമാക്കിത്തീർക്കാതെ പിരിയാനുറയ്ക്കുംബോഴെയ്ക്കും ,ബന്ധുക്കൾക്ക് അവളൊരു കറവയില്ലാത്ത മച്ചിപ്പശു മാത്രമായിരുന്നു .അവൾക്ക് അവരോടു സഹതാപം തോന്നി ,ജീവനിലെ പച്ച തിന്നുന്ന പരാദങ്ങൾ .
മുറ്റത്തു മുഴുവൻ തളിർമാവിലകൾ പൊഴിഞ്ഞു കിടന്നിരുന്നു .മഞ്ഞുകാലം നേർത്ത ശബ്ദത്തോടെ ഇലകളിൽ നിന്നും അടർന്നു പൊഴിയുന്നുണ്ടായിരുന്നു .ചർമ്മം വരണ്ടിരുന്നു ..ശ്വാസം വലിയ്ക്കുമ്പോൾ ശ്വാസകോശം വരെ കുത്തുന്ന തണുപ്പ് .
ഈ വീടും പരിസരവും ആരുമില്ലാതെ കണ്ട ഓർമ്മയില്ല .തന്റെയീ തൂങ്ങുന്ന ശരീരംകൊണ്ടിത് വൃത്തിയാക്കാനോക്കുമോ ?ഈ മാറാലയും ,ഇലകളും ,ഇരുണ്ട ജാലക വിരികളും ഇങ്ങനെ തന്നെയിരിക്കട്ടെ .വൃത്തിയാക്കിയോരുക്കിയ വലിയൊരു ശവമഞ്ചമാകാതിരിക്കട്ടെ എന്റെ വീട് .പുല്ലും പുല്ച്ചാടിയും ,ഉറുമ്പും മണ്ണിരയും തിന്നു തീർക്കുന്ന സന്ധ്യകൾക്ക് താൻ വഴികാട്ടിയാകട്ടെ .അറിയാതെ പൂത്ത പുഞ്ചിരിയിൽ ഉണർവ്വിന്റെ നേർത്ത കരുത്ത് .മരുന്നുകളെല്ലാമെടുത്തവൾ മുറ്റത്തു നിന്നും താഴെ തൊടിയിലേയ്ക്ക് നീട്ടിയെറിഞ്ഞു .കിണറ്റിൽ നിന്നും ആയാസപ്പെട്ട് മുക്കിയെടുത്ത തുരുമ്പിച്ച ബക്കറ്റിലെ നേർത്ത ചൂടുള്ള വെള്ളം മുഖത്തു കോരിയൊഴിച്ചു .നട്ടെല്ലിലൂടെ തണുപ്പിന്റെയൊരു കുളിർ പാഞ്ഞുപോയി .ഒരു തളിർമാവില വായിലിട്ടു കടിച്ചു നോക്കി.എന്നോ മറന്നെന്നു മനസ്സിനെ പഠിപ്പിച്ച അമ്മയുടെ മണം അവളെ നീ തനിച്ചാണെന്നോർമ്മപ്പെടുത്തി ചുറ്റിവരിഞ്ഞു .മാവില കടിക്കാൻ തോന്നിയ നിമിഷത്തെ തിരിഞ്ഞവൾ ഈർഷ്യയോടെ നോക്കി .
താഴെ കണ്ടത്തിലെ കമുകിൻ തൈകൾ വളർന്നു കുലച്ച് തങ്ങളുടെ സൂചിമുഖങ്ങൾ ആകാശത്തെയ്ക്കുയർത്തി കൈകൾ വിരിച്ചു വിടർന്നു നിന്നു .അവൾ പതിയെ കാലുകൾ വലിച്ചിഴച്ച് താഴേയ്ക്കിറങ്ങാൻ തുടങ്ങി.തണുപ്പിന്റെ മഞ്ഞുകണങ്ങൾ അവളെ സ്നേഹത്തോടെ വാരിപ്പൊതിഞ്ഞു .കരിയിലകളും കമുകിൻ തഴങ്ങുകളും മൂടിക്കിടക്കുന്ന വരമ്പുകൾ .കണ്ടങ്ങളിൽ നിന്നും ചെമ്പുറവകൾ ഒലിച്ചിറങ്ങി പാടകെട്ടിക്കിടന്നിരുന്നു .കുഞ്ഞുമുക്കുറ്റികളും പേരറിയാച്ചെടികളും നിലംപറ്റി പൂത്തുലഞ്ഞു കിടന്നിരുന്നു.ഇരുട്ട് പകുത്തുമാറ്റി വെളിച്ചമെത്തുന്നതിലെ ഏകാന്ത വന്യഭംഗി !
കൈകൾ നിലത്തുകുത്തി കഷ്ടപ്പെട്ട് വീണ്ടും താഴെയ്ക്കിറങ്ങിയപ്പൊൾ ചാലുകീറി വെള്ളമൊഴുകാൻ ഇട്ടിരിക്കുന്ന കൊള്ളിലെത്തി.അച്ഛൻ തൂംബായെടുത്ത് കിളച്ചു കോരിയിട്ട മങ്കട്ടകൾക്ക് മുകളിൽ പച്ചവിരിപ്പിട്ട കാലത്തിന്റെ പുൽനാമ്പുകൾ .അവളതിന്റെ മുകളിൽ സൂക്ഷ്മതയോടെയിരുന്ന് താഴെ ഒഴുകുന്ന നീർച്ചാലിലേയ്ക്കിറങ്ങി.എവിടെനിന്നോ ശക്തമായൊരു ജലപ്രവാഹം കുലംകുത്തിയാർത്തു വരുന്നതവളറിഞ്ഞു.അടിവയറിൽ നിന്ന് അദൃശ്യമായൊരു ജീവൻ തുടിച്ചു മുകളിലേയ്ക്കാഞ്ഞു വരും പോലെ അവൾക്കോക്കാനം വന്നു .തലകുനിച്ച് നീർപ്രവാഹത്തിലാഴ്ത്തി അവൾ മുട്ടുകുത്തിയിരുന്നു .തന്റെ വേദനകളുടെ വേരുകളെ ജലം അരുമയോടെ സ്പർശിക്കുന്നതവളറിഞ്ഞു.ആ വേരുകൾ തന്നിൽ നിന്നും ഊർന്നിറങ്ങി ജലത്തിൽ പടർന്ന് ഒരു ശാന്തി മന്ത്രം പോലെ അവളെച്ചുറ്റിയൊഴുകി.മുകളിലെ മണ്ണിൽ നിന്നും സിൽവറോക്കുകളുടെ വിത്തുകൾ മഞ്ഞിൽക്കുതിർന്നു പൊട്ടിമുളയ്ക്കുന്നതിന്റെ ശബ്ദം ബോധത്തിന്റെ ഉപരിതലത്തിലെവിടെയോ വീണ് ഓളങ്ങളാകുന്നത് അവളറിഞ്ഞു .