Saturday, December 22, 2012
Thursday, December 20, 2012
ജീവതൃഷ്ണ !
കുട്ടി ഫ്രിഡ്ജ് വലിച്ചു തുറന്ന് ക്രുദ്ധനായി ഉള്ളിലേയ്ക്ക് നോക്കി .ഉടഞ്ഞ സ്ക്വാഷിന്റെ അടപ്പവന്‍ തട്ടിമാറ്റിയപ്പോള്‍ പരന്ന മണം ചീമുട്ടയെ വെല്ലുന്നതായിരുന്നു !മുട്ടയുടെ കുഴിയന്‍ പാത്രത്തില്‍ രണ്ടു മുട്ടകള്‍ ജീവന്‍ കൈയിലെടുത്ത് പേടിയോടെ ഒതുങ്ങിപ്പതുങ്ങി അവനെ നോക്കി ഇരുന്നിരുന്നു .അവന്‍റെ കൈയ്കള്‍ അതിവേഗത്തില്‍ അടഞ്ഞിരുന്ന പാത്രങ്ങളില്‍ പരതിക്കൊണ്ടിരുന്നു ,അപ്പോഴെല്ലാം വിവരിക്കാന്‍ വയ്യാത്ത വാടകള്‍ ആ മുറിയെ കൂടുതല്‍ കൂടുതല്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു.അവസാനം തുറന്ന പാത്രത്തിലേയ്ക്ക് അവന്‍ ഓക്കാനിച്ചു കുനിഞ്ഞു: ബ്ഹാ ..ഗ്ല ..ക്
ഫ്രിട്ജവന്‍ ആകാവുന്നാത്ര ശക്തിയില്‍ വലിച്ചടച്ചു.അതിനു മുകളില്‍ വച്ചിരുന്ന കേടുവന്ന റ്റൈം പീസ് ഉച്ചത്തില്‍ അലാറമടിച്ചു :ക്രീീീീീീീീീന് !!!
ഞെട്ടിപ്പോയ കുട്ടി അതെടുത്തു നിലത്തടിച്ച് തന്‍റെ കട്ടിക്കണ്ണടയുടെ സ്റ്റൈലന്‍ ഫ്രെയിം മൂക്ക് തുളയും വിധം അമര്‍ത്തിത്തള്ളി, വീര്‍ത്തുരുണ്ട മുഖത്തേയ്ക്കു പാറി വീണ മുടി മാടിയൊതുക്കി പുറം കൈ കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു.പിന്നെ ത്രീ ഫോര്‍ത്ത് പാന്‍സിന്റെ തൂങ്ങിക്കിടക്കുന്ന പല വള്ളികളിലൊന്നില്‍ കൈ കുരുക്കി വലിച്ചു തിരിഞ്ഞു രൂക്ഷമായി അവരെ നോക്കി !
ശ്രീധറിന്റെയും സജീവന്റെയും ചങ്ക് തുളച്ച് ആ നോട്ടം പുറത്തേയ്ക്ക് ചീറിപ്പോയി !അവര്‍ക്ക് അവനെ നേരിടാന്‍ ഭയം തോന്നി.കുട്ടി വലതു വശത്തിട്ടിരുന്ന കസേര കാലുകൊണ്ട് തൊഴിച്ചു മാറ്റി മുറിയില്‍ തലങ്ങും വിലങ്ങും കിടന്നിരുന്ന തുണികള്‍ ചവുട്ടിമെതിച്ച് അവര്‍ ഇരിക്കുന്നിടത്തെയ്ക്ക് വന്നു.
അവര്‍ പുറത്തു നിന്നും വാങ്ങി വന്ന നാല് ഡോളറിന്റെ ബര്‍ഗര്‍ കുട്ടിയെ നോക്കി ഒരു വഷളച്ചിരിയോടെ ആവി പറത്തി ..കുട്ടി അത് ശ്രദ്ധിക്കാതെ അവരെക്കടന്നു പുറത്തേയ്ക്ക് പോയി.അവന്‍റെ വയറിനുള്ളില്‍ നിന്നുമുയര്‍ന്ന ഗുറോ ..ഗുറോ ശബ്ദങ്ങള്‍ അവരെ കൂടുതല്‍ പേടിപ്പിച്ചു.
അവരുടെ സ്വകാര്യ സ്വത്തായിരുന്നു അപരിചിത നാട്ടിലെ ആ മുറി ,പക്ഷെ അവരെ ഞെട്ടിപ്പിച്ച്കൊണ്ട് ഒരു ദിവസം അവരുടെ വീട്ടുടമ ആ മുറിയിലേയ്ക്ക് സാധങ്ങള്‍ ഓരോന്നോരോന്നായി കൊണ്ടിടുവാന്‍ തുടങ്ങി .
ആദ്യം ഫ്രിഡ്ജിന്റെ നീലവെളിച്ചം അവരെ സന്തൊഷിപ്പിച്ചുകൊണ്ട് കടന്നു വന്നു. പിന്നീട് മേശ, കസേര, പാത്രങ്ങള്‍, കാര്‍ബോര്‍ഡ് പെട്ടികള്‍, അലമിറ, ചെക്കന്‍റെ ട്രൌസറുകള്‍,ജെട്ടികള്‍,നൈറ്റ് ഗൌണുകള്‍,ബ്രാകള്‍, കൗപീനം പോലെ നീളന്‍ വാലുകളുള്ള തിരിച്ചറിയാന്‍ പറ്റാത്ത തുണിത്തരങ്ങള്‍, നീളന്‍ കോട്ടുകള്‍,നാറുന്ന കാലുറകള്‍ അങ്ങനെ അങ്ങനെ ആ മുറി നിറഞ്ഞ് കവിഞ്ഞു.
വാടകയ്ക്ക് എടുത്തതാണോ എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത വിധം അവരെ ജനാലകളില്ലാത്ത ആ മുറി അമര്‍ത്തിപ്പിടിച്ചു.പഠിക്കുവാന്‍ പോകാന്‍ മാത്രം കൈയില്‍ക്കിട്ടുന്ന സ്കൊളെര്‍ഷിപ് എന്ന മഹാ ധനത്തില്‍ നിന്നും ആളോഹരി കൊടുത്ത് അവര്‍ വാചകമടിച്ചു നേടിയെടുത്തതാണീ മുറി.വേറൊന്നു തേടിപ്പിടിക്കാന്‍ ഇതിലും കുറവ് വാടകയുള്ള ഒരു വീട് പോലും ആ നഗരത്തില്‍ ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ
'sorry for the disturbances 'എന്ന് കിളിമൊഴിഞ്ഞ് ഷമ്മി മദാമ്മ കടന്നു കയറി അവരുടെ സ്ഥാവര ജന്ഗമ വസ്തു വകകള്‍ അവിടെത്തട്ടുമ്പോള്‍ നെഞ്ജത്തുരുണ്ട് കയറുന്ന കോപം ഒരു ചെറു ചിരിയുടെ അകമ്പടിയോടെ 'with pleasure madam ' ആയി പുറത്തു വന്നുകൊണ്ടിരുന്നു! ഇതിനൊക്കെപ്പുറമെ അവരുടെ മകന്‍ ആ അസുരവിത്തിന്റെ പ്രകടനം ആയിരുന്നു ഏറേ വെറി പിടിപ്പിക്കുന്ന ഘടകം.
ഇതൊക്കെപ്പോരാഞ്ഞിട്ട് അന്നവര്‍ ക്ലാസ്സ് കഴിഞ്ഞു മുറിയിലേയ്ക്ക് വന്നപ്പോള്‍ കണ്ട കാഴ്ച അതി ഭീകരമായിരുന്നു .അവര്‍ക്ക് ആ മുറിയിലുണ്ടായിരുന്ന ഒരേ ഒരു ആഡംബരമായിരുന്ന bathroom കം toilet ഇടിച്ചു പൊളിച്ചിട്ടിരിക്കുന്നു ! അതില്‍ നിന്നുമുള്ള പൊട്ടിയ ഷൊവെര്‍,കമ്പി, കട്ട മുതലായവയെല്ലാം മുറിയുടെ ഒരു മൂലയില്‍ കൂട്ടി ഇട്ടിരിക്കുന്നു !!
ഇങ്ങേ മൂലയ്ക്ക് പ്രതിഷ്ഠിച്ചിരുന്ന അവരുടെ ഏകമുഖ ഗ്യാസ് സ്റ്റവ് നു മുകളില്‍ പലക നിരത്തിയിരിക്കുന്നു ! അതില്‍ മുഴുവന്‍ കഴുകി ആറാനിട്ടിരിക്കുന്ന ഷമ്മി മദാമ്മയുടെ പാന്റീസ് കള്‍..പല നിറത്തിലും തരത്തിലും പൂക്കളിലും അവ അവിടമാകെ ഒരു മുശ്ട് വാട പരത്തി നനഞ്ഞ് തരളിതകളായി കിടന്നിരുന്നു !
സജീവനും ശ്രീധറിനും കിടക്കുവാനുള്ള കിടക്കകള്‍ ഭിത്തിയില്‍ കുത്തിച്ചാരി വച്ചിരുന്നു ,അത് കിടന്നിരുന്ന സ്ഥലത്തുംകൂടി മദാമ്മ തുണികള്‍ ഉണങ്ങുവാനായി വിരിച്ചിട്ടിരിക്കുന്നു !
ശ്രീധറും സജീവനും ഒരു കോല് കൊണ്ട് അത് തള്ളി മാറ്റി അവരുടെ കിടക്കകള്‍ പാകമാകും വിധത്തില്‍ രണ്ടു ചതുരക്കള്ളികള്‍ ഉണ്ടാക്കിയെടുത്ത് അതിലേയ്ക്ക് കിടക്കകളെ പായ്ക്ക് ചെയ്തു !ഒന്ന് നടു നിവര്‍ത്താന്‍ പെട്ട പാടേ !!
'എങ്ങനെ കുളിക്കേം കക്കൂസില്‍ പോകേം ചെയ്യുമെടാ സജീ ??'
പൊളിഞ്ഞു കിടക്കുന്ന കുളിമുറിയിലെയ്ക്ക് ചങ്കിടിപ്പോടെ നോക്കി ശ്രീധരന്‍ ചോദിച്ചു .
'ആ..ആ മുടിഞ്ഞ തള്ള വരട്ടെ നാല് തെറി പറഞ്ഞിട്ട്തന്നെ കാര്യം..ഇങ്ങനേമുണ്ടോ ആള്‍ക്കാര് ..ഗതികെട്ടവന്റെ തലയില്‍ കല്ലുമഴ പെയ്തപോലാണല്ലോ കാര്യങ്ങള്‍ !!'സജീവന്‍ പുകഞ്ഞു തുടങ്ങി .
കൈയിലൊരു കൂറ്റന്‍ ഭക്ഷണപ്പൊതിയുമായി ഷമ്മി മദാമ്മയുടെ ഭര്‍ത്താവ് അത് വഴി വന്നു.അയാള്‍ക്ക് ആ നാടിന്‍റെ ഭാഷ കൂടാതെ പിന്നെ തിന്നുവാനും മാത്രമേ അറിയുമായിരുന്നുള്ളൂ .ഒരു ജോലിയും അയാള്‍ ചെയ്തു കണ്ട ഓർമ്മ അവര്‍ക്ക് രണ്ടു പേര്‍ക്കുമില്ല.ഏകദേശം ആറര അടി പൊക്കം വരുന്ന ഒരു ഭീമാകാര രൂപം !നീണ്ട കോട്ടും നീളന്‍ ബൂട്സുകളും അയാളെ കൂടുതല്‍ ഭീകരനാക്കിയിരുന്നു.
എവിടെനിന്നോ അലച്ചു വന്ന കുട്ടി ഭക്ഷണപ്പൊതി തട്ടിപ്പറിച്ചെടുത്ത് അവരുടെ മുറിയിലെ മേശപ്പുറത്തെയ്ക്ക് ചാടിക്കയറി ഇരുന്നു വലിച്ചു വാരി തീറ്റ തുടങ്ങി !ടര്‍ക്കിക്കോഴിയുടെ തുട എല്ലുകള്‍ ചെക്കന്‍റെ വായിലിരുന്നു ഞെരിഞ്ഞമര്‍ന്നു കരഞ്ഞു :
'ക്ടപ് ..കിര്‍..സ്ലും ..ഗ്ലക് !'
സജി വാച്ചിലെയ്ക്കും ചെക്കനേയും നോക്കിയിരുന്നു ..അഞ്ചു മിനിട്ട് ഒന്‍പതു സെക്കന്റ് കൊണ്ട് ചെക്കന്‍ ഒരു ടര്‍ക്കിക്കോഴിയെ മുഴുവനായി അമുക്കി !ശേഷം ഫ്രിഡ്ജ് വലിച്ചു തുറന്ന് ആ കറുകറുത്ത കൊക്കക്കോള കുപ്പിയോടെ കമിഴ്ത്തി,ചുണ്ടു തുടച്ചു വലിയൊരു ഏമ്പൊക്കം വായുവിലേയ്ക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി !അവന്‍ ഇരുന്ന മേശയ്ക്കു താഴെ എല്ലിൻ കഷ്ണങ്ങള്‍ ചതഞ്ഞരഞ്ഞു ചിതറിക്കിടന്നു..ആ ഭീമാകാരനും കുട്ടിയും അവരുടെ മുറിയില്‍ കടന്നു വാതിലടച്ചു .
ശ്രീധറിന് കൊച്ചുകുട്ടികള്‍ കരയും പോലെ ഉറക്കെ നിലവിളിക്കാന്‍ തോന്നി..അവന്‍ വൃത്തിയുടെ വരുതിയില്‍ അമര്‍ന്നുപോയ അവന്‍റെ അമ്മയുടെ നിലാവ് വീണ മുഖം ഓര്‍മയില്‍ നിര്‍ത്തി അവിടെ മുഖം ചേര്‍ത്തു കിടന്നു.
ഷമ്മി മദാമ്മ കൈയില്‍ ഒരുകെട്ട് ഷോപ്പിന്‍ ബാഗുകളുമായി ഏന്തി വലിഞ്ഞു കടന്നു വന്നു ..അവരുടെ തടിച്ച നിതംബം കുലുങ്ങിക്കുലുങ്ങി വീണു പോകുമെന്ന് തോന്നും വിധം അവര്‍ ശക്തിയായി ശ്വാസം വിടുന്നുണ്ടായിരുന്നു ..'ഹായ് സീടരാ..'
അവര്‍ സന്തോഷത്തോടെ അയാളെ അഭിവാദനം ചെയ്തു .
മുഖം ആകുന്നത്ര കനപ്പിച്ചു അയാള്‍ അവരെ തിരിച്ചും :
'ഹായ് മം '
പിന്നീടൊരു പൊട്ടിത്തെറി ആയിരുന്നു ;
'ഞങ്ങള്‍ക്ക് നിങ്ങള്‍ മുറി വാടകയ്ക്ക് തന്നപ്പോള്‍ ഇതൊന്നും പറഞ്ഞിരുന്നില്ല ..ഇതെന്താ പന്നിക്കൂടോ ?ഞങ്ങള്‍ക്ക് അഡ്വാന്‍സ് തിരിച്ചു തരൂ ഞങ്ങള്‍ പോകട്ടെ '
'see mr .seedar,ഞാനൊരു പാവം വര്‍ക്കിംഗ് വുമന്‍ ആണ്,എന്‍റെ ശമ്പളം എനിക്കൊന്നിനും തികയുന്നില്ല ,കുട്ടിയെ പഠിപ്പിക്കണം,ഭക്ഷണം വേണം അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ !നിങ്ങള്‍ മുപ്പതു ഡോളര്‍ കൂടി കൂട്ടിത്തരൂ ഞാന്‍ നിങ്ങളുടെ മുറിയില്‍ നിന്നും ഇതെല്ലാം എടുത്തു പൊയ്ക്കോളാം ..നിങ്ങള്‍ക്ക് ഞങ്ങളുടെ മുറിയിലെ കുളിമുറിയുപയോഗിക്കാം ..ഒരു വിരോധവുമില്ലതില്‍..എന്‍റെ ഭര്‍ത്താവിന്‍റെ കാലുകള്‍ക്ക് കോച്ച് വാതമായതിനാല്‍ അദ്ദേഹം മുറിക്കു പുറത്തിറങ്ങാറില്ല ..എന്‍റെ കുഞ്ഞു ഒന്നും കഴിച്ചിട്ടുണ്ടാകില്ല ,ഇതവനുള്ള ഭക്ഷണമാണ് ..നിങ്ങള്ക്ക് വേണോ ?ഇതാ ഈ പിസ കഴിച്ചു നോക്കു ..എന്തൊരു രുചി ആണെന്നോ ??'
മദാമ്മയുടെ വാക്കുകള്‍ ആഴമറിയാത്തൊരു കുളത്തിന്റെ ഉപരിതലം പോലെ നിശ്ചലമായിരുന്നു ..അവരുടെ നീലക്കണ്ണുകളിലെ നീര്‍പൊടിച്ചില്‍ അവരെ ധര്‍മ്മസങ്കടമുള്ളവരാക്കി ഒതുക്കിക്കളഞ്ഞു ..അവര്‍ രണ്ടു കൈയും നീട്ടി ആ പിസ്സ ഏറ്റുവാങ്ങി. മദാമ്മയുടെ ഞരമ്പുകള്‍ പിടയ്ക്കുന്ന കഴുത്തിലൂടെ വിയര്‍പ്പു തുള്ളികള്‍ തെറിച്ചു നില്‍ക്കുന്ന മാറിടങ്ങളുടെ സമൃദ്ധിയിലെയ്ക്ക് ഒഴുകി വീഴുന്നത് നോക്കി അവര്‍ നിശബ്ദരായപ്പോള്‍ മദാമ്മ തന്‍റെ തടിച്ചുമുറുകിയ ശരീരം താളത്തില്‍ കുലുക്കി പതിയെ.. വളരെപ്പതിയെ അവരെക്കടന്നു പോയി .. !
സജീവന് കുളിക്കണമെന്ന മോഹം കലശ്ശ ലായി..മദാമ്മയുടെ മുറുകിപ്പൊട്ടുമെന്നു തോന്നുന്ന തടിച്ച മാറിടത്തിലെയ്ക്ക് മുകളിൽ നിന്നും വെള്ളം ചിതറി വീഴുന്നത് എന്തിനോ അവൻ കൂടെക്കൂടെ ഓർക്കാൻ തുടങ്ങിയിരുന്നു .ശ്രീധരന് പതിവുപോലെ നൂറു ചോദ്യങ്ങൾ ചുറ്റിനും നിന്ന് മുറവിളി കൂട്ടി .അവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറി കുളിക്കുന്നതെങ്ങനെ ?അപ്പിയിടുന്നതെങ്ങനെ ?എന്തിനു ഒന്ന് മുള്ളുന്നതെങ്ങനെ ??
നേരം ഇരുട്ടുന്നതിനനുസരിച്ചു പലതരം ശങ്കകളാല്‍ അവര്‍ മിണ്ടാട്ടമില്ലാത്തവരായി !
രണ്ടും കല്‍പ്പിച്ചു സജീവന്‍ ബക്കെറ്റ് എടുത്തു. തോര്‍ത്തു കഴുത്തില്‍ ചുറ്റിയിട്ട് ഇടുവാനുള്ള ബെര്‍മുഡയും കൈയില്ലാത്ത ബനിയനും എടുത്ത് ഒതുക്കിപ്പിടിച്ചു ..പതിയെ ആശങ്കയോടെ നടന്നുചെന്നു കതകില്‍ മുട്ടി ..
മനസ്സിലാകാത്ത ഏതോ ഒരു വാക്ക് അകത്തുനിന്നും ഉയര്‍ന്നു ..
'ഒന്ന് കുളിക്കണമായിരുന്നു ..'
നാടന്‍ മലയാളത്തില്‍ സജീവന്‍ ഉത്തരം നല്‍കി ..പരസ്പരം മനസ്സിലാകാത്ത രണ്ടു വാചകങ്ങൾ കൊമ്പ് കോര്‍ത്ത് നില്‍ക്കെ വാതില്‍ തുറന്ന് രൂക്ഷമായൊരു നോട്ടം അയാള്‍ക്ക് കിട്ടി ..
ആ തടിച്ച രൂപത്തിന്‍റെ ശരിയായ ആകൃതി അപ്പോഴാണ് സജീവന് പിടികിട്ടിയത്! അയാള്‍ നാട്ടിലെ കന്നുപൂട്ടുവാന്‍ കൊണ്ടുവരുന്ന കാളക്കൂറ്റനെ ബനിയനിടീപ്പിച്ചതുപൊലെ ഉണ്ടായിരുന്നു.
ബക്കെറ്റ് ഉയര്‍ത്തി അയാള്‍ അകത്തേയ്ക്ക് ചൂണ്ടി പറഞ്ഞു ..
'need to use your bathroom please ..'
അയാള്‍ അവനെ ചുഴിഞ്ഞു നോക്കി ..തല ഒരു വശത്തേയ്ക്ക് തിരിച്ചു വീണ്ടും ആ മനസ്സിലാകാത്ത ഭാഷ പറഞ്ഞു .'dfhjaisioooooo '
'ശരി ശരി പണ്ടാരക്കാലാ '
താഴ്മയോടെ പറഞ്ഞുകൊണ്ട് സജീവന്‍ ഒന്നും നോക്കാതെ പാഞ്ഞു കുളിമുറിയിൽ കയറി .
'ഹോ!' എന്നൊരു ആശ്വാസത്തോടെ കതകടച്ച് തിരിഞ്ഞ അയാള്‍ക്ക് മുന്‍പില്‍ ഫ്ലഷ് ചെയ്യാത്ത ഒരു കഷണം അപ്പി ഒക്കാനിപ്പിക്കാനായി കാത്തിരുന്നു !
ക്ലോസെറ്റ്‌നു മുകളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ചു പൊടിഞ്ഞൊരു സാനിട്ടറി പാഡ് പൊടിമൂടിക്കിടന്നിരുന്നു..ചുവരിലെ ഹാങ്ങിങ്ങില്‍ എല്ലാം പലതരം തുണികള്‍..ഒരു വിധത്തില്‍ തന്‍റെ ഉടുപുടവകള്‍ അവയ്ക്കിടയില്‍ തിരുകി കണ്ണ് മൂടി സജീവന്‍ ഒരു കപ്പു വെള്ളം തല വഴി കോരി ഒഴിച്ചു ..
ഈ വിശേഷം കേട്ടതിന്റെ ആഘാധത്തില്‍ ശ്രീധറിനു കലശലായി മൂത്രശങ്ക ഉണ്ടായി.പിടിച്ചു വച്ച മൂത്രം ഇപ്പോള്‍ ഒഴുകിപ്പോകുമോ എന്നൊരു തോന്നല്‍ !അപ്പോള്‍ സമയം ഏതാണ്ടൊരു രാത്രി ആയിരുന്നു ..നഗരത്തിലെ രാത്രികള്‍ പകലുകളായിട്ടെത്ര നാളുകള്‍..വേപഥുവോടെ അയാളോര്‍ത്തു.
ആ നഗരത്തിലെ വഴിയോരങ്ങളില്‍ മൂത്രം വീണാല്‍ വീഴ്ത്തുന്നവന്റെ അവസാന മൂത്രം ആകുമെന്നതിനാല്‍ നഗരം സുന്ദരിയും സുഭഗയുമായിരുന്നു !അതുകൊണ്ട് തന്നെ ശ്രീധറിനു തന്‍റെ വേദനിക്കുന്ന മൂത്രസഞ്ചിയെ എങ്ങനെ സ്വാന്തനിപ്പിക്കുമെന്നറിയില്ലായിരുന്നു!നൈറ്റ് പട്രോളിംഗ് നടക്കുന്നതിന്റെ നീണ്ട വിസിലുകൾ റോഡിൽക്കൂടി ഇടയ്ക്കിടെ ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു .
അവരുടെ ഉറക്കറയിലെയ്ക്ക് ഇടിച്ചുകയറി അവരെ ഞെക്കിക്കൊല്ലാന്‍ അയാള്‍ക്ക് അദമ്യമായ ആഗ്രഹം തോന്നി..ജീവിതത്തിലാദ്യമായി ഒരു കൊലപാതകി ആകുവാൻ അയാള്‍ ഒരുപാട് മോഹിച്ചു പോയി ..എങ്ങനെയാണ് കൊല്ലുവാന്‍ ഉള്ള ധൈര്യം ഉണ്ടാകുന്നതെന്ന് അയാള്‍ക്ക് ഏറ്റവും ലളിതമായി മനസ്സിലായി.ആ ഇരു നിലക്കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേയ്ക്ക് മുള്ളുമെന്ന ദൃഡ നിശ്ചയത്തോടെ അയാള്‍ മുകളിലേയ്ക്ക് കയറി ..ഒരു പേടിയും കൂടാതെ ..!
അയാള്‍ തന്‍റെ ഗ്രാമത്തിലെ വീടിന്‍റെ മുറ്റത്ത് നിന്നും വിശാലമായ പറമ്പിലേയ്ക്ക് നീട്ടി മുള്ളുന്നതിന്‍റെ നിര്‍വൃതിയോടെ ആ
പാരപ്പറ്റിന്റെ ഇളുംബില്‍ നിന്നും തന്‍റെ ട്രൌസറിന്‍റെ ഹുക്കില്‍ തൊട്ടു..പുറകില്‍ നിന്നുമുയര്‍ന്ന കടുത്തൊരു വിളിയില്‍ അയാളുടെ മൂത്രക്കുടുക്ക തിരിഞ്ഞോടിയൊളിച്ചു ..!
ഒരു പൂച്ച !നീണ്ട രോമങ്ങള്‍ക്കിടയില്‍ കത്തുന്ന രണ്ടു പച്ച ബള്‍ബുകള്‍..അത് അയാളെ സ്നേഹപൂര്‍വ്വം ഉരുമ്മി ..
ശ്രീധറിന്റെ കൈയുകള്‍ അസാധ്യമായി ചലിച്ചു ..പൂച്ചയുടെ ഒടിഞ്ഞു തൂങ്ങിയ കഴുത്ത് പിടച്ചിലോടെ അയാളുടെ കൈയിലിരുന്നു വികൃതമായി കരഞ്ഞു ..അതിനെ താഴേയ്ക്ക് വലിച്ചെറിഞ്ഞ് തീരാത്ത ദേഷ്യം തീര്‍ക്കാനെന്നപോലെ അയാള്‍ താഴേയ്ക്ക് ചെന്നു.
വീണ്ടുമുണര്‍ന്ന മൂത്രശങ്ക അയാളെ ഭ്രാന്തു പിടിപ്പിച്ചു ..ഉറങ്ങിക്കിടക്കുന്ന സജീവിന്‍റെ ചന്തിയില്‍ ആഞ്ഞൊരു ചവിട്ടു കൊടുത്താലോ എന്ന് തോന്നി..
ഉറങ്ങുന്നു ..മാക്രി !
വീണ്ടും സജീവിനെ നോക്കിയപ്പോള്‍ കണ്ണിലുടക്കിയ നീല നിറമുള്ള ആ ബക്കെറ്റ് അവനെ ആകര്‍ഷിച്ചു ..ആരുമറിയാതെ അതില്‍ മുള്ളിയിട്ടു രാവിലെ ഒന്നുമറിയാത്തവനെപ്പോലെ ബക്കെറ്റുമെടുത്ത് കുളിക്കാന്‍ പോകാമെന്ന് തീരുമാനിച്ച് അയാള്‍ ഉന്മത്തനായി ബക്കറ്റെടുത്തു..
അയാളുടെ ആദ്യതുള്ളി മൂത്രം എരിച്ചിലോടെ ബാക്കറ്റിലെയ്ക്ക് ശബ്ദത്തില്‍ പതിച്ചു :ശ്ദ്ട്രര്ര്ര്ര്ര്‍...
'നീയവിടെ എന്ത് ചെയ്യുവാടാ ..മനുഷ്യനെ ഒന്നുറങ്ങാനും വിടാതെ ...'
ഈര്‍ഷ്യയില്‍ പുളിച്ച കണ്ണുയര്‍ത്തി സജീവ് അവനെ നോക്കി !
രണ്ടു കിഡ്നിയും വേദനിക്കും വിധം അവന്‍ മൂത്രത്തെ പിടിച്ചു നിര്‍ത്തിപ്പോയി !
ക്രൂരമായൊരു വിശ്വാസത്തോടെ ശ്രീധര്‍ ഷമ്മി മദാമ്മയുടെ വാതിലില്‍ യാതൊരു മര്യാദയുമേശാതെ ഇടിച്ചുകൊണ്ടിരുന്നു..വാതില്‍ തുറന്നതാരെന്നു പോലും നോക്കാതെ തറയിലെ മെത്തയില്‍ പത്തു പത്ത് എന്ന സമയം പോലുറങ്ങുന്ന ചെക്കനെ കവച്ചു വച്ചു അവന്‍ കക്കൂസിന്‍റെ കതകു തള്ളിത്തുറന്നു .. !
Wednesday, December 19, 2012
Tuesday, December 18, 2012
എന്‍റെ!
ചില ഉത്തരങ്ങളുടെ കെട്ടു വിടുമ്പോള്‍
പശ്ചാത്താപം !
ചില ചോദ്യങ്ങളുടെ നെഞ്ഞത്തു കേറുമ്പോള്‍
വിലാപം !
ചില ഉറക്കങ്ങളുടെ ഉള്ളറകളില്‍
ആത്മനിന്ദ !
ചില വകയ്ക്കു കൊള്ളാത്ത ഫലിതങ്ങളില്‍
കൊച്ചുകുട്ടി !
ചില പിന്‍ വിളികളില്‍
അച്ഛന്‍ !
ചില പകല്‍സ്വപ്നങ്ങളില്‍
കൊള്ളക്കാരി !
ചില വീട്ടുകാര്യങ്ങളില്‍
സ്വപ്നാടക !
ചില കൂട്ടുകാര്യങ്ങളില്‍
രാഷ്ട്രപിതാവ് !
ചില പഴംപുരാണങ്ങളില്‍
പാഞ്ചാലി !
ചില വിതുംബലുകളില്‍
മുത്തിയമ്മ !
ചില വീര്‍പ്പുമുട്ടലുകളില്‍
അമ്മ !
ചില പുന്നാരം പറച്ചിലുകളില്‍
കാമുകി!
ചില സത്യങ്ങളില്‍
കാളി !
ചില സന്ധ്യകളില്‍
രാധ !
ചില ഏകാന്ത വഴിത്താരകളില്‍
തെണ്ടി !
ചില തോന്നലുകളില്‍
കൊലപാതകി !
ചില അമര്‍ത്തലുകളില്‍
നാട്ടുമൃഗം !
ചില വഴുവഴുപ്പുകളില്‍
കള്ളന്‍ !
അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത
എന്‍റെ എത്ര നിഴലുകള്‍...!
Saturday, December 15, 2012
ഹൃദയദര്‍പ്പണം !
എനിക്കു നിന്നെ വേര്‍പിരിയണം
നിന്‍റെ വിളര്‍ത്ത കണ്ണുകള്‍
കുതിര്‍ന്നൊഴുകി ഞാനതിലലിഞ്ഞലി-
ഞ്ഞകന്നു പോകണം .
എവിടെ നമ്മുടെ നനുത്ത സന്ധ്യകള്‍?
ഒക്കെ ഒരു കിനാവുപോല്‍
അടര്‍ന്നു വീഴണം..
കിനാവു പൂത്തൊരീ നരച്ച യാമങ്ങള്‍
അകന്നു പോയി ഞാനകലെയാകണം..
എനിക്കു നിന്നെ വേര്‍പിരിയണം
അതിന്‍ ഹൃദയച്ചൂടില്‍ ഞാനുരുകിത്തീരണം!
നിറഞ്ഞ സ്നേഹത്താല്‍ നീ എനിക്ക് നീട്ടിയ
മധുചഷകം ഞാനെറിഞ്ഞുടയ്ക്കണം
ഒരു ബലത്തിനായെനിക്കു നീട്ടിയ
കരതലം ഞാനകറ്റിമാറ്റണം ..
എനിക്ക് വയ്യ ,ഈ ഹൃദയ വേദന
ഇനിയുമേന്തുവാന്‍,അകന്നു പോവുക !
ഒരു വിഷാദവും പകരം വയ്ക്കാതെ
തിരിഞ്ഞൊരിക്കലും മിഴികള്‍ നീട്ടാതെ
ഒരിക്കലെങ്കിലും ഇടറിവീഴാതെ
എനിക്ക് നിന്നെ വേര്‍പിരിയണം !
കഴിഞ്ഞമാത്രകള്‍ നിന്‍റെ സ്നേഹത്തിന്‍റെ
കനത്ത കാരാഗൃഹത്തിലായി ഞാന്‍ !
എനിക്ക് മേലെ നീ വിശാലമാകാശം
എനിക്ക് കീഴെ നീ വിടര്‍ന്ന ഭൂമിയും !
ഒരു വ്യവസ്ഥയും പകരം വയ്ക്കാതെ
ഒരിക്കലെങ്കിലും മുഷിഞ്ഞു നോക്കാതെ
പരസ്പര സ്നേഹ വിശുദ്ധമാകുമീ
പകല്‍ വെളിച്ചത്തില്‍ പടിയിറങ്ങി
എനിക്കു നിന്നെ വേര്‍പിരിയണം !
Friday, December 14, 2012
രഹസ്യ കാമുകി !
രാത്രി തുറന്നിട്ട വാതായനത്തിലൂടെ
ഒരു കീറ് ചന്ദ്ര വെളിച്ചം പോലെ
നൂണ്ട് വരുന്നവള്‍ ..
എന്‍റെ വ്യഥയുടെ ചില്ലുപാത്രങ്ങള്‍
ലവലേശം പരിഭ്രമമേശാതെ
തട്ടിയുടയ്ക്കുന്നവള്‍..
ചിന്നിച്ചിതറിയ അവയ്ക്കു മുകളിലൂടെ
നനുനനുത്ത കാല്‍പ്പാദങ്ങളൂന്നി
നിശബ്ദമായി കടന്നുപോകുന്നവള്‍..
നീയുപേക്ഷിച്ച കാല്‍പ്പാടുകളില്‍
ഞാന്‍ ഭദ്രകാളി !
നീ കട്ടു തിന്ന മോദകം
പൊലെന്‍റെ തിളയ്ക്കുന്ന ഹൃദയം !
പുലര്‍കാലങ്ങളിലെ
എന്‍റെ ഉണര്‍വ്വുകളിലെയ്ക്ക്
പരിഭ്രമത്തിന്‍റെ ഒരു പിടി
രോമം പൊഴിച്ച് മേനിയൊതുക്കി
കടന്നു വന്ന അതേ വാതായനത്തിലൂടെ
നൂഴ്ന്നിറങ്ങി നീ അപ്രത്യക്ഷമാകുന്നു !
Subscribe to:
Posts (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...