നീ നര്‍ത്തകന്‍,കവി ,
പാട്ടുകാരന്‍..നടന്‍,
നാട്യക്കാരന്‍ !
നിന്‍റെ നൃത്തത്തിന്‍റെ
ചുവടുകള്‍ തുടങ്ങിയത്
നിലയ്ക്കാത്ത ആഗ്രഹത്തിന്‍റെ
കൂര്‍ത്ത വേരുകളില്‍ നിന്ന്..!
ഞാന്‍ ആ വേരിനു വെള്ളമൊഴിച്ച്
ഇല വരുവാന്‍ കാത്തിരുന്നവള്‍..!
നീ ഗുരുവില്ലാത്ത ഏകലവ്യന്‍ !
ഗുരുവിനെത്തേടിയലഞ്ഞ
സന്ധ്യയില്‍ കൈപിടിച്ചു
ബലം നല്‍കിയവള്‍ ..
ചാഞ്ഞിരുന്നു വിയര്‍പ്പൂതി
ഉമ്മകൊടുത്തവള്‍..
രാവേറെ ചെല്ലും വരെ
നിന്‍റെ നൃത്ത സപര്യയ്ക്കു
കൂട്ടിരുന്നവള്‍ ..
കൂടണയാന്‍ വൈകുമ്പോള്‍
കാത്തിരുന്നു നെഞ്ച് കഴച്ചവള്‍
ഞാന്‍ ..!
നീ പൂത്തിറങ്ങിയ
നൃത്ത സന്ധ്യയില്‍
പൂത്തുലഞ്ഞവള്‍..
പറക്കുന്ന നിന്‍റെ
കാലടിയില്‍ ചിലങ്കയാകാനായ്
ഉറക്കത്തിനോട്
കലംബിയെഴുനേറ്റവള്‍..
നീ തെറ്റിയപ്പോള്‍
താളം തെറ്റിയവള്‍ ഞാന്‍ !
നീ തൊട്ടു നമിച്ചത് !
പൊലിഞ്ഞു പോയ നിന്നമ്മയെ..
അകലത്തകായിലുറങ്ങുന്ന അച്ഛനെ ..
കാലില്‍ ചിലംബുറഞ്ഞ ഗുരുവിനെ ..
എല്ലാം പുശ്ചിക്കുന്ന സാഹോദര്യത്തെ..
ഇന്നലെ വന്ന സുഹൃത്തിനെ ..
പിന്നെ നിന്നെയുറപ്പിച്ച മണ്ണിനെ ..
നന്ന് നന്നെല്ലാം നന്ന് !
ഒന്ന് മാത്രം ഞാനറിഞ്ഞമ്ബരന്നു !
നീ ഞാന്‍ തെല്ലുമറിയാത്ത
എന്‍റെ നിഴലായിരുന്നുവെന്ന് !!