സിനിമ കാണുകയായിരുന്നു .സിനിമ കാണുക എന്നതിന് ഇന്ന് പല വ്യാഖ്യാനങ്ങള്‍ ഉണ്ട് .വെറുതെ നേരം കൊല്ലാന്‍ ,ചുമ്മാ രസിക്കാന്‍ ,പോയിരുന്ന് നന്നായൊന്നുറങ്ങാന്‍ ഇതൊന്നുമല്ലാതെ സിനിമ നന്നായിരിക്കണേ എന്ന പ്രതീക്ഷയോടെ നല്ലൊരു കഥ കാണുവാന്‍ കേള്‍ക്കുവാന്‍,ചിരിക്കുവാന്‍ ,രസിക്കുവാന്‍ ,സങ്കടപ്പെടാന്‍ അങ്ങിനെ അതിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട് .ഞാനാ ഗണത്തില്‍ പെടുന്ന ഒരാളാണ് . അതുകൊണ്ടുതന്നെ സിനിമ കാണുമ്പോള്‍ കിട്ടുന്ന യഥാര്‍ത്ഥ സുഖം അതില്‍ എന്തെങ്കിലും ഓര്‍ത്തിരിക്കാന്‍ കിട്ടുമ്പോള്‍ മാത്രമാണ് .ഇന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ഞാനും ഭര്‍ത്താവും കൂടി ഒരു സിനിമ കാണുവാന്‍ ഇരുന്നു .പേര് ജോക്കര്‍.2016 ലേ തമിഴ് സിനിമയാണ് .ഡ്രീം വാരിയര്‍ പിക്ചേര്‍സ് നിര്‍മ്മിച്ച രാജു മുരുഗന് എഴുതി സംവിധാനം ചെയ്ത സിനിമയാണിത് .ഒരുപക്ഷെ നിങ്ങളില്‍ പലരും കണ്ടിരിക്കും .ഞാന്‍ ഇപ്പോള്‍ കണ്ടതിനാല്‍ വൈകി എത്തുന്ന ഈ ആസ്വാദനക്കുറിപ്പ് ഇത് കാണാത്തവര്‍ക്കായി നല്കുന്നു .നിങ്ങള്‍ കാണണം .ഇതൊരു വെറും സിനിമയല്ല .ഇതില്‍ എനിക്കെന്താണ് അനുഭവിക്കാനായത് അത് ഞാന്‍ പറയട്ടെ
സിനിമ എന്നതിനേക്കാള്‍ ഉപരി നിങ്ങള്‍ക്കിതിലൂടെ ജീവിക്കാനാകും .ഒരു ദേശത്തിന്റെ ഉള്‍നാടുകളിലെ ഹൃദയത്തുടിപ്പിലൂടെ നിങ്ങള്‍ക്ക് ജീവിതത്തെയും ദേശത്തെയും കാലത്തെയും രാഷ്ട്രീയത്തെയും പണത്തെയും പട്ടിണിയെയും വ്യഥയെയും പ്രണയത്തെയും മരണത്തെയും തൊട്ടുരുമ്മാനാകും .അഭിനയം എന്നാല്‍ എന്താണെന്നും അതിനെ സാക്ഷാത്ക്കരിക്കരിക്കുന്നത് എങ്ങിനെയെന്നും ഓരോ കഥാപാത്രങ്ങളിലൂടെ കഥയിലൂടെ സംഗീതത്തിലൂടെ അങ്ങിനെ കലയുടെ അന്തസത്തയിലൂടെ ഒരു സംവിധായകന് നിങ്ങള്‍ക്ക് ജീവന്‍പകര്‍ന്നു തരും .പ്രിയ സംവിധായകന് ശ്രീ രാജുമുരുഗനെ എത്രകണ്ട് പ്രകീര്‍ത്തിച്ചാലും ഈ സിനിമയില്‍ അധികമാകില്ല .(ഇത് തികച്ചും വ്യക്തിപരമായ എന്റെ അഭിപ്രായമാണ് വീക്ഷണവും )
ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നതെന്തെന്ന് ,കക്കൂസ് പോലെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും അപ്രാപ്യമായ ഒരു വലിയ വിഭാഗം ജനത നമുക്കൊപ്പം ഇതേ പകലും സന്ധ്യകളും പങ്കിടുന്നുണ്ട് എന്നും തിരിച്ചറിയുന്നത് അത്ര വലിയ പാപമല്ല .തമിഴില്‍ നിന്നു തന്നെ ദിവ്യ ഭാരതിയുടെ കക്കൂസ് എന്ന ഡോക്യുമെന്ടറി നമുക്ക് നല്കിയ ഷോക്ക് എത്രകണ്ട് വലുതാണ് ! അതിനും മുന്‍പ് നമ്മുടെ തകഴിയുടെ തോട്ടിയുടെ മകന് പറഞ്ഞുതന്ന നഗനസത്യങ്ങളുടെ വില എത്രയാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ല കാരണം ഈ സൃഷ്ടികള്‍ എല്ലാം സത്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മാത്രമാണ് ഇതൊക്കെ എന്ത് വൃത്തികെട്ട സിനിമ എന്ന് പുച്ഛം അവശേഷിപ്പിക്കുന്നവരോട് ഇത്രനല്ല ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് എവിടെയും പറയാന്‍ എനിക്ക് കഴിയും .ഓരോ കാസ്റ്റിങ്ങും സംവിധായകന് എത്ര മികവോടെയാണ് നടത്തിയതെന്ന് നിങ്ങള്‍ക്ക് അത് കാണുമ്പോള്‍ മനസ്സിലാകും .പ്രധാന നടനായ ഗുരു സോമസുന്ദരം നാടകത്തില്‍ നിന്നും ഉരുവായ നടനാണ് അതുകൊണ്ടുതന്നെ അഭിനയത്തിന്റെ വേറിട്ട മുഖം എന്ന് വേണമെങ്കില്‍ നമുക്കിദ്ദേഹത്തെപ്പറ്റി പറയാം ,അത്രകണ്ട് വേറിട്ട ഭാവങ്ങളുടെ അഭിനയ തീക്ഷ്ണതയുടെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ പകര്‍ന്നു നല്‍കുന്നുണ്ട് അദ്ദേഹത്തിലൂടെ .അദ്ദേഹം മാത്രമല്ല നടി രമ്യ പാണ്ട്യനും അതുപോലെ ഓരോ കഥാപാത്രങ്ങളും ഉഗ്രനായിത്തന്നെ അവരുടെ വേഷങ്ങള്‍ പകര്‍ന്നാടിയിട്ടുണ്ട് .
ഈ സിനിമ മുന്‍പോട്ടു വയ്ക്കുന്ന രാഷ്ട്രീയം പൊള്ളിക്കുന്നതാണ് .അത് ഇക്കാലത്തെയും കഴിഞ്ഞകാലത്തെയും ഒരുപക്ഷെ വരാനിരിക്കുന്ന കാലത്തെയും ഒരുപോലെ വരച്ചിടുന്നു .ഏതു കാലമെടുത്താലും ഏതു രാഷ്ട്രീയമെടുത്താലും ദരിദ്രന് കുമ്പിളില്‍ തന്നെയായിരിക്കും കഞ്ഞി നല്‍കുന്നത് .കാരണം ഒരു രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ അളവിലാണ് ഒരുവലിയ വിഭാഗം ഗവര്‍ന്മെന്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനുയായികളും സമ്പന്നരും ധനികരും ആകുന്നത് .അതുവച്ച് നോക്കുമ്പോള്‍ രാഷ്ട്രീയ അരാജകത ഇതില്‍ക്കൂടുതല്‍ നന്നായി എങ്ങനെ പറയാനാകും ?
ഇനി സംഗീതത്തിലേയ്ക്ക് വരാം സിയാന് റോള്‍ഡന്‍ എക്കാലവും കണ്ട മികച്ച സംഗീതം ചെയ്തു എന്നൊന്നും ഞാന്‍ പറയില്ല പക്ഷെ ആ കഥയോട് സാഹചര്യങ്ങളോട് കഥാപാത്രത്തോട് വളരെ മനോഹരമായി നീതിപാലിച്ചു എന്നുതന്നെ പറയും. അതില്‍ 'ഓല ഓല കുടിസയിലെ ഒന്ട വന്ത സീമാട്ടി ' എന്ന ഗാനം എത്ര മനോഹരമാണ് വരികളും സംഗീതവും! കഥാതന്തുവിനോട് എത്ര ലയിച്ചാണ് കമ്പോസ് ചെയ്തിരിക്കുന്നത് .അതുപോലെ 'ജാസ്മിനെ' എന്ന പതിവ് തമിള്‍ ഗാന രീതിയും സംവിധായകന് ഉപേക്ഷിച്ചിട്ടില്ല .
ആദ്യ പകുതിയിലെ നമ്മുടെ അസ്വസ്ഥമായ ചിന്തകള്‍ ഒരുപക്ഷെ 'എന്താണീ സിനിമ ഇങ്ങനെ പോകുന്നത് ? 'എന്ന ചോദ്യത്തിന് അവസാനപകുതി മനോഹരമായി മറുപടി നല്‍കും .നിങ്ങള്‍ നല്ലൊരു കഥാസ്വാദകന്‍ ആണെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ മനസ്സാക്ഷി ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന കൂട്ടത്തിലെങ്കില്‍ സിനിമ തീരുമ്പോള്‍ നിങ്ങള്‍ എന്തിനൊക്കെയോ അസ്വസ്ഥത പേറും .നമ്മുടെ രാഷ്ട്രീയത്തോട് വ്യവസ്ഥിതിയോട് ദാരിദ്ര്യത്തോട് നീതിവ്യവസ്ഥയോട് പ്രാണന് പോകുന്ന പോലെ നിങ്ങള്‍ സ്നേഹിക്കുന്ന പ്രണയത്തോട് ഇനി കോമാളിയെപ്പോലെ പതുങ്ങിയെത്തുന്ന ആ മരണത്തോടും ! കാണാത്തവരോട് നിങ്ങള്‍ കാണണം .ഈ സിനിമയിലെ ഓരോ ചെറിയ വലിയ ആര്‍ടിസ്റ്റ്കളോടും നിര്‍മ്മാതാക്കളോടും നന്ദി പറയട്ടെ നല്ലൊരു സിനിമ ഇന്ത്യക്ക് തമിഴിനു സമ്മാനിച്ചതില്‍ ,ഒരു എളിയ ആസ്വാദകയുടെനന്ദി .