Thursday, January 30, 2014

മഞ്ഞുകാലം കഴിഞ്ഞ് വണ്ണാത്തിപ്പുള്ളുകൾ
സ്വർണ്ണ നൂലുകൾ കൊണ്ട്
കൂടുകെട്ടിത്തുടങ്ങിയിരിക്കുന്നു.
ഇനി ഗൃഹസ്ഥാശ്രമം .

Tuesday, January 21, 2014

അവനവനിൽ ഉള്ള വിശ്വാസം(ആത്മ വിശ്വാസം ) ആയുധം പോലെയാണ് .അത് നന്മയ്ക്കും തിന്മയ്ക്കും ഒരേ പോലെ ഉപയോഗി ആണ് .മറ്റുള്ളവർ ഓങ്ങുന്ന വാൾ ഒരുപക്ഷെ ഇതിൽത്തട്ടി തെറിച്ചു പോയേക്കാം ,അപ്പോൾ ആത്മവിശ്വാസം കവചം ആയിരിക്കണമെന്ന് മാത്രം .
(അനിത ഉവാച .)

Sunday, January 19, 2014

അപരാധി ഞാൻ

ഒരു കവിതയാണെന്നെ തകർത്തുകളഞ്ഞതും
എവിടെയോനിന്ന് ,
അപരാധി നീ എന്ന് പാട്ടുപാടുന്നതും

കത്തുന്ന വെയിലിന്റെ വഴിയെ
മറഞ്ഞുവോ ?
പാതിയായല്ല മുഴുവനായെത്തിയാൽ
പാട്ടുപാടാം  എന്ന് കൂടെച്ചിരിച്ചു  ഞാൻ .

ഇല്ല നിശാഗന്ധി പൂക്കും രജനിയിൽ
ഇല്ല നിൻ ഗന്ധം പടർന്നതേയില്ലതും !
എത്തറ കൂട്ടിക്കിഴിച്ചിട്ടുമില്ല നീ
എങ്ങുപോയ്ക്കാണും കവിതേ ,പ്രിയതമേ !

വാക്കുകൾ ചേരാത്ത കോണിൽ-
പ്പിണങ്ങി നീ
വാർത്തയാകാൻ വേണ്ടി
നിൽക്കാതെ പോയതോ ?

നോക്കിലുറയ്ക്കാത്ത അക്ഷരക്കൂട്ടങ്ങൾ
ചേർക്കവെയെങ്ങാൻ,
പിണങ്ങിപ്പിരിഞ്ഞതോ ?

വാഗ്ദേവി വന്നു കരംഗ്രഹിച്ചോ
നിങ്ങളൊത്തുചേർന്നെങ്ങാൻ
പടികടന്നോ ?!

ഒരു കവിതയാണെന്നെ തകർത്തുകളഞ്ഞതും
എവിടെയോനിന്ന് ,
അപരാധി നീ എന്ന് പാട്ടുപാടുന്നതും .





Friday, January 17, 2014

അവൾക്കവനോടും അവനവളോടും
പറയാനാകാത്ത  പ്രണയം
ഒരു താലിയുടെ,
അപ്പുറവുമിപ്പുറവുമിരുന്നു
വീർപ്പുമുട്ടുന്നു .


ചില പ്രണയങ്ങൾ
പല രൂപത്തിൽ ഭാവത്തിൽ
ശബ്ദത്തിൽ പതുങ്ങിപ്പുറകെ നടന്ന്
ഞാൻ ഇവിടെയുണ്ട് അവിടെയുണ്ട്
തൂണിലും തുരുംബിലുമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു .
തൂണ് തകർത്തൊരു പ്രണയം ചങ്കു കീറിപ്പിളർന്നു
രക്തം കുടിക്കാനെത്തുമോ എന്ന് പേടിച്ചിവിടെ
ചില പ്രാണികൾ സ്വമേധയാ ജീവൻ  വെടിയുന്നു !

Thursday, January 16, 2014

അങ്ങനെയിങ്ങനെ നാത്തൂനേ
ചക്കടെ  മടലോണ്ടുപ്പേരീം
സർക്കാരിന്നോ സോഷ്യലിസോം  -മ്മടെ കുഞ്ഞുണ്ണി മാഷ്‌ അല്ലാണ്ടാരെഴുതാൻ

Wednesday, January 15, 2014

'അശ്യോ !! എന്തൂട്ടാ കുട്ടീ കാലുംമെല് ഇത്ര്യക്കു നീര് ?? പോയില്യെ ഇനീം ഥ്‌ ??
സൂക്ഷിക്കണം ട്ടാ എന്തൂട്ടാണെന്ന് പറയാമ്മേല .'

'അല്ല അത് ഞാൻ സ്കൂട്ടെറീന്നു വീണതല്ലേ അത് പൊയ്ക്കോളും '

'ഹ്മ് ..മം ..നിക്ക് തോന്നണില്യാ അത് പോകുംന്നു .വല്ലാത്തൊരു നീര് തന്യേ ..!
എന്റെ അമ്മയ്ക്കെ, ദു  പോലെ ഒരു മുള്ള് കുത്തീതാ .തൊടീമ്മേലോക്കെ ഓടിനടന്നു പണ്യെണ ആളാർന്നു .കാച്ചിലും കപ്പേം മഞ്ഞളും ഒക്കെ നടും ,പട്ട ഒക്കെ ഓടിച്ചു മടക്കി അടുക്കി വയ്ക്കും ,തിണ്ടുമെലോക്കെ ഓടിയങ്ങട് കേറും .ഉഷാറു അല്ലാതെന്തു ? പ്രായം 75 ! ഈ മുള്ളുകുത്യേടം നീരാങ്ങഡ് വെച്ചു .ഓടിവന്നു  ദാ ഈ  ഹോസ്പിറ്റലിൽ. കുട്ട്യേ കാണിച്ച അതെ ഡോക്ടറാ നോക്യേ .അവര് മുകളിൽ കീറിക്കളയണം എന്ന് പറഞ്ഞു .അടീൽ മുള്ളിരുപ്പുണ്ടേ ,ആര് കേക്കണ് അവര് കീറി മാറ്റി ഒരു പത്തുപൈസ വട്ടത്തി .എന്നിട്ടോ മഞ്ഞയൊന്നും കുത്തിക്കളഞ്ഞുമില്ല .വീട്ടിലെത്തീപ്പം കാലുമുഴുവൻ പഴുത്തു .നേരെ വീണ്ടും ഇവിടെ .അയാള് നോക്കിപ്പറഞ്ഞു പഴുപ്പുകേറി നാശായി ഈ കാലു ദാ ബ്ടുന്നങ്ങ് മുറിച്ചു കളയേണ്ടി വരും ന്നു !

(എന്റെ മുഖത്തു വിരിഞ്ഞ നവ രസങ്ങൾ കഴിഞ്ഞുള്ള രസങ്ങൾ ജഗതി ശ്രീകുമാർ പോലും വരുത്തിയ രസങ്ങളായിരുന്നില്ല !)

'എന്നിട്ടെന്താ ഞങ്ങ വിടുന്നു വിട്ടു അമലേ കൊണ്ടുപോയി കീറി പഴുപ്പ് മുഴോനും കളഞ്ഞു വന്നു ,കുറഞ്ഞു സുഗായി.അപ്പൊ ധാ ആള് കിടപ്പിലായി .വീണ്ടും തണ്ടെല്ലിനു വേദന വന്നു കാലു നീര് വച്ച് നാശമായി ,കൊണ്ട് ചെന്നപ്പോ കുറേശ്ശെ ബ്ലഡ്‌ ക്യാൻസർ ഉണ്ടാരുന്നത്രേ !പത്തു ദിവസം തികച്ചു കിടന്നില്ല ,അമ്മേടെ വയറിനകത്ത്‌ വിഷമം എന്ന് പറഞ്ഞപ്പോ ഞാൻ പിടിച്ചു നോക്കി ,മുഴുവൻ വെള്ളം കെട്ടിക്കിടക്കും പോലെ ..അന്നുരാത്രി അമ്മ രക്തം ചർദ്ദിച്ചു നിർത്താതെ ,രണ്ടീസം തികഞ്ഞില്ല അമ്മ പോയി .'

'കുട്ടിയ്ക്ക് ഒക്കാനിക്കാനെങ്ങാനും വരണിണ്ടോ ??'

ഞാൻ വിളറിയ മുഖത്തോടെ ആലോചിച്ചു.. വരുന്നുണ്ടോ ?? അടിവയറീന്നു ഗളഗള ഒച്ച കേട്ടോ ??

'സൂക്ഷിചോള്വ ട്ടാ ..'എന്റെ കൈയിൽ നിന്നും 150 രൂപ കേബിൾ കാശ് വാങ്ങി ഒപ്പിട്ടു തന്നു ആ ചേച്ചി. എന്റെ വീർത്തുകെട്ടിയ കാലിലേയ്ക്ക് സഹതാപത്തോടെ നോക്കി ,വീണ്ടും തിരിഞ്ഞു നോക്കിപ്പറഞ്ഞു: ' സൂക്ഷിക്കണം നിക്ക് കണ്ടിട്ടെന്തോ ആവണ് ..'
വാൽ :കണ്ടു കണ്ടങ്ങിരിക്കും അനിതയെ കണ്ടില്ലെന്നും വരുത്തുന്നിതും  ചിലർ !


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...