Friday, January 13, 2017

മാധവിക്കുട്ടിയാകാൻ ഓരോ എഴുത്തുകാരികളും മത്സരിക്കുന്നു
ഇപ്പോൾ അഭിനയിക്കാനും ..! ചിരിക്കാതെന്തു ചെയ്യും ഗോവിന്ദാ അല്ല കമലാസനാ !
പച്ചരക്തം തുടിക്കുന്ന ധമനികൾ ..
കാവ്യ ഭംഗിയിൽ നീലിച്ച കവിതകൾ ..
കോടി കാവ്യം ചമയക്കുന്ന കൈയ്യുകൾ
മണ്ണിൽ നിന്നും ഉയരുന്ന ധന്യത !

Thursday, January 12, 2017

എഴുത്തുകാരിൽ ഞാൻ കാണാൻ കൊതിച്ച ആദ്യ ആൾക്ക് ..വന്നു കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ കണ്ണുരുട്ടി വേണ്ടാ എന്നുപറഞ്ഞെന്നെ കരച്ചിലിൻ വക്കിലെത്തിച്ചയാൾക്ക്  വീടിനു തൊട്ടടുത്ത് അക്കാദമിയിൽ സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ വന്നു കാണണം എന്ന് സ്നേഹപൂർവ്വം എന്നെ ക്ഷണിച്ചന്തം വിടുവിച്ചയാൾക്ക് പനിച്ചൂടിൽ നിന്നുമിറങ്ങിയോടി ഞാൻ കൺനിറയെക്കണ്ട സൂര്യതേജസ്സിന് എന്റെ എന്നെത്തെയും ദുനിയാവോളം ഞാനാദരിക്കുന്ന സ്നേഹിക്കുന്ന സുൽത്താന്റെ അവാർഡ് ലഭിക്കുമ്പോൾ ഞാൻ കടുകുമണിയോളം ചെറുതായി നിന്ന് നോക്കൂ മാനത്തേക്ക് നോക്കൂ ..ദാ അത്രയോളം മിന്നുംനക്ഷത്രങ്ങൾ വാരിയെറിഞ്ഞു സന്തോഷിച്ചുകൊണ്ടു പ്രണമിക്കുന്നു ..കോടിയാശംസകൾ ..അഷിത ടീച്ചർക്ക് ന്റെ പ്രിയ എഴുത്തുകാരിക്ക് നിറഞ്ഞ സ്നേഹം !

Tuesday, January 10, 2017

ഒരാളുടെ മുഴുവൻ സർഗാത്മകതയെയും തകർത്തുകളയാൻ ചില വാക്കുകൾക്കു കഴിയുമോ ? ചില ഒടുങ്ങാത്ത മുറിവുകൾക്ക് നമ്മളെ ആകെ തകർത്തുകളയാൻ കഴിയുമോ ? ചില ആരോപണങ്ങൾക്ക് അതിൽ അൽപ്പം പോലും കഴമ്പില്ലെങ്കിലും ആരോപിക്കുന്ന ആൾ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടൊരാൾ ആയിരുന്നാൽ നിങ്ങൾ ജഡമായി പോകുന്നതിൽ അത്ഭുതമില്ല അല്ലെ ??!പിന്നീടയാളെ പഴയതുപോലെ സ്നേഹിക്കാൻ ഈ 'മനോരോഗി'കൾക്കു കഴിയണമെന്നേ ഇല്ല കാരണം അവർ അത്രയ്ക്കും ലോലഹൃദയർ ആയിരിക്കാം! ഒരാളെ മനോരോഗി ആക്കുന്നത് അയാളുടെ മുഴുവൻ ചുറ്റുപാടും ആണെന്നത്  സത്യം തന്നെയാണ് ..ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോകുന്നവർ ആത്മഹത്യ ചെയ്യുമ്പോൾ അതിനുത്തരവാദികളായതിനെ തച്ചുടയ്ക്കുക അല്ല ചെയ്യേണ്ടത് ! ആണോ ?ചുറ്റുപാടുകൾ തകർക്കുന്നതിലൂടെയോ അവരെത്തന്നെ തകർക്കുന്നതിലൂടെയോ എന്ത് നേടാൻ ?? നേടേണ്ടത് മനുഷ്യന്റെ ഉള്ളിലൂടെയുള്ള പരിവർത്തനം മാത്രമാണ് .

Wednesday, January 4, 2017

സ്നേഹിക്കുക എന്നാൽ കുറേ സൗകര്യങ്ങൾ
ഒരുക്കുക എന്നതാണെന്ന് തെറ്റിദ്ധരിക്കരുതാരും !
സ്നേഹിക്കുക എന്നാൽ അവിടെ ശരീരമില്ലാതിരിക്കുക
എന്നതിലാണ് കാര്യം ..
സ്നേഹം അനുഭവിക്കുന്നത് ആത്മാവുകൊണ്ടാണ്
ശരീരംകൊണ്ടു സ്നേഹിക്കപ്പെടുന്നതിനേക്കാൾ
നൂറിരട്ടി അനുഭൂതി നിങ്ങൾ സ്നേഹിക്കപ്പെടുന്നയാളിന്റെ /
സ്നേഹിക്കുന്നയാളിന്റെ മനസ്സിലുണ്ട് എന്നറിയുമ്പോഴാണ്
ലഭിക്കുന്നത് !നിസ്വാർത്ഥത മനസിലുണ്ടാകുക എളുപ്പമല്ല
അത് മനസ്സിലുള്ളവന് സ്നേഹം കെട്ടുപാടുകളിൽ
ബന്ധിതമായ ഒന്നായിത്തീരുന്നില്ല ..!
അതിന് ആയിരം ചിറകുകൾ ഉണ്ടാകും
ആരും കാണാതെ പറന്നണയാൻ ..പറന്നു പോകാനും !

Tuesday, December 20, 2016

മഞ്ഞുകൂട്ടിലേക്ക്‌ തിരികെ പോകുന്നു ..
ഇല പൊഴിഞ്ഞ ഇലവുമരങ്ങളിലെ
പതുപതുത്ത ഇളം റോസ് പൂക്കളില്ല ..
മുരിക്കിൻ പൂവുകളുടെ തീക്ഷ്ണ
വിപ്ലവ നിറങ്ങളില്ല ..
മഞ്ഞുപൂത്തു കിടക്കുന്ന
പാടങ്ങളില്ല ..
വയൽവരമ്പത്തുകൂടി പാഞ്ഞോടുന്ന
പൊണ്ണൻ പച്ചത്തവളകളില്ല ..
എന്നാലും എല്ലാത്തിനും ഉപരിയായി
എന്നും നിറകണ്ണുമായി ..
കുട്ടികൾ ഞങ്ങളെ കാത്തിരിക്കുന്ന
ഞങ്ങളുടെ മുത്തശ്ശൻ വീടുണ്ട്
അതിൽ നിറയെ സന്തോഷം വിതറുന്ന
പൗരാണികമായ സ്‌മൃതിഗന്ധങ്ങളുണ്ട് ..
വഴിക്കണ്ണുമായി ഞങ്ങളെക്കാത്തിരിക്കാൻ
അച്ഛയും അമ്മച്ചിയുമുണ്ട് ..
പിന്നെ എന്നോ പൂത്തുവിരിഞ്ഞു മേലെനിന്ന്
ഇന്നും ഹൃദയത്തിനുമേൽ വഴികാട്ടുന്ന ആ
ദിവ്യനക്ഷത്രമുണ്ട് !
ക്രിസ്തുമസ് കാലത്തിനുമാത്രം നൽകാൻ
കഴിയുന്ന തണുത്തുറഞ്ഞ മൃദുലമായ
ഓർമ്മത്തൂവലുകളുണ്ട് ..
പോവുന്നു ..എന്റെ വയനാട്ടിലേയ്ക്ക് ..
ഏവർക്കും തണുപ്പുത്സവാശംസകൾ

Thursday, December 15, 2016

ഈ  ഭൂമിയുടെ ഓരോ കോണുകളിൽ യുദ്ധത്തിലും കലഹത്തിലും പെട്ട് കുഞ്ഞുങ്ങളും ആളുകളും നിസ്സഹായരായി മരിച്ചു വീഴുകയാണ് അപ്പോഴാണിവിടെ ഒരാവശ്യവുമില്ലാതെ ദേശീയഗാനവും കൊണ്ട് ആളുകൾ ഭ്രാന്ത് കളിക്കുന്നത് .നാണമില്ലേ ആർക്കും ? ദേശീയഗാനം ഓരോ പൗരന്റെയും ഉള്ളിലുണ്ടാകണം അത്  വെറും ഗാനമല്ല എന്നും കേൾക്കുമ്പോൾ നെഞ്ചിൻ തുടിപ്പുണരണം എന്നും ഓരോരുത്തരും മനസ്സിലാക്കുന്നിടത്തു തീരണം അനാവശ്യ മേലാപ്പുകൾ .

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...