Wednesday, September 23, 2015

കാര്യങ്ങൾ പറഞ്ഞുതീർക്കുക എന്ന നിസ്സാരവും ലളിതവുമായ പ്രക്രിയയിൽ നിന്നും മാറി പകയും പകപോക്കലും കൊണ്ട് കലുഷിതമാക്കുന്നതു മാത്രമേ ഇന്നുള്ളൂ .ഒരാളെ നേരിട്ട് അറിയുക ,അയാൾ ആരെന്നു മനസ്സിലാക്കുക എന്നൊന്ന് ഇന്ന് സംഭവിക്കുന്നതെയില്ല !!മറിച്ച് മൂന്നാമതൊരാൾ എന്ത് പറയുന്നുവോ അത് വിശ്വസിക്കുകയും അതിലൂടെ മാത്രം നോക്കിക്കാണുകയും ആളുകളെ വിലയിരുത്തി അവർക്ക് പ്രൈസ് ടാഗ് ഇടുകയും ചെയ്യുന്ന വിചിത്രമായ ജീവിതചര്യയിലൂടെയാണ് ഞാനും നിങ്ങളും കടന്നു പോകുന്നത് .ഇന്നലെ നിങ്ങൾക്കിട്ട മാർക്കല്ല ഇന്ന് നിങ്ങൾക്കുള്ളത്‌ !അത് ഒരുപക്ഷെ നിങ്ങളുടെ ജനിതകത്തകരാറല്ല ..ഈ മൂന്നാമന്റെയോ അയാളെ / അവളെ വിശ്വസിക്കുന്ന ജനതതിയുടെയോ തകരാറുകൾ മാത്രമാണ് ..എന്നെയോ നിന്നെയോ അത്  ബാധിക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുകയും നിസ്സാരമായി നിങ്ങളുടെ / നമ്മുടെ പാതയിലൂടെ മുന്നോട്ടു പോകുന്നവർ മാത്രമാണ് യഥാർത്ഥ വിജയികൾ !

Thursday, September 17, 2015

എന്റെതന്നെ ഭാവങ്ങളുടെ ആത്മശുദ്ധീകരണമായിരുന്നു ഈ ആമുഖക്കുറിപ്പിലൂടെ എനിക്ക് പകരാൻ കഴിഞ്ഞത് വരയ്ക്കാനും!! കൈരളി ബുക്സിൽ നിന്നും അഞ്ചു ബുക്കുകൾ എന്നെത്തേടി വന്ന സന്തോഷ നിമിഷം -'പെണ്‍ഭാവങ്ങളുടെ പതിനെട്ടു കഥകൾ _ പ്രണയം രതി വിഷാദം' ,ശ്രീ പി സുരേന്ദ്രൻ .

Wednesday, September 16, 2015

ഈ പ്രൊഫഷണൽ കൊറിയർ കാരുടെ ഉഡായിപ്പ് പരിപാടികൊണ്ട് മടുത്തു മുട്ടംതട്ടിയ ഒരാളെന്ന നിലയിൽ അവരെ നാലുവർത്തമാനം ദാ ഇതുപോലെ വിളിച്ചില്ലേൽ എനിക്കെങ്ങനെ സമാധാനം കിട്ടും ?? എനിക്ക് വരുന്ന ബുക്കുകളും മറ്റു കൊറിയർ സാമഗ്രികളും' പ്രൊഫഷണൽ കൊറിയർ'എന്ന നാമദേയത്തിന്റെ വലിപ്പം കൊണ്ട് അതിലൂടെയാണ് കിട്ടുന്നത് പക്ഷെ ദൈവത്താണേ ഒരെണ്ണം പോലും കൊണ്ടുത്തരാനുള്ള മര്യാദ "ലോകത്തിന്റെ എതുകോണിലും എത്തിച്ചുതരാൻ ഞങ്ങളുണ്ട് " എന്ന മഹനീയ വാക്യത്താൽ എല്ലാരെയും പറ്റിക്കുന്ന ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല .മനുഷ്യൻ ജോലി ചെയ്തു വലഞ്ഞ് തളർന്നു വന്നുകയറുമ്പോൾ ഇവരുടെ വക വന്നു കളക്റ്റ് ചെയ്യൂ എന്നുള്ള വിളി കേൾക്കുമ്പോൾ നമ്മുടെ മഹത്തായ തപാൽ വകുപ്പിലെ എണ്ണമില്ലാത്ത കത്തുകളും തപാൽ ഉരുപ്പടികളും കൊണ്ടുനടന്നു കൊടുക്കുന്ന പോസ്റ്റ്‌ മാൻ മാരെയും പോസ്റ്റ്‌ വുമൻ മാരെയും എത്ര നമിച്ചാലാ മതിയാകുക ? അമിതമായ സർവ്വീസ് ചാർജ് വാങ്ങുമ്പോൾ ഇവർ ആരും പറയാറില്ല "ഇന്ന സ്ഥലങ്ങളിലേയ്ക്ക് സർവ്വീസ് ഉണ്ടാവുകയില്ല എന്ന് " മറിച്ച് സാധനം എത്തിക്കഴിയുമ്പോൾ "മാഡം ഞങ്ങൾക്ക് പുതൂർക്കര എന്ന ഓണം കേറാ മൂലയിലേയ്ക്ക് സർവ്വീസുകൾ ഇല്ല അതിനാൽ ഞങ്ങളുടെ ഓഫീസിൽ വന്നു വേണേ വാങ്ങിച്ചോണ്ട് പോ " എന്ന മട്ടിലുള്ള വിളി വരും ! ഇത് കഴിഞ്ഞ അഞ്ചു വർഷമായി എനിക്ക് തൃശ്ശൂരിൽ നിന്നും അതിനു മുൻപ് വയനാട്ടിൽ നിന്നും മറ്റും മറ്റും അനുഭവമാണ് .ഒന്ന് ചോദിക്കട്ടെ ഈ വിശാലമായ നഗരങ്ങളിലേയ്ക്ക് മാത്രമാണെങ്കിൽ പിന്നെ ഇത് അവരുടെ ഓരോ ഓഫീസിലും എഴുതി വയ്ക്കണ്ടേ ? 'ഈ സ്ഥലങ്ങളിലേയ്ക്ക് ഞങ്ങളുടെ സർവ്വീസുകൾ ഇല്ല 'എന്ന് ? എന്നാൽ ആളുകൾക്ക് അതിനനുസരിച്ച് സർവ്വീസുകൾ മാറ്റാമല്ലോ !! കള്ളത്തരമാണിത് കാരണം എവിടേയ്ക്കും ഏതു കോണിലെയ്ക്കും സർവ്വീസുകൾ ലഭ്യമാണ് എന്ന് പറയുകയും അവരുടെ സ്ഥാപിത റൂട്ടുകളിൽ കൂടി മാത്രം സാധന സാമഗ്രികൾ എത്തിക്കുകയും ഉപഭോക്താക്കൾ ആവശ്യക്കാർ ആയതിനാൽ അതിനു പിന്നാലെ വണ്ടിയും വള്ളവും പിടിച്ചു പായുകയും ചെയ്യും .ആവശ്യക്കാരന് ഔചിത്യം പാടില്ലല്ലോ !!! 

Sunday, September 13, 2015

ഡാ  നീയില്ലാത്തൊരു ദിനവും ഞാനില്ലായിരുന്നു ..ഒരുപക്ഷെ നിന്നെക്കാണാൻ അല്ലെ ഞാൻ ജനിച്ചതെന്ന് പലവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ട് !നിനക്ക് കുറ്റമുള്ളതൊന്നും എനിക്ക് വേണ്ട !നിന്നെ ഇഷ്ടമില്ലാത്തവർ ആരെയും എനിക്ക് വേണ്ട ..നീയേ എനിക്കുലകം !ലോകത്തൊരു അനുജത്തിയും സ്നേഹിക്കാത്തവിധം ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നതിന് 'നിനക്ക് നിഴൽ ഞാൻ ' എന്ന ഒരേയൊരു സൂത്രവാക്യം മതി !എന്റെച്ചിക്ക് പൊന്നുമ്മ പിറന്നാൾ ഉമ്മ !

Tuesday, September 8, 2015

ഏറ്റവും സന്തോഷപൂർവ്വം അഭിമാനപൂർവ്വം പറയട്ടെ ,സുപ്രസിദ്ധ എഴുത്തുകാരനും കലാനിരൂപകനുമായ ശ്രീ പി സുരേന്ദ്രൻ ന്റെ സ്ത്രീഭാവങ്ങളുടെ സമന്വയമായ പതിനെട്ടു കഥകളടങ്ങിയ   'പ്രണയം രതി വിഷാദം ' എന്ന ഈ ബുക്കിന്റെ അവതാരിക എഴുതുവാനും  അതിലെ പതിനെട്ടു ചിത്രങ്ങൾ  വരയ്ക്കാനുമുള്ള മഹാഭാഗ്യം അദ്ദേഹം എന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അന്ഗീകാരമായിട്ടാണ് ഞാനതിനെ നെഞ്ഞിലേറ്റിയത് ! ഇപ്പോൾ ഇതാ അത് കൈരളി ബുക്സ് പുറത്തിറക്കിയിരിക്കുന്നു .എല്ലാവരും വായിക്കണം സ്ത്രീഭാവങ്ങളെ ഒരു എഴുത്തുകാരൻ എന്നതിലും ഉപരിയായി ഒരു പുരുഷൻ സമീപിച്ചിരിക്കുന്നതിലെ വൈവിധ്യം ആഴം നിങ്ങൾ ഓരോരുത്തരും തൊട്ടറിയണം ! 

Wednesday, September 2, 2015

ഒറ്റാൾ !


 നിഴൽവഴി ഏതുമില്ലാതെ
ഉച്ചിയിൽ മാത്രം വെയിലുദിക്കുന്ന
നിഴലിനെപ്പോലും കുടിച്ചു തീർക്കുന്ന
നട്ടുച്ച ജീവിതങ്ങൾ !

എരിഞ്ഞു തീർന്നു പോകുന്ന
നാഴികമണികൾ ..
സമയമേതുമില്ലാതെ അവർ
വേച്ചു വേച്ചു നടന്നുപോകുന്നു !
ഇപ്പോൾ വീണാലും എപ്പോൾ വീണാലും
കത്തിച്ചുതീർക്കാൻ
കാത്തു നില്ക്കയാണവൻ കതിരവൻ !

കൂട്ടിനാരുമില്ലേയെന്ന് കളിയാക്കിക്കൊണ്ട്‌
നെറ്റിയിൽക്കൂടി ഉരുണ്ടുരുണ്ടൊരു
വിയർപ്പുമണി താഴെയെത്തും മുൻപ്
ഊതിക്കുടിക്കുന്നു പൊടിക്കാറ്റത് !
ഇരുന്നാൽ നേരം പോകില്ലേ
നടക്കുകയാണ് നന്ന് !

Tuesday, September 1, 2015

മറഞ്ഞിരുന്നാലും തെളിഞ്ഞുവീശുന്ന ചില നിഴലുകൾക്കിപ്പുറമാണ് ആ വഴികൾ ..അതിലൂടെ പ്രണയവും വിരഹവും വിപ്ലവവും ജീവിതവും വിരൽകോർത്തു നടപ്പുണ്ട് ..താളവും മേളവും പിന്നാബുറ സംഗീതവുമില്ലാത്ത ഹരിതവഴികൾ ..അവയിൽ ചിലയിടങ്ങളിൽ ഞാൻ കരയുന്നുണ്ടാകാം ചിരിക്കുന്നുണ്ടാകാം കളിയാക്കുകയും  കോപിക്കുന്നുമുണ്ടാകാം ചിലവഴികളുടെ നനഞ്ഞ തണുപ്പിൽ ഓർക്കാപ്പുറത്ത് കവിളിൽ ഒരുചുംബനം തന്ന് ആദ്യപ്രണയം ഇപ്പോഴും നിങ്ങളെ കോരിത്തരിപ്പിച്ചെക്കാം. പിന്നെ ആ നിമിഷത്തിന്റെ സ്വകാര്യതയ്ക്കിപ്പുറം എന്തിനെന്നറിയാതെ പിണങ്ങിപ്പിരിഞ്ഞു വേറൊരു വഴിയിലൂടെ ജീവിതം നിങ്ങളെ ഒഴുക്കിയൊഴുക്കി വിട്ടേക്കാം .അതുംകഴിഞ്ഞൊരുനാൾ നിങ്ങളിലൂടെ കഥയും കാമനയും കരകവിഞ്ഞൊഴുകി പലവഴികൾ സൃഷ്ടിക്കപ്പെട്ടേക്കാം ..അവയിലെല്ലാം ഞാനുണ്ട് എന്റെ വിചാരങ്ങളുടെ ഏറ്റവും സത്യമായ വാക്കുകൾ ഉണ്ട്. അതിലൊരുപക്ഷെ താളമോ മേളമോ ഉണ്ടാകയില്ല പക്ഷെ പതിഞ്ഞ ശബ്ദത്തിൽ എന്റെ ഹൃദയമിടിപ്പുകളുടെ ടപ് ദപ് തരംഗങ്ങൾ വരികളായി ചാലിട്ടൊഴുകുന്നുണ്ടാകും ..എന്റെ ആദ്യ കവിതാസമാഹാരം മുക്കാൽ വഴിയിൽ ആണ് "കടുംപച്ച വഴികൾ "കൂടെയുണ്ടാകുമോ കൂട്ടുകാരെ ?

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...