Wednesday, July 23, 2014

എന്നെയും നിന്നെയും നമ്മളാക്കുന്നത്

തനിച്ചിരിക്കലുകൾ ഏകാന്തതകൾ
പല  നേരങ്ങളിലെയും  പിടിവള്ളികൾ ..
അതിലിരുന്ന് നീയും ഞാനും ഊഞ്ഞാലാടും
അതിലൂടെ നീണ്ട നീണ്ട യാത്രകൾ പോകും

മനസ്സിന്റെ ഇനിയും തുറക്കാത്ത വാതിലുകൾ
ഓടാമ്പൽ നീക്കി അകത്തുകയറി
കുറ്റിയിട്ടു ചിക്കിച്ചികഞ്ഞു
 പൊട്ടിക്കരയുകയൊ
പൊട്ടിച്ചിരിക്കുകയോ മരണം പോലെ
വിങ്ങി വീർത്ത് ചീഞ്ഞു നാറുകയോ ചെയ്യാം

ഇനിയും കൊതിക്കുന്ന കൈയ്യുകൾ
തേടിപ്പിടിച്ച് അതിരുകളില്ലാത്ത
കുന്നിൻ മുകളിലേയ്ക്ക്
പാറിപ്പാറി പറന്നു പോകാം

ആകാശത്തിനു കീഴെ
നക്ഷത്രപ്പൂക്കൾ വിതറി
ഒരലട്ടലുകലുമില്ലാതെ
കരിനാഗങ്ങൾ പോലെ
ആഞ്ഞുയർന്നു അയഞ്ഞുലഞ്ഞ്
അമരത്വത്തിന്റെ ക്ഷണഭംഗി നുകരാം

കാറ്റെവിടെ കടലെവിടെയേന്നു
ഓർക്കുകപൊലുമില്ലാതെ 
തന്റെയുള്ളിലെ തിരമാലകളിൽ
ആലോലമാടി നീണ്ട ഉറക്കങ്ങളുടെ
ധ്യാനസ്ഥലികളിൽ ബുദ്ധന്മാരാകാം

ഒരു കണ്ണാടിയുമില്ലാതെ മുഖഭംഗി
 നോക്കിനോക്കി ഊറിച്ചിരിക്കും
എന്റെതന്നെ  പാതിമെയ്യുകളിൽ
അർദ്ധനാരീശ്വര അർത്ഥതലങ്ങൾ തേടാം

കട്ടിപ്പുതപ്പുകളേതുമില്ലാതെ
ശീതകാറ്റിൽ കാഴ്ച്ചകാണാനിറങ്ങാം 
പട്ടുറുമാല് പോലെ മേഘത്തേരേറി
പാറിപ്പറന്നു പോകാൻ
സ്വപ്നങ്ങളുടെ കെട്ടഴിക്കാം

തനിച്ചിരിക്കലുകളാണ്
ഇനിയും തനിച്ചിരിക്കലുകളാണ്
ഒരേ മാലയുടെ നൂല് പോലെ
കോർത്തിണക്കി 
എന്നെയും നിന്നെയും നമ്മളാക്കുന്നതല്ലേ ..!




Friday, July 18, 2014

മാനസേ മനസ്വിതെ സുന്ദരീ
മധുജമാണോ മനസ്സിലും മാനിനീ
നിനദമൊന്നുമുയർത്താതെ നിമ്നതാ 
നിയതിയെ ഭജിച്ച്ദ്വാരാ നില്പ്പതോ .

Wednesday, July 16, 2014

ആഹോരവം ആളുകയാണ് ഹൃത്തെ
കഷ്ടം !ആവൃതി കെട്ടിയുള്ളിൽ
വാഴുക മൂഡസ്വർഗ്ഗെ !

Sunday, July 13, 2014

രാത്രിയിലെപ്പോഴോ ഞാനും ദൈവവും ഉറങ്ങിയപ്പോൾ
മഴ പെറ്റിട്ടു പോയതാണോ പ്രഭാതത്തിലെ ഈ പച്ചക്കുരുന്നുകൾ !

Saturday, July 12, 2014

അമ്മേ എന്നുള്ള നിലവിളി
നാടും വീടും നിറവുമില്ലാതെ
രാജ്യവും അതിരുകളും
കാലവും ദേശവുമില്ലാതെ
ഓരോ അമ്മയിലും വന്നു
പതിക്കയാണെൻറെ പൊന്നു മക്കളെ !
ചാരുഹാസവദനെ ബിംബാധരി
ചായുക ചാരുതനു ചാരെ.
കുതൂഹലി കന്ദളം തൊട്ട -
മവരുവതൊന്നുമാത്രമോർച്ച !
ഓജസ്സൊഴിഞ്ഞു പോയി ചൊല്ലാ
നാവതുമില്ലത്ത്രാസം !

Thursday, July 10, 2014

വീടുകൾ !

കണ്ണീര് നിരാശ ഏകാന്തത
അട്ടഹാസം വിഷാദം വെയിൽ
പട്ടികൾ കുട്ടികൾ കടിപിടികൾ
വീർപ്പുമുട്ടുന്നു വീടുകൾ

കുട്ടികളുടെ കരച്ചിൽ
കുട്ടികളില്ലാത്തവരുടെ കരച്ചിൽ
കുട്ടികൾ വേണ്ടാത്തവരുടെ കരച്ചിൽ
വീർപ്പുമുട്ടുന്നു വീടുകൾ

ഉറക്കമില്ലാത്ത രാവുകൾ
ഉറക്കം നടിക്കുന്ന രാവുകൾ
വെറിപിടിച്ച താളങ്ങളിൽ
ഉള്ളുലയ്ക്കുന്ന രാവുകൾ
വീർപ്പുമുട്ടുന്നു വീടുകൾ

കണ്ണീരും ചിരിയും
നിലാവും കുട്ടികളും
കൂട്ടിമുട്ടിപ്പൊട്ടിച്ചിരിക്കുന്ന
വീടുകളെനോക്കി വീർപ്പുമുട്ടുന്നു വീടുകൾ

കട്ടകളും കട്ടിളയും പൊട്ടിത്തെറിച്ച്
വീർപ്പുമുട്ടലുകളുടെ ദീർഘ നിശ്വാസങ്ങൾ
വാതായനം വഴി പുറത്തേയ്ക്കൊഴുക്കാൻ
വീർപ്പുമുട്ടുന്ന വീടുകൾ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...