Wednesday, April 23, 2014

ചില നേരങ്ങളിൽ നദി ആകാശത്തിലൂടെ  പറക്കുകയാണെന്ന് തോന്നും വിധം
ആകാശത്തെയും വഹിച്ചുകൊണ്ട് ഭൂമിയിലൂടെ  പറക്കാറുണ്ട് ..അപ്പോൾ വെള്ളിമേഘങ്ങൾ പോലെ ചുറ്റിനും നുര പരത്തി കാറ്റ് കൂടെപ്പോകാറുമുണ്ട്. ആ പറക്കലിൽ കൂടെപ്പോയപ്പോഴാണ് ചിറകുകളില്ലാതെയും പറക്കാമെന്നു പഠിച്ചതും എനിക്ക് മുകളിൽ നദികൾ ആകാശത്തുകൂടിയും ഒഴുകുമെന്നറിഞ്ഞതും !

Saturday, April 19, 2014

ഒരു മഞ്ഞുരുകും കാലത്തെ നീർത്തുള്ളികൾക്കുള്ളിൽ ഒളിച്ചിരിക്കയായിരുന്നു ആ പ്രണയം .ഒരു ഇലയനക്കത്തിലൂടെ ഊർന്നു വീണ് വിത്തിന്റെ ആഴുമാത്മാവിനെ തൊട്ടു വിളിച്ചു ആ പ്രണയം .എന്നിട്ടുമുണരാതെ ആ വിത്ത് പ്രണയത്തെയും നെഞ്ഞിലേറ്റി കാത്തിരുന്നു ..ഒരു കുന്നുകയറി മഴനനഞ്ഞ് ഒരാൾ വന്ന് ആ വിത്തിനെ പൊതിഞ്ഞെടുത്തു കൊണ്ടുപോയി ..അനേകമനേകം യാത്രകളിലൂടെ ആ വിത്ത്‌ പ്രണയം പൊതിഞ്ഞ് കുതിർന്ന് മുളപൊട്ടാനായി കാത്തിരുന്നു ..പൊടിഞ്ഞ കരുത്തുറ്റ കറുത്ത മണ്ണിൽ അയാളതിനെ നട്ടുറപ്പിച്ചു ..നാണത്തോടെ വിത്ത്‌ പൊട്ടിമുളച്ചു ! പ്രണയം മണക്കുന്ന ഒരു സുന്ദരിപ്പൂവ്‌ അയാൾക്ക്‌ വേണ്ടി വിത്ത്‌ കാത്തുവച്ചിരുന്നു .

Friday, April 4, 2014

പൂമ്പാറ്റ

പതിരു കാണാത്ത പാരിജാതങ്ങളിൽ
പതിവു തെറ്റിപ്പറന്നു പോകുന്നു ഞാൻ ..
അതിരുകാണാത്ത ആകാശവീഥിയിൽ
അതിഥി നക്ഷത്രമെന്നപോലോമനെ ..!


Tuesday, April 1, 2014

ഏറ്റവും നിശബ്ദതയുടെ അങ്ങേത്തലയ്ക്കൽ നിന്നും ഉണർന്നു വരുമ്പോൾ നീ ഉച്ചത്തിൽ പാട്ടുപാടുകയായിരുന്നു പക്ഷീ !അതിന്നിടയിലൂടെ ഞാൻ വീണ്ടും നിശബ്ദതയിലെയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ പള്ളിമണികളുടെയും പത്രക്കാരന്റെ സൈക്കിൾ മണിയൊച്ചയും കടന്ന് ഭാവയാമി രഘുരാമം ഏതോ ദിക്കിൽ നിന്നും ഒഴുകി വരുന്നുണ്ടായിരുന്നു.വീണ്ടും വീണ്ടും ഇറങ്ങിച്ചെന്നപ്പോൾ ഇലയനക്കങ്ങളും കാക്കക്കരച്ചിലുകളും ഏതോ അമ്മയുടെ ശകാരവും കടന്നു അകലെ വളരെ അകലെനിന്നും ട്രെയിനിരംബം അകന്നു പോകുന്നുണ്ടായിരുന്നു ..അതും കടന്നു വീണ്ടും വീണ്ടുമിറങ്ങിയപ്പോൾ മാത്രമാണെനിക്ക് എന്റെ ശ്വാസ ശബ്ദം മനസ്സിലായത് !കേട്ടതിലേറ്റവും ഇംമ്പമില്ലാത്തത് !അവനവനിലെയ്ക്കുള്ള ദൂരം എത്ര അകലെയാണല്ലേ !!

Sunday, March 30, 2014

വിഭ്രാന്തമായ വിശുദ്ധിയുടെ അങ്ങേച്ചെരുവിലാണ് സൂര്യനെന്നും മുങ്ങി മരിക്കുന്നത്!അതുകൊണ്ടാണ് പിറ്റേ ദിവസം പുലർച്ചേ എന്നും ഉയർത്തെഴുനേല്ക്കുന്നതും പകൽ മുഴുവൻ തിളച്ചുമറിഞ്ഞു കോപം തീർക്കുന്നതും !

Saturday, March 29, 2014

പ്രിയപ്പെട്ട നാട്ടുകാരെ വോട്ടഭ്യർഥിക്കുന്നവരെ..നിങ്ങൾ മെസ്സേജ് ബോക്സിലൂടെ വോട്ടു ചോദിക്കുന്നത് കൊള്ളാം പക്ഷെ നാടിന്റെ ജീവനറിയാത്ത,ഫ്ലക്സ് ഉം വോട്ടുചോദിക്കലും കൊണ്ട് നാടിന്റെ ഓരോ മുക്കും മൂലയും കുളമാക്കിയ ശേഷം വോട്ടും വാങ്ങി കീശയിലിട്ടു അവനവന്റെ സ്വാർത്ഥ താത്പര്യങ്ങൾ മാത്രം നടപ്പിലാക്കുന്ന ,മണ്ണിനെയും പരിതസ്ഥിതിയെയും ഉറച്ചു സ്നേഹിക്കാനറിയാതെ വെറും വീമ്പടിക്കുന്ന ,വ്യവസായവത്കരണം ,ആഗോളവത്കരണം എന്നൊക്കെപ്പറഞ്ഞു പാവപ്പെട്ട പൊതുജനങ്ങളുടെ ചെവിട് കല്ലാക്കുന്ന എന്നാൽ അതെന്താണെന്ന് അറിയുക പോലുമില്ലാത്ത ,മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ ആണിക്കല്ലെന്ന കേട്ടറിവ് പോലുമില്ലാത്ത ഒരുത്തർക്കും ,വോട്ടുചെയ്യുന്നതിൽ ഒരു രാഷ്ട്രീയ സ്വാധീനങ്ങളിലും വശംവധയാകാത്ത എന്റെ വോട്ടില്ല .ഇനി അഥവാ ഇപ്പറഞ്ഞതിലൊക്കെ ജീവിക്കുന്ന  ഒരു സ്ഥാനാർഥി എന്റെ വോട്ടർ പരിധിയിലുണ്ടെങ്കിൽ ഒരു രാഷ്ട്രീയവും നോക്കാതെ അയാൾക്ക്‌/ അവൾക്ക് വോട്ടു ചെയ്തിരിക്കും .

Monday, March 17, 2014

കുറ്റവും കുറവുകളുടെയും മാത്രമായ ഈ മനുഷ്യലോകത്ത് ,മനുഷ്യന്റെ 'കുറവുകൾ ' എന്നാലെന്താണ് ?? കെട്ടുപോകുന്ന പച്ചയെ വീണ്ടും പാകി മുളപ്പിച്ച് മണ്ണോടു ചേർത്ത് നട്ടുറപ്പിച്ച് വലിയൊരു പച്ചപ്പാക്കുന്നത് മനുഷ്യന്റെ ഹൃദയം കൊണ്ടായിരിക്കണം അല്ലേ ? മനസ്സിനുള്ളിലെ ഓരോ സംശയത്തിരിവുകളിലും ഒളിക്ക്യാമറകളുമായി അന്യന്റെ ശരീര ചലനങ്ങളിലെയ്ക്ക് കണ്ണ് തുറിച്ചിരിക്കയാണ് മനുഷ്യർ !തിരക്കുകളുടെ വെപ്രാളപ്പാച്ചിലുകൾക്കിടയിൽ നാം ഏറ്റവും ക്ഷമയോടെ പതിയെ നമ്മെത്തന്നെ തിരിച്ചറിഞ്ഞ് നടക്കുവാൻ പോലും മറന്നു പോകുമ്പോൾ ,എന്താണ് ആന്തരികമായ ഹരിതാഭയെന്നും സ്നേഹത്തിന്റെ ഏറ്റവും ഊഷ്മളമായ ഇഴുകിച്ചേരലെന്നും  'വളരെ ചെറിയ യാത്രക്കാരൻ ' എഴുതിപ്പകർന്നു തരുന്നു .അടുത്തിടെ വായിച്ചതിൽ ഏറ്റവും ഹൃദ്യമായ കഥ ഇന്നത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ അർഷാദ് ബത്തേരി നൽകുന്നു .സ്നേഹം സുഹൃത്തെ .

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...