ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും
കുരിശുമല താണ്ടിയ ശേഷമാണ്
എനിക്കീ പുല്‍മേട് കിട്ടിയത്..
ഞാനതിലിരുന്നൊന്ന് ആനന്ദിക്കുന്നതിന്
നിനക്കെന്ത് ചേതം ?!!
ഞാന്‍ തിരിച്ചു പോയി
കരച്ചില്‍ തീരാത്ത ആ
പള്ളിമണിയുടെ കയററ്റത്ത്
മണിമുഴക്കിപ്പിടയണമെന്ന്
നിനക്കെന്താണിത്ര നിര്‍ബന്ധം !!?
വെറും ചില്ലറപ്പണത്തിന്റെ
പേരില്‍ എനിക്ക്
കുരിശു മരണം വിധിച്ചവനാണ് നീ !
ഞാന്‍ തൂങ്ങിപ്പിടഞ്ഞപ്പോള്‍
നീ കാഴ്ച്ചക്കാരന്‍ !
അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും
പേരില്‍ നീ ഉമിത്തീയിലെരിയുക..
മണിമാളികയുടെ ഇരുട്ടില്‍
നീ തപ്പിത്തടയുക
എനിക്കെന്തു ചേതം ?!!
എനിക്കീ പുല്‍വീട് മതി
ചാണകം മെഴുകിയ സുഗന്ധം മതി
ഓലക്കീറിലെ സൂര്യന്‍ മതി ..
ഞാനിവിടെ സന്തുഷ്ടയാകുന്നതില്‍
നിനക്കെന്തു ചേതം !!?
കുഞ്ജനെ തൊട്ടു നമിച്ചു
ഞാന്‍ ചൊല്ലട്ടെ :
മാറെടാ-മാനുഷാ..
മാറിക്കിടാ ശ്ശടാ !
മാര്‍ഗ്ഗേ കിടക്കുന്ന
പീറക്കുരങ്ങു നീ !!