Wednesday, January 30, 2019

സൂര്യൻ

പകലേ.. പകലേ... ന്ന് പൂങ്കോഴി
നീട്ടി വിളിക്കുമ്പോഴാണ്
സൂര്യൻ കിടക്കപ്പായേന്ന്
ഞെട്ടിയുണർന്ന് ടോർച്ചടിച്ച്
സമയമെത്രായീന്നു നോക്കുന്നത്!
ഏഴരവെളുപ്പെന്നു കണ്ട്
വെളുക്കാൻ തേച്ചത് പാണ്ടായീന്ന്
പറയും പോലെ
ചുവന്ന ട്രൗസർ
വലിച്ചു കയറ്റി ഉരുണ്ടു പിരണ്ടെണീറ്റപ്പോൾ
വള്ളി പൊട്ടിയ അതിന്റെ ഒരു വാല്
ചുമന്നു തുടുത്തങ്ങനെ
കെഴക്കേ മാനത്ത് തൂങ്ങിക്കിടന്നു
ചറപറാമുഖം കഴുകിയ വെള്ളം
ഇളം നീലയാർന്ന് അതിന്നിടയിലൂടെ
പടർന്നിറങ്ങിക്കിടന്നു
വിശപ്പു കത്തിയതുകൊണ്ടാവാം
ഇളം കറുപ്പുമേഘങ്ങൾ
പുകഞ്ഞു കൊണ്ട് മാനം മുത്തുന്നത്
പകലേ.. പകലേന്ന്
വീണ്ടുമാക്കോഴി കൂവിപ്പൊളിക്കുന്നു
അമ്മയില്ലത്രേ അങ്ങേലെ
അമ്പിളിച്ചേച്ചി രാവിലുണ്ടാക്കി
ത്തണുത്തതാക്കഞ്ഞി
മോന്തിക്കൊണ്ട്
സൂര്യൻ പടിഞ്ഞാറ്റേ
പള്ളിക്കൂടത്തിലേക്കോടി
പ്പോണകണ്ടോ അമ്മണ്യേടത്ത്യേ
എന്നാ ഒരു വെട്ടമാന്നേ പോണ
പോക്കിലെല്ലാം!

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...