Wednesday, January 30, 2019

ശിശിരം

ശിശിരം കാട്ടുപോന്തകള്‍ക്കിപ്പുറം നിന്ന്
ഉടുപ്പൂരി എറിയുന്നത് അന്നൊരിക്കല്‍
മരങ്ങളിലൊന്ന് അറിയാതെ കണ്ടു
ഹാ നഗ്നതയ്ക്ക് ഇത്ര ഭംഗിയോ !
സ്വയമറിയാതെ
മരം മൊഴിഞ്ഞുപോയി ..

മരം ഇലപൊഴിക്കുവാന്‍ തുടങ്ങി
തണുപ്പ് ഉടലിലേയ്ക്കടിച്ചു കയറിയപ്പോള്‍
'ഹോ ..എന്തൊരു കുളിരെന്നത്
രോമാഞ്ചമണിഞ്ഞുപോയി
ശിശിരം മരത്തിന്മേല്‍ ആഞ്ഞു പുല്‍കി
അരികിലൂടൊരു നദി
നാണം കൊണ്ട് തുടുത്തൊഴുകി
ഹേമന്തമണഞ്ഞപ്പോള്‍ ആ മരം
പൂത്തുലഞ്ഞു പൂനിലാവായി
മറ്റുമരങ്ങള്‍ പോലും അതുകണ്ട്
പൂവണിഞ്ഞുപോയി
അന്നുമുതലാണല്ലോ അവര്‍ ശിശിരത്തെ
ആവാഹിച്ചണച്ചുതുടങ്ങിയതും
പൂവഴികള്‍ നാടുനീളെ തെളിഞ്ഞു തുടങ്ങിയതും

ഉപാധി

ഉപാധികളില്ലാതെ നിങ്ങൾ സ്നേഹിക്കപ്പെടുന്നുവെങ്കിൽ
നിങ്ങളുടെ മുഖത്തെ കരിവാളിപ്പ്
നിങ്ങളുടെ കാലടിയിലെ വെടിച്ചു കീറൽ
നിങ്ങളുടെ നടുവിന്റെ വിലക്കം
നിങ്ങളുടെ മുട്ടിന്റെ വേദന
നിങ്ങളുടെ കൊഴിയുന്ന മുടി
നിങ്ങളുടെ മങ്ങുന്ന കാഴ്ച
നിങ്ങളുടെ തിരിച്ചുകിട്ടാത്ത ഓർമ്മ
എന്നിവയെല്ലാം സ്നേഹത്തോടെ
നിങ്ങളോടു പറയും:
എന്നാലും നീ അതീവസുന്ദരിയാണ്
എന്റെ പ്രിയേ ജീവിതം തരുന്ന
സൗഭാഗ്യങ്ങളാണ് ഞങ്ങൾ
കൂടെക്കൂട്ടി നടന്നാട്ടെ ,
ഉം അങ്ങനെ തന്നെ !

ആദിമ മനുഷ്യനെ സിംഹം ഓടിച്ചപ്പോഴായിരുന്നു 'ന്റെ ദൈവേ' എന്ന് നിലവിളിയോടെ ദൈവമുണ്ടായത്!

സൂര്യൻ

പകലേ.. പകലേ... ന്ന് പൂങ്കോഴി
നീട്ടി വിളിക്കുമ്പോഴാണ്
സൂര്യൻ കിടക്കപ്പായേന്ന്
ഞെട്ടിയുണർന്ന് ടോർച്ചടിച്ച്
സമയമെത്രായീന്നു നോക്കുന്നത്!
ഏഴരവെളുപ്പെന്നു കണ്ട്
വെളുക്കാൻ തേച്ചത് പാണ്ടായീന്ന്
പറയും പോലെ
ചുവന്ന ട്രൗസർ
വലിച്ചു കയറ്റി ഉരുണ്ടു പിരണ്ടെണീറ്റപ്പോൾ
വള്ളി പൊട്ടിയ അതിന്റെ ഒരു വാല്
ചുമന്നു തുടുത്തങ്ങനെ
കെഴക്കേ മാനത്ത് തൂങ്ങിക്കിടന്നു
ചറപറാമുഖം കഴുകിയ വെള്ളം
ഇളം നീലയാർന്ന് അതിന്നിടയിലൂടെ
പടർന്നിറങ്ങിക്കിടന്നു
വിശപ്പു കത്തിയതുകൊണ്ടാവാം
ഇളം കറുപ്പുമേഘങ്ങൾ
പുകഞ്ഞു കൊണ്ട് മാനം മുത്തുന്നത്
പകലേ.. പകലേന്ന്
വീണ്ടുമാക്കോഴി കൂവിപ്പൊളിക്കുന്നു
അമ്മയില്ലത്രേ അങ്ങേലെ
അമ്പിളിച്ചേച്ചി രാവിലുണ്ടാക്കി
ത്തണുത്തതാക്കഞ്ഞി
മോന്തിക്കൊണ്ട്
സൂര്യൻ പടിഞ്ഞാറ്റേ
പള്ളിക്കൂടത്തിലേക്കോടി
പ്പോണകണ്ടോ അമ്മണ്യേടത്ത്യേ
എന്നാ ഒരു വെട്ടമാന്നേ പോണ
പോക്കിലെല്ലാം!

പേരറിയാമരം

ആത്മഗതങ്ങളുടെ ദൈവമേ
ആത്മാവില്ലാത്ത ഗതാഗതം നീ
നിയന്ത്രിച്ചു നിർത്തേണമേ
വാക്കുകളുടെ ദൈവമേ
വകതിരിവില്ലാത്ത വാക്കുകളെ
നീ മുക്കിക്കൊല്ലേണമേ
മനുഷ്യരുടേതല്ലാത്ത ദൈവമേ
അടുത്ത ജൻമത്തിലെങ്കിലും
ഞാനൊരു കൊടുംങ്കാട്ടിലെ
പേരറിയാമരമാകേണമേ!


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...